AI illustration by Surya for the Democracy in Ramayana Recitation by E. C. Suresh-Image-1

ഇന്ത്യൻസാമൂഹ്യ പരിണാമങ്ങളുടെ വികാസ ഘട്ടങ്ങൾക്കനുസരിച്ച് രാമകഥയിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. ആദ്യം ഗോത്രവർഗ്ഗവീരഗാഥയായും പിന്നീട് വർണ്ണാശ്രമ വ്യവസ്ഥയുടെ പ്രയോക്താവായും ഭക്തി പ്രസ്ഥാനത്തിൻ്റെ കാലത്ത് ജാതി വിരദ്ധമായ നവോത്ഥാനത്തിന്റെ പ്രതീകമായും അവതരിപ്പിക്കപ്പെട്ട രാമൻ എന്ന പ്രാചീനമായ ഇന്ത്യൻ മിത്തിനെ ഇന്ന് പുതിയ രീതിയിൽ പുനരാവിഷ്ക്കരിച്ചു കൊണ്ട് പ്രതിലോമപരമായ പുനരുത്ഥാനത്തിന്റെ ഉപകരണമായി ഉപയോഗപ്പെടുത്താനുള്ള പരിശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

രാമായണ പാരായണത്തിലെ ജനാധിപത്യം

കർക്കിടകം 1 (2026 ജൂലൈയ് 17)

കർക്കിടകം ഒന്ന് രാമായണ മാസാരംഭമായി കരുതുന്നവരുണ്ട്. രാമായണമാസത്തെ മുൻനിർത്തി രാമായണ പാരായണങ്ങളും, പഠനങ്ങളുമെല്ലാം വ്യാപകമായും സംഘടിപ്പിക്കപ്പെടുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രചാരണ സന്ദർഭമായി ബോധപൂർവ്വം ഇത്തരം സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തപ്പെടുകയും ചെയ്യുന്നുണ്ട്. ഈ പശ്ചാതലത്തിൽ രാമായണത്തിന്റെ ചരിത്ര ജീവിതം സംബന്ധിച്ച ഒരു പഠനം അനിവാര്യമാണ് എന്നാണ് ഞാൻ കരുതുന്നത്.

രാഷ്ട്രീയ ഹിന്ദുത്വം അതിൻ്റെ അക്രമാസക്തമായ അധികാര വ്യാപനത്തിൻ്റെ ഇന്ധനമായി രാമായണമെന്ന നമ്മുടെ ഇതിഹാസകാവ്യത്തെ ഉപയോഗപ്പെടുത്തുന്ന പശ്ചാതലത്തിൽ, അതിൻ്റെ ചരിത്രപരമായ പരിശോധകൾ പ്രസക്തമാണ്.

എത്ര രാമായണങ്ങളുണ്ട്?

രാമായണത്തിൻ്റെ 3000ത്തോളം പാഠഭേദങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്. ഹിന്ദുക്കൾക്ക് മാത്രമല്ല ബൗദ്ധർക്കും ജൈനർക്കം മുസ്ലീംങ്ങൾക്കുമെല്ലാം അവരുടേതായ രാമായണങ്ങളുണ്ട്. ഫിലിപ്പൻസ്, തായ്ലാൻ്റ്, ഇൻഡോ ചൈന, തിബറ്റ്, ബർമ്മ, ശ്രീലങ്ക തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും രാമായണ കഥ വിവിധ രൂപങ്ങളിൽ നിലനില്ക്കുന്നു.

ഇൻഡ്യയിലെ രാമായണത്തിൽ രാമനാണ് നായകനെങ്കിൽ ഇൻഡോ- ചൈനയിൽ നിലനില്ക്കുന്ന രാമായണത്തിൽ രാവണന് നായകതുല്യമായ പരിവേഷമാണ്. തെക്കു കിഴക്കൻ ഏഷ്യയിൽ നിലനില്ക്കുന്ന പാതാള രാമായണത്തിലെ നായകൻ ഹനുമാനാണ്. ബൗദ്ധരാമായണത്തിൽ രാമൻ ബുദ്ധൻ്റേയും സീത യശോധയുടേയും പുനർജന്മങ്ങളാണ്. ജൈന രാമായണത്തിൽ എണ്ണായിരം ഭാര്യമാരുള്ള ഒരു രാജാവാണ് രാമൻ. അതിൽ പ്രധാന സ്ഥാനമുള്ള ഒരു ഭാര്യ മാത്രമാണ് സീത. ഒടുവിൽ മാനസാന്തരം വന്ന് രാമൻ സന്യാസം സ്വീകരിച്ച് മോക്ഷം പ്രാപിക്കുന്നു. ഇവിടെ ലക്ഷ്മണനാണ് യുദ്ധവീരൻ. രാവണനെ വധിക്കുന്നത് ലക്ഷ്മണനാണ്.

രാമായണ കഥയിലെ കഥാപാത്രങ്ങളും സ്ഥലനാമങ്ങളുമെല്ലാം താന്താങ്ങളുടെ രാജ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നതായി ഓരോ രാജ്യക്കാരും കരുതുന്നു. ലാവോസ് പാരമ്പര്യത്തിൽ, വിയന്റിയൻ പ്രദേശത്തെ രാജാവാണ് രാമൻ എന്നാണ് ഇൻഡോ- ചൈനയിലെ രാമായണ കഥയിൽ പറയുന്നത്. ശ്രീലങ്കക്കാർ കരുതുന്നത്, കുരുണേഗലയിലെ തങ്ങളുടെ ദൊലുക്കന്ദ മല (സഞ്ജീവനി മല) ഹനുമാൻ കൊണ്ടുവന്ന ഔഷധമലയാണെന്നാണ്. കേരളീയർക്ക് പൊതുവെ, ഹനുമാൻ്റെ ഔഷധമല ഏഴിമലയാണ്. ദക്ഷിണ കേരളീയർക്കാകട്ടെ അത് മരുത്വാമലയാണ്. ഫിലിപ്പൻസുകാർ വിശ്വസിക്കുന്നത് ഹനുമാൻ കൊണ്ടുവന്ന ആ മല അവരുടെ ബങ്കായ് മലയാണ് എന്നാണ്.

AI illustration by Surya for the Democracy in Ramayana Recitation by E. C. Suresh-Image-2

ത്രേതായുഗത്തിലാണ് രാമായണം എഴുതപ്പെട്ടത് എന്നാണ് പരമ്പരാഗതമായ വിശ്വാസം. ക്രി.മു. ആറാം-അഞ്ചാം നൂറ്റാണ്ടുകളിൽ വായ് മൊഴികളായി നിലനിന്നിരുന്ന ഒരിന്ത്യൻ നാടോടി കഥ മാത്രമായിരുന്ന രാമകഥയെ തൻ്റെ ഇതിഹാസകാവ്യനിർമ്മിതിയുടെ ഇതിവൃത്തമായി സ്വീകരിക്കുകയാണ് ആദി മഹാകവി വാല്മീകി ചെയ്തത് എന്ന് ആധുനിക പഠനങ്ങൾ വിലയിരുത്തുന്നു. എങ്കിലും, രാമായണ കഥകളിലെ ആദ്യ ലിഖിത കാവ്യം വാല്മീകിരാമായണമാണെന്ന് കരുതാം. വാല്മീകി അന്വേഷിക്കുന്നത് ഗുണവാനും വീരനും ധർമ്മജ്ഞനും സത്യവാനും ദൃഢവ്രതനുമായ മനുഷ്യനെയാണ്. വാല്മീകിയുടെ രാമൻ ഉത്തമനായ മനുഷ്യനാണ്. മഹാവിഷ്ണുവിൻ്റെ അവതാരമാണ് രാമൻ എന്ന സങ്കല്പം രണ്ടിടങ്ങളിൽ കാണാമെങ്കിലും അത് പ്രക്ഷ്പിതങ്ങളാണെന്നാണ് പണ്ഡിതൻമാരുടെ അഭിപ്രായം.

അക്കാലത്ത് നിലനിന്ന വർണ്ണാശ്രമവ്യവസ്ഥയുടെ ധാർമിക മൂല്യങ്ങളെ ആന്തരവൽക്കരിച്ച ഉത്തമനായ മാതൃകാ പുരുഷനും രാജാവുമായി വാല്മീകീ രാമായണത്തിൽ രാമൻ അവതരിപ്പിക്കപ്പെടുന്നു. ബാലകാണ്ഡവും ഉത്തരകാണ്ഡവും ചേർന്ന് രാമായണം പൂർണ്ണരൂപത്തിലെത്തുന്നത് ക്രി. പി. ആദ്യ ശതകങ്ങളിലാണ്. അതോടെ രാമകഥ ഒരു ഗോത്രവീരഗാഥ എന്ന നിലയിൽ നിന്ന് വർണ്ണാശ്രമധർമ്മത്തിൻ്റെ സംരക്ഷണത്തിനുപയോഗിക്കുന്ന ഒരു കഥയായി രൂപാന്തരപ്പെടുന്നു.

രാമായണം ഉത്തരകാണ്ഡത്തിലാണ് ശൂദ്ര മുനിയായ ശംബൂകൻ്റെ തലയറുക്കുന്ന കഥയുള്ളത്. ചാതുർവർണ്യ വ്യവസ്ഥയുടെ സംരക്ഷണത്തിൽ കാർക്കശ്യം പുലർത്തുന്ന രാമനെയാണ് ഈ കഥയിൽ നാം കാണുന്നത്. അയോദ്ധ്യാ കാണ്ഡത്തിൽ കാട്ടിലേക്ക് പുറപ്പെടുന്ന രാമനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന ജാബാലി എന്ന ഭൗതികവാദിയായ ചിന്തകനുമായി രാമൻ നടത്തുന്ന ഒരു സംവാദമുണ്ട്. അതിൽ ബുദ്ധനെക്കുറിച്ച് രാമൻ പറയുന്നത് ഇങ്ങനെയാണ് …”കള്ളനെ പോലെയാണ് ബുദ്ധൻ. തഥാഗതനെ – ബുദ്ധനെ – നാസ്തികനെന്ന് ധരിച്ചാലും. അതിനാൽ പ്രജകൾക്ക് ഇഷ്ടപ്പെടേണ്ടുന്ന പണ്ഡിതൻ നാസ്തികനോട് ആഭിമുഖ്യം പുലർത്തരുത്.”

അക്കാലത്ത് പുരോഗമനപരമെന്ന് വിശേഷിപ്പിക്കാവുന്ന, എല്ലാറ്റിനുമെതിരായി വർണ്ണ-ജാതി വ്യവസ്ഥയുടെ ശക്തനായ വക്താവായി രാമൻ രംഗത്ത് വരുന്നത് ഇത്തരം സന്ദർഭങ്ങളിൽ നാം കാണുന്നു. ക്രി. പി. 4-ാം നൂറ്റാണ്ടിൽ രഘുവംശത്തിൽ കാളിദാസനും പിന്നീട്, 8-ാം നൂറ്റാണ്ടിൽ, ഉത്തരരാമചരിതത്തിൽ ഭവഭൂതിയും വാല്മീകിയുടെ ചുവടുപിടിച്ചു തന്നെയാണ് രാമകഥ പുനരാവിഷ്കരിക്കുന്നത്.

10-ാം നൂറ്റാണ്ടിൽ കുലശേഖര ആർവാറുടെ കാലത്ത് രാമൻ വിഷ്ണുവിൻ്റെ അവതാരമാണ് എന്ന സങ്കല്പം വേരുറക്കുന്നു. 12-ാം നൂറ്റാണ്ടിൽ തമിഴകത്ത് കമ്പർ രാമായണം രചിക്കുമ്പോൾ വാല്മീകിയുടെ ഉത്തമനായ മനുഷ്യനായിരുന്ന രാമൻ മഹാവിഷ്ണുവിൻ്റെ അവതാരമായ ദൈവമായി രൂപാന്തരപ്പെടുന്നു. 14-ാം നൂറ്റാണ്ടിൽ രാമാനന്ദൻ്റെ വരവോടെ രാമഭക്തി ഇന്ത്യയൊട്ടാകെ പടർന്നു. ഭക്തി പ്രസ്ഥാനം ഇന്ത്യയുടെ സങ്കല്പങ്ങളെയാകെ ഉടച്ചുവാർത്തുകൊണ്ട് അലയടിച്ച് ഉയന്നു വന്നു. പ്രാദേശിക ഭാഷകളിൽ ഭക്തി പ്രസ്ഥാനത്തിൻ്റെ ആശയങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള കീർത്തനങ്ങളും കൃതികളുമുണ്ടായി. ഈ പശ്ചാതലത്തിലാണ് 15-ാം നൂറ്റാണ്ടിൽ രാമൻ മഹാവിഷ്ണുവിൻ്റേയും സീത മഹാലക്ഷ്മിയുടേയും അവതാരമാണ് എന്ന സങ്കല്പത്തെ അടിസ്ഥാനമാക്കി അദ്ധ്യാത്മരാമായണം എന്ന സംസ്കൃതകൃതി രചിക്കപ്പെടുന്നത്.

മലയാളത്തിലേക്ക് രാമായണം വിവർത്തനം ചെയ്ത ഭാഷാപിതാവായ എഴുത്തച്ഛൻ അതിന് അവലംബമായി എടുത്തത് വാല്മീകീ രാമായണമല്ല. അദ്ധ്യാത്മരാമായണമാണ്. ഇന്ത്യൻസാമൂഹ്യ പരിണാമങ്ങളുടെ വികാസ ഘട്ടങ്ങൾക്കനുസരിച്ച് രാമകഥയിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. ആദ്യം ഗോത്രവർഗ്ഗവീരഗാഥയായും പിന്നീട് വർണ്ണാശ്രമ വ്യവസ്ഥയുടെ പ്രയോക്താവായും ഭക്തി പ്രസ്ഥാനത്തിൻ്റെ കാലത്ത് ജാതി വിരദ്ധമായ നവോത്ഥാനത്തിന്റെ പ്രതീകമായും അവതരിപ്പിക്കപ്പെട്ട രാമൻ എന്ന പ്രാചീനമായ ഇന്ത്യൻ മിത്തിനെ ഇന്ന് പുതിയ രീതിയിൽ പുനരാവിഷ്ക്കരിച്ചു കൊണ്ട് പ്രതിലോമപരമായ പുനരുത്ഥാനത്തിന്റെ ഉപകരണമായി ഉപയോഗപ്പെടുത്താനുള്ള പരിശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

ഇത്തരം നീക്കങ്ങളെ ചെറുക്കാനും രാമായണത്തെ ചരിത്രപരമായി മനസ്സിലാക്കാനും നമ്മുടെ സാംസ്കാരിക പൈതൃകങ്ങളെ വികസിതമായ അറിവുകളുടെ വെളിച്ചത്തിൽ പുനർമൂല്യ വിചാരം നടത്തി വികസിപ്പിക്കാനും കഴിയേണ്ടതുണ്ട്.

Join with us