AI illustration 1 by Surya for the Malayalam Novella Thalayillaa Thachan by Sathish Kalathil

തലയില്ലാ തച്ചൻ- ഏഴാം ഭാഗം

ഇതിനിടെ, ചെഞ്ചായത്തിൽ ഒളിപ്പിച്ചുവെച്ച ഇന്നത്തെ തന്റെ എല്ലാ പകൽസ്വപ്നങ്ങളെയും ഉപേക്ഷിച്ചുകൊണ്ട്, കടലിനോടൊപ്പം ശയിക്കാനുള്ള അവസാന നിമിഷങ്ങളിലേക്ക് സൂര്യൻ എത്തിക്കഴിഞ്ഞിരിക്കുന്നു. അതൊന്നുമറിയാതെ ആര്യയും സെലിനും തങ്ങളുടേതായ ചിന്തകളിലൂടെ കുറച്ചുനേരം സഞ്ചരിച്ചു. അന്നേരം അവരെ രണ്ടുപേരെയും ഒരേപോലെ ചുഴറ്റിക്കൊണ്ട് അസാധാരണമായ ഒരു തണുത്ത കാറ്റ് കടന്നുപോയി..

“സെലിൻ…” ആര്യ വിളിച്ചു.

മൂന്നാല് വഞ്ചികൾ കരയിലേക്ക് അടുത്തുവരുന്നുണ്ട്. ദൂരെ, ഏതാനും ബോട്ടുകൾ തെക്കും വടക്കും നീങ്ങിക്കൊണ്ടിരിക്കുന്നു. കടലിലെ ഓളങ്ങൾക്കും കാറ്റിനും ശക്തികൂടി വരുന്നുണ്ട്.

“സെലിൻ…” ആര്യ വീണ്ടും വിളിച്ചു. “ഉം….” ഇക്കുറി സെലിൻ ഒന്നു മൂളി.

ആര്യ ഇരിക്കുന്നതിന്റെ തൊട്ടരികിൽ, അല്പം പിന്നിലായിട്ടാണ് സെലിൻ കിടക്കുന്നത്. കടലിന്റെ കാഴ്ചകളിൽ നിന്നും കഴുത്തു തിരിച്ച് ആര്യ നോക്കിയപ്പോൾ, കടലിലേക്ക് നോക്കി സെലിൻ എന്തോ ഗാഢമായി ചിന്തിച്ചു കിടക്കുകയാണെന്ന് തോന്നി.

വന്നപ്പോൾ തൊട്ട്, ‘കടലമ്മേ… ടീ കള്ളീ…’ എന്നും പറഞ്ഞ് കടലിൽ തുള്ളിച്ചാടിയതുകൊണ്ട് അതിന്റെയൊരു ക്ഷീണമുണ്ടാകും.

ഭൂമിയെ വേർപിരിയാൻ വയ്യാതെ മടിച്ചുനിൽക്കുന്ന സൂര്യനെ നോക്കി, തീവ്രമായ പരിഭവത്താൽ കടൽ കിടന്നു പിടയുന്നത് താനും കാണുന്നുണ്ട്. കടലിന്റെ ആ വേദന ഇപ്പോൾ തന്റേതും കൂടിയാണെന്ന് ആര്യയ്ക്കറിയാം.

‘പക്ഷേ, താൻ കടലല്ലല്ലോ… ഭൂമിയല്ലേ..?’

ആദ്യമൊക്കെ ഉള്ളിലെ തിങ്ങൽ അടക്കാൻ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. ഇപ്പോൾ അത് അവിചാരിതമായി കടന്നുവരുന്ന ഒരു അതിഥിയാണ്.

അതുകൊണ്ടാകാം, കടലിനെ കള്ളിയെന്ന് വിളിക്കാൻ ഇപ്പോൾ മനസ്സ് വരാത്തത്. കടലും തന്നെപ്പോലെ നിസ്സഹായയാണ്. പക്ഷേ, തനിക്ക് സൂര്യനെ ഉപേക്ഷിച്ചേ പറ്റൂ. ഇനിയുള്ള കാലം, ഈ ഭൂമിക്ക് ഇരുട്ടിൽ കഴിയാനാകും വിധി.

ഡോക്ടറുടെ വീട്ടിൽ നിന്നും മടങ്ങുമ്പോൾ സെലിനാണ് പറഞ്ഞത്, കടൽ കണ്ടുപോകാമെന്ന്. വേണ്ടെന്ന് താൻ പറഞ്ഞതാണ്. വേഗം ഫ്ലാറ്റിൽ എത്തിയാൽ മതിയെന്നായിരുന്നു തനിക്ക്. ഇങ്ങോട്ടു വരുമ്പോൾ മനസ്സിലുണ്ടായിരുന്ന പ്രതീക്ഷ ഇല്ലാതായതിന്റെ ക്ഷീണമുണ്ട്.

ഡോക്ടറുടെ അടുത്തുനിന്നും മടങ്ങുമ്പോൾ, അകത്തുനിന്നും കേട്ട ബഡ്ഡിയുടെ നിർത്താതെയുള്ള കുര ഇപ്പോഴും പിന്തുടരുന്നതുപോലെ! ഇറങ്ങാൻ നേരം തുടങ്ങിയതാണ് അവന്റെ കുര. എന്തോ, അന്നേരം അവൻ ഉള്ളിൽ നിന്നും പുറത്തോട്ട് വന്നില്ല. ഉള്ളിലെവിടെയോ കിടന്നുള്ള കുരയായിരുന്നു; അതും നല്ല ഉച്ചത്തിൽ, ഒരുതരം ഭ്രാന്തൻ കുര. അപ്പോൾ തൊട്ട് മനസ്സ് വീണ്ടും മൂടിക്കെട്ടിയതാണ്. ഇവിടെ എത്തിയപ്പോഴാണ് ഏറെക്കുറെ ശാന്തമായത്. തിരമാലകളുമായുള്ള സെലിന്റെ അങ്കംവെട്ടലുകൾ കണ്ടിരുന്നപ്പോൾ ആ ചെകുത്താനെ മറന്നു. ഇതുവരെ ഒരു നായയും തനിക്ക് നേരെ ഇങ്ങനെ കുരച്ചിട്ടില്ല.

‘എന്നാലും, തങ്ങൾ അവിടെനിന്നും ഇറങ്ങിയത് അവനെങ്ങനെ മനസ്സിലായി? എന്തുകൊണ്ടാണവൻ അപ്പോൾ പുറത്തേക്ക് വരാതിരുന്നത്? എന്തിനാണവൻ തനിക്ക് നേരെ ഇങ്ങനെ പരാക്രമം കാണിച്ചത്…?’

ആര്യ ചിന്തകളിൽ കാടുകയറി നടക്കുന്നതിനിടയിൽ സെലിന്റെ ചോദ്യമെത്തി:
“എന്താ ആര്യക്കുട്ടി… ഇപ്പോൾ ചോദിക്കാൻ ഒന്നുമില്ലേ?”

ആര്യയുടെ വിളി കേട്ട് മുഖമുയർത്തിയ സെലിൻ കണ്ടത്, അവൾ എന്തോ ആലോചിച്ചിരിക്കുന്നതായിരുന്നു.

“ഇങ്ങനെ നീ അന്തംവിട്ട് ചിന്തിച്ചു കിടക്കാൻ കടലമ്മ നിന്നോട് എന്താണ് കടുപ്പിച്ചു പറഞ്ഞത് തോഴീ…?” സെലിന്റെ ശൈലി കടമെടുത്ത് ആര്യ ഗൗരവത്തിൽ ചോദിച്ചു.

“എന്ത് പറയാൻ… വീട്ടിൽ എല്ലാവർക്കും സുഖമല്ലേ എന്ന് ചോദിച്ചു. ജോലിയൊക്കെ എങ്ങനെ പോകുന്നു എന്നും ചോദിച്ചു. പിന്നെ, അല്ലറ ചില്ലറ നാട്ടുവിശേഷവും ചോദിച്ചു,” എഴുന്നേറ്റിരുന്ന് കൈകൾ തമ്മിൽ തട്ടിക്കുടഞ്ഞുകൊണ്ട് സെലിൻ പറഞ്ഞു.

സെലിന്റെ കുർത്ത മുഴുവനും നനഞ്ഞിരിക്കുന്നു. കടൽ കണ്ടപ്പോൾ പെണ്ണ് ആന കരിമ്പിൻകാട്ടിൽ കയറിയതുപോലെയായി. സെലിന്റെ പുറത്തെ മണൽത്തരികൾ തട്ടിക്കളഞ്ഞുകൊണ്ട് ആര്യ ചോദിച്ചു: “ഓ… അപ്പോൾ നിന്റെ കല്യാണക്കാര്യമൊന്നും ചോദിച്ചില്ലേ? കുട്ടിയെന്താ കെട്ടാത്തേ… ഒത്ത ചെക്കനെ കിട്ടിയില്ലേ… മൂക്കിൽ പല്ല് മുളച്ചില്ലേ… അങ്ങനെയൊന്നും…?”

“ശ്ശോ, അത് ചോദിച്ചില്ല!” സെലിൻ നിരാശ നടിച്ചു.

“പിന്നെ എന്താണാവോ ഇത്രയും നേരം നിങ്ങൾ കിന്നരിച്ചുകൊണ്ടിരുന്നത്?” ആര്യയ്ക്ക് ശുണ്ഠി വന്നു.

“ഞങ്ങളോ… അതുപിന്നെ, യുദ്ധത്തിന്റെ വിശേഷങ്ങൾ ചോദിക്കുകയായിരുന്നു. അമേരിക്ക ഇറാനെ മുട്ടുകുത്തിച്ചോ, അതോ ഇറാൻ അമേരിക്കയെ വിറപ്പിച്ചോ എന്നൊക്കെ…”

“ആഹാ… ബെസ്റ്റ്! എന്നിട്ട് നീ എന്ത് പറഞ്ഞു?” ആര്യയ്ക്ക് കൗതുകമായി.

“ഞാൻ പറഞ്ഞു, ‘എന്റെ കടലമ്മേ… ഞാനിപ്പോൾ അതിനേക്കാളൊക്കെ വലിയൊരു യുദ്ധക്കളത്തിലാണ്’ എന്ന്!” അതും പറഞ്ഞ് ആര്യയെ നോക്കി സെലിൻ പൊട്ടിച്ചിരിച്ചു. സെലിൻ പറഞ്ഞതിന്റെ പൊരുൾ ആര്യയ്ക്ക് പെട്ടെന്ന് പിടികിട്ടിയില്ല. അവളുടെ കുറുകിയ കണ്ണുകൾ സെലിനെ ഉഴിഞ്ഞു നോക്കി.

അതുകണ്ടപ്പോൾ അവളുടെ മൂക്കിൽ പിടിച്ചു തിരിച്ചു കൊണ്ട് സെലിൻ പറഞ്ഞു: “പട നയിക്കുന്നത് എന്റെ ആര്യക്കുട്ടിയാണെങ്കിലും തേരുവലിക്കുന്നത് ഞാനാണെന്നും, അതുകൊണ്ട് ഞങ്ങൾ രണ്ടാൾക്കും ഓരോ കപ്പ് ബൂസ്റ്റിന്റെ എനർജി തന്ന് അനുഗ്രഹിക്കണമെന്നും പറഞ്ഞു!”

ഇപ്പോൾ ആര്യയ്ക്ക് കാര്യം മനസ്സിലായി. “ഓഹോ… എന്നിട്ട് അനുഗ്രഹം കിട്ടിയോ?” “കിട്ടി… കടലമ്മ പറഞ്ഞു: ‘കുട്ടികളേ… നിങ്ങളെ ഇനി അധികം കഷ്ടപ്പെടുത്തില്ല, ഒട്ടും വൈകാതെ നിങ്ങളുടെ പ്രശ്നങ്ങളെല്ലാം തീർത്തു തരാം’ എന്ന്…”

സെലിൻ പറയുന്നത് തമാശയാണെന്ന് അറിയാം. എങ്കിലും അതൊന്ന് സത്യമായിരുന്നെങ്കിലെന്ന് ആര്യ കൊതിച്ചു.

AI illustration 2 by Surya for the Malayalam Novella Thalayillaa Thachan by Sathish Kalathil

“ആര്യാ…”

“ഉം…”

“ചിലപ്പോൾ… നീ പറയുന്നത് ശരിയായിരിക്കാം, അല്ലേ?”

“എന്ത്?”

“ഒരുപക്ഷേ, നീ പറഞ്ഞതുപോലെ, എന്തിലേക്കോ നിന്നെ… നിന്റെ പൂർവ്വജന്മത്തിലേക്കോ മറ്റോ ഈ സ്വപ്നങ്ങൾ നിന്നെ കൊണ്ടുപോകുകയാണെങ്കിലോ?”

ആര്യ ചിരിച്ചു: “ഇവിടെ എത്തുംവരെ എനിക്ക് അങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നു. നിനക്കും അത് അറിയാമല്ലോ… പക്ഷേ, ഇപ്പോൾ…” ആര്യ നിർത്തി.

“ഇപ്പോൾ എന്തു സംഭവിച്ചു? അങ്ങനെയല്ലെന്ന് ഡോക്ടർക്കും ഉറപ്പൊന്നും ഇല്ലല്ലോ? അതിനുള്ള സാധ്യതയുണ്ടെന്നല്ലേ ഡോക്ടറും സൂചിപ്പിച്ചത്?”

“ഡോക്ടർ അങ്ങനെ പറഞ്ഞിട്ടില്ല. നമ്മൾക്ക് അങ്ങനെയൊരു തോന്നലുണ്ടെങ്കിൽ അതിനെ പൂർണ്ണമായി തള്ളിക്കളയുന്നില്ല എന്നാണ് പറഞ്ഞത്. അതായത്, ഫ്രോയിഡിനെ കാൾ യുങ് തള്ളിയതുപോലെ, കാൾ യുങ്ങിനെ തള്ളിപ്പറയാൻ നമ്മുടെ ഡോക്ടർക്ക് അത്ര ധൈര്യം പോരാ എന്ന്!”

ആര്യ കുലുങ്ങിച്ചിരിച്ചു. അവളുടെ ചിരി തങ്ങളെയും കടന്ന് പുറത്തേക്ക് ഒഴുകുകയാണ്. സെലിന് അതിശയം തോന്നി. ഡോക്ടർ പറഞ്ഞത് വള്ളിപ്പുള്ളി തെറ്റാതെ ആര്യ ഓർത്തുവെച്ചിരിക്കുന്നു.

സെലിൻ ചുറ്റുപാടും നോക്കി. തങ്ങൾ വന്ന ഓട്ടോ കുറച്ചുദൂരെ കിടപ്പുണ്ട്. ഓട്ടോക്കാരനെ കാണുന്നില്ല. അവൾ പരിസരങ്ങളിലേക്കും കണ്ണുകൾ പായിച്ചു. ഇരുട്ട് അവിടെയുമിവിടെയുമായി കയറിവന്നുകഴിഞ്ഞു.

കടൽ പതിയെ ആളൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു. പിന്നിൽ കാഴ്ചക്കാരും കച്ചവടക്കാരും മടങ്ങുകയാണ്. മുന്നിൽ സൂര്യനും.

‘അയാൾ എവിടെ പോയിരിക്കും? മൂത്രമൊഴിക്കാൻ? സിഗരറ്റ് വലിക്കാൻ? അല്ലെങ്കിൽ ഏതെങ്കിലും കടയിൽ ചായ കുടിച്ചിരിപ്പുണ്ടാകാം…’

സെലിൻ ഓട്ടോ ഡ്രൈവറെ തേടുന്നതിനിടയിൽ ആര്യ ചോദിച്ചു: “എന്തേ നിനക്കിപ്പോൾ ഇങ്ങനെ തോന്നാൻ?”

ആര്യയുടെ ചോദ്യം കേട്ടതും സെലിൻ ഓട്ടോക്കാരനിൽ നിന്നും ശ്രദ്ധ തിരിച്ചു. അല്ലെങ്കിൽത്തന്നെ അയാളെ എന്തിന് തേടുന്നു; ഒരു ദിവസത്തെ മൊത്തം ഓട്ടോകൂലിയാണ് ഓഫർ ചെയ്തിട്ടുള്ളത്. പാതിരാ കഴിഞ്ഞാലും അയാൾ അലമ്പുണ്ടാക്കില്ല. സെലിൻ ആശ്വസിച്ചു.

“എങ്ങനെ തോന്നാൻ?” സെലിൻ തിരിച്ചുചോദിച്ചു.

“എന്തേ ഇപ്പോൾ പൂർവ്വജന്മമാണെന്ന് തോന്നാൻ എന്ന്?” ആര്യ ചോദ്യം ആവർത്തിച്ചു.

Read Also  തലയില്ലാ തച്ചൻ/സതീഷ് കളത്തിൽ എഴുതിയ നീണ്ടകഥ ആറാം ഭാഗം

സെലിനിൽ ഒരു ദീർഘനിശ്വാസമുണ്ടായി.

“എന്തോ… എനിക്കും അങ്ങനെ തോന്നുന്നു. കഴിഞ്ഞ ജന്മത്തിൽ നിന്റെ കൂടെ ഞാൻ ഇങ്ങനെ ഉണ്ടായിരുന്നിരിക്കാമെന്ന് ഇപ്പോൾ മനസ്സ് പറയുന്നു.”

സെലിൻ വീണ്ടും മണലിൽ കിടന്നുകൊണ്ട്, ആര്യയുടെ മടിയിലേക്ക് തല കയറ്റിവെച്ച് ആര്യയെ നോക്കി തുടർന്നു: “അല്ലെങ്കിൽ, ഇത്രയും കാലമില്ലാത്ത ഒരു സ്വപ്നം കാണൽ എവിടെനിന്നു വന്നു? അതും ഇപ്പോൾ നമ്മൾ മാത്രമായപ്പോൾ…?”

‘ശരിയാണ്… ഈയടുത്താണ് ഫ്ലാറ്റിൽ തങ്ങൾ മാത്രമായത്.’ ആര്യ ഓർത്തു. കഴിഞ്ഞ വർഷമാണ് ഒരുമിച്ചുള്ള താമസം തുടങ്ങിയത്. പാലക്കാട്ടുനിന്നും താൻ ട്രാൻസ്ഫറായി വന്നിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ. അതിനകം ഹോസ്റ്റൽ വാസം മടുത്തിരുന്നു. പക്ഷേ, വേറെ നിവർത്തിയില്ല. വീട്ടിൽനിന്നുമുള്ള ദിവസേനയുള്ള പോക്കുവരവ് എളുപ്പമല്ല. പട്ടിക്കാട്ടുനിന്നും പോയിവരാൻ കുറച്ചുകൂടി സൗകര്യമാണ്. അമ്മാവൻ പറഞ്ഞതുമാണ്. പക്ഷേ, അമ്മായിക്ക് ഇഷ്ടമല്ലെന്നറിയാവുന്നതുകൊണ്ട് അത് ഒഴിവാക്കേണ്ടിവന്നു.

അമ്മായിയെ കുറ്റം പറയാൻ പറ്റില്ല. ആളാക്കിയതിന്റെ നന്ദി കാണിക്കാത്തതിന്റെ ദേഷ്യം. ശ്രീയുമായി അടുപ്പത്തിലാകും മുൻപാണ് അമ്മാവന്റെയും അമ്മായിയുടെയും ആഗ്രഹം അറിഞ്ഞിരുന്നതെങ്കിൽ ഒട്ടും മടിക്കാതെ താൻ മനുവേട്ടനെ വിവാഹം കഴിക്കുമായിരുന്നു. അങ്ങനെയൊരു സൂചന ഉണ്ടായിരുന്നെങ്കിൽ ശ്രീയെ ഒരിക്കലും ആഗ്രഹിക്കില്ലായിരുന്നു. അല്പം ബുദ്ധിമാന്ദ്യമുണ്ടെങ്കിലും മനുവേട്ടൻ സ്നേഹമുള്ളവനാണ്. തന്നെ ഇപ്പോഴും ഇഷ്ടമാണ്. അതറിഞ്ഞുകൊണ്ട് അവിടെ നിൽക്കാനും പറ്റില്ല.

എന്തോ ഭാഗ്യത്തിനാണ് ആ സമയത്തുള്ള സെലിന്റെ വരവ്. അവളും അവളുടെ കൺസെഷൻ കമ്പനിയുടെ ഇവിടുത്തെ ബ്രാഞ്ചിൽ എത്തിയത് അതേ കാലത്താണ്. അവർ കൺസെഷൻ വർക്കിന് വാങ്ങിയ ഭൂമിയുടെ ബി.ടി.ആറിൽ പ്രശ്നം. അടുത്തടുത്തു കിടന്നിരുന്ന ചെറിയ ഭൂമികൾ വാങ്ങി ഒന്നാക്കി രജിസ്റ്റർ ചെയ്തതിനിടയിൽ, അതിലേതോ ഭൂമിയുടെ തരം നിലമായിരുന്നു എന്ന് കമ്പനിയുടെ ശ്രദ്ധയിൽ പെടാതെപോയി. ബിൽഡിങ് പെർമിറ്റ് സാങ്ഷൻ കിട്ടാൻ പ്രശ്നമായി. തണ്ണീർത്തട നിയമംകൊണ്ടുണ്ടായ നൂലാമാല! നൂറുവർഷം മുൻപ് നികത്തിയ ഭൂമിയാണെങ്കിലും ബി.ടി.ആർ രജിസ്റ്ററിൽ തരം മാറ്റാതെ പാടമെന്നോ നിലമെന്നോ കിടക്കുകയാണെങ്കിൽ അത് തിരുത്താതെ പെർമിറ്റ് കിട്ടാൻ ബുദ്ധിമുട്ടാണ്. കൺസെഷൻ പെട്ടെന്ന് ആരംഭിക്കേണ്ടതുള്ളതുകൊണ്ട് അതിനുവേണ്ടി പലതവണ തന്റെ ഓഫീസിൽ സെലിന് വരേണ്ടിവന്നു. ആ അടുപ്പം തനിക്ക് തുണയായി.

ഒരുദിവസം നാലുമണിയുടെ കോഫി ഒരുമിച്ച് കുടിച്ചിരിക്കുമ്പോഴാണ് തന്റെ താമസപ്രശ്നം അവളെ അറിയിക്കുന്നത്. അന്നു വൈകുന്നേരം തന്നെ അവളുടെ കമ്പനി ഫ്ലാറ്റിലേക്ക് കൂടെക്കൂട്ടി. രണ്ട് മുറികളിലായി നാലുപേർക്കുള്ളതാണ് ഫ്ലാറ്റ്. അതിലെ ഒരു മുറിയിലെ ഒരു ജീവനക്കാരി തൊട്ടുമുൻപത്തെ ദിവസമാണ് ട്രാൻസ്ഫറായി പോയത്. കമ്പനിയുടെ പ്രത്യേക അനുമതിയോടെ ആ കുട്ടിയുടെ കട്ടിൽ കിട്ടി. അതും സൗജന്യമായി! മാസങ്ങൾക്കുള്ളിൽ മറ്റു രണ്ടുപേരും ഫ്ലാറ്റ് വിട്ടു. പകരം മറ്റാരും വന്നതുമില്ല.

ഇപ്പോൾ അത് തന്റെയും സെലിന്റെയും മാത്രം സാമ്രാജ്യമാണ്. സെലിൻ തന്റെയും താൻ സെലിന്റെയും അവിഭാജ്യഘടകമായി മാറാൻ തുടങ്ങിയതും ഇക്കാലത്താണ്. എന്നിട്ടും അവളോട് ഇതുവരെ തന്റെ വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കാൻ മനസ്സ് പാകപ്പെട്ടിട്ടില്ല. അതിലിപ്പോൾ വിഷമം തോന്നുന്നു.

“നീയെന്താ ഒന്നും പറയാതിരിക്കുന്നത്?” സെലിൻ ചോദിച്ചു.

“ഡോക്ടർ കുറിച്ചുതന്ന ഗുളിക നിനക്കും കൂടി വാങ്ങേണ്ടി വരുമോ എന്ന് ആലോചിച്ചിരിക്കുകയാണ്! കിടക്കുമ്പോൾ അതും കഴിച്ച് നീയും അന്തംവിട്ട് ഉറങ്ങിക്കോ, രാവിലെ എഴുന്നേൽക്കുമ്പോൾ എല്ലാം ശരിയാകും,” ആര്യ ചിരിച്ചു. താനിപ്പോൾ ചിന്തിച്ച കാര്യം സെലിൻ ഇപ്പോൾ അറിയേണ്ടെന്ന് ആര്യയ്ക്ക് തോന്നി. അവളോട് എല്ലാം പറയണം, ഇനിയും അവളെ ഒഴിവാക്കാൻ കഴിയില്ല. പക്ഷേ, ഇപ്പോൾ അതിന് പറ്റിയ സമയമല്ല.

“വേണ്ടിവരും ആര്യാ… ഇപ്പോൾ തല പെരുത്തുകയറുന്നത് എനിക്കാണ്…”

“പക്ഷേ… നിനക്കിപ്പോൾ ഇങ്ങനെ സ്ട്രോങ്ങായി ഫീൽ ചെയ്യാൻ മാത്രം എന്റെ ആ സ്വപ്നങ്ങളിൽ ഒന്നിലും നീയില്ലല്ലോ? നീയെന്നല്ല, ആ പ്രതിമയും കാടും അമ്പലവും പിന്നെ ഞാനും അല്ലാതെ വേറെയൊന്നും ഇതുവരെ കണ്ടിട്ടില്ല. പിന്നെങ്ങനെ…?”

ആര്യയുടെ ചോദ്യം ന്യായമാണ്. ഡോക്ടറുടെ വീട്ടിൽ നിന്നും പുറപ്പെട്ടപ്പോൾ മുതൽ തന്നിൽ അങ്ങനെയൊരു ചിന്ത കടന്നത് എങ്ങനെയെന്നറിയില്ല. ഇത്രയും ദിവസം തോന്നാത്ത ഒരു കാര്യം. അതെന്തുകൊണ്ടായിരിക്കാമെന്ന് ആ സമയം സെലിനും ആലോചിച്ചു.

ഇതിനിടെ, ചെഞ്ചായത്തിൽ ഒളിപ്പിച്ചുവെച്ച ഇന്നത്തെ തന്റെ എല്ലാ പകൽസ്വപ്നങ്ങളെയും ഉപേക്ഷിച്ചുകൊണ്ട്, കടലിനോടൊപ്പം ശയിക്കാനുള്ള അവസാന നിമിഷങ്ങളിലേക്ക് സൂര്യൻ എത്തിക്കഴിഞ്ഞിരിക്കുന്നു. അതൊന്നുമറിയാതെ ആര്യയും സെലിനും തങ്ങളുടേതായ ചിന്തകളിലൂടെ കുറച്ചുനേരം സഞ്ചരിച്ചു. അന്നേരം അവരെ രണ്ടുപേരെയും ഒരേപോലെ ചുഴറ്റിക്കൊണ്ട് അസാധാരണമായ ഒരു തണുത്ത കാറ്റ് കടന്നുപോയി.

അപ്പോഴാണ് സെലിന്റെ കുർത്തയുടെ പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ ശബ്ദിക്കാൻ തുടങ്ങിയത്. പെട്ടെന്നെന്തോ ഓർത്തപോലെ ആര്യയുടെ മടിയിൽ നിന്നും സെലിൻ തിടുക്കപ്പെട്ട് എഴുന്നേറ്റു. കുർത്തയുടെ പോക്കറ്റിലേക്ക് അവളുടെ കൈ നീണ്ടു. ആ സമയം, തങ്ങൾ വന്ന ഓട്ടോയ്ക്കരികിലേക്ക് ഓട്ടോക്കാരൻ നടന്നടുക്കുന്നതും അവളുടെ ദൃഷ്ടിയിൽ പെട്ടു.

തുടരും…

Trending Now

Join with us