ഓണം സ്‌പെഷ്യൽ- 2026

അഞ്ചാമത്തെ ദിശ
ദിശകൾ ജനിച്ചത്
യാത്രകൾക്കായിരുന്നില്ല;
തിരിച്ചുവരുന്നവരും തിരിച്ചുവരാത്തവരും തമ്മിലുള്ള
നേരിയൊരു നിഴൽവര കോറിയിടാനായിരുന്നു.
കിഴക്ക് പ്രകാശത്തിന്റെ ആവർത്തനമായി;
പടിഞ്ഞാറ് അതിന്റെ ക്ലാന്തിയും.
വടക്ക് അറ്റമില്ലാത്ത ദൂരങ്ങളെ അളന്നപ്പോൾ
തെക്ക് പ്രണയിച്ചത് അടിത്തട്ടിലെ ആഴങ്ങളെയായിരുന്നു.
അങ്ങനെ പ്രകാശത്തിലും തളർച്ചയിലും,
ദൂരത്തിലും ആഴത്തിലും
ലോകം നാലു ബിന്ദുക്കളിലേക്ക് തളയ്ക്കപ്പെട്ടു.
പിന്നീട് മനുഷ്യൻ ഭൂപടങ്ങളിൽ വരമ്പുകൾ തീർത്തു;
നയിക്കാൻ മാത്രം പഠിച്ച ദിശകൾ
സ്വന്തം അസ്തിത്വത്തെക്കുറിച്ച് വേവലാതിപ്പെട്ടു.
ദേശങ്ങൾ പെരുകി, അതിരുകൾ മൂർച്ഛിച്ചു,
എത്തിച്ചേരലുകളുടെ കണക്കുകൾ തിങ്ങിനിറഞ്ഞു.
എന്നിട്ടും, ഏതോ ഒരു വ്യാകുലത
മനുഷ്യനിഴലിനുമുകളിൽ കനത്തു തൂങ്ങി.
അത് നാലതിരുകൾക്കും എത്താപ്പൂതിയായ
ഏതോ ഒരു ശൂന്യതയുടെ വിളി.
അപ്പോഴാണ് അഞ്ചാമത്തെ ദിശ
നിശ്ശബ്ദമായി ചിറകുവിടുർത്തിയത്.
അത് മുൻപിലോ പിൻപിലോ
ഉയരങ്ങളിലോ ആഴങ്ങളിലോ ആയിരുന്നില്ല;
മനുഷ്യൻ സ്വന്തം ആത്മാവിൽ പൂട്ടിയിട്ട
മറവിയുടെ വാതിലിനപ്പുറത്തായിരുന്നു.
ആ പാത വെട്ടിത്തെളിക്കാൻ പാദങ്ങൾ വേണമെന്നില്ല,
സ്വന്തം ഉറപ്പുകളുടെ തടവറയിൽനിന്ന്
ഇറങ്ങിപ്പോരാനുള്ള ഒരു നിമിഷത്തെ തുനിവ് മാത്രം മതി.
അവിടെ, ദിശകളില്ലാത്ത ആ വെളിച്ചത്തിലാണ്
ലോകത്തിലെ ഏറ്റവും ദീർഘമായ പ്രയാണം
അതിന്റെ ആദ്യ ചുവടുവെക്കുന്നത്.
ആ യാത്രയിൽ ഭൂപടങ്ങൾ വഴിതെറ്റും,
അതിരുകൾ മഞ്ഞുപോലെ അലിഞ്ഞുപോകും.
ഇറങ്ങിപ്പുറപ്പെട്ടവന്റെ ലക്ഷ്യം
ഏതെങ്കിലും തീരമല്ല;
തന്റെ തന്നെ തിരച്ചിലൊടുങ്ങുന്ന
ആ ശാന്തമായ പ്രശാന്തത മാത്രമാണ്.







