AI illustration by Surya for the Malayalam poem Aval by Shaniba Kaniyarakkal

അവൾ

അവൾ വരച്ച ചിത്രത്തിൽ
അവൾക്കൊഴികെ മറ്റെല്ലാവർക്കും
നിറങ്ങളുണ്ടായിരുന്നു.
തനിക്കായി നിറങ്ങൾ നൽകാൻ
അവൾ ഓർത്തില്ല.
ആരുമവളെ അതോർമ്മിപ്പിച്ചില്ല.
അവളിലേക്കാരും എത്തിനോക്കിയില്ല.

പലപ്പോഴുമവൾ,
തന്നെ അപൂർണ്ണമായി വരച്ചിട്ടു;
തനിക്കൊരിക്കലും
തന്നെ പൂർണ്ണമാക്കാൻ കഴിയില്ലെന്ന
വിശ്വാസത്തിൽ.

ഒരുനാൾ അവൾ തിരിച്ചറിഞ്ഞു,
പൂർത്തിയാക്കാൻ കഴിയാത്ത ചിത്രങ്ങളൊന്നും
ഈ ദുനിയാവിൽ ഇല്ലെന്ന്.
അവൾ പതിയെ തന്റെ ചിത്രം
പൂർത്തിയാക്കാൻ തുടങ്ങി.
നിരവധി ചായക്കൂട്ടുകൾ
അവളുടെ ചിത്രത്തെ തേടിയെത്തി.

അല്ലെങ്കിലും,
നിറയെ നിറങ്ങളുള്ള ഒരു ആകാശവും
നെഞ്ചിൽ നിറയെ,
മറക്കാൻ കഴിയാത്ത സ്വപ്നങ്ങളുമുള്ള
ഏതൊരാൾക്കാണ്
സ്വന്തം ചിത്രം, വർണ്ണാഭമായി
പൂർത്തിയാക്കാതിരിക്കാൻ കഴിയുക?!!

Join with us