
അനുരാഗ ഗാനം പോലെ
ആർദ്ര വിഷാദങ്ങളുടെ നനുത്ത ചാറ്റൽ മഴ പോലെ മലയാളിയുടെ ഭാവുകത്വത്തിൻ്റെ ഗ്രീഷ്ന്മോദങ്ങളിലേക്ക് ചെയ്ത് നിറഞ്ഞ സംഗീത വിസ്മയത്തിൻ്റെ മാസ്മരിക സാനിദ്ധ്യമായിരുന്നു എം.എസ്. ബാബുരാജ്. കേട്ട് പഴകിയ പാട്ട് രീതികളുടെ മാമൂലുകളെ ഹിന്ദുസ്ഥാനി സംഗീതത്തിൻ്റെ ലയവിന്യാസങ്ങൾ കൊണ്ട് വഴിതിരിച്ച ബാബുരാജ് മലയാള ഗാനശാഖയെ നവീനമായ ഒരു ഭാവുകത്വത്തിൻ്റെ പുതുമകളിലേക്ക് വിമോചിപ്പിച്ചു. 1978 ൽ അന്തരിച്ച ബാബുക്കയുടെ 48-ാം ചരമവാർഷിക ദിനമാണ് ഒക്ടോബർ 7 ന്.
എം.എസ്. ബാബുരാജ് വിടവാങ്ങി 48വർഷം പിന്നിടുമ്പോൾ സംഗീതലോകത്ത് അദ്ദേഹം കൈവരിച്ച സ്ഥാനം ജീവിച്ചിരുന്ന കാലത്തേക്കാൾ പതിന്മടങ്ങ് ഉയരത്തിലായിരിക്കുന്നു. ഗാനശാഖയിൽ വലിയ മാറ്റങ്ങളും പുതിയ പുതിയ പരീക്ഷണങ്ങളും അരങ്ങേറിയ നാലര പതിറ്റാണ്ടിനുശേഷവും എല്ലാ വിഭാഗം ആസ്വാദകരേയും ആകർഷിക്കുന്ന സംഗീത വിസ്മയമായി ബാബുരാജ് ഇന്നും തലയുയർത്തി നിൽക്കുന്നു.
തട്ടിൻപുറത്തെ സംഗീത സദസ്സിലിരുന്ന് ബാബുരാജ് ഹാർമോണിയം വായിച്ച് സാധാരണ മൈക്കിൽ ലൈവായി പാടിയ പാട്ടുകൾ റെക്കോഡ് ചെയ്ത രണ്ട് കാസറ്റുകൾ വടേരി ഹസ്സൻ എന്ന സുഹൃത്തിൻ്റെ കൈവശമുണ്ടായിരുന്നു. അദ്ദേഹം ടേപ്പ് റെക്കോർഡുമായി വന്ന് ആ പാട്ടുകൾ സുഹൃത്തുക്കളെ കേൾപ്പിക്കും. കേൾപ്പിച്ചു കഴിഞ്ഞാൽ തിരിച്ചുകൊണ്ടുപോവുകയാണ് പതിവ്. കാസെറ്റിൻ്റെ പകർപ്പെടുക്കാൻ പോലും ആർക്കുമത് കൈമാറാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഒടുവിൽ ഗസൽധാര എന്ന കൂട്ടായ്മയുടെ മുഖ്യസംഘാടകനായ ലത്തീഫ് സ്‌റ്റെർലിംഗിന്റെ നിർബന്ധത്തിനുവഴങ്ങി അത് സമ്മതിച്ചു. ആ കാസെറ്റ് സുഹൃത്തുക്കൾ വഴി പ്രചരിച്ചു. വിസ്മൃതിയിലേക്ക് പോകുമായിരുന്ന പാട്ടുകൾ പിന്നീട് ‘ബാബുരാജ് പാടുന്നു’ എന്ന പേരിൽ മനോരമ മ്യൂസിക് വിപണിയിലിറക്കി. ബാബുരാജിൻ്റെ ശബ്‌ദത്തിൽ വന്ന പാട്ടുകൾ അദ്ദേഹം സിനിമയിൽ പാടിച്ച ഗായകരുടെ പാട്ടുകളെ അതിശയിപ്പിച്ചു.
കോഴിക്കോട്ടെ ധനാഢ്യകുടുംബങ്ങളിൽ വിവാഹാഘോഷങ്ങളുടെ അവിഭാജ്യഭാഗമായിരുന്നു അക്കാലത്ത് മെഹ്ഫിലുകൾ എന്നറിയപ്പെട്ടിരുന്ന സംഗീത സദസ്സുകൾ. നിക്കാഹിന് വരനും കൂട്ടരുമെത്തുമ്പോൾ അവർക്കൊപ്പം ഒരു ഖവാലി സംഘവും ഉണ്ടാവും. വധുവിൻ്റെ വീട്ടിൽ മറ്റൊരു ഖവാലി സംഘം നേരത്തേ എത്തിയിട്ടുണ്ടാവും. ഇവർ തമ്മിൽ മത്സരിച്ചു പാടുകയാണ് വിവാഹ രാത്രിയിലെ ഏറ്റവും ആകർഷകമായ പരിപാടി.
അക്കാലത്തെ ഖവാലി സദസ്സുകളിലെ ചക്രവർത്തി ഗുൽ മുഹമ്മദിനോട് മത്സരിക്കാൻ കോഴിക്കോട്ടെ അതിസമ്പന്നനായ വ്യാപാരപ്രമുഖൻ കൊൽക്കത്തയിൽ നിന്നും ഒരു പാട്ടുകാരനെ കൊണ്ടുവന്നു. ജാൻ മുഹമ്മദ് എന്ന ആ ഹിന്ദുസ്ഥാനി ഗായകൻ അതിവേഗം കോഴിക്കോട്ടെ സംഗീതവേദികൾ കയ്യടക്കി. കോഴിക്കോട് സ്ഥിരതാമസമാക്കിയ ജാൻ മുഹമ്മദ് വാഴക്കാടിനടുത്ത് നിന്ന് ഫാത്തിമ സുഹറ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചു. അവർക്ക് പിറന്ന ആദ്യത്തെ മകനാണ് മുഹമ്മദ് സാബിർ ബാബുരാജ് എന്ന എം.എസ്. ബാബുരാജ്. 1929 മാർച്ച് മൂന്നിനായിരുന്നു ബാബുരാജിന്റെ ജനനം. ബാബുരാജിനു ശേഷം, ജാൻ മുഹമ്മദ്- ഫാത്തിമ ദമ്പതികൾക്ക് അബ്ദുൽ മജീദ് എന്നൊരു മകൻ കൂടി ജനിച്ചു.
ബാബുരാജിന് ആറുവയസ്സാകുമ്പോഴേക്കും ഉമ്മ മരിച്ചു. അതോടെ, നിർഭാഗ്യങ്ങളുടെ ദുരനുഭവങ്ങളിലേക്ക് ബാബുരാജിൻ്റെ ബാല്യം എത്തപ്പെട്ടു. പിതാവ് ജാൻ മുഹമ്മദ് പിന്നീട് തലശ്ശേരിക്കാരിയായ റുഖിയബീവിയെ വിവാഹം കഴിച്ചു. തലശേരിയിലെ ചിറക്കരയിലാണ് ബാബുരാജ് ബാല്യം ചെലവഴിച്ചത്. ജാൻമുഹമ്മദ് കൊൽക്കൊത്തയിലേക്ക് തിരിച്ചുപോയതോടെ ബാബുരാജ് വീടുവിട്ട് തെരുവിലേക്കിറങ്ങി. ഒരു നേരത്തെ ഭക്ഷണത്തിനായി തെരുവിലും ട്രെയിനിലും പാടിനടന്ന ആ ബാലൻ്റെ കഴിവ് കുഞ്ഞുമുഹമ്മദ് എന്ന ഒരു കോൺസ്റ്റബിളിൻ്റെ ശ്രദ്ധയിൽ വന്നു. അദ്ദേഹം അവനെ വീട്ടിലേക്ക് കൊണ്ടുവന്നു. അവന് ഭക്ഷണവും വസ്ത്രവും നൽകി. പാടാൻ വേദികളൊരുക്കി കൊടുത്തു. വലിയ പാട്ടുകാരനായി അവർ വളരുമെന്ന് കഞ്ഞു മുഹമ്മദ് പ്രവചിച്ചു. ആ പ്രവചനം യാഥാർഥ്യമാവുമ്പോഴേക്കും മുഹമ്മദ് കാലയവനികക്കുള്ളിൽ മറഞ്ഞിരുന്നു. ഇതിനിടെ, കുഞ്ഞുമുഹമ്മദിന്റെ സഹോദരി നഫീസയെ ബാബുരാജ് നിക്കാഹ് ചെയ്തിരുന്നു.
ബാബുരാജിൻ്റെ പാട്ടുകളിൽ നഷ്ടബോധത്തിൻ്റെയും വിഷാദത്തിന്റെയും നനുത്ത സ്പർശങ്ങൾ ഇല്ലാത്ത പാട്ടുകൾ അപൂർവമാണ്. എട്ടുമിക്ക പാട്ടുകളിലും വിഷാദത്തിന്റെ, മറഞ്ഞിരിക്കുന്ന നേർത്ത പുഞ്ചിരി കാണാം.
‘കണ്ണീരും സ്വപ്നങ്ങളും വിൽക്കുവാനായി വന്നവൻ ഞാൻ’, ‘പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ’ തുടങ്ങിയ പാട്ടുകൾ ബാബുരാജിൻ്റെ യാതനാനിർഭരമായ ജീവിതത്തിൻ്റെ ഭാവാവിഷ്കാരം തന്നെയായിരുന്നു. ‘പ്രാണസഖി’ ബാബുരാജ് പാടിയതുപോലെ മറ്റാർക്കും പാടാൻ കഴിഞ്ഞിട്ടുമില്ല. ആ പാട്ട് ബാബുരാജിൻ്റെ ജീവിതത്തെ പൊള്ളിക്കുന്നതായിരുന്നു. ഒരു ഗാനം ഒരു സംഗീതസംവിധായകന്റെ ജീവിതമായി തീരുന്ന അപൂർവ്വത ഈ പാട്ടിൽ സംഭവിക്കുന്നു എന്ന് പറയാം.
ബാബുരാജിന് ഹാർമോണിയം ഒരു ഉപകരണം ആയിരുന്നില്ല; അദ്ദേഹത്തിൻ്റെ ഹൃദയം തന്നെയായിരുന്നു അത്. ഹാർമോണിയത്തിൽ ബാബുക്കയുടെ വിരലുകൾ മീട്ടുന്ന ഇന്ദ്രജാലം കണ്ട്, ബോളിവുഡ് ഗസൽ ഗായകനായിരുന്ന തലത് മെഹമൂദ് അത്ഭുതപരതന്ത്രനായി ഇരുന്നു പോയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കോഴിക്കോട് പാടാൻ എത്തിയതായിരുന്ന തലത് മെഹമൂദ്.
ഹാർമോണിയം വാങ്ങാൻ ബാബുരാജും കൂട്ടുകാരും കൽക്കൊത്തയിൽ പോയ കഥ സൗഹൃദ സദസുകളിൽ പ്രസിദ്ധമാണ്. കൂടെ ഉണ്ടായിരുന്നത് തബലിസ്റ്റ് ഉസ്മാനും വിദ്യാധരനും. കൽക്കൊത്തയിലെ ഇടുങ്ങിയ തെരുവാണ് ചൗരംഗി. അവിടെയാണ് ഹാർമോണിയം ലഭിക്കുന്ന കട.ഹാർമോണിയം വാങ്ങി പുറത്ത് വന്ന് അതൊന്ന് വായിച്ചു നോക്കി. അതിലലിഞ്ഞ് ആ വായന അങ്ങനെ നീണ്ടുപോയി. ബാബുരാജിന് ചുറ്റും ആരാധനയോടെ ജനം തടിച്ചു കൂടി . തെരുവുകളിൽ നിറഞ്ഞു കവിഞ്ഞ ജനകൂട്ടം കൊണ്ട് ഗതാഗതം സ്തംഭിച്ചു.
‘നീയെന്തറിയുന്നു നീലതാരമേ വാസന്ത വാനത്തിൽ’: ബാബുരാജിൻ്റെ ആദ്യഗസൽ എന്ന് കരുതാവുന്ന ഗാനം. കോഴിക്കോട് അബ്ദുൾഖാദർ പാടി പ്രശസ്തമാക്കിയ ഈ ഗാനം ബാബുരാജിൻ്റെ ആദ്യ സിനിമ, 1957ൽ പുറത്തിറങ്ങിയ മിന്നാമിനുങ്ങിലേതാണ്.

ബാബുരാജും അബ്ദുൾഖാദറും സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു. പരസ്പരം സ്നേഹിച്ച് അവർ തങ്ങളുടെ ജീവിതത്തിൽ അന്യോന്യം തണൽ വിരിച്ചു. സംഗീതം കൊണ്ട് സമ്പന്നരും സമ്പത്ത് കൊണ്ട് ദരിദ്രരുമായിരുന്നു. തങ്ങളുടെ പാട്ട് കേൾക്കാനാഗ്രഹിക്കുന്നവർക്കുവേണ്ടിമാത്രം അവർ പാടി. കട്ടൻചായ കുടിച്ച്, ചുണ്ടിൽ ബീഡി പുകച്ച്, അവർ ആസ്വാദകരുടെ ഇടയിൽ മതിമറന്നിരുന്നു. ‘നക്ഷത്രപ്പുണ്ണുകളായിരം പൊട്ടിയൊലിക്കുന്ന വാനം’ എന്ന ഖാദറിൻ്റെ അവസാന പാട്ടിന് നിയോഗമായി തീർന്നതും ബാബുരാജ് തന്നെ. ഇടയ്ക്ക് അവർ തമ്മിൽ ചെറുതായി പിണങ്ങിയപ്പോൾ അബ്ദുൾ ഖാദറിന് നഷ്ടമായത്, നിണമണിഞ്ഞ കാൽപ്പാടുകളിലെ ‘അനുരാഗനാടകത്തിന്‍ അന്ത്യമാം രംഗം തീര്‍ന്നു’ എന്ന ഗാനമാണ്. ഖാദർ പാടാൻ ഏറെ കൊതിച്ച ഗാനം പിന്നീട് ഉദയഭാനുവിനാണ് കിട്ടിയത്.
കലാകാരന്മാർ കുടിക്കുന്നതും കലാകാരന്മാരെ കുടിപ്പിക്കുന്നതും അക്കാലത്തെ കലാലോകത്തിൽ സർവ്വസാധാരണമായിരുന്നു. ഇതിൽപ്പെട്ട് മുങ്ങിപ്പോയിരുന്നു ബാബുരാജും. ഗായകന് ഒരു കുടുംബമുണ്ടെന്നും അയാൾക്ക് ജീവിക്കാൻ വരുമാനം വേണമെന്നുമുള്ള ചിന്തയൊന്നും സംഗീതപരിപാടി നടത്തുന്നവർക്കും ആവശ്യമില്ലായിരുന്നു. കാശ് പറഞ്ഞു വാങ്ങാനുള്ള കഴിവും അക്കാലത്തെ ഒട്ടുമിക്ക ഗായകർക്കും ഉണ്ടായിരുന്നില്ല. ദാരിദ്ര്യമുണ്ടെങ്കിലും തങ്ങളുടെ കലയെ വിൽക്കാൻ അവർ തയ്യാറായിരുന്നില്ല. ആ കാലത്തിൻ്റെ മൂല്യബോധം ബാബുരാജിനെയും സ്വാധീനിച്ചിരുന്നു.
സംഗീതം തൻ്റെ സിരകളിൽ പടർന്ന കാലത്തായിരുന്നു ബാബുരാജ്, നൗഷാദ് അലി സംഗീതം നൽകിയ ദീദാർ (1951) കാണുന്നത്. കോറണേഷൻ തിയേറ്ററിൽ ഒരേ സിനിമ തന്നെ പല തവണ കണ്ടത് സിനിമയോടുള്ള ഭ്രമം കൊണ്ടായിരുന്നില്ല. പാട്ട് കേൾക്കാൻ മാത്രമായിരുന്നു. ദീദാറിലെ ‘ബച്പൻ കീ ദിൻ ഭുല നാ ദേന’ എന്ന പാട്ട് ആർക്കാണ് മറക്കാൻകഴിയുക?
ദീദാറിലെ പാട്ടുകളിൽ അഭിരമിച്ച ബാബുരാജ് തന്റെ മക്കളിൽ ഒരുവൾക്ക് ദീദാർ എന്ന് പേരിട്ടു. ശൈശവത്തിൽ തന്നെ ദീദാറും രണ്ട് സഹോദരങ്ങളും മരിച്ചു. ഹാർമോണിയം നന്നായി വായിച്ചു പാടുന്ന ഭാര്യ നഫീസ കൂടി മരണത്തിന് കീഴടങ്ങിയതോടെ ബാബുരാജ് ഏകനായി. ബാല്യത്തിലെ ഒറ്റപ്പെടലിനുശേഷം വീണ്ടും ഏകാന്ത തയിലേക്ക് വഴുതിവീണ ബാബുരാജ്, ലഹരിയിലും സംഗീതത്തിലും തൻ്റെ സനാഥത്വം വീണ്ടെടുക്കാൻ ശ്രമിച്ചു. ലഹരി ഇല്ലായിരുന്നെങ്കിൽ തൻ്റെ ഉള്ളിൽ പുകയുന്ന കനലുകളിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപ്പെടുമായിരുന്നു? പിന്നീട് ബിച്ചയെ വിവാഹം കഴിച്ചതോടെയാണ് ബാബുരാജ് സ്വസ്ഥമായ കുടുംബ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
യമൻ കല്യാണും, പഹാഡിയും, ഭൈരവിയും ബാബുരാജിന് പ്രിയപ്പെട്ട രാഗങ്ങളായിരുന്നെന്ന് തോന്നുന്നു. അവ യഥേഷ്ടം അദ്ദേഹം ഉപയോഗിച്ചു. നാടോടി സ്പർശമുള്ള പഹാഡിയിൽ ‘മണിമാരൻ തന്നത് പണമല്ല പൊന്നല്ല’ എന്ന ‘ഓളവും തീരവും’ സിനിമയിലെ ഗാനം, യമൻ കല്യാണിൽ ചെയ്ത കുപ്പിവളയിലെ ‘കൺമണി നീയെൻ കരംപിടിച്ചാൽ’, ദ്വീപിലെ ‘കടലേ നീല കടലേ’, ആഹിർ ഭൈരവിയിൽ ചെയ്ത സുബൈദയിലെ ‘പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത്’, ഭൈരവിയിൽ ചെയ്ത പരീക്ഷയിലെ ‘പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ’ എന്നിവ ശ്രോതാക്കൾക്ക് വേറിട്ട അനുഭവമായിരുന്നു.
പഹാഡിയിലെ ‘മണിമാരൻ തന്നത്’ എന്ന പാട്ടിൻ്റെ ശൈലിയിലാണ് ഗുലാം അലിയുടെ ‘ദിൽ മേം ഏക് ലഹർ സി ഉഠി ഹെ അബി’ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആദ്യം വന്നത് ബാബുരാജിൻ്റെ പാട്ടു തന്നെ. പഹാഡിയുടെ പൊതുവായുള്ള ഒരു സഞ്ചാരരീതിയാണ് ഇരുവരും ഉപയോഗപ്പെടുത്തിയത്. ബാബുരാജിൻ്റെ വിഖ്യാതമായ പ്രണയഗാനം ‘ഒരു പുഷ്പം മാത്രം’ സൈഗളിൻ്റെ പ്രിയപ്പെട്ട രാഗമായ ദേശിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അബ്ദുൾഖാദറും ദേശ് രാഗത്തിൻ്റെ ആരാധകനായിരുന്നു.
മലയാള സിനിമാസംഗീതത്തിൽ മനോധർമ്മം ഏറ്റവും കൂടുതൽ ഉപയോഗിച്ച സംഗീതകാരൻ ഒരു പക്ഷെ ബാബുരാജ് ആയിരിക്കും. ഉപകരണസംഗീതം വായിക്കുന്നവർക്ക് മനോധർമം ഉപയോഗിക്കാൻ ബാബുരാജ് കൊടുത്ത സ്വാതന്ത്ര്യത്തിലൂടെ സിതാറും ബാൻസുരിയും ഷഹനായിയും മികച്ച രീതിയിൽ ഉപയോഗിക്കാൻ അവർക്കു കഴിഞ്ഞു. ആർ.കെ. ശേഖറും ഗുണസിങ്ങും അതിന് ബാബുരാജിനെ സഹായിച്ചു
ഷെഹനായിയും സിതാറും ബാബുരാജിൻ്റെ ദൗർബല്യമായിരുന്നു. ഉസ്താദ് ബിസ്മില്ലാഖാൻ്റെ ഷെഹനായിയും പണ്ഡിറ്റ് രവിശങ്കറിൻ്റെ സിതാറും മലയാളികൾക്ക് പരിചിതമാവുന്നതിന് എത്രയോമുമ്പ് അവ സിനിമയിൽ ഉപയോഗിക്കാൻ ബാബുരാജിന് കഴിഞ്ഞു. കുട്ടിക്കുപ്പായത്തിലെ(1960) ‘പുള്ളിമാനല്ല മയിലല്ല’, ലൈല മജ്‌നുവിലെ(1962) ‘ചുടുകണ്ണീരാൽ’ പുള്ളിമാനിലെ (1960) ‘ചന്ദ്രബിംബം നെഞ്ചിലേറ്റും’ എന്നീ പാട്ടുകളിൽ ഷഹനായിയും ഭാർഗവീനിലയത്തിലെ (1964) ‘താമസമെന്തേ വരുവാൻ’, ഖദീജ (1967) യിലെ ‘കണ്മണി നീയെൻ കരംപിടിച്ചാൽ’ എന്നിവയിൽ സിതാറും കേരളത്തിലെ സിനിമാസംഗീത പ്രേമികൾ ആദ്യമായി കേട്ടു.
സംഗീതത്തെ കുറിച്ച് ആധികാരികമായി സംസാരിക്കാനുള്ള പാണ്ഡിത്യമൊന്നും ഉണ്ടായിരുന്ന ആളായിരുന്നില്ല ബാബുരാജ്. നൈസർഗികമായ കഴിവിൽ സംഗീതത്തെ ജീവിതമാക്കി മാറ്റിയ അസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹം. സംഗീതസംവിധായകന്റെയും ഗായകന്റെയും പതിവുവഴികളിൽ നിന്ന് മാറിനടന്ന ആൾ. മലയാളി വരച്ച കള്ളികളിലൊന്നും ബാബുരാജ് ഒതുങ്ങിയില്ല. തൻ്റെ അലച്ചിലും ലഹരിയുമായി സംഗീതത്തിൻ്റെ ലോകത്ത് സ്വപ്നാടകനെ പോലെ, ആ അസാമാന്യ കലാകാരൻ ഒരു സാധാരണക്കാരനായി വിഹരിച്ചു.
Join with us

ഇ.സി. സുരേഷ്: തൃശൂർ ചാലക്കുടി കോടശ്ശേരി നായരങ്ങാടി സ്വദേശി. അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, നിരൂപകൻ, ഗാനരചയിതാവ്.
കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട കാലഘട്ടത്തിൽ, ജന്മിത്വത്തിനും ചൂഷണത്തിനുമെതിരെ ചാലക്കുടി- പരിയാരം പ്രദേശങ്ങളിൽ നടന്ന ചരിത്രപ്രസിദ്ധമായ കർഷക പോരാട്ടങ്ങളെ പ്രതിപാദിക്കുന്ന ‘പരിയാരം കര്ഷക സമരം’ എന്ന ചരിത്രഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വയനാട്ടിലെ മുത്തങ്ങ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആദിവാസികളുടെ ജീവിതം പറയുന്ന ‘ചാമന്റെ കബനി’ എന്ന സിനിമയിലെ, ‘ഞാനുണ്ട് നീയുണ്ട്’, ‘പുഞ്ച വരമ്പത്തൂടേ…’ എന്നീ പാട്ടുകൾ രചിച്ച് ഗാനരചനാ രംഗത്തെത്തി. ‘പൂകൈത മറപറ്റേ…’ എന്ന പേരിൽ നാടൻ പാട്ടുകളുടെ കാസറ്റ് പുറത്തിറക്കി. കലാഭവൻ മണിക്കു വേണ്ടിയും പാട്ട് എഴുതിയിട്ടുണ്ട്.
തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗമായും ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുള്ള സുരേഷ്, മുൻ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലിന്റെ പേഴ്സണൽ സ്റ്റാഫായും ജോലി ചെയ്തിട്ടുണ്ട്. നിലവിൽ, പുരോഗമന കലാ സാഹിത്യ സംഘം (പു.ക.സ.) ചാലക്കുടി ഏരിയ കമ്മിറ്റി അംഗമാണ്.
ഭാര്യ: മിനി (സഹകരണ ബാങ്ക് ജീവനക്കാരി), മക്കൾ: ഭഗത്, നടാഷ.






