Published on June 6, 2026
Neerazhi/Malayalam Translation of Soumya’s Tamil poem Neerazhi by Konnamood Viju

നീരാഴി
സ്കൂളിൽ പഠിക്കുമ്പോൾ
ആൽത്തറയിലെ,
ഗണപതി കോവിലിലെ
കുളത്തിൽ മുങ്ങിക്കുളിക്കും
ഈറനണിഞ്ഞ്
കുളത്തിൽ കാലിറക്കി നിൽക്കും
അവിടമാകെ നിറഞ്ഞു നിൽക്കുന്ന
ചെമ്പരത്തിപ്പൂക്കൾ പറിച്ച്
ദൈവത്തിനർപ്പിച്ച്
തൊഴുതുനിൽക്കും
അരയാലിനടുത്തൊരു തേന്മാവ്
നിറഞ്ഞ് കായ്ച്ച് അഹങ്കരിക്കും
പഴുത്ത്, നിലത്ത് വീണവയെടുത്ത്
കടിച്ചുറുഞ്ചി രസിക്കും
ഇടത് കണ്ണ് പകുതിചാരി
മാവിൻചോട്ടിൽ ഒരുമിച്ചപ്പോൾ
നനുത്തൊരു കാറ്റു തഴുകി
കൈകളിൽ വീഴുന്ന
പഴുത്ത മാങ്ങകൾ
മനസ്സിനുള്ളിൽ മഴ
തിമിർത്ത് പെയ്തു
കാലമേറെ കഴിഞ്ഞു
കല്യാണവും കഴിഞ്ഞു
ഇപ്പോൾ എന്നോടൊപ്പം
ആൽത്തറ ഗണപതിയെ വണങ്ങി
ഇടംകണ്ണ് പാതിചാരി
കുളിർകാറ്റും തേടി
നിൽക്കുന്നെന്റെ മകൾ
Trending Now








