2025 ജൂൺ 19 | വായനദിന സ്‌പെഷ്യൽ

വായന സദസ് | Vaayanasadhas

AI illustration by Surya for the Malayalam Memoir Thekkottirakkam by C A Krishnan

തെക്കോട്ടിറക്കം

തേക്കിന്‍കാട് വെട്ടിത്തെളിക്കുമ്പോള്‍, തന്റെ ജട മുറിക്കുന്നതാരെന്ന് അട്ടഹസിച്ചുകൊണ്ട് ഭൂതമായി തുള്ളിക്കല്‍പ്പിച്ചുവന്ന കോമരത്തിന്റെ കഥ കഴിച്ചവന്‍ ശക്തന്‍ എന്ന് മുമ്പൊക്കെ നമ്മള്‍ തൃശ്ശൂര്‍ക്കാര്‍ ഓര്‍ക്കാറുണ്ടായിരുന്നു.

ഞാനിപ്പോള്‍ നില്‍ക്കുന്നത് തൃശ്ശൂര്‍ പൂരപ്പറമ്പിലെ തെക്കോട്ടിറക്കത്തിന്റെ നടുവിലായിട്ടാണ്. തൃശ്ശൂര്‍ വടക്കുന്നാഥന്റെ തെക്കേ ഗോപുരനടയാണിത്. ഇതിപ്പോള്‍ തൃശ്ശൂരിന്റെ ഒരു സെല്‍ഫി പോയിന്റായി മാറിയിരിക്കുന്നു!

രാപ്പകലില്ലാതെ ഏത് നേരവും ബഹുജനസാന്നിദ്ധ്യമുള്ളൊരിടം. മുമ്പൊരു കാലം, ആരും പ്രവേശിക്കാതിരുന്ന ഒരിടമായിരുന്നു ഇവിടം. വിജനവും ഭീതിജനകവുമായ മൈതാനഭാഗം. പഴയ തേക്കിന്‍കാടിന്റെ ഇരുണ്ട സ്മരണകളുടെ ആസ്ഥാനം.

മേടത്തിലെ പൂരം ഒരു നാള്‍ മാത്രമാണ് ഈ ഗോപുരത്തിന്റെ വാതില്‍ തുറന്നിടാറുള്ളത്. ക്ഷേത്രവുമായി ആണ്ടില്‍ ഒരേയൊരു ദിവസത്തെ പ്രവേശനബന്ധം! ഇപ്പോഴും അതങ്ങനെത്തന്നെ.

തേക്കിന്‍കാടൊരു കാടായിരുന്നു എന്നാണ് കേട്ടുകേള്‍വി. ഘോരവനം. എടവക്കുന്ന്. ആ വനത്തിന് നടുക്ക് ക്ഷേത്രം. എടവക്കുന്നിലപ്പന്‍. അവിടേക്ക് പടിഞ്ഞാറേ ഗോപുരം വഴി മാത്രമായിരുന്നു ഭക്തജനസഞ്ചാരം. വടക്കുഭാഗത്ത് ക്ഷേത്രത്തിന്റെ പൂന്തോട്ടം. കൊക്കരണി പറമ്പ്, പള്ളിത്താമം അങ്ങനെ. ആ മേഖലയിലായിരുന്നു ക്ഷേത്രത്തിന്റെ പൂജാദികാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നവരുടെയും അമ്പലവാസികളുടെയും ആവാസം, പോക്കുവരവും.

നാട്ടില്‍ കള്ളന്മാരും അക്രമികളും കൊള്ളക്കാരുമൊക്കെ തേര്‍വാഴ്ച നടത്തിയ ഒരു കാലമുണ്ട്. നമ്പൂരിഭരണകാലം. തൃശ്ശിവപേരൂര്‍ അന്ന് യോഗാതിരിമാരുടെ ഭരണത്തിലായിരുന്നു.
അക്രമികളേയും കൊള്ളക്കാരേയുമൊക്കെ പിടി കൂടിയാല്‍ അവരെ പിടിച്ചുകെട്ടി വടക്കുന്നാഥന്റെ തെക്കേ ഗോപരം കടത്തി വിടണമെന്നായിരുന്നു രാജനിശ്ചയം.

അന്ന് തൃശ്ശൂര്‍ പൂരം ഉത്ഭവിച്ചിട്ടില്ല. അതുകൊണ്ട് പൂരത്തിന് തെക്കേഗോപുരം തുറക്കുന്ന ഏര്‍പ്പാടൊന്നും അന്ന് തുടങ്ങിയിട്ടില്ല. അതുകൊണ്ട് അക്രമികളെ തെക്കോട്ട് തള്ളിവിടാന്‍ മാത്രമാണന്ന് ഈ ഗോപുരം അപൂര്‍വ്വമായി തുറന്നത്. അങ്ങനെ തെക്കോട്ട് പടിയിറക്കി വിട്ടോരാരും പിന്നീട് നാട്ടില്‍ മടങ്ങിയെത്തില്ലെന്നായിരുന്നു വിശ്വാസം.

തെക്കോട്ടെടുക്കുക എന്നതിന് ചുടലയിലേക്കെടുക്കുക എന്ന ഭാഷ്യം കൂടിയുണ്ട്. തെക്ക് വടക്കുന്നാഥനപ്പുറം ഭൂതഗണങ്ങളാണെന്നും ഈ ഭൂതത്താന്മാര്‍ക്കൊക്കെ മനുഷ്യന്‍ ഇഷടഭക്ഷണമാണെന്നും വിശ്വസിച്ചതാണാ കാലം. ഭൂതഗണങ്ങള്‍ക്ക് കൂട്ടായി തേക്കിന്‍കാട് നിറയെ ഹിംസ്രജന്തുക്കളായിരുന്നുവെന്നും അവിടേക്ക് തള്ളി വിടുന്നവരെ അവ പിടികൂടുമെന്നും അതാണ് തെക്കോട്ട് നട തള്ളിയവര്‍ തിരിച്ചു വരാത്തതെന്നും വിശ്വസിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു.

ആ വിശ്വാസങ്ങളെ പൊളിച്ചെഴുതിയത് ശക്തന്‍തമ്പുരാനാണ്. തൃശ്ശൂരിന്റെ സ്വന്തം തമ്പുരാന്‍. തേക്കിന്‍കാട് വെട്ടിത്തെളിക്കുമ്പോള്‍, തന്റെ ജട മുറിക്കുന്നതാരെന്ന് അട്ടഹസിച്ചുകൊണ്ട് ഭൂതമായി തുള്ളിക്കല്‍പ്പിച്ചുവന്ന കോമരത്തിന്റെ കഥ കഴിച്ചവന്‍ ശക്തന്‍ എന്ന് മുമ്പൊക്കെ നമ്മള്‍ തൃശ്ശൂര്‍ക്കാര്‍ ഓര്‍ക്കാറുണ്ടായിരുന്നു.

അതെന്തായാലും ആ തമ്പുരാന്‍ ഈ അമ്പലവട്ടത്തെ കാടൊക്കെ വെട്ടി നിരപ്പാക്കി. വിജനമായിക്കിടന്ന പരിസരദേശങ്ങളൊക്കെ അങ്ങാടികളാക്കി. അവിടേക്ക് പരദേശികളായ ഒരുപാട് ആളുകളെ കൊണ്ടുവന്ന് പാര്‍പ്പിച്ചു. അവരെക്കൊണ്ട് കച്ചവടം ചെയ്യിച്ചു.

C A Krishnan at Thekkinkkadu
ലേഖകൻ സി. എ. കൃഷ്ണന്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയിൽ

തൃശ്ശൂരില്‍ അങ്ങാടികളും തരകും മാര്‍ക്കറ്റും ചന്തകളുമൊക്കെ ഉണ്ടാകുന്നത് അങ്ങനെയായിരുന്നു. നസ്രാണിയും ജോനകനും പരദേശിബ്രാഹ്മണനും ഒരു പക്ഷെ ഇതെഴുതുന്ന ഞാനും, ഇതു വായിക്കുന്ന നിങ്ങളുമൊക്കെ അങ്ങനെയാവാം ഈ തൃശ്ശൂരിന്റെ സന്തന്തതികളായത്!

നാടിന്റെ പ്രതാപം നാലാളെ അറിയിക്കാനും കച്ചവടത്തിന് ആളെക്കൂട്ടാനുമാവണം പരിസരദേശങ്ങളേയും പരിസരവാസികളേയും പങ്കാളികളാക്കി ഒരു പൂരം ഉണ്ടാക്കിയത്. ആ പൂരമാണ് നമ്മുടെ തൃശ്ശൂര്‍ പൂരം!

അങ്ങനെയാണ് വടക്കുന്നാഥന്റെ തെക്കേ പറമ്പിലേക്ക് ആളനക്കവും ആള്‍ക്കൂട്ടവുമുണ്ടാകുന്നത്. അങ്ങനെയാണ് തെക്കേ നടയയിലെ തേര്‍വാഴ്ചക്കാരായ ദുര്‍ഭൂതങ്ങള്‍ പില്‍ക്കാലത്തൊരു കടങ്കഥയാവുന്നത്.

തെക്കോട്ടെടുക്കുക എന്നുവെച്ചാല്‍ കൊല്ലാന്‍ കൊണ്ടുപോകുക എന്നായിരുന്നു മുമ്പത്തെ സങ്കല്‍പ്പം. തെക്കേപ്പറമ്പ് അന്നൊക്കെ ചാവുനിലമായിട്ടാണ് കണക്കാക്കിയിരുന്നത്. ഞാനിവിടെ ഈ തെക്കേ ഗോപുരത്തിനരികെ നില്‍ക്കുമ്പോള്‍ പലകാലങ്ങളിലായി പറഞ്ഞുകേട്ട ഇക്കഥകളൊക്കെയാണ് മനസ്സില്‍ നിറയുന്നത്.

ഇന്ന്, കാലം ഒരുപാട് തലതിരിഞ്ഞിരിക്കുന്നു. ഇപ്പോള്‍, ഇവിടെ ഈ മൈതാനത്തിന് തെക്കിനാണ് ഡിമാന്റേറെ! ഞാനിവിടെ ഇപ്പോള്‍ ഒറ്റക്കാണെങ്കിലും ഇവിടത്തെ തെക്കോട്ടിറക്കം ഒന്നു കാണാന്‍ ജനലക്ഷങ്ങളാണ് ആണ്ടുതോറും ഇവിടെ വന്നെത്താറുള്ളത്.

Reading Day of 2025

Join with us