Better to raise a dog than get married; Cyber bullying against Swathi Reddy
സ്വാതി റെഡ്ഡിയ്ക്കു നേരെ സൈബർ ബുള്ളിയിംഗ്
തെന്നിന്ത്യൻ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സ്വാതി റെഡ്ഡിയ്ക്കു നേരെ വ്യാപകമായ സൈബർ ബുള്ളിയിംഗ്.
2014-ൽ നടന്നു എന്നു പറയപ്പെടുന്ന ഒരു അഭിമുഖത്തിൽ സ്വാതി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ അധിക്ഷേപത്തിന് കാരണമായി മാറിയിരിക്കുന്നത്. ‘വിവാഹം കഴിക്കുന്നതിനേക്കാൾ ഭേദം ഒരു നായയെ വളർത്തുന്നതാണ്’ എന്ന്, ആ അഭിമുഖത്തിൽ സ്വാതി പറഞ്ഞു എന്നാണ് ആരോപണം.
അഭിമുഖം നടക്കുന്ന സമയത്ത് താരം അവിവാഹിതയായിരുന്നു. നാല് വർഷങ്ങൾക്കു ശേഷം, 2018ൽ, കൊച്ചിയിലെ, മലേഷ്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റ് വികാസ് വാസുവിനെ വിവാഹം കഴിച്ചു. പിന്നീട്, മൂന്നാല് വർഷങ്ങൾക്കു ശേഷം, ഇവർ തമ്മിൽ വിവാഹ മോചനം നടക്കാൻ പോകുന്നു എന്ന അഭ്യൂഹങ്ങളും പരന്നു. മൂന്നുവർഷങ്ങൾക്കു മുൻപ്, തന്റെ സമൂഹമാധ്യമ പേജുകളിൽ നിന്നും വികാസിനൊപ്പമുള്ള ചിത്രങ്ങൾ സ്വാതി നീക്കം ചെയ്തിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് താരം വിവാഹ മോചനം തേടുന്നു എന്ന അഭ്യൂഹങ്ങൾ ഉയർന്നത്. ഈ അഭ്യൂഹങ്ങളെ സ്വാതി നിഷേധിച്ചിട്ടുള്ളതാണ്. ഇതുവരെയും വിവാഹമോചനം നടന്നതായുള്ള സ്ഥിരീകരിച്ച റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുമില്ല.
അതിനിടയിലാണ്, ഇങ്ങനെയൊരു ക്വാട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പരക്കുന്നത്. സോഷ്യൽ മീഡിയയ്ക്കു പുറമെ, മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ മുഖ്യധാരാ മാധ്യമങ്ങളും സ്വാതിയുടെ ഈ വാക്കുകളെ വെള്ളം തൊടാതെ വിഴുങ്ങി കൊണ്ടിരിക്കുകയാണ്. ഇതിനെ തുടർന്ന്, വൃത്തികെട്ട രീതിയിൽ നിരവധി അധിക്ഷേപങ്ങളും സ്വാതിക്കു നേരെ ഉയർന്നു വന്നിട്ടുണ്ട്.
2014ൽ നടന്നുവെന്ന് പറയപ്പെടുന്ന അഭിമുഖത്തിൽ, വിവാഹകാര്യത്തെ കുറിച്ചുള്ള ഒരു ചോദ്യത്തിന്,
‘ഇന്നത്തെ കാലത്ത് ഒരു വിവാഹബന്ധം വിജയകരമായി മുന്നോട്ട് കൊണ്ടുപോകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പരസ്പരം മനസ്സിലാക്കാനോ ക്ഷമിക്കാനോ ആർക്കും സമയമില്ല. അതുകൊണ്ട്, അങ്ങനെയൊരു ബന്ധത്തിലേക്ക് കടന്ന് എല്ലാ ദിവസവും മാനസിക സമാധാനം കളയുന്നതിനേക്കാൾ നൂറുമടങ്ങ് നല്ലത് ഒരു നായയെ വളർത്തുന്നതാണ്. ഒരു നായയെ വളർത്തിയാൽ അത് നമ്മളോട് എപ്പോഴും വിശ്വസ്തത പുലർത്തും, യാതൊരു നിബന്ധനകളുമില്ലാതെ നമ്മളെ സ്നേഹിക്കുകയും ചെയ്യും.’ എന്ന മറുപടിയായിരുന്നു താരം നല്കിയത്.
ഇതിനെ വളച്ചൊടിച്ചാണ് ഇപ്പോൾ അവർക്കു നേരെ ഇത്തരത്തിലുള്ള സൈബർ ബുള്ളിയിംഗ്. ഇത്തരം ഒരു അഭിപ്രായപ്രകടനത്തിനു ശേഷം താരം വിവാഹം കഴിച്ചതും ഇപ്പോൾ വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്നുള്ളതും ആകാം താരത്തിനു നേരെയുള്ള ഈ സൈബർ ബുള്ളിയിംഗിനു കാരണം.
എന്നാൽ, 2014-ൽ ഇങ്ങനെയൊരു അഭിമുഖം നടന്നു എന്നതിന് വ്യക്തമായ ഒരു തെളിവും നിലവിൽ ലഭ്യമല്ല. പക്ഷെ, പ്രമുഖ തെലുങ്ക് ദിനപത്രമായ ആന്ധ്ര ജ്യോതിയുടെ സിനിമാ പോർട്ടലായ ചിത്രജ്യോതിയിൽ ഉൾപ്പെടെ 2014-ൽ നടന്ന ഒരു അഭിമുഖത്തിൽ സ്വാതി ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞു എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആമേൻ, നോർത്ത് 24 കാതം, മോസയിലെ കുതിരമീനുകൾ, ആട്, തൃശൂർ പൂരം തുടങ്ങിയ മലയാള സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള സ്വാതി റെഡ്ഡി മലയാള പ്രേക്ഷർക്കും പ്രിയപ്പെട്ട നടിയാണ്.
ആമേൻ സിനിമയിലെ ഫഹദ് ഫാസിൽ അവതരിപ്പിച്ച സോളമൻ എന്ന കഥാപാത്രം സെമിനാരിയിൽ ചേരാൻ പോകുമ്പോൾ സോളമന്റെ കാമുകി ശോശന്നയായി എത്തുന്ന സ്വാതി സോളമനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്,
“സെമിനാരിയിൽ ചേർന്ന് പട്ടം വാങ്ങി പള്ളീലച്ചനാവണോ അതോ, എന്നെ കെട്ടി എന്റെ പിള്ളേരുടെ അച്ചനാവണോ” എന്ന്. ഈയൊരറ്റ ഡയലോഗോഡുകൂടി മലയാളികളുടെ ഇഷ്ട നടിയായി മാറിയതാണ് സ്വാതി റെഡ്ഡി.
അതേസമയം, നായയെ വളർത്തുന്നത് വിവാഹജീവിതം പോലെ തന്നെ സംതൃപ്തി നൽകുമെന്ന വിദേശ പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര അക്കാദമിക് ജേർണലായ ‘ജേണൽ ഓഫ് സോഷ്യൽ ഇൻഡിക്കേറ്റേഴ്‌സ് റിസർച്ച്’ നടത്തിയ ഒരു പഠനത്തിൽ പറയുന്നത്, നായ്ക്കളുടെ സാന്നിധ്യം വിവാഹ ജീവിതത്തിലെ ആനന്ദം വർദ്ധിപ്പിക്കുമെന്നാണ്.
കെന്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. അഡെലിന ഗ്ഷ്വാണ്ട്നർ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ സാമ്പത്തിക വിഭാഗം പ്രൊഫ. മൈക്കൽ ഗ്മൈനർ എന്നിവരുടെ നേതൃത്വത്തിൽ ബ്രിട്ടനിലെ രണ്ടായിരത്തി അഞ്ഞൂറിൽ പരം വീടുകളിൽ ദീർഘകാലം നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടത്. നിരവധി നെറ്റിസൺമാർ(ഇന്റർനെറ്റ് ഉപയോക്താക്കൾ) ഈ കണ്ടെത്തലിനെ അനുകൂലിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
വിദേശങ്ങളിൽ പലയിടങ്ങളിലും ദമ്പതികൾ തങ്ങളുടെ വളർത്തുമൃഗങ്ങളെ വെവ്വേറെ പരിപാലിച്ചു പോരുന്ന പതിവ് ഉണ്ട്. എന്നാൽ, ഇന്ത്യയിൽ ഈ സംസ്കാരം അത്ര പ്രചാരത്തിൽ വന്നിട്ടില്ല.






