Dr. B. R. Ambedkar AI illustration by Surya for Prathibhavam

മാർക്സ് അടക്കമുള്ള മഹാചിന്തകരെ എന്നപോലെ അംബേദ്കറെ പഠിക്കുമ്പോഴും നാം കാണിക്കേണ്ട ജാഗ്രതയും സൂക്ഷ്മതയുമുണ്ട്. ജാഗ്രതാ രഹിതമായി വായിച്ചു പോയാൽ ഒരു പക്ഷേ വിപരീതാർത്ഥങ്ങളിൽ നമ്മൾ ചെന്ന് പെട്ടെന്ന് വരാം.

അംബേദ്കർ വായനയുടെ പ്രശ്നങ്ങൾ

ഡോ. ബി. ആർ. അംബേദ്കർ എന്ന സാമൂഹ്യ പരിഷ്കർത്താവായ മഹാ ചിന്തകനെ പൂർണ്ണമായും ഒറ്റ വായന കൊണ്ട് മനസ്സിലാക്കാൻ സാദ്ധ്യമല്ല. അത്രമേൽ അഗാധവും അപാരവുമായ വിപുലവിജ്ഞാനസാഗരമാണ് ആ മഹാമാനുഷി. അംബേദ്കറെ പഠിക്കാതെ ആർക്കും ഇന്ത്യയുടെ സാമൂഹ്യ ജീവിതത്തിൻ്റെ വൈവിധ്യങ്ങളെയും അടിയൊഴുക്കുകളെയും മനസ്സിലാക്കാനുമാവില്ല.

എല്ലാ മനുഷ്യരും, സാമൂഹ്യ അസമത്വങ്ങൾക്കെതിരെ പോരാടുന്നവർ പ്രത്യേകിച്ചും, അംബേദ്കറെ നിർബന്ധമായും പഠിക്കേണ്ടതുണ്ട് . പല തരത്തിൽ അംബേദ്കർ വായിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്, കരുതലോടെ വേണം അംബേദ്കർ വായനയിലേക്ക് കടക്കാൻ.

മാർക്സ് അടക്കമുള്ള മഹാചിന്തകരെ എന്നപോലെ അംബേദ്കറെ പഠിക്കുമ്പോഴും നാം കാണിക്കേണ്ട ജാഗ്രതയും സൂക്ഷ്മതയുമുണ്ട്. ജാഗ്രതാ രഹിതമായി വായിച്ചു പോയാൽ ഒരു പക്ഷേ വിപരീതാർത്ഥങ്ങളിൽ നമ്മൾ ചെന്ന് പെട്ടെന്ന് വരാം.

അംബേദ്കറെപറ്റി ധനഞ്ജയ് കീർ രചിച്ച Dr. Ambedkhar Life and Mission (ഡോ. അംബേദ്കർ ജീവിതവും ദർശനവും) എന്ന ഗംഭീരമായ കൃതി വായിച്ചിരിക്കേണ്ട ഒന്നാണ്. അംബേദ്കറെക്കുറിച്ചുള്ള ഏറ്റവും ആദ്യത്തേയും ആധികാരികവും ആയ ഗ്രന്ഥമാണെന്നാണ് അതിനെക്കുറിച്ച് പറയുന്നത്. എന്നാൽ ധനഞ്ജയ് കീർ (അനന്ത് വിത്തൽ കീർ) അംബേദ്കറെ ഹിന്ദുമതത്തിലെ ഏറ്റവും ശ്രദ്ധേയനായ നവോത്ഥാന നായകനായാണ് അവതരിപ്പിക്കുന്നത്. ഒരു നടുക്കത്തോടുകൂടിയല്ലാതെ ആ പരാമർശത്തെ നമുക്ക് വായിച്ചെടുക്കാനാവില്ല. തികഞ്ഞ ജാഗ്രതയോടെ വായിച്ചെടുക്കാനായില്ലെങ്കിൽ പരമാബദ്ധങ്ങളുടെ പടുകുഴിയിൽ ചെന്ന് വീഴാനിടയുണ്ടെന്ന തിരിച്ചറിവ് കൂടി ഇത് നമുക്ക് നൽകുന്നു.

Dr. Ambedkar Life and Mission

“ഹിന്ദുമതത്തിൽ തുടരുന്ന കാലത്തോളം അയിത്തജാതിക്കാർക്ക് യാതൊരു രക്ഷാമാർഗ്ഗവുമില്ല. ഹിന്ദുമതം ഉപേക്ഷിക്കുകയാണ് സ്വാതന്ത്ര്യം നേടാനുള്ള മാർഗ്ഗം. സ്വരാജ് ഇന്ത്യക്ക് അനുപേക്ഷണീയമായിരിക്കുന്നത് എപ്രകാരമാണോ, അതുപോലെയാണ് അയിത്തജാതിക്കാർക്ക് മതം മാറ്റം.” എന്ന് ഒരു സംശയവുമില്ലാതെ പറഞ്ഞ ആളാണ് അംബേദ്കർ.

‘അംബേദ്കറിൻ്റെ ജീവചരിത്രകാരൻ’ എന്നാണ് ധനഞ്ജയ് കീർ അറിയപ്പെടുന്നത്.
‘ഡോ. അംബേദ്കർ ജീവിതവും ദർശനവും’ എന്ന ധനഞ്ജയകീറിൻ്റെ പുസ്തകം പറയുന്നത് നോക്കുക:
“അംബേദ്ക്കറുടെ പ്രസ്ഥാനം ഹിന്ദുമത നവോത്ഥാനത്തിൻ്റേയും ഹിന്ദു സാമൂഹ്യ വ്യവസ്ഥിതിയുടെ പുന:സംഘടനയുടേയും അഞ്ചാം ഘട്ടമായിരുന്നു. ഉപനിഷത്തുകളുടെ ഉത്ഭവം ഒന്നാം നവോത്ഥാനകാലഘട്ടം. ബുദ്ധ- ജൈന മതങ്ങളുടെ ആവിർഭാവം രണ്ടാം നവോത്ഥാനഘട്ടം. രാമാനുജൻ, കബീർ, നാനാക്ക്, നാംദേവ് തുടങ്ങിയ ഭക്തകവികളുടെ കാലം മൂന്നാം നവോത്ഥാനകാലം. രാജാറാം മോഹൻറായി, ഗോവിന്ദറാവു ഫ്യൂലെ, റാനഡേ , ദയാനന്ദ് സരസ്വതി, വിവേകാനന്ദൻ തുടങ്ങിയവരുടെ കാലം നാലാം നവോത്ഥാനകാലഘട്ടം. അംബേദ്കർ അഞ്ചാം ഘട്ടം.

ഹിന്ദു മതത്തെ ശുദ്ധീകരിക്കുവാനും പരിവർത്തനം ചെയ്യിക്കാനും, ഹിന്ദു സാമൂഹ്യ വ്യവസ്ഥിതിയെ പുനഃസംഘടിപ്പിക്കുവാനും, ചൈതന്യവത്ക്കരിക്കുവാനും, അതിനെ അധ:പതനത്തിൽ നിന്നും ദുഷ്കീർത്തിയിൽ നിന്നും രക്ഷിക്കുവാനും വേണ്ടിയുള്ള ഹിന്ദുമത ചരിത്രത്തിലെ അഭൂതപൂർവ്വമായ ഒരു മാനസിക പരിവർത്തനം കൂടിയായിരുന്നു അത്. ഹിന്ദുമതത്തിനും ഹിന്ദുസ്ഥാനത്തിനും അംബേദ്കർ നൽകിയ സംഭാവന, വിവേകാനന്ദൻ മുതലായവരുടെ സംഭാവനകളേക്കാൾ മഹത്തരമായി കരുതപ്പെടുന്നതും അതുകൊണ്ടാണ്. അവരിൽ നിന്നും വ്യത്യസ്ഥമായി രാജ്യത്തിൻ്റെ ഭരണഘടനാപരവും രാഷ്ട്രമീമാംസാപരവുമായ ചിന്തകൾക്കും അവയുടെ വികാസത്തിനുംകൂടി അദ്ദേഹം സംഭാവന നൽകിയിട്ടുണ്ട്. ആകയാൽ ഹിന്ദു സമൂഹത്തിനും രാജ്യത്തിനും മാനവ സമൂഹത്തിനും വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടത് എന്ന കാര്യം വ്യക്തമാണ്.”

ഈ വാദഗതി അസംബന്ധം ആണെന്ന് മാത്രവല്ല അപകടകരവുമാണ്. അംബേദ്കർ ഹിന്ദു മതത്തെ അതിശക്തിയായി എതിർത്ത ചിന്തകനാണ്.

“ഹിന്ദുമതത്തിൽ തുടരുന്ന കാലത്തോളം അയിത്തജാതിക്കാർക്ക് യാതൊരു രക്ഷാമാർഗ്ഗവുമില്ല. ഹിന്ദുമതം ഉപേക്ഷിക്കുകയാണ് സ്വാതന്ത്ര്യം നേടാനുള്ള മാർഗ്ഗം. സ്വരാജ് ഇന്ത്യക്ക് അനുപേക്ഷണീയമായിരിക്കുന്നത് എപ്രകാരമാണോ, അതുപോലെയാണ് അയിത്തജാതിക്കാർക്ക് മതം മാറ്റം.” എന്ന് ഒരു സംശയവുമില്ലാതെ പറഞ്ഞ ആളാണ് അംബേദ്കർ.

1936 ൽ ഹിന്ദുമതം വിട്ട് ബുദ്ധമതം സ്വീകരിക്കാനുള്ള തീരുമാനത്തെ സംബന്ധിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു; “ഞാൻ ഹിന്ദുമതം എന്നന്നേക്കുമായി ഉപേക്ഷിക്കുവാൻ തീരുമാനിച്ചു കഴിഞ്ഞു. ഹിന്ദുമതം എൻ്റെ മനസ്സാക്ഷിക്ക് ഉൾകൊള്ളുവാൻ സാധിക്കുകയില്ല.”

അംബേദ്ക്കറിൻ്റെ 45-ാം വയസ്സിലായിരുന്നു ഈ പ്രഖ്യാപനം. പിന്നേയും ഇരുപത് വർഷം അദ്ദേഹം ജീവിച്ചു. 1956 ഒക്ടോബർ 14-ാം തീയതി നാഗ്പൂരിൽ വച്ച് തൻ്റെ നിലപാടുകളെ ഊട്ടിയുറപ്പിച്ചു കൊന്ന് അംബേദ്കർ പറഞ്ഞത് ഇങ്ങനെയാണ്, “അസമത്വത്തിനും അടിച്ചമർത്തലിനുംവേണ്ടി നിലകൊണ്ട എൻ്റെ പഴയ മതം ഉപേക്ഷിക്കുക വഴി ഞാനിന്ന് പുനർജനിച്ചിരിക്കുന്നു. അവതാരത്തിൻ്റെ തത്വശാസ്ത്രത്തിൽ എനിക്ക് വിശ്വാസമില്ല. ബുദ്ധൻ വിഷ്ണുവിൻ്റെ അവതാരമാണെന്നു പറയുന്നത് തെറ്റും ദ്രോഹപരവുമാണ്. ഞാൻ മേലിൽ ഏതെങ്കിലും ഒരു ഹിന്ദു ദേവൻ്റെയോ ദേവിയുടെയോ ആരാധകനല്ല. ഞാൻ ശ്രാദ്ധം നടത്തുകയുമില്ല. ബുദ്ധമതം ഒരു യാഥാർത്ഥ മതമാണ്. ജ്ഞാനം, ധർമ്മപഥം, ദീനാനുകമ്പ എന്ന മൂന്നു പ്രമാണങ്ങളിൽ നീതമായ ഒരു ജീവിതമായിരിക്കും എൻ്റേത്.”

Dr. B. R. Ambedkar and Dhananjay Keer
ഡോ. ബി. ആർ. അംബേദ്കർ / ധനഞ്ജയ് കീർ

താൻ എന്തുകൊണ്ട് ബുദ്ധമതം സ്വീകരിക്കുന്നു എന്ന ചോദ്യത്തിന് ഒരു സംശയത്തിനും ഇടയില്ലാത്തവിധം അംബേദ്കർ മറുപടി പറഞ്ഞിട്ടുണ്ട്. ഹിന്ദുത്വത്തിൻ്റെ മാനവികവിരുദ്ധതക്ക് എതിരായി നിൽക്കാൻ കഴിയുക ബുദ്ധൻ്റെ സാഹോദ്യത്തിലും സമഭാവനയിലും അധിഷ്ഠിതമായ കാഴ്ചപാടുകൾക്ക് മാത്രമാണ്. മറ്റ് മതങ്ങൾ ഹിന്ദുത്വത്തിൻ്റെ വിവേചനപൂർണ്ണമായ മൂല്യവ്യവസ്ഥയെ സാംശീകരിച്ച് അസമത്വത്തിലും അന്ധമായ ആചാര രീതികളിലും ആണ്ട് പോയിരിക്കുന്നു. ഇതിനെയാണ് അംബേദ്കർ വിമർശിച്ചത്. അത് അടിസ്ഥാനപരമായി ബ്രാഹ്മണ്യത്തിനെതിരായ വിമർശനം തന്നെയാണ്.

ഇതായിരുന്നു അംബേദ്കറിൻ്റെ നിലപാട് എന്നിരിക്കേ അതിന് നേരെ വിപരീതമായ ഒരു വ്യാഖ്യാനം എങ്ങനെ ജീവചരിത്രകാരനായ ധനഞ്ജയ കീറിന് നൽകാനായി എന്നത് ദുരൂഹമാണ്. ഈ വ്യാഖ്യാനത്തെ മുൻനിർത്തി സംഘപരിവാരം അംബേദ്കറെ ഏറ്റെടുക്കാനും ഇപ്പോൾ മുന്നോട്ടു വരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. ബ്രാഹ്മണ്യം എങ്ങനെയാണ് അതിനെതിരായ നീക്കങ്ങളെകൂടി ആവഹിച്ച് നിഷ്ക്രയമാക്കുന്നത് എന്നതിൻ്റെ മറ്റൊരുദാഹരണമായി ഇതിനെ കാണാവുന്നതാണ്.

ധനഞ്ജയകീർ മുന്നോട്ടുവച്ച വ്യാഖ്യാനത്തിൻ്റെ തുടർച്ചയിലാണ് ‘അംബേദ്കർ മുസ്ലീം വിരുദ്ധനാണ്’ എന്ന ഹിന്ദുത്വവാദികളുടെ പുതിയ വാദമുഖവും ഉയർന്നു വരുന്നത്.

അംബേദ്കറിൻ്റെ മതവിമർശനം അദ്ദേഹത്തിൻ്റെ സാമൂഹ്യ വിമർശനങ്ങളുടെ ഭാഗമാണ്. ഇന്ത്യൻ സാമൂഹ്യരൂപീകരണത്തിൻ്റെ അടിവേരുകളിലേക്ക് ആഴ്ന്നിറങ്ങിയ ഒന്നായിരുന്നു അത്. ഇന്ത്യൻ സാമൂഹ്യവിഭജനത്തിൻ്റെ അടിസ്ഥാനം ജാതികളാണ് എന്നതായിരുന്നു അംബേദ്കറിൻ്റെ കണ്ടെത്തൽ. മുകളിലേക്ക് പോകുന്തോറും പവിത്രത കൂടിവരികയും താഴേക്ക് വരുന്തോറും മ്ലേഛത കൂടിവരികയും ചെയ്യുന്ന ശ്രേണീകൃത അസമത്വത്തിലധിഷ്ഠിതമായ സവിശേഷ സാമൂഹ്യ ഘടനയാണ് ജാതിവ്യവസ്ഥ.

പല നിലകളുള്ള പിരിമിഡിൻ്റെ ആകൃതിയിൽ പവിത്രതയുടേയും മ്ലേഛതയുടേയും അടിസ്ഥാനത്തിൽ അത് പണിതുയർത്തപ്പെട്ടിരിക്കുന്നു. ഏറ്റവും മുകൾനിലയിൽ ബ്രാഹ്മണൻ. ഏറ്റവും താഴെ ചണ്ഡാലൻ. പല നിലകളുള്ള ഈ നിർമ്മിതിയുടെ ഏറ്റവും വലിയ സവിശേഷത ഒരു നിലയിൽ നിന്ന് മറ്റൊന്നിലേക്ക് പടവുകളൊന്നുമില്ല എന്നതാണ്. കൊട്ടിയടക്കപ്പെട്ട സമൂഹമാണത്. ജാതി വർഗ്ഗമല്ല. എന്നാൽ വർഗ്ഗത്തിൻ്റെ സവിശേഷതകൾ അത് ഉൾകൊള്ളുന്നുണ്ട്. ‘വലയിതമായ വർഗ്ഗമാണ് ജാതി’ എന്ന് ഒരിടത്ത് അംബേദ്കർ പറയുണ്ട്. ഇന്ത്യൻ മൂല്യവ്യവസ്ഥയുടെ അടിത്തറ ശ്രേണീകൃത അസമത്വത്തിലധിഷ്ഠിതമായ ജാതി സമ്പ്രദായമാണ്. ‘ബ്രാഹ്മണ്യം’ എന്ന് വിളിക്കുന്നത് ഈ മൂല്യവ്യവസ്ഥയെയാണ്. അതിൻ്റെ മറ്റൊരു പേരാണ് ‘സനാതന ധർമ്മം.’ ഇത് ഊട്ടി ഉറപ്പിക്കാനാണ് സ്മൃതികളെന്നും ശ്രുതികളെന്നും വിളിക്കപ്പെടുന്ന വേദേതിഹാസ കൃതികളെല്ലാം രചിക്കപ്പെട്ടിട്ടുള്ളത്. ഹിന്ദുമതത്തെ (ബ്രാഹ്മണമതം) മാത്രമല്ല ഇന്ത്യയിൽ നിലനിൽക്കുന്ന എല്ലാ മത- സാമൂഹ്യരൂപങ്ങളുടേയും അടിസ്ഥാനകാഴ്ചപാടുകളെ മുഴുവൻ ആഴത്തിൽ സ്വാധീനിച്ച ഒന്നാണ് ബ്രാഹ്മണ്യത്തിൻ്റെ മൂല്യവ്യവസ്ഥ. ഈ ബ്രാഹ്മണ്യത്തിൻ്റെ എല്ലാ സാമൂഹ്യ വിരുദ്ധമായ പ്രതിലോമപരതകളോടും പൊരുതിയ ഏക മതമാണ് ബുദ്ധമതം. ഇതായിരുന്നു അംബേദ്കറിൻ്റെ നിലപാട്

താൻ എന്തുകൊണ്ട് ബുദ്ധമതം സ്വീകരിക്കുന്നു എന്ന ചോദ്യത്തിന് ഒരു സംശയത്തിനും ഇടയില്ലാത്തവിധം അംബേദ്കർ മറുപടി പറഞ്ഞിട്ടുണ്ട്. ഹിന്ദുത്വത്തിൻ്റെ മാനവികവിരുദ്ധതക്ക് എതിരായി നിൽക്കാൻ കഴിയുക ബുദ്ധൻ്റെ സാഹോദ്യത്തിലും സമഭാവനയിലും അധിഷ്ഠിതമായ കാഴ്ചപാടുകൾക്ക് മാത്രമാണ്. മറ്റ് മതങ്ങൾ ഹിന്ദുത്വത്തിൻ്റെ വിവേചനപൂർണ്ണമായ മൂല്യവ്യവസ്ഥയെ സാംശീകരിച്ച് അസമത്വത്തിലും അന്ധമായ ആചാര രീതികളിലും ആണ്ട് പോയിരിക്കുന്നു. ഇതിനെയാണ് അംബേദ്കർ വിമർശിച്ചത്. അത് അടിസ്ഥാനപരമായി ബ്രാഹ്മണ്യത്തിനെതിരായ വിമർശനം തന്നെയാണ്.

1954 ലാണ് ധനഞ്ജയകീറിൻ്റെ ഗ്രന്ഥം പുറത്തിറങ്ങുന്നത്. അന്ന് അംബേദ്കർ ജീവിച്ചിരുപ്പുണ്ട്. 1956 ഡിസംബർ 6 നാണ് അംബേദ്കർ അന്തരിക്കുന്നത്. അദ്ദേഹത്തിൻ്റെ മരണത്തിന് രണ്ട് വർഷം മുൻപ് ഇറങ്ങിയ, തന്നെക്കുറിച്ച് തന്നെയുള്ള ഗ്രന്ഥം തീർച്ചയായും അദ്ദേഹം കണ്ടിട്ടുണ്ടാവണം. അങ്ങനെയെങ്കിൽ ഒരു കാരണവശാലും ധനഞ്ജയകീറിൻ്റെ വ്യാഖ്യനത്തെ അദ്ദേഹം അംഗീകരിക്കുകയില്ല. തൻ്റെ ജീവിതവീക്ഷണത്തിൻ്റെ അടിസ്ഥാനത്തെ തന്നെ റദ്ദാക്കുന്ന ആ വ്യാഖ്യാനം നീക്കം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെടാതിരിക്കുകയില്ല. അങ്ങനെ ഒരു സംഭവം ഉണ്ടായതായി അറിയില്ല. അപ്പോൾ പിന്നെ അംബേദ്കറിൻ്റെ മരണശേഷം കൂട്ടി ചേർത്തതാവാം ഈ ഭാഗങ്ങൾ. അങ്ങനെയെങ്കിൽ അത് അദ്ദേഹത്തോട് ചെയ്ത കൊടിയ അനീതിയായി പോയി എന്നതിൽ ഒരു തർക്കവുമില്ല.

Dalit Bandhu N. K. Jose
ദളിത് ബന്ധു എൻ. കെ. ജോസ് / 'അംബേദ്ക്കർ' കവർ

പഴയ തർക്കങ്ങൾ അന്നത്തെ കാലഘട്ടത്തിൻ്റെ പരിമിതിയിൽ നിന്നുകൊണ്ടുള്ളതായിരുന്നു. പുതിയ കാലത്ത് പുതിയ സാഹചര്യങ്ങളും പുതിയ വെല്ലുവിളികളുമാണ് ഉള്ളത്. അവയെ നേരിട്ട് നാടിനെ ജനാധിപത്യത്തിൻ്റെ വിശാലസ്ഥലികളിലേക്ക് നയിക്കാൻ പുരോഗമന ജനാധിപത്യ ശക്തികളുടെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിന് സഹായകരമായ സൈദ്ധാന്തിക അന്വേഷണങ്ങൾ വികസിപ്പിക്കുകയാണ് വേണ്ടത്.

അംബേദ്കറെ സ്വത്വവാദപരമായ അതിവായനക്ക് വിധേയമാക്കുന്ന മറ്റൊരു ശൈലിയുമുണ്ട്. അതും സ്വീകാര്യമായ ഒരു വായനാ രീതിയല്ല. അംബേദ്കറെ മാത്രം ബഹുജനപക്ഷത്തും മറ്റെല്ലാവരേയും ബ്രാഹ്മണപക്ഷത്തുമായി വിഭജിച്ചു പ്രതിഷ്ഠിക്കുന്ന ഈ ഈ വായനാരീതി ഇന്ത്യൻ സാമൂഹ്യ- സാംസ്കാരിക ജീവിതത്തിലെ സങ്കീർണ്ണ വൈരുദ്ധ്യങ്ങളെ അഴിച്ചു മനസ്സിലാക്കാൻ സഹായിക്കുന്ന ഒന്നല്ല. ദളിത് ബന്ധു എൻ. കെ. ജോസ് എഴുതിയ ‘അംബേർകർ ഒരു പഠനം’ പോലുള്ള കൃതികൾ മുന്നോട്ടു വയ്ക്കുന്നത് ഇത്തരം അതിവായനയാണ്. ദളിത് ബന്ധുവിൻ്റെ പുസ്തകം അംബേദ്കറിൻ്റെ ജീവിതവും ദർശനവും മനസ്സിലാക്കാൻ നമ്മെ ഏറെ സഹായിക്കുന്നതാണ് എന്ന വസ്തുതയെ തമസ്കരിച്ചു കൊണ്ടല്ല ഞാനിത് പറയുന്നത്.

‘അംബേദ്കർ ഒരു പഠനം’ എന്ന കൃതിയിൽ എൻ.കെ. ജോസ് (ദളിത് ബന്ധു) ഇങ്ങനെ പറയുന്നു:
“ബ്രാഹ്മണ മേധാവിത്വത്തിൻ്റെ നിലനില്പിനുവേണ്ടി ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന ബ്രാഹ്മണർ തന്നെ രണ്ടു ഗ്രൂപ്പാണ്. സഹസ്രാബ്ദങ്ങൾക്കു മുമ്പത്തെ ആര്യസംസ്കാരം, അതിൻ്റെ എല്ലാ വിധ വിവേചനങ്ങളോടും ജാതി വ്യത്യാസങ്ങളോടും കൂടി തന്നെ എക്കാലവും നിലനിർത്തണം എന്ന് വാദിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഗ്രൂപ്പിൻ്റെ വക്താക്കളാണ് ബാലഗംഗാധര തിലകൻ, വീരസവർക്കർ, ഗോഡ്സെ, അദ്വാനി ,വാജ് പൈ തുടങ്ങിയവർ. എന്നാൽ ബ്രാഹ്മണ മേധാവിത്വത്തെ നിലനിർത്തുന്നതിനോടൊപ്പം അതിൻ്റെ നിലനിൽപ്പിനു വേണ്ടി ആധുനിക തത്വസംഹിതകളായ സോഷ്യലിസം, ജനാധിപത്യം തുടങ്ങിയവ കൂടി തരംപോലെ ഉപയോഗിക്കണം. അങ്ങനെ സാധാരണക്കാരെ വ്യാമോഹിപ്പിച്ച് ആ വ്യാമോഹത്തിലൂടെ ബ്രാഹ്മണ മേധാവിത്വം നിലനിർത്തണം. ഈ വാദത്തിൻ്റെ വക്താക്കളാണ് ഗാന്ധിയും നെഹ്രുവും ഇന്ദിരാ ഗാന്ധിയും ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാടും എസ്. എ. ഡാങ്കേയും മറ്റും.”

തീർച്ചയായും ഗാന്ധിയും നെഹ്രുവും കമ്യൂണിസ്റ്റുകാരും അംബേദ്കറും തമ്മിൽ തമ്മിൽ നിരവധി അഭിപ്രായ ഭിന്നതകളും തർക്കങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ ബ്രാഹ്മണ്യത്തെ മനസ്സിലാക്കുന്നതിലും വിശദീകരിക്കുന്നതിലും അംബേദ്കർ പോയത്ര ആഴത്തിൽ പോകാൻ മറ്റുള്ളവർക്ക് കഴിഞ്ഞില്ല എന്ന പരിമതികളുമുണ്ടായിട്ടുണ്ട്. ബ്രിട്ടീഷ് മേധാവിത്വത്തിനെതിരായ ദേശീയ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് അംബേദ്കർ സ്വീകരിച്ച നിഷേധാത്മകം എന്ന് അവർ കരുതിയ നിലപാടുകളോട് കടുത്ത വിയോജിപ്പുകൾ പ്രകടിപ്പിക്കപ്പെട്ടിട്ടുമുണ്ട്. ഇതെല്ലാമുണ്ടായിരിക്കേ അംബേദ്കർ ഒഴികെയുള്ള മുഴുവനാളുകളേയും ഒറ്റയടിക്ക് വെറും ബ്രാഹ്മണവാദികളായി മുദ്രകുത്തുന്ന രീതി അബദ്ധജഡിലവും സങ്കുചിതവുമാണ് എന്ന് പറയാതെ വയ്യ.

രൗദ്രഭാവമാർജിച്ച് പരമാധികാരശക്തിയായി ഇന്ത്യൻ ജീവിതത്തിനുമേൽ മേധാവിത്വം സ്ഥാപിച്ചു കഴിഞ്ഞ നവബ്രാഹ്മണ്യത്തിൻ്റെ ഫാസിസ്റ്റ് അധികാരമേൽക്കോഴ്മയെ ചെറുത്തു തോല്പിക്കാനുള്ള പോരാട്ടങ്ങളെ ദുർബലമാക്കുന്നതാണ് വിഭാഗീയമായ ഈ നിലപാട്. നിർഭാഗ്യകരം എന്ന് പറയട്ടെ അംബേദ്കറേറ്റുകൾ എന്ന പേരിൽ ഇന്ന് പ്രവർത്തന രംഗത്തുള്ള പലരുടേയും നിലപാടുകളുടെ അടിസ്ഥാനമായി വർത്തിക്കുന്നത് സ്വത്വവാദപരമായ ഈ വിഭാഗീയമായ അതിവായനയാണ് എന്നതാണ് യാഥാർത്ഥ്യം.

പഴയ തർക്കങ്ങൾ അന്നത്തെ കാലഘട്ടത്തിൻ്റെ പരിമിതിയിൽ നിന്നുകൊണ്ടുള്ളതായിരുന്നു. പുതിയ കാലത്ത് പുതിയ സാഹചര്യങ്ങളും പുതിയ വെല്ലുവിളികളുമാണ് ഉള്ളത്. അവയെ നേരിട്ട് നാടിനെ ജനാധിപത്യത്തിൻ്റെ വിശാലസ്ഥലികളിലേക്ക് നയിക്കാൻ പുരോഗമന ജനാധിപത്യ ശക്തികളുടെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിന് സഹായകരമായ സൈദ്ധാന്തിക അന്വേഷണങ്ങൾ വികസിപ്പിക്കുകയാണ് വേണ്ടത്.

B.R. Ambedkar India and Communism by Anand Teltumbde
ആനന്ദ് തെൽതുംബ്‌ദെ / 'ഇന്ത്യ ആൻഡ് കമ്മ്യൂണിസം' കവർ

നവബ്രാഹ്മണ്യം കോർപ്പറേറ്റ് മൂലധനവുമായി കലർന്ന് ഫാസിസ്റ്റ് രൂപമാർജിക്കുകയും ഭരണകൂട ശക്തിയായി ഉയർന്നു വരികയും ചെയ്തു കഴിഞ്ഞ പുതിയ കാലത്ത്, ജനകീയ വിമോചനത്തിനായുള്ള എല്ലാ പോരാട്ടങ്ങളും ഫാസിസ്റ്റ് വിരുദ്ധമായ പൊതു താല്പര്യത്തെ മുൻനിർത്തി ഐക്യപ്പെടേണ്ടതുണ്ട്. അങ്ങനെ മാത്രമേ അതിന് വിമോചനലക്ഷ്യത്തിലേക്ക് നീങ്ങാനാവൂ. ആ അർത്ഥത്തിൽ മൂലധന ചൂഷണത്തിൻ്റേയും ബ്രാഹ്മണാധികാരത്തിൻ്റേയും ഇരകളായി തീരുന്ന തൊഴിലാളി- കർഷക- ദളിത്- ആദിവാസി- പിന്നോക്ക- ന്യൂനപക്ഷ- സ്ത്രീ സാമൂഹ്യവിഭാഗങ്ങളുടെ സമരൈക്യം കെട്ടിപ്പടുത്തു കൊണ്ട് മാത്രമേ സാമൂഹ്യ വിമോചനമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനാവൂ. അത് സാദ്ധ്യമാകുന്ന തരത്തിൽ അംബേദ്കറിൻ്റെ ആശയങ്ങളെ പുനർ വായിക്കാൻ കഴിയുക എന്നത് പരമ പ്രധാനമാണ്.

ഇടത്- പുരോഗമന- ജനാധിപത്യ ശക്തികളുമായി സംവാദാത്മകമായ സഹകരണത്തെ തടസ്സപ്പെടുത്തുന്ന അംബേദ്കറേറ്റുകളിലെ ഒരു വിഭാഗത്തിൻ്റെ സങ്കുചിതമായ അതിവായനയെ ആനന്ദ് തെൽതുംബ്‌ദെയെ പോലുള്ള ചിന്തകർ വിമർശിക്കുന്നുണ്ട്.

‘ഇന്ത്യ ആൻഡ് കമ്മ്യൂണിസം’ എന്ന അംബേദ്കറിൻ്റെ കൃതിക്ക് ആനന്ദ് തെൽതുംതെ എഴുതിയ ദീഘമായ ആമുഖം അംബേദ്കറും കമ്യൂണിസ്റ്റ്കാരും തമ്മിലുള്ള തർക്കങ്ങളേയും സഹകരണസാദ്ധ്യതകളേയും സംബന്ധിച്ച ഗൗരവപൂർണ്ണമായ ആലോചനകൾ മുന്നോട്ട് വയ്ക്കുന്ന രചനയാണ്.

ജാതി പ്രശ്നം സംബന്ധിച്ച കമ്മ്യൂണിസ്റ്റുകാരുടെ തിരിച്ചറിവ് ഏറെ വൈകിയാണ് കൈവന്നത് എന്ന് വിമർശിക്കുന്ന തെൽതുംബ്‌ദെ, ഇതിനോടകംതന്നെ അംബേദ്കറേറ്റുകളും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള വിള്ളൽ ഏറെ വിപുലമായി തീർന്നിട്ടുണ്ട് എന്നും ചൂണ്ടികാണിക്കുന്നു. എങ്കിലും ചരിത്രത്തിൻ്റെ അനിവാര്യമായ ആവശ്യത്തെ മുൻനിർത്തി സഹകരണത്തിൻ്റെ ചില വെള്ളിരേഖകൾ തെളിഞ്ഞു വരുന്നുണ്ട് എന്ന പ്രതീക്ഷയും അദ്ദേഹം പങ്ക് വയ്ക്കുന്നുണ്ട്.

“കമ്യൂണിസ്റ്റുകാരുടെ അസ്ഥാനത്തുള്ള പ്രത്യയശാസ്ത്ര ശാഠ്യങ്ങളാണ് അംബേദ്കറെ അവരിൽ നിന്നകറ്റിയത്. ആ അവസരം നിക്ഷിപ്ത താല്പര്യക്കാരായ ചില ദളിതർ ഉപയോഗപ്പെടുത്തി. വിപ്ലവത്തിൻ്റെ പാതയിൽ നിന്നും അവർ ദളിതരെ അകറ്റി നിർത്തി. കമ്യൂണിസ്റ്റുകാരുടെ തെറ്റുകൾ അവരുടെ തന്നെ സൃഷ്ടിയാണെങ്കിൽ അംബേദ്കർ ഒരു മാർക്സിസ്റ്റ് വിരുദ്ധനാണെന്നുള്ള പ്രചാരണം അവരുടെ മാത്രം സൃഷ്ടിയല്ല. ഇതിനു പിന്നിൽ ഭരണവർഗ്ഗത്തിൻ്റെ ഇടപെടലുകളുമുണ്ടായിരുന്നു.

തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ പരിശോധിച്ചാൽ ദളിതരുടെ സ്വതന്ത്രമായ ശബ്ദം കോളനിവാഴ്ചക്കാലത്ത്, പൂനാ പാക്ട് വഴി നിശബ്ദമാക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ ഭരണവർഗ്ഗം സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയിൽ കൗശലപൂർവ്വം അതുൾപ്പെടുത്തുകയായിരുന്നു. അതിൻ്റെ അനന്തര ഫലമാണ് നാമിപ്പോൾ കാണുന്നത്. ദളിത് നേതാക്കൾ അംബേദ്കർ ചിന്തകളെ നിരന്തരം എതിർക്കുന്ന ഹിന്ദു ശക്തികളുടെ മടിയിലിരിക്കുകയാണിപ്പോൾ.അംബേദ്കർ ചിന്തകളിലെ വിപ്ലവാത്മകതയെ മറച്ചുപിടിച്ച് തിരിച്ചറിയാനാവാത്തവണ്ണം അവർ അംബേദ്കറെ മാറ്റികളഞ്ഞിരിക്കുന്നു. അതിൻ്റെ ഫലമായി സ്വത്വപരമായ അതിവാദങ്ങൾ ദളിതർക്കിടയിൽ ശക്തിപ്പെടുന്നു. വിദ്യാസമ്പന്നരായ ദളിത് യുവതീയുവാക്കൾ അംബേദ്കർ പ്രതീക്ഷിച്ചതുപോലെ ചരിത്രത്തെ വിശകലനം ചെയ്ത് ദളിത് പ്രസ്ഥാനങ്ങൾക്ക് പുതിയ ദിശാബോധം കൈവരിക്കുന്നതിനു പകരം അവരുടെ പഴയ സ്വത്വത്തിലേക്ക് മടങ്ങി ഭരണവർഗ്ഗങ്ങളെ സഹായിക്കുന്നു.”
[ആനന്ദ് തെൽതുംബ്‌ദെ; അംബേദ്കറുടെ ഇന്ത്യയും കമ്യൂണിസവും എന്ന അപൂർണ്ണകൃതിയുടെ ആമുഖം]

ഇത്രയും പറഞ്ഞു നിർത്തുകയല്ല തെൽതുംബ്‌ദെ ചെയ്തത്. അദ്ദേഹം ഇങ്ങനെ തുടരുന്നു,
“ഇരുക്കൂട്ടരും മനസ്സിലാക്കേണ്ട പ്രധാന കാര്യം, അവർ സ്വാഭാവിക സഖ്യകക്ഷികൾ തന്നെയാണ് എന്നുള്ളതാണ്. ദളിതർ കൂടി ഏറ്റെടുത്തില്ലെങ്കിൽ ഇന്ത്യയിൽ ഒരു വിപ്ലവവും നടക്കാൻ പോകുന്നില്ല എന്നും ഇന്ത്യയിൽ പണിയെടുക്കുന്ന മനുഷ്യർ ജാതിയെ കൈയൊഴിയാത്തിടത്തോളം ജാതി നിർമ്മൂലനം അസാധ്യമാണെന്നും ഇരുകൂട്ടരും മനസ്സിലാക്കണം. ദളിത് ജനവിഭാഗങ്ങളോട് കൈ കോർക്കാനുള്ള ഉത്തരവാദിത്വം തങ്ങൾക്കാണെന്നും അത് ആത്മാർത്ഥതയുള്ളതും കേവലം തെരഞ്ഞെടുപ്പ് യുക്തിക്കപ്പുറം നിൽക്കുന്നതായിരിക്കണമെന്നും കമ്യൂണിസ്റ്റുകാർ തിരിച്ചറിയണം. ജാതി സ്വത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയം തങ്ങളെ വിഭജിക്കുകയേയുള്ളൂവെന്നും അത് സന്തോഷിപ്പിക്കുന്നത് ഭരണവർഗ്ഗത്തെ ആയിരിക്കുമെന്നും ദളിതരും തിരിച്ചറിയണം.തങ്ങളുടെ വിമോചനത്തിനു തടസ്സമായി നിൽക്കുന്ന ജാതിയെ ചെറുത്തു തോല്പിക്കാൻ വർഗ്ഗ ഐക്യത്തിനു മാത്രമേ കഴിയൂ എന്നും അവർക്ക് ബോധ്യമുണ്ടാകണം.”

നവബ്രാഹ്മണ്യം കോർപ്പറേറ്റ് മൂലധനവുമായി കലർന്ന് ഫാസിസ്റ്റ് രൂപമാർജിക്കുകയും ഭരണകൂട ശക്തിയായി ഉയർന്നു വരികയും ചെയ്തു കഴിഞ്ഞ പുതിയ കാലത്ത്, ജനകീയ വിമോചനത്തിനായുള്ള എല്ലാ പോരാട്ടങ്ങളും ഫാസിസ്റ്റ് വിരുദ്ധമായ പൊതു താല്പര്യത്തെ മുൻനിർത്തി ഐക്യപ്പെടേണ്ടതുണ്ട്. അങ്ങനെ മാത്രമേ അതിന് വിമോചനലക്ഷ്യത്തിലേക്ക് നീങ്ങാനാവൂ. ആ അർത്ഥത്തിൽ മൂലധന ചൂഷണത്തിൻ്റേയും ബ്രാഹ്മണാധികാരത്തിൻ്റേയും ഇരകളായി തീരുന്ന തൊഴിലാളി- കർഷക- ദളിത്- ആദിവാസി- പിന്നോക്ക- ന്യൂനപക്ഷ- സ്ത്രീ സാമൂഹ്യവിഭാഗങ്ങളുടെ സമരൈക്യം കെട്ടിപ്പടുത്തു കൊണ്ട് മാത്രമേ സാമൂഹ്യ വിമോചനമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനാവൂ. അത് സാദ്ധ്യമാകുന്ന തരത്തിൽ അംബേദ്കറിൻ്റെ ആശയങ്ങളെ പുനർ വായിക്കാൻ കഴിയുക എന്നത് പരമ പ്രധാനമാണ്.

ഫോട്ടോ ക്രെഡിറ്റ്:
ദളിത് ബന്ധു എൻ. കെ. ജോസ്- ആനന്ദ് തെൽതുംബ്‌ദെ: വിക്കിമീഡിയ
‘അംബേദ്ക്കർ’ കവർ- ‘ഇന്ത്യ ആൻഡ് കമ്മ്യൂണിസം’ കവർ: ഗൂഗിൾ

Join with us