Published on October 8, 2026

കൈനീട്ടം
പാതിരാവിൻ മഷിക്കുപ്പിയിൽ മുക്കി,
ഇരുൾ മറന്നിരുന്നൊരു തൂലിക
നിശ്ശബ്ദം വരച്ചുചേർക്കുന്നു,
അമൂർത്തച്ചിത്രങ്ങളെന്നിൽ.
മാവിൻ ചില്ലയിലൂയലാടി
തളർന്നുപോയോരിളംവെയിൽ,
നിലാവിൻ കൈപിടിച്ചു
നിഴലാട്ടം നടത്തുന്നു.
കുളിർകാറ്റിൻ ചിറകേറി
പാറിവീണ മിന്നൽക്കണം
താരകപ്പൊടികളോടൊത്തു
വെണ്ണിലാവിലലിയുന്നു.
രാത്രിതൻ മുടിക്കെട്ടിൽ
വിടർന്നു നിന്നിരുന്നൊരു നെയ്യാമ്പൽ,
അരുണമാം കപോലത്താൽ,
നാണം പൂണ്ടു കൂമ്പിപ്പോകുന്നു.
വിളറിച്ചിരിച്ചു തലയാട്ടി,
ചക്രവാളം തുടുക്കവേ,
കൂടുണർത്തിയ പറവകൾ
വാനം പൂകാനൊരുന്നു.
നിദ്രയാം തിരശീല മെല്ലെ
തെല്ലുമാത്രം നീക്കി,
പുലരുവോനെനിക്കേകുന്നു
പൊൻനാണ്യമാം കൈനീട്ടം!
Trending Now
Showing Slide 1 of 5: മായാതരംഗം/അമിത്രജിത്ത് പുന്നയൂർക്കുളം എഴുതിയ കവിത
Join with us

അജീതി എസ്: തിരുവനന്തപുരം ശ്രീകാര്യം സ്വദേശിനി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജറായി ജോലി ചെയ്യുന്നു. ബി.ടെക് ബിരുദധാരിയായണ്.






