AI illustration by Surya for the Malayalam shortstory Pinnamburam by Muhammad Thevarkandy

പിന്നാമ്പുറം

തൊട്ടടുത്ത ദിവസത്തെ പണിമുടക്ക് എന്തിനാണെന്ന് അറിഞ്ഞിരുന്നില്ല. അല്ല… അറിയാൻ ശ്രമിച്ചില്ല എന്നു പറയുന്നതാവും ശരി.

നഗത്തിലെ നിരത്തുകളിൽ പലയിടത്തും നല്ല തിരക്ക്. പണിമുടക്ക് പ്രമാണിച്ച്, മദ്യശാലയിലേക്കുള്ള ആളുകളുടെ വമ്പിച്ച പ്രവാഹം. പെട്രോൾ പമ്പുകളിൽ, പച്ചക്കറി മാർക്കറ്റിൽ, മൽസ്യ- മാംസക്കടകളിൽ തുടങ്ങി, ഗൂഗിൾ പേയുടെ നന്ദിവാക്കുകൾ വെള്ളച്ചാട്ടം പോലെ നഗത്തിലെ മുക്കിലും മൂലയിലും വീണുകൊണ്ടിരിക്കുന്നു.

മദ്യശാലയുടെ ഭാഗത്തെ റോഡിലൂടെ ഇഴഞ്ഞു നീങ്ങുന്ന വാഹനനിരയിലെ വണ്ടിയിൽ മുഷിഞ്ഞിരിക്കുമ്പോൾ, റോഡോരത്തെ ക്യൂവിൽ നില്കുന്ന ഒരാളോടു ചോദിച്ചു,
“ഈ ബന്ദ് എന്തിനാ?”
വണ്ടികളുടെ പീ.. പ്പീ… ശബ്ദങ്ങൾക്കും ആളുകളുടെ അസഭ്യവർഷങ്ങൾക്കും ഇടയിലൂടെ നുഴഞ്ഞു കയറിയിട്ടാണെങ്കിലും മറുപടി പെട്ടന്ന് വന്നു,
“അറിയില്ല മച്ചാ…”

ബന്ദ് നിരോധിച്ചപ്പോൾ ബന്ദിന്റെ രൂപവും ഭാവവും വേഷവും വേഷംകെട്ടും എല്ലാം കൂടി ഇപ്പോൾ ഹർത്താലും പണിമുടക്കും ഏറ്റെടുത്തിരിക്കുകയാണ്. അല്ലെങ്കിലും, ഒരു പേരിൽ എന്ത് ഇരിക്കുന്നു..? കിട്ടുന്ന ഒഴിവുകൾ എല്ലാവർക്കും ആഘോഷമാക്കണം. പ്രത്യേകിച്ചും, അപ്രതീക്ഷിത സൗഭാഗ്യം പോലെ കേറിവരുന്ന ഒഴിവുകൾ… അതിനിടയിൽ, അതിന്റെയൊക്കെ വിത്തും വേരും കിളച്ചു നോക്കേണ്ട കാര്യമെന്ത്? അല്ലാ… അതിന്റെ ആവശ്യമെന്ത്..? അല്ലെങ്കിൽ, ആർക്കാ അതിനൊക്കെ നേരം..?

തിക്കിത്തിരക്കി വാങ്ങിയ സാധനങ്ങളുമായി ഒരുവിധം വീടെത്തിച്ചേർന്നപ്പോൾ ഭാര്യ,
“ബന്ദ് എന്തിനാ?”
സഞ്ചി കൈമാറുന്നതിനിടയിൽ ഊറിവന്ന ഒരു ചിരി മാത്രം മറുപടി നല്കി…