ഓണം സ്‌പെഷ്യൽ- 2026

AI illustration by Surya for the Malayalam article Verittoronam by Vaisakh Triprayar-Onam 2026

വേറിട്ടൊരോണം

പൂക്കളമോ ഓണസദ്യയോ ഓണക്കോടിയോ മാത്രമല്ല ഓണം; ഒരാൾ മറ്റൊരാളെ ഓർക്കുന്നതാണ് ഓണം! അകലെയുള്ളവരെ ഹൃദയത്തോട് ചേർത്തുനിർത്തുന്നതാണ് ഓണം!! അതുകൊണ്ടുതന്നെ, പ്രവാസിയുടെ ഓണം എന്നും വേറിട്ടതാണ്..!

പൂവിളികളും പുലികളിയുമായി വീണ്ടും ഒരു ഓണക്കാലം കൂടി വന്നെത്തിയിരിക്കുന്നു.

നാട്ടിൽ ഓണത്തിന്റെ തിരക്കും ആഘോഷങ്ങളും തകൃതിയായി നടക്കുമ്പോൾ, ആ ആഘോഷത്തിന്റെ ആരവങ്ങൾ ഗൾഫ് നാടുകളിലിരുന്നും പ്രവാസികളുടെ കാതുകളിലെത്തുന്നുണ്ട്. നാട്ടിലേക്ക് വിളിക്കുമ്പോൾ കേൾക്കുന്ന ഓണവിശേഷങ്ങളും, സോഷ്യൽ മീഡിയയിലൂടെ കാണുന്ന പൂക്കളങ്ങളും ഓണക്കോടികളും ഓണസദ്യയുടെ ചിത്രങ്ങളുമെല്ലാം പ്രവാസിയുടെ മനസ്സിനെ വർഷങ്ങൾക്കപ്പുറത്തേക്ക്, തന്റെ ബാല്യകാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

നാട്ടിലെ അന്നത്തെ ഓണം ഇന്നത്തേതിൽ നിന്ന് ഒരുപാട് വ്യത്യസ്തമായിരുന്നു. ഓണം വരുന്നതിന് ദിവസങ്ങൾക്കുമുമ്പേ തന്നെ ആഘോഷങ്ങളുടെ ഒരുക്കങ്ങൾ തുടങ്ങും. പിള്ളേർ കൂട്ടം ചേർന്ന് പൂക്കൾ തേടിയിറങ്ങുന്നതും വീട്ടുമുറ്റത്ത് പൂക്കളം ഒരുക്കാൻ മത്സരിക്കുന്നതും ഓണക്കളികൾക്കായി തയ്യാറെടുക്കുന്നതുമെല്ലാം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്ന ഓർമ്മകളാണ്. ഏതൊരു കാര്യവും ഗംഭീരമാക്കാൻ കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തോടെ പങ്കെടുത്തിരുന്ന കാലം.

ഓണം അടുത്തെത്തുമ്പോഴേക്കും ഓണക്കളികളുടെ ആവേശവും നാടാകെ നിറയും. കളികളിൽ പങ്കെടുക്കാനും വിജയിക്കാനുമുള്ള വാശിയും ആവേശവും വേറിട്ടൊരു അനുഭവമായിരുന്നു. ഓണക്കാലത്ത് പുതിയ ഓണക്കോടിയണിഞ്ഞ് അമ്പലത്തിൽ പോയി വരുമ്പോഴുണ്ടായിരുന്ന ആ പ്രൗഢിയും സന്തോഷവും ഇന്നും ഓർമ്മകളിൽ തെളിഞ്ഞുനിൽക്കുന്നു.

അതിനു ശേഷം കാത്തിരിക്കുമായിരുന്നത് അമ്മയുടെ കൈപ്പുണ്യത്തിൽ ഒരുങ്ങുന്ന ഓണസദ്യയായിരുന്നു. വാഴയിലയിൽ നിരന്നിരുന്ന കറികളും പായസവും, എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുന്ന ആ സദ്യയും മനസ്സിനെയും വയറിനെയും ഒരുപോലെ നിറച്ചിരുന്നു.

സദ്യ കഴിഞ്ഞാൽ പിന്നെ അടുത്ത യാത്ര അമ്മാവന്റെ വീട്ടിലേക്കായിരുന്നു. അവിടെയും കാത്തിരുന്നത് ഒരുപാട് കൂട്ടുകാരായിരുന്നു. ആ പത്ത് ദിവസത്തെ ഓണാവധിക്കാലം അവർക്കൊപ്പം കളിച്ചും ചിരിച്ചും ആഘോഷിച്ചും കടന്നുപോകും. അവധി അവസാനിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിഷമമായിരുന്നു. പ്രിയപ്പെട്ട കൂട്ടുകാരെ പിരിയുന്നതിന്റെ സങ്കടം ഉള്ളിലൊതുക്കി, ചിലപ്പോൾ അൽപ്പം വിതുമ്പിയായിരുന്നു ആ മടക്കയാത്ര.

അതൊരു സുവർണ ബാല്യകാലമായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് പലപ്പോഴും നഷ്ടപ്പെട്ടുപോകുന്ന ഒരു കാലഘട്ടം. പക്ഷേ ഇന്ന്…

പ്രവാസിക്ക് ഓണം പലപ്പോഴും വീഡിയോ കോളിലൂടെയാണ് എത്തുന്നത്. ഓണത്തിന്റെ വരവറിയുന്ന ദിവസങ്ങളിൽ തുടങ്ങി തിരുവോണദിനം വരെ നാട്ടിലെ ഓരോ വിശേഷങ്ങളും മൊബൈൽ സ്ക്രീനിലൂടെ കാണുമ്പോൾ, ഒരേസമയം സന്തോഷവും സങ്കടവും മനസ്സിൽ നിറയും. പ്രിയപ്പെട്ടവർ ആഘോഷിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടാകും. എന്നാൽ ആ ആഘോഷത്തിന്റെ ഭാഗമാകാൻ കഴിയാത്തതിന്റെ വേദനയും അതിനൊപ്പം ഉണ്ടാകും.

നാടും വീടും പ്രിയപ്പെട്ടവരും മുന്നിലുണ്ടെങ്കിലും തൊട്ടടുത്തെത്താൻ കഴിയാത്ത അവസ്ഥ. ചിരിച്ച മുഖത്തോടെ ആ വേദന മറച്ചുവെക്കുകയാണ് പല പ്രവാസികളും. എത്ര വേദനയുണ്ടായാലും, കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതത്തിനും മക്കളുടെ ഭാവിക്കും വേണ്ടിയാണ് താൻ ഇവിടെ തുടരുന്നതെന്ന ചിന്തയാണ് വീണ്ടും വീണ്ടും ഓരോ പ്രവാസിയെയും പിടിച്ചുനിർത്തുന്നത്.

നാട്ടിലുള്ളവർ ഓണക്കോടിയെടുക്കാനും ഓണം ആഘോഷിക്കാനുമായി പണം അയയ്ക്കുമ്പോൾ, വീട്ടുകാരുടെ മുഖത്ത് വിരിയുന്ന സന്തോഷമാണ് പല പ്രവാസികൾക്കും സ്വന്തം ഓണസന്തോഷം. അതിനപ്പുറം വലിയ ആഗ്രഹങ്ങളൊന്നും അവർക്കുണ്ടാകണമെന്നില്ല.

Verittoronam-Oru Pravasiyude Onakkurippu
ലേഖകൻ വൈശാഖ് തൃപ്രയാർ ഖത്തറിലെ സുഹൃത്തുക്കളായ അൻസാർ, ബിനു വേലായുധൻ, ഷൂക്കൂർ, ഷംഷാദ് എന്നിവർക്കൊപ്പം ഓണസദ്യ കഴിക്കുന്നു. (ഫയൽ)

മുൻപ് പ്രവാസിയുടെ ഓണവും വ്യത്യസ്തമായിരുന്നു. പ്രവാസിയുടെ ഓണ ഒരുക്കങ്ങളിൽ തനിമയുള്ള ഒരു ഗൃഹാതുരത്വമുണ്ടായിരുന്നു. ഓണക്കാലത്ത്, ജോലിത്തിരക്കുകൾ കഴിഞ്ഞുള്ള സമയങ്ങളിൽ, അവധി ദിവസങ്ങളിൽ റൂമിലുള്ളവർ ഒത്തുകൂടും. തിരുവോണത്തിന്, നാട്ടിലെ രീതിയിൽ കഴിയുന്നത്ര വിഭവങ്ങളൊരുക്കി ഒന്നിച്ചിരുന്ന് ഓണസദ്യ കഴിക്കും. ചെറിയ രീതിയിൽ ഓണക്കളികളും നടത്തും. നാടിന്റെ മണമില്ലെങ്കിലും, ഓർമ്മകളുടെ ഗന്ധമുള്ള ഒരു ഓണത്തോടൊപ്പം ചിരിയും കളിയുമായി ആ ദിവസങ്ങളെ ആഘോഷമാക്കും.

Read Also  Who are you when no one is watching?/English poem by Vismaya Kumaran

പക്ഷേ… ഇവിടെയും കാലം മാറി. ജോലിത്തിരക്ക്, ക്ഷീണം, അവധിയുടെ കുറവ്, ജീവിതച്ചെലവുകൾ.
ഇതെല്ലാം പ്രവാസിയുടെ ആഘോഷങ്ങളെയും മാറ്റിമറിച്ചു. ഇന്ന് പലർക്കും റൂമുകളിൽ സദ്യ ഒരുക്കാൻ സമയമില്ല. റെസ്റ്റോറന്റുകളിൽ ഒരുക്കുന്ന ഓണസദ്യ ബുക്ക് ചെയ്യുകയോ, കഴിയാത്തവർ ബിരിയാണി വാങ്ങി പേരിനെങ്കിലും ഓണം ആഘോഷിക്കുകയോ ചെയ്യുന്നു.

എങ്കിലും, ഇപ്പോഴും പ്രവാസലോകത്ത് ഓണത്തിന്റെ പെരുമ നിലനിർത്തുന്നത് മലയാളി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ഓണാഘോഷങ്ങളാണ്. പൂക്കളവും ഓണക്കളികളും കലാപരിപാടികളും സദ്യയും ഒക്കെയായി അവർ പ്രവാസികൾക്ക് ഒരു ദിവസത്തേക്കെങ്കിലും നാടിന്റെ ഓർമ്മകൾ സമ്മാനിക്കുന്നു.

നാട്ടിലുള്ളവർക്കൊപ്പം ഓണം ആഘോഷിക്കണമെന്ന ആഗ്രഹം ഓരോ പ്രവാസിയുടെ മനസ്സിലുമുണ്ട്. പക്ഷേ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കേൾക്കുമ്പോൾ പല സ്വപ്നങ്ങളും അവിടെത്തന്നെ അവസാനിക്കും. ‘ഇത്തവണ പോകാൻ കഴിയില്ല… അടുത്ത അവധിക്ക് പോകാം’ എന്ന് മനസ്സിനെ പറഞ്ഞ് ആശ്വസിപ്പിക്കും.

പിന്നെ പതിവുപോലെ ഒരു വീഡിയോ കോൾ. മൊബൈൽ സ്ക്രീനിന്റെ മറുവശത്ത് ഓണക്കോടിയണിഞ്ഞ മക്കൾ. വീട്ടുമുറ്റത്ത് പൂക്കളം. സദ്യയുടെ ഒരുക്കങ്ങൾ. അച്ഛനും അമ്മയും. ഭാര്യ, സഹോദരങ്ങൾ, ബന്ധുക്കൾ.

എല്ലാം കാണാം. ഒന്നും തൊടാൻ കഴിയില്ല. അതുതന്നെയാണ് പ്രവാസിയുടെ ഓണത്തിന്റെ ഏറ്റവും വലിയ വേദന. എങ്കിലും ഓരോ പ്രവാസിയും ഒരു പ്രതീക്ഷ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. അടുത്ത അവധിക്ക് നാട്ടിലെത്തണം. മുറ്റത്ത് മക്കളോടൊപ്പം ചേർന്ന് ഒരു വലിയ പൂക്കളം ഒരുക്കണം. ഓണക്കോടിയണിഞ്ഞ് കൂട്ടുകാർക്കൊപ്പം ഓണാഘോഷങ്ങളിൽ പങ്കെടുക്കണം. അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും മക്കൾക്കും സഹോദരൾക്കും ഒരുമിച്ചിരുന്ന് ഓണസദ്യ കഴിക്കണം. സദ്യ കഴിഞ്ഞ് എല്ലാവരും ചേർന്ന് ഓണക്കളികളിൽ പങ്കെടുക്കണം.

ആ നിമിഷം… ഒരു പ്രവാസി മലയാളിയെ സംബന്ധിച്ച് അതിനേക്കാൾ വലിയൊരു സന്തോഷം മറ്റൊന്നുമുണ്ടാകില്ല. കാരണം പ്രവാസിക്ക് ഓണം ഒരു ആഘോഷം മാത്രമല്ല; അതൊരു തിരിച്ചുവരവിന്റെ സ്വപ്നം കൂടിയാണ്.

ഓണം വരുമ്പോൾ നാട്ടിലെ വീട്ടുമുറ്റത്ത് പൂക്കളമാണ് വിരിയുന്നത്; പ്രവാസിയുടെ മനസ്സിൽ വിരിയുന്നത് ഓർമ്മകളും. അവന് നാട്ടിലെ മുറ്റമില്ലായിരിക്കാം. പക്ഷേ ആ മുറ്റത്തിന്റെ ഓർമ്മയുണ്ട്. അവന് കുടുംബം അടുത്തില്ലായിരിക്കാം; പക്ഷേ അവരുടെ സ്നേഹം അകലെയല്ല. അവന് ഓണം ആഘോഷിക്കാൻ കഴിഞ്ഞില്ലായിരിക്കാം; പക്ഷേ മറ്റുള്ളവരുടെ ഓണം മനോഹരമാക്കാൻ അവന് സാധിക്കുന്നുണ്ട്.

പൂക്കളമോ ഓണസദ്യയോ ഓണക്കോടിയോ മാത്രമല്ല ഓണം; ഒരാൾ മറ്റൊരാളെ ഓർക്കുന്നതാണ് ഓണം! അകലെയുള്ളവരെ ഹൃദയത്തോട് ചേർത്തുനിർത്തുന്നതാണ് ഓണം!! അതുകൊണ്ടുതന്നെ, പ്രവാസിയുടെ ഓണം എന്നും വേറിട്ടതാണ്..!

Vaisakh Triprayar at Doha
ലേഖകൻ വൈശാഖ് തൃപ്രയാർ ഖത്തറിലെ ദോഹയിൽ

രണ്ടാം ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം

Trending Now

Join with us