AI illustration by Surya for the Malayalam short poems by Rajan C. H.

ചായക്കട ചെറുക്കവിതകള്‍

1

പാലൊഴിച്ച കാപ്പിയുണ്ട്,
പകല്‍ ഗ്ലാസില്‍ നുരയ്ക്കുന്നു.
പാലൊഴിക്കാതെന്റെ നെഞ്ചില്‍
ചോരയെന്നു മിടിപ്പൂ നീ.

2
കടുപ്പച്ചായയില്‍ പകരും ചിരി
വെളുത്ത പാലെന്നായി-
യിഴുകുമ്പോല്‍
സാന്ധ്യാ നിലാവിന്‍ ചാരുത.

3

പഴമ്പൊരിയ്ക്കുള്ളില്‍
പഴമെന്ന പോലെ,
മഴക്കാറിന്നുള്ളില്‍ വെയില്‍;
കടുംചായ.

4

ചില്ലുപാത്രത്തില്‍
ചിതറിയൊഴിക്കുന്നു
ചോരയല്ലത്രയും കടും ചായ,
ഊറ്റിയെടുത്തെന്നെ
ദൂരെക്കളഞ്ഞതായ്
നീട്ടുന്നതെന്തിനായ്
നഷ്ടകാമങ്ങളെ.

5

ചായയില്‍ മധുരം ചേര്‍-
ത്തിളക്കുന്നൊരൊച്ചയെ
ജീവിതത്തില്‍ മധുരം ചേരാ-
തിളക്കുന്നോരുടെയൊച്ചയാ-
യലിയിച്ചെടുക്കുവതെങ്ങനെ-
യെന്നു ചിന്തിച്ചിരിക്കുന്ന
കവിയായ് ചായക്കട.

6

മഴയത്ത് ഒറ്റയ്ക്കിരുന്ന്,
ഊതിയൂതി മോന്തും കട്ടന്‍ചായ.
അതിലൊറ്റയ്ക്കലിയണം
അനുരാഗമിനിപ്പായി.

7

ഒഴിഞ്ഞ ഗ്ലാസ്
നിറയാനായി കാത്തിരിക്കും
വക്കത്തെ ഉറുമ്പ്.

നിറഞ്ഞ ഗ്ലാസ്
ഒഴിയാനായി കാത്തിരിക്കും
വക്കത്തെ ഉറുമ്പ്.

നിറഞ്ഞാലും
ഒഴിഞ്ഞാലും
ഗ്ലാസിനകത്തോ പുറത്തോ
വീഴാതെ
പിടിവിടാതെ കാക്കും
ജീവിതം.

8

കടുത്ത രോഷത്തിന്‍
കനവിലെന്നായി
നിറഗ്ലാസില്‍ നിന്നെ
പതുക്കെയൂതുന്നു
തണിയാതെങ്ങനെ
നുണയുമോര്‍മ്മകള്‍.

Join with us