
ഏകദേശം, പതിമൂന്നുമുതൽ പതിനാറാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ഒരു തെക്കേ ഇന്ത്യൻ സാമ്രാജ്യം; വിജയനഗരം. ഡെക്കാൻ പീഠഭൂമിയിൽ അതിവിശാലമായി കിടന്നിരുന്ന തലസ്ഥാന നഗരി; ഹംപി. ഇന്നും നിലനിൽക്കുന്ന ആ നഗരിയോടു ചേർന്ന്, പൗരാണികതയുടെ ആഭിജാത്യം മാറിൽ പുണർന്നു വകിഞ്ഞൊഴുകുന്ന തുംഗഭദ്ര അഥവാ, പുരാതന പമ്പ.
ഇന്നത്തെ ഉത്തരകർണാടകത്തിലെ ബെല്ലാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ അതിപുരാതന നഗരത്തിനെ ഒരു തീർത്ഥാടക പുണ്യത്തോടെ വലംവെച്ചെത്തിയ കഥകൾ പറയുന്ന യാത്രാവിവരണം മലയാളത്തിലെ പ്രമുഖ കവയിത്രി സന്ധ്യ ഇ പ്രതിഭാവത്തിലൂടെ പങ്കുവെയ്ക്കുന്നു.
‘ഹംപി: കാലം കാത്തുവെച്ച കലവറ’ പത്താം ഭാഗം; ‘പട്ടടയ്ക്കലിൽ ബാക്കി വെച്ച മോര്’
പട്ടടയ്ക്കലിലെ പത്ത് ക്ഷേത്രങ്ങൾ:
സൈമൺ ബ്രിട്ടോയുടെ യാത്രക്കുറിപ്പുകളിലാണെന്നു തോന്നുന്നു, പട്ടടയ്ക്കൽ കണ്ട് പുറത്തിറങ്ങിയപ്പോൾ കണ്ട ഒരു സ്ത്രീയുടെ പക്കൽ നിന്നും വാങ്ങിക്കുടിച്ച നല്ല നാടൻ മോരിനെക്കുറിച്ച് പരാമർശിച്ചത്. ഗേറ്റിനു പുറത്ത് ധാരാളം സ്ത്രീകൾ പല കച്ചവടങ്ങളും ചെയ്യുന്നതു കണ്ടു. മോരുകുപ്പിയുമായി ഒരു സ്ത്രീ അടുത്തെത്തി.
ബദാമിയിൽ നിന്ന് പോയത് പട്ടടയ്ക്കൽ എന്ന സ്ഥലത്തേക്കാണ്. ബദാമിയിൽ നിന്ന് 22 കിലോമീറ്റർ ദൂരം. ചാലൂക്ക്യരുടെ മൂന്നാമത്തെ തലസ്ഥാനമാണ് പട്ടടയ്ക്കൽ. ഇവിടത്തെ പ്രധാന അമ്പലങ്ങളെല്ലാം പണിതത് 7, 8 നൂറ്റാണ്ടുകളിലാണ്. 10 അമ്പലങ്ങളാണ് ഇവിടെയുള്ളത്. ചാലൂക്ക്യരുടെ നിർമ്മാണ ശൈലിയുടെ മികവ് വിളിച്ചോതുന്നവയാണെല്ലാം. ആർക്കിയോളജിക്കൽ സർവ്വേയുടെ സംരക്ഷണയിലാണ് ഇവയുള്ളത്.
ഹംപിയിലുള്ളതുപോലെ പല പല വ്യത്യസ്ത സ്ഥലങ്ങളിലായല്ല പട്ടടയ്ക്കലെ ക്ഷേത്രങ്ങളുടെ ഇരിപ്പ്. മതിലുകെട്ടി സൂക്ഷിച്ച ഒരു കോമ്പൗണ്ടിനുള്ളിലാണ് മിക്കതുമുള്ളത്. ടിക്കറ്റ് എടുത്ത് അകത്തുകയറുമ്പോൾ ഒരു വിദേശ വനിത അവിടെയുള്ള ഓഫീസ് ജീവനക്കാരോട് കയർക്കുന്നുണ്ടായിരുന്നു. വിദേശീയരുടെ പ്രവേശനഫീസ് നമ്മുടേതിനേക്കാൾ എത്രയോ മടങ്ങ് കൂടുതലാണ്, പലയിടങ്ങളിലെപ്പോലെ ഇവിടെയും. എന്നിട്ടും വാഷ് ഷൂമുകൾ വൃത്തിയായി സൂക്ഷിക്കാത്തതിനെക്കുറിച്ചായിരുന്നു പരാതി. അവർ അവരുടെ വിഷമം പറഞ്ഞിട്ടും ബന്ധപ്പെട്ടവർ ഒരക്ഷരം പോലും, ക്ഷമ പോലും പറഞ്ഞില്ലെന്ന് സങ്കടമുണ്ടാക്കി.
14-ാം നൂറ്റാണ്ടിൻ്റെ ആവിർഭാവത്തിൽ, പട്ടടക്കൽ, മാലപ്രഭ താഴ്‌വര, ഡെക്കാൻ പ്രദേശത്തിൻ്റെ ഭൂരിഭാഗം എന്നിവ ഡൽഹി സുൽത്താനേറ്റ് സൈന്യത്തിൻ്റെ ആക്രമണത്തിനും കൊള്ളയ്ക്കും വിധേയമായി. അതിനുശേഷം ഈ പ്രദേശം വിജയനഗര സാമ്രാജ്യത്തിൻ്റെ ഭാഗമായി. വിജയനഗരവും സുൽത്താനേറ്റുകളും തമ്മിലുള്ള യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച അതിർത്തി പ്രദേശത്തിൻ്റെ ഭാഗമായിരുന്നു പട്ടടക്കൽ. 1565-ൽ വിജയനഗര സാമ്രാജ്യത്തിൻ്റെ തകർച്ചയെത്തുടർന്ന്, ആദിൽ ഷാ രാജവംശം ഭരിച്ചിരുന്ന ബീജാപ്പൂർ സുൽത്താനേറ്റ് പട്ടടക്കൽ പിടിച്ചെടുത്തു. പതിനേഴാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ, ഔറംഗസീബിൻ്റെ കീഴിലുള്ള മുഗൾ സാമ്രാജ്യം, സുൽത്താനേറ്റിൽ നിന്ന് പട്ടടക്കലിൻ്റെ നിയന്ത്രണം നേടി. മുഗൾ സാമ്രാജ്യത്തിൻ്റെ തകർച്ചയ്ക്കു ശേഷം പട്ടടക്കൽ മറാഠാ സാമ്രാജ്യത്തിൻ്റെ നിയന്ത്രണത്തിലായി. പതിനെട്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഹൈദർ അലിയും ടിപ്പു സുൽത്താനും അതിൻ്റെ നിയന്ത്രണം പിടിച്ചെടുത്തു. പക്ഷേ, ബ്രിട്ടീഷുകാർ ടിപ്പു സുൽത്താനെ പരാജയപ്പെടുത്തി ഈ പ്രദേശം പിടിച്ചടക്കുകയാണുണ്ടായത്.
പട്ടടക്കലിൽ പത്ത് പ്രധാന ക്ഷേത്രങ്ങളുണ്ട്, ഒമ്പത് ഹിന്ദുക്ഷേത്രങ്ങളും ഒരു ജൈനക്ഷേത്രവും. എട്ട് പ്രധാന ക്ഷേത്രങ്ങൾ ഒരുമിച്ചാണ്, ഒമ്പതാമത്തേത് ഈ ക്ലസ്റ്ററിന് അര കിലോമീറ്റർ തെക്ക്, പത്താമത്തെ, ജൈന ക്ഷേത്രം, പ്രധാന ക്ലസ്റ്ററിന് ഏകദേശം ഒരു കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു. പല ക്ഷേത്രങ്ങളും വളരെ ചെറുതാണ്.

കടസിദ്ധേശ്വര ക്ഷേത്രം
താരതമ്യേന ചെറിയ ഒരു ക്ഷേത്രമാണിത്. ഇത് CE ഏഴാം നൂറ്റാണ്ടിൻ്റെ മധ്യത്തിലാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണക്കാക്കുന്നു. അർദ്ധനാരീശ്വരനാണ് പ്രതിഷ്ഠ. ക്ഷേത്രത്തിൻ്റെ ഭൂരിഭാഗവും ജീർണിക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്.
ജംബുലിംഗക്ഷേത്രം
ഇതും ചെറിയ ഒരു ക്ഷേത്രമാണ്. ഇത്, ഏഴാം നൂറ്റാണ്ടിൻ്റെ മധ്യത്തിലും എട്ടാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലും പൂർത്തിയായതായി കണക്കാക്കുന്നു. മുൻവശത്തെ കമാനത്തിൽ പാർവതിയും നന്ദിയും ചേർന്ന് നൃത്തം ചെയ്യുന്ന നടരാജനെ കാണാം.
ഗലഗനാഥക്ഷേത്രം
ജംബുലിംഗേശ്വര ക്ഷേത്രത്തിൻ്റെ കിഴക്ക് ഭാഗത്താണ് ഗലഗനാഥ ക്ഷേത്രം. മുമ്പത്തെ ഈ ക്ഷേത്രം എട്ടാം നൂറ്റാണ്ടിൻ്റെ മധ്യത്തിലാണ് പണിതതെന്ന് ASI കണക്കാക്കുന്നു.
ഒരു പ്രദക്ഷിണ പാത, ആചാരപരമായ ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന കമ്മ്യൂണിറ്റി ഹാൾ( സഭാ മണ്ഡപം ), അടിസ്ഥാനം മാത്രം ശേഷിക്കുന്ന മുഖമണ്ഡപം എന്നിങ്ങനെ ചിലതുമാത്രം ഈ ക്ഷേത്രത്തിൽ ബാക്കിയായിട്ടുണ്ട്.
തലയോട്ടി മാല ധരിച്ച്, എട്ട് കൈകളുള്ള ശിവൻ അന്ധകൻ എന്ന അസുരനെ വധിക്കുന്നതായി കാണിക്കുന്ന കൊത്തുപണികളുള്ള ഒരു തെക്കൻ ഭാഗം ഒഴികെ ഈ ക്ഷേത്രവും മിക്കവാറും തകർന്ന നിലയിലാണ്.
ചന്ദ്രശേഖരക്ഷേത്രം
ഗോപുരമില്ലാതെ കിഴക്കോട്ട് ദർശനമുള്ള ഒരു ചെറിയ ക്ഷേത്രമാണ് ചന്ദ്രശേഖര ക്ഷേത്രം. ഗലഗനാഥ ക്ഷേത്രത്തിൻ്റെ തെക്ക് ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ASI ഇത് എട്ടാം നൂറ്റാണ്ടിൻ്റെ മധ്യത്തിലാണ് പണികഴിച്ചതെന്ന് കണക്കാക്കുന്നു.
ക്ഷേത്രത്തിൽ ഒരു ശിവലിംഗവും അടച്ച മണ്ഡപവും ഉള്ള ഒരു ഗർഭഗൃഹം ഒരു നന്ദി ലിംഗത്തിന് അഭിമുഖമായി കിഴക്കോട്ട്, ഒരു പ്ലാറ്റ്ഫോമിൽ ഇരിക്കുന്നു.
സംഗമേശ്വരക്ഷേത്രം
വിജയേശ്വര ക്ഷേത്രം എന്നും വിളിക്കപ്പെടുന്ന സംഗമേശ്വര ക്ഷേത്രം ചന്ദ്രശേഖര ക്ഷേത്രത്തിൻ്റെ തെക്ക് വശത്തായി സ്ഥിതി ചെയ്യുന്ന വലിയ ദ്രാവിഡ ശൈലിയിലുള്ള ഒരു വലിയ ക്ഷേത്രമാണ്. ക്ഷേത്രത്തിലെ ലിഖിതങ്ങൾ കാണിക്കുന്നത്, ഇത് 720 CE നും 733 CE നും ഇടയിലാണ് പണിതതെന്നാണ്. 734-ൽ അതിൻ്റെ രക്ഷാധികാരി രാജാവായ വിജയാദിത്യൻ്റെ മരണത്തെത്തുടർന്ന് ക്ഷേത്രം പൂർത്തിയാകാതെ കിടന്നു. പിന്നീടുള്ള നൂറ്റാണ്ടുകളിൽ പണി ഇടയ്ക്കിടെ തുടരുകയാണുണ്ടായത്.
ക്ഷേത്രത്തിന് കിഴക്കോട്ട് അഭിമുഖമായി ഒരു ശ്രീകോവിലും ശ്രീകോവിലിനുള്ളിൽ ഒരു ശിവലിംഗവുമുണ്ട്.
ക്ഷേത്രത്തിന് മുകളിലുള്ള വിമാന ഉപരിഘടനയും ക്ഷേത്രത്തിൻ്റെ പുറംമതിലുകളും നന്നായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
ക്ഷേത്രത്തിലെ കൊത്തുപണികളിൽ ശൈവം, വൈഷ്ണവം, ശാക്തേയം എന്നീ വിശ്വാസങ്ങളോട് ബന്ധപ്പെട്ട പ്രതിമകളാണുള്ളത്. നടരാജൻ, അർദ്ധനാരീശ്വരൻ, ഭൃംഗിയോടുകൂടിയ ശിവൻ, അസുരനായ അന്ധകനെ നിഗ്രഹം ചെയ്യുന്ന ശിവൻ എന്നിവ ശൈവ പ്രതിരൂപത്തിൽ ഉൾപ്പെടുന്നു. വൈഷ്ണവ പ്രതിമയിൽ വിഷ്ണുവിൻ്റെ അവതാരങ്ങളായ വരാഹത്തെ കൊത്തിയിരിക്കുന്നു.
കാശിവിശ്വനാഥക്ഷേത്രം
കാശിവിശ്വേശ്വര എന്നും അറിയപ്പെടുന്ന കാശി വിശ്വനാഥ ക്ഷേത്രം പട്ടടക്കലിലെ മറ്റൊരു ചെറിയ ക്ഷേത്രമാണ്. ഏഴാം നൂറ്റാണ്ടിൻ്റെ അവസാനത്തിലോ എട്ടാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലോ എട്ടാം നൂറ്റാണ്ടിൻ്റെ മധ്യത്തിലോ ആണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുക.
ക്ഷേത്രമണ്ഡപത്തിൻ്റെ വടക്കേ ഭിത്തിയിൽ അർദ്ധനാരീശ്വരൻ്റെ(പാതി-ശിവൻ) ശിൽപങ്ങൾ കൊത്തിയെടുത്തിട്ടുണ്ട്. ഇവ കേടുപാടുകൾ വരുത്തി വികൃതമായിട്ടുണ്ട്.
ക്ഷേത്രത്തിനകത്ത് ഭാഗവത പുരാണം(വൈഷ്ണവം), ശിവപുരാണം(ശൈവം), രാമായണം എന്നിവ ചിത്രീകരിക്കുന്ന തൂണുകളും ഉണ്ട്. ഒന്നിൽ രാവണൻ കൈലാസ പർവ്വതം ഉയർത്തുന്നത് കാണിക്കുന്നു. മറ്റൊന്നിൽ കൃഷ്ണൻ്റെ ബാലലീലകളും വേറെ ഒന്നിൽ ശിവൻ്റെയും പാർവതിയുടെയും വിവാഹവുമുണ്ട്.
ത്രൈലോകേശ്വര ക്ഷേത്രം
എട്ടാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ ത്രൈലോക്യമഹാദേവി പണികഴിപ്പിച്ച ശിവക്ഷേത്രമാണ് ത്രിലോകേശ്വര ക്ഷേത്രം. കാശി വിശ്വനാഥ ക്ഷേത്രത്തിന് തെക്ക്, സംഗമേശ്വര ക്ഷേത്രത്തിന് തെക്ക് പടിഞ്ഞാറ്, വിരൂപാക്ഷയ്ക്ക് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. വിരൂപാക്ഷ ക്ഷേത്രത്തിൻ്റെ അതേ സമയത്താണ് ഈ ക്ഷേത്രം നിർമ്മിച്ചത് എങ്കിലും സമാനമായ രൂപകല്പനയും രൂപരേഖയും ഉള്ളതാണെങ്കിലും വ്യത്യസ്തവുമാണ്.
കമ്മ്യൂണിറ്റി ഹാളിലെ ക്ഷേത്ര തൂണുകളിൽ ഹിന്ദു ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും ഐതിഹ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നു. ഈ കഥകൾ ശൈവം, വൈഷ്ണവം, ശക്തിമതം എന്നിവയുൾപ്പെടെ ഹിന്ദുമതത്തിനുള്ളിലെ എല്ലാ പ്രധാന പാരമ്പര്യങ്ങളെയും ഉൾക്കൊള്ളുന്നു. ഒന്നിൽ കൃഷ്ണൻ്റെ രാസലീല ചിത്രീകരിച്ചിരിക്കുന്നു. ദമ്പതികളുടെ പ്രണയരംഗങ്ങളും ആനയോടൊപ്പം തടിയും വഹിച്ചുകൊണ്ട് നടക്കുന്ന ഒരു തൊഴിലാളിയെയും വ്യത്യസ്തമായ വികാരപ്രകടനങ്ങളുള്ള സ്ത്രീകളെയും കല്ലിൽ കൊത്തിയെടുത്തിരിക്കുന്നു. ഈ സ്ത്രീകളിൽ ഒരാൾ ഒരു സംഗീതോപകരണം വായിക്കുന്നതും ചിത്രീകരിച്ചിരിക്കുന്നു.
വിരൂപാക്ഷക്ഷേത്രം
വിരൂപാക്ഷ ക്ഷേത്രം പട്ടടക്കലിലെ സ്മാരകങ്ങളിൽ ഏറ്റവും വലുതാണ്. ഇത് ഏകദേശം 740 CE-ലേതാണ്. വിക്രമാദിത്യ രണ്ടാമൻ രാജാവ് പല്ലവർക്കെതിരെ നടത്തിയ വിജയകരമായ സൈനിക നീക്കങ്ങൾക്ക് ശേഷം, സി.ഇ. 4- 9 നൂറ്റാണ്ടുകളിലായാണ് ഇത് നിർമ്മിച്ചത്.
പട്ടടക്കലിലെ മറ്റ് ക്ഷേത്രങ്ങളിൽ പതിവുള്ളതുപോലെ, വിരൂപാക്ഷ ക്ഷേത്രം കിഴക്കോട്ട് അഭിമുഖമായി ചതുരാകൃതിയിലുള്ള ഗർഭഗൃഹത്തിനെ കേന്ദ്രീകരിച്ച് നിർമ്മിച്ചതാണ്. ശിവലിംഗം, പ്രദക്ഷിണ പാതയാൽ ചുറ്റപ്പെട്ടിരിക്കുന്നു. ശ്രീകോവിലിൻ്റെ ചുവരുകളും സമീപത്തുള്ള മണ്ഡപ സ്ഥലവും സങ്കീർണ്ണമായ കൊത്തുപണികളാൽ അലങ്കരിച്ചിരിക്കുന്നു. ഈ കൊത്തുപണികളിൽ ശൈവം, വൈഷ്ണവം, ശക്തി എന്നീ സങ്കല്പങ്ങളിൽ അധിഷ്ഠിതമായ ദേവകളെയും നരസിംഹവും വരാഹവും ഭൈരവ, നടരാജ ഹരിഹര, ബ്രഹ്മാവ്, ദുർഗ്ഗ തുടങ്ങിയ ദൈവങ്ങളെയും കാണാം. കൂടാതെ രാമായണത്തിലെ ചില രംഗങ്ങൾ, ഹനുമാൻ രാവണൻ്റെ സിംഹാസനത്തിൻ്റെ ഉയരത്തേക്കാൾ ഉയരമുള്ളതും സ്വന്തം മാന്ത്രിക വാലുകൊണ്ട് നിർമ്മിച്ചതുമായ ഉയർന്ന കസേരയിൽ ഇരിക്കുന്നത് പോലെയുള്ള രംഗങ്ങൾ എന്നിവ ചിത്രീകരിക്കുന്നു. സ്വർണ്ണമാൻ, സുഗ്രീവൻ, ബാലി, രാവണൻ, ജടായു, സീതയെ തട്ടിക്കൊണ്ടുപോകൽ, രാമൻ്റെയും ലക്ഷ്മണൻ്റെയും പോരാട്ടങ്ങൾ, മഹാഭാരതത്തിലെ രംഗങ്ങൾ എന്നിവയുമുണ്ട്. കംസനാൽ തടവിലാക്കിയ വാസുദേവനും ശ്രീകൃഷ്ണൻ്റെ ജനനവും ഭാഗവത പുരാണത്തിലെ കൃഷ്ണൻ്റെ കളികളും പഞ്ചതന്ത്രത്തിൽ നിന്നും ഹിന്ദു ഗ്രന്ഥങ്ങളിൽ നിന്നുമുള്ള കഥകളും കൂടാതെ നിത്യജീവിതത്തിൽ നിന്നുമുള്ള ചില ദൃശ്യങ്ങൾ- ദമ്പതികളുടെയും പ്രണയലീലകളുടെയും ആഭരണങ്ങൾ ധരിക്കുന്നതിൻ്റെയും ഉപകരണങ്ങൾ വഹിക്കുന്നതിൻ്റെയുമൊക്കെ ചിത്രീകരണവുമുണ്ട്.
പാപനാഥ ക്ഷേത്രം
എട്ട് സ്മാരകങ്ങളുടെ പ്രധാന ക്ലസ്റ്ററിന് പുറമെയാണ് പാപനാഥ ക്ഷേത്രം. വിരൂപാക്ഷ ക്ഷേത്രത്തിന് തെക്ക് അരകിലോമീറ്റർ അകലെയുള്ള ഇത് ആദ്യകാല ചാലൂക്യ ഭരണകാലഘട്ടത്തിൻ്റെ അവസാനത്തിലാണ് പണിതത്.
മറ്റ് ക്ഷേത്രങ്ങളെപ്പോലെ, പാപനാഥ ക്ഷേത്രം സൂര്യോദയത്തിന് കിഴക്കോട്ട് അഭിമുഖമായി നിൽക്കുന്നു. നന്ദി മണ്ഡപമില്ല. ഗർഭഗൃഹത്തിൽ ഒരു ശിവലിംഗമുണ്ട്. ശ്രീകോവിലിന് അഭിമുഖമായി, സഭാ മണ്ഡപത്തിൽ സ്ഥാപിച്ചിരിക്കുന്ന നന്ദിയുടെ ചിത്രമുണ്ട്. ക്ഷേത്രചുവരുകളിൽ ഒരിടത്ത് ദുർഗ്ഗയെ ചിത്രീകരിച്ചിരിക്കുന്നു. രാമായണം പോലുള്ള ഐതിഹ്യങ്ങളും നിത്യജീവിതത്തിൻ്റെ പകർപ്പുകളും കാണാം.
ജൈനക്ഷേത്രം
മറ്റ് ഒമ്പത് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഒരു ജൈനൻ്റെ പ്രതിമമാത്രമാണ് ക്ഷേത്രത്തിലുള്ളത്.
ക്ഷേത്രങ്ങൾ കണ്ട് അത്യാവശ്യം ചിത്രങ്ങളുമെടുത്ത് പുറത്തിറങ്ങാൻ സമയത്ത് വാഷ്റൂം ഉപയോഗിക്കാൻ വേണ്ടി പോയപ്പോഴാണ് വിദേശ വനിതയുടെ പരാതി ഓർത്തത്. വേണമോ വേണ്ടയോ എന്ന് ശങ്കിച്ചെങ്കിലും അകത്തു കയറി. മോശം അനുഭവമാണ് പ്രതീക്ഷിച്ചതെങ്കിലും വളരെ വൃത്തിയുള്ള ശുചിമുറികളായിരുന്നു അവ. ഒരുപക്ഷേ ആ വനിതയുടെ പരാതി മുൻനിർത്തി വൃത്തിയാക്കിയതാവണം. അല്ലെങ്കിൽ അവർ പ്രതീക്ഷിച്ച നിലവാരം അവയ്ക്കില്ലാത്തതാവണം. എന്തായാലും അവരോട് അധികൃതർക്ക് ഒരു ക്ഷമ പറയാമായിരുന്നു എന്ന് വീണ്ടുമോർത്തു.
സൈമൺ ബ്രിട്ടോയുടെ യാത്രക്കുറിപ്പുകളിലാണെന്നു തോന്നുന്നു, പട്ടടയ്ക്കൽ കണ്ട് പുറത്തിറങ്ങിയപ്പോൾ കണ്ട ഒരു സ്ത്രീയുടെ പക്കൽ നിന്നും വാങ്ങിക്കുടിച്ച നല്ല നാടൻ മോരിനെക്കുറിച്ച് പരാമർശിച്ചത്. ഗേറ്റിനു പുറത്ത് ധാരാളം സ്ത്രീകൾ പല കച്ചവടങ്ങളും ചെയ്യുന്നതു കണ്ടു. മോരുകുപ്പിയുമായി ഒരു സ്ത്രീ അടുത്തെത്തി. കണ്ടാൽ നല്ല മോര്. വായിച്ചതോർത്ത് കൊതിയായി. വാങ്ങിയാലോ എന്ന സംശയം മുഖത്തു വന്നപ്പോഴേക്ക് അവരുടെ നിർബന്ധവും സതീശിൻ്റെ കണ്ണുരുട്ടലും കൂടി. കൊതി ബാക്കി വെച്ച് ഞാൻ കാറിൽ കയറി.
‘ഹംപി: കാലം കാത്തുവെച്ച കലവറ’ അടുത്ത ലക്കത്തോടെ അവസാനിക്കുന്നു.

