പ്രതിഭാവം പരിചയപ്പെടുത്തുന്ന, നവാഗത എഴുത്തുകാരി ഫാസിന കുന്നത്തിന്റെ, ഒരു പ്രതികാരത്തിന്റെ ‘അഞ്ചുദിനങ്ങ’ ളിലൂടെ സഞ്ചരിക്കുന്ന തുടർകഥ, ‘റാന്തൽ’ ഗോസ്റ്റ് സ്റ്റോറി ആദ്യത്തെ അദ്ധ്യായം.

പാലക്കാട് പിരായിരി സ്വദേശിനിയായ ഫാസിന, തിരുവനന്തപുരം ഗവണ്മെന്റ് ഹോമിയോപതിക് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ ബിരുദത്തിനു പഠിക്കുന്നു. ഒൻപതാം ക്‌ളാസിൽ പഠിക്കുമ്പോഴാണ്, തന്റെ ആദ്യ രചനയായ ‘റാന്തൽ’ ഫാസിന എഴുതിയത്.

The Lantern story cover-AI Illustrated by Surya-Malayalam horror story written by Fazina Kunnath

റാന്തൽ ഒന്നാം അദ്ധ്യായം

ഞാൻ പുറത്തു പോയി ഇരുന്നു. സൂര്യൻ എത്തിനോക്കാൻ തുടങ്ങിയിട്ടുണ്ട്. വീടിനു മുൻപിലെ ഇടതു ഭാഗത്തെ വീട്ടുവളപ്പിൽ ഒരു പെൺകുട്ടി കിണറ്റിൽ നിന്നും വെള്ളം കോരുന്നു. മഞ്ഞ ചുരിദാറാണ് ധരിച്ചിരിക്കുന്നത്. അത്ര അടുത്തല്ലാത്തതുകൊണ്ട് മുഖം വ്യക്തമല്ല. ഇടുപ്പുവരെ മുടിയുണ്ടെന്നു തോന്നുന്നു. നല്ല വട്ടമുഖം. വെളുത്തിട്ടാണ്.

വെള്ളിയാഴ്ച…

കോട്ടയത്തേക്ക് താമസം മാറി പോവുകയാണ്. വീട്ടുസാധനങ്ങളൊക്കെ വണ്ടിയിൽ കയറ്റി അർദ്ധരാത്രിയോടെ പുറപ്പെട്ട യാത്ര പുലർച്ചെ രണ്ടുമണിയോടെയാണ് മീനച്ചിൽ എത്തിയത്. അവിടെ നിന്നും അടുക്കത്തേക്ക്. ഇല്ലിക്കൽകല്ല് കൊടുമുടിയുടെ പ്രാന്തപ്രദേശമായ മേലടുക്കത്താണ് വീട്. തീരെ ചെറിയ കുഗ്രാമം. പുലർക്കാലത്തെ നേരിയ ഇരുട്ടിൽ ശാന്തമായൊഴുകുന്ന മീനച്ചിലാർ പുഴയും കാട്ടരുവികളും കണ്ട് വളഞ്ഞു പുളഞ്ഞു കയറിപ്പോകുന്ന മലഞ്ചെരുവുകളിലൂടെയുള്ള യാത്ര. കാറിന്റെ സൈഡ് ഗ്ളാസുകളും തുളച്ച് അരിച്ചു കയറുന്ന നേർത്ത തണുപ്പ്.

കോഴികൂവും മുൻപ് ആ യാത്ര ഞങ്ങളുടെ പുതിയ വീടിന്റെ പടിവാതിക്കലിൽ എത്തി. ഒന്നര ഏക്രയിൽ നില്ക്കുന്ന ഒരു ചെറിയ ഇരുനില കെട്ടിടം. പുറത്തുനിന്നുള്ള കാഴ്ചയിൽതന്നെ വീട് ഇഷ്ടപ്പെട്ടു. അടിപൊളി വീട്. ഉപ്പയ്ക്കും ഇക്കമാർക്കും അക്കാര്യത്തിൽ നല്ല സെൻസുണ്ട്. തന്റെ മനസിന് ഇണങ്ങിയ വീട് തന്നെ അവർ വാങ്ങിയിരിക്കുന്നു. വീടിന്റെ പിക്കുകൾ കണ്ടപ്പോഴേ ഇതുതന്നെ അവർ വാങ്ങിച്ചാൽ മതിയായിരുന്നു എന്ന് വല്ലാതെ കൊതിച്ചിരുന്നു. സൂചിപ്പിക്കുകയും ചെയ്തിരുന്നു.

എന്തോ, ഫോട്ടോയിൽ കണ്ടപ്പോഴേ വല്ലാത്തൊരു ആകർഷണം തോന്നി. ഈ വീടും പരിസരവും മുൻപെപ്പോഴോ കണ്ടു മറന്നതു പോലെ…

വീടിനു മുൻവശത്തും സൈഡുകളിലും ഏതാനും മരങ്ങൾ. ഓർക്കാപുളി, മാവ്, പ്ലാവ്, ഞാവൽ, അടക്കാപ്പഴം(പേര), റമ്പൂട്ടാൻ തുടങ്ങിയവ. പിൻഭാഗത്ത് മുഴുവനും റബ്ബർ. മുറ്റത്ത് ചെറിയൊരു ഗാർഡൻ സെറ്റ് ചെയ്തിട്ടുണ്ട്. അത് കാടുപിടിച്ചു കിടക്കുന്നു.

വീടിനകവും പുറവും വെള്ളയിലും സിറ്റ്ഔട്ട് നല്ല കടുംനീലനിറത്തിലും പെയ്ന്റിംഗ് ചെയ്തിരിക്കുന്നു. അകത്തെ ചുവരുകളിൽ പലയിടത്തും മനോഹരമായ പൂക്കളും വരച്ചു വെച്ചിട്ടുണ്ട്. നിലം മുഴുവൻ ഗ്രാനൈറ്റ് ആണ്. വീടു പണിതവരുടെ കലാബോധം ഓരോ ഇടത്തും തെളിഞ്ഞു കിടക്കുന്നുണ്ട്.

അച്ചു പുറപ്പെട്ടപ്പോഴേ ഉറക്കം പിടിച്ചതാണ്. ഇവിടെ എത്തിയിട്ടും ഉറക്കം തെളിഞ്ഞില്ല. ഉമ്മ അവളെ ഒരു മുറിയിൽ പുതപ്പ് വിരിച്ച് കിടത്തി. ഉപ്പയും ഇക്കമാരും വണ്ടിയിൽ നിന്നും ഇറക്കിവെച്ച സാമഗ്രഹികൾ അകത്ത് അറേഞ്ച് ചെയ്യുന്ന തിരക്കുകളിൽ.

ഞാൻ പുറത്തു പോയി, സിറ്റ് ഔട്ടിലെ തിണ്ണയിൽ ഇരുന്നു.

The Lantern story scene 1-Illustrated by Surya-Malayalam horror story written by Fazina Kunnath

സൂര്യൻ എത്തിനോക്കാൻ തുടങ്ങിയിട്ടുണ്ട്. വീടിനു മുൻപിലെ ഇടതു ഭാഗത്തെ വീട്ടുവളപ്പിൽ ഒരു പെൺകുട്ടി കിണറ്റിൽ നിന്നും വെള്ളം കോരുന്നു. ചെറിയൊരു ഓടുമേഞ്ഞ വീടാണ്. മഞ്ഞ ചുരിദാറാണ് അവളുടെ വേഷം. അത്ര അടുത്തല്ലാത്തതുകൊണ്ട് മുഖം വ്യക്തമല്ല. മുടി പിന്നിയിട്ടതുപോലെ തോന്നുന്നു. ലക്ഷണം കണ്ടിട്ട് ഇടുപ്പുവരെ മുടിയുണ്ടാകണം. വട്ടമുഖം. വെളുത്തിട്ടാണ്.

Read Also  മോക്ഷം പൂക്കുന്ന താഴ്വര/ നോവൽ/ ലാലി രംഗനാഥ്/ കെ.ആർ. മോഹൻദാസ് എഴുതിയ പുസ്തക അവലോകനം

അവൾ ഇടക്കിടെ ഇങ്ങോട്ട് നോക്കുന്നുണ്ട്. ഞാനൊന്ന് കൈവീശി നോക്കി. അവളും കൈവീശി കാണിച്ചു. അപ്പോൾ മനസിലായി അവൾ ഇങ്ങോട്ട് ശ്രദ്ധിക്കുന്നുണ്ടെന്ന്. ആ ദൂരക്കാഴ്ചയിലും പെട്ടെന്നെനിക്കു തോന്നി, നല്ല പരിചയമുള്ള മുഖമാണല്ലോ എന്ന്. അതിനിടെ ആ കുട്ടി ആംഗ്യത്തിൽ എന്തോ ചോദിക്കുന്നുണ്ട്. ശബ്ദം ഇങ്ങോട്ട് എത്തുന്നില്ല.

ഒരു പക്ഷെ, ‘പുതിയ വീട്ടുകാരാണോ?’ എന്നാവും ചോദിച്ചത്. ഒന്നും മനസിലായില്ലെങ്കിലും ഞാനും കൈവീശി ‘അതേ’ എന്ന മട്ടിൽ പ്രതികരിച്ചു. വെള്ളം കോരിക്കഴിഞ്ഞ് അവൾ അകത്തേക്ക് പോയിട്ടും അവൾ ആരാണെന്ന ആലോചനയിൽ മുഴുകി ഉമ്മറത്തെ തിണ്ണയിൽ ഞാനിരുന്നു.

പെട്ടെന്നാണ് അകത്തു നിന്നും ഉച്ചത്തിലുള്ള ഉമ്മയുടെ വിളിയൊച്ച കേട്ടത്, ‘സാറാ…’

തുടരും… 

പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം

Trending Now

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹