AI illustration of Madhava Seshagiri Prabhu by Surya

സാഹിത്യ കുശലൻ മാധവ ശേഷഗിരി പ്രഭു: അന്യഭൂപടം താണ്ടിയെത്തിയ മലയാള സാഹിത്യത്തിലെ വിജ്ഞാന ഭൂപടം

മലയാള ഭാഷയുടെയും ആധുനിക വ്യാകരണപഠനങ്ങളുടെയും ചരിത്രത്തിൽ ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച പണ്ഡിതനാണ് സാഹിത്യ കുശലൻ മാധവ ശേഷഗിരി പ്രഭു (1855–1924). കൊങ്കണി മാതൃഭാഷയായ ഗൗഡ സാരസ്വത ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച അദ്ദേഹം സംസ്കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും പ്രാവീണ്യം നേടിയതോടൊപ്പം അധ്യാപകൻ, വൈയാകരണൻ, സാഹിത്യകാരൻ, വിദ്യാഭ്യാസപ്രവർത്തകൻ, ഭാഷാഗവേഷകൻ എന്നീ നിലകളിലും പ്രവർത്തിച്ചു. മലയാള വ്യാകരണത്തെ കൂടുതൽ ക്രമബദ്ധവും ശാസ്ത്രീയവുമായ രീതിയിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിന്റെ പണ്ഡിതജീവിതത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്.

കുടുംബ പശ്ചാത്തലം:
1855 ഓഗസ്റ്റ് 3-ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ ഗൗഡ സാരസ്വത ബ്രാഹ്മണ വിഭാഗത്തിലെ കശ്യപ ഗോത്രത്തിൽപ്പെട്ട ഒരു കുടുംബത്തിലാണ് മാധവ ശേഷഗിരി പ്രഭു ജനിച്ചത്. ഗോവയിലെ ശംഖവലിയിൽ (ഇന്നത്തെ സാൻകോലെ) ആയിരുന്നു ഇവരുടെ കുടുംബ ക്ഷേത്രമായ ശാന്താദുർഗ്ഗ ക്ഷേത്രം.

മാധവ പ്രഭു- ഗൗരി എന്നിവരുടെ പതിനൊന്നു മക്കളിൽ ഒൻപതാമത്തെ ആളായിരുന്നു ശേഷഗിരി. തലശ്ശേരിയിലെ ശേഷഭഗത്തിന്റെ മകൾ പത്മാവതിയെയാണ് ശേഷഗിരി വിവാഹം ചെയ്തത്. ശേഷഗിരി- പത്മാവതി ദാമ്പത്യത്തിൽ രാമചന്ദ്ര പ്രഭു, നേത്രാവതി, ശാന്തേരി, നാരായണ ശർമ്മ, അച്യുത പ്രഭു എന്നിവർ ജനിച്ചു. 1894-ൽ പത്മാവതി അന്തരിച്ചതിനെ തുടർന്ന് ശേഷഗിരി, കാസർഗോഡിലെ ബല്ലമ്പട്ടു പൈ കുടുംബത്തിൽ നിന്നുള്ള ചന്ദ്രഭാഗിയെ വിവാഹം കഴിച്ചു. വിവാഹാനന്തരം ചന്ദ്രഭാഗിയെ സാവിത്രി എന്ന് പുനർനാമകരണം ചെയ്തു. ശേഷഗിരി- സാവിത്രി ദാമ്പത്യത്തിൽ സരസ്വതി, ശാരദാഭായി, മാധവ, മുകുന്ദ, ഇന്ദിര, രംഗനാഥ്, ലളിത എന്നീ മക്കൾ ജനിച്ചു.

ഇതിൽ മൂത്ത പുത്രി സരസ്വതിയുടെ ഭർത്താവ്, തലശ്ശേരിയിലെ എൽ.എസ്. പ്രഭു ഗാന്ധിജിയുടെ സജീവ അനുയായിയും സ്വാതന്ത്ര്യ സമരത്തിലെ പോരാളിയുമായിരുന്നു. വിവാഹത്തോടെ കമലാഭായി എന്ന പേര് സ്വീകരിച്ച സരസ്വതിയും ഭർത്താവിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലെത്തി. മലബാർ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ പ്രധാന അമരക്കാരിൽ ഒരാളായി മാറിയ കമലാഭായി, സ്വാതന്ത്ര്യസമരകാലത്ത് വിദേശ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള കൊളോണിയൽ നിർമ്മിത വസ്തുക്കളുടെ ബഹിഷ്‌കരണ സമരത്തിൽ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ടിരുന്നു. ആറ് മാസം തടവും ആയിരം രൂപ പിഴയുമാണ് തലശ്ശേരി കോടതിയിലെ ബ്രിട്ടീഷ് മജിസ്‌ട്രേറ്റ് വിധിച്ചത്. എന്നാൽ, കമലാഭായി പിഴയൊടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന്, അവരുടെ താലിമാല കണ്ടുകെട്ടുകയുണ്ടായി.

ഈ നടപടി ബ്രിട്ടീഷ് പാർലമെന്റിൽ വൻ കോലാഹലത്തിനു കാരണമാകുകയും പാർലമെന്റിന്റെ ഇടപെടലിലൂടെ കമലാഭായിക്ക് താലിമാല തിരികെ നൽകാൻ ഉത്തരവുണ്ടാകുകയും ചെയ്തു. എന്നാൽ, പരപുരുഷ സ്പർശനമേറ്റ ആ മാല സ്വീകരിക്കാൻ അവർ തയ്യാറായില്ല. ഈ സംഭവം സ്വാതന്ത്ര്യസമരത്തിലെ സുപ്രധാന അദ്ധ്യായമായി അടയാളപ്പെടുകയും ചെയ്തു.

ശേഷഗിരി- സാവിത്രി ബന്ധത്തിലെ ഇളയ മകൾ ലളിത, 1958-59 കാലഘട്ടത്തിൽ കേരളത്തിൽ നടന്ന വിമോചന സമരത്തിലെയും ‘കേരള മഹിളാ ദേശ സേവിക സംഘ’ത്തിന്റെയും സജീവ പ്രവർത്തകയായിരുന്നു. തലശ്ശേരി മുനിസിപ്പൽ കൗൺസിലിന്റെ ചെയർപേഴ്‌സണായിയിരുന്ന അവർ അതിലൂടെ, കേരളത്തിലെ ആദ്യത്തെ വനിതാ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ എന്ന പദവിയ്ക്കും അർഹയായി. 1969 മാർച്ചിൽ ശേഷഗിരിയുടെ രണ്ടാമത്തെ ഭാര്യ സാവിത്രി അന്തരിച്ചു.

വിദ്യാഭ്യാസം:
കൊങ്കണിയായിരുന്നു കുടുംബത്തിന്റെ മാതൃഭാഷ. എങ്കിലും, തന്റെ പണ്ഡിത- സാഹിത്യപ്രവർത്തനത്തിന് അദ്ദേഹം മലയാളത്തെ സ്വീകരിച്ചു.

തലശ്ശേരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1875-ൽ അദ്ദേഹം മെട്രിക്കുലേഷൻ പരീക്ഷയും 1877-ൽ എഫ്.എ. (First Arts) പരീക്ഷയും വിജയിച്ചു. തുടർന്ന് സംസ്കൃതത്തിൽ ഉന്നത പഠനത്തിൽ 1891-ൽ മദ്രാസ് സർവകലാശാലയിൽ നിന്ന് ബിരുദവും 1903-ൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ആ കാലഘട്ടത്തിൽ സംസ്കൃതത്തിൽ ഇത്രയും ഉയർന്ന ബിരുദങ്ങൾ നേടിയ അപൂർവം മലബാറികളിൽ ഒരാളായിരുന്നു അദ്ദേഹം.

ഔദ്യോഗിക ജീവിതം:
1879 ജൂൺ 27-ന് ഒരു സർക്കാർ സ്കൂളിൽ മലയാളം പണ്ഡിതനായി ചേർന്നതോടെയാണ് ശേഷഗിരിയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന്, വടകരയിലെ ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ ഫസ്റ്റ് അസിസ്റ്റന്റ് ആയും ബ്രണ്ണൻ ഹൈസ്കൂളിൽ തേർഡ് അസിസ്റ്റന്റ് ആയും പ്രവർത്തിച്ചു. 1892-ൽ, മദ്രാസ് പ്രസിഡൻസിക്ക് കീഴിൽ, മലബാർ ജില്ലയിൽ സ്കൂൾ ഡെപ്യൂട്ടി ഇൻസ്പെക്ടറായും മംഗലാപുരം ഗവൺമെന്റ് കോളേജിൽ സംസ്കൃത അധ്യാപകനായും ആന്ധ്രാപ്രദേശിലെ രാജമണ്ട്രി ഗവൺമെന്റ് ട്രെയിനിങ് കോളേജിൽ വൈസ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു.

1914-ൽ സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷം കൊച്ചിയിലെ മട്ടാഞ്ചേരിയിലുള്ള തിരുമല ദേവസ്വം ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചു. മദ്രാസ് സർവകലാശാലയുടെ സംസ്കൃതം-മലയാളം കരിക്കുലം ബോർഡിൽ അംഗമായിരുന്ന അദ്ദേഹം, തലശ്ശേരിയിലെ ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രത്തിൽ ‘വേദ വേദാംഗ പാഠശാല’ സ്ഥാപിക്കുകയും വൈദിക പഠനം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതിനിടെ, കോഴിക്കോടുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരള പത്രിക ദിനപത്രത്തിന്റെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

Covers of Balavyakaranam and Rigvedi Vivaha Prayogam Books by M.Seshagiri Prabhu

ബാലവ്യാകരണത്തിൽ നിന്ന് വ്യാകരണശാസ്ത്രത്തിലേക്ക്:
1888-ൽ പ്രസിദ്ധീകരിച്ച ‘പാർവ്വതീ പരിണയം’ ആണ് അദ്ദേഹത്തിന്റെ ആദ്യ സാഹിത്യകൃതി. എന്നാൽ, പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മലബാറിലും തിരുവിതാംകൂർ-കൊച്ചി ഭാഗങ്ങളിലും ആധുനിക വിദ്യാഭ്യാസ സമ്പ്രദായം വേരുറപ്പിക്കാൻ തുടങ്ങിയ കാലഘട്ടത്തിലാണ് വ്യാകരണ ശാസ്ത്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ നിയോഗം സംഭവിക്കുന്നത്. പാശ്ചാത്യ ഭാഷാശാസ്ത്രത്തിന്റെ വരവും അച്ചടിയുടെ പ്രചാരവും മലയാള വ്യാകരണത്തെ പരമ്പരാഗത സംസ്കൃത ചട്ടക്കൂടുകളിൽ നിന്ന് സ്വതന്ത്രമാക്കി മാറ്റിപ്രതിഷ്ഠിക്കാൻ പണ്ഡിതന്മാരെ പ്രേരിപ്പിച്ചിരുന്ന ചരിത്രസന്ധിയിലായിരുന്നു അത്.

1898-ൽ, മദ്രാസ് ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷന്റെ അനുമതിയോടെ മദ്രാസ് ടെക്സ്റ്റ്-ബുക്ക് കമ്മിറ്റിയ്ക്കു വേണ്ടി എം. കൃഷ്ണനുമായി ചേർന്നു രചിച്ച ‘ബാലവ്യാകരണം’ എന്ന ഗ്രന്ഥമാണ് ഈ മേഖലയിലെ അദ്ദേഹത്തിന്റെ ആദ്യ കാൽവെപ്പ്. മദ്രാസ് പ്രസിഡൻസി കോളേജിലെ മലയാളം അദ്ധ്യാപകനും മദ്രാസ് സർക്കാറിൻ്റെ ഔദ്യോഗിക പരിഭാഷകനുമായിരുന്നു എം. കൃഷ്ണൻ. ശേഷഗിരി പ്രഭു മംഗലാപുരം സർക്കാർ കോളേജിലെ അദ്ധ്യാപകനും.

1904-ൽ, ഇതിന്റെ തുടർച്ചയെന്നോണം എം. കൃഷ്ണനുമായി ചേർന്ന് ‘വ്യാകരണമിത്രം’ എന്ന ഗ്രന്ഥം പുറത്തിറക്കി. ബാസൽ മിഷൻ ബുക്ക് ആൻഡ് ട്രാക്റ്റ് ഡിപ്പോസിറ്ററിയാണ് ഇവ പ്രസിദ്ധീകരിച്ചത്. മലബാറിലെ ഏഴാം ക്ലാസ് മുതലുള്ള മിഡിൽ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ പാഠപുസ്തകമായിരുന്നു ഇത്. സംസ്കൃത വ്യാകരണ പരമ്പരാഗത രീതികളും ഇംഗ്ലീഷ് ഭാഷാശാസ്ത്ര വിശകലന രീതികളും ഒരുപോലെ സമന്വയിപ്പിച്ചാണ് ഇത് തയ്യാറാക്കിയത്. മലയാള വ്യാകരണത്തിന്റെ തത്ത്വങ്ങളെ ശാസ്ത്രീയമായ അടിസ്ഥാനത്തിൽ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്‌ഷ്യം.

തുടർന്ന് വ്യാകരണാദർശം (1903), ‘വ്യാകരണാമൃതം’ (1919), വാഗ് ഭൂഷണാവലി (ശിശുമോദകം, ബാലാമൃതം- 1923) എന്നീ വ്യാകരണ ഗ്രന്ഥങ്ങളും വത്സരാജചരിതം, ശ്രീഹർഷ ചരിത്രവും നാഗാനന്ദവും, സീത, സാവിത്രി, ഉമ, വേദവ്യാസൻ തുടങ്ങിയ സാഹിത്യ കൃതികളും അദ്ദേഹത്തിന്റേതായി പുറത്തുവന്നു. സ്കൂൾ വിദ്യാർത്ഥികൾക്കായി സംസ്കൃത ശ്ലോകങ്ങൾ മലയാളത്തിലേക്ക് ലളിതമായി പരിഭാഷപ്പെടുത്തിയ ‘കാവ്യമാല’ തുടങ്ങിയ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു.

ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ ‘ഗ്രാമർ ഓഫ് ദി മലയാളം ലാംഗ്വേജ്’ വ്യാകരണഗ്രന്ഥത്തിലെ മലയാളം പ്രത്യയങ്ങളെക്കുറിച്ചുള്ള ഭാഗം ശേഷഗിരി പ്രഭുവിന്റെ ‘വ്യാകരണാമൃതം’ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയപ്പെടുന്നുണ്ട്.

കേരളപാണിനീയവും വ്യാകരണചർച്ചകളും:
തലശ്ശേരി ‘ഭാഷാപോഷിണി സഭ’യുടെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം, അക്കാലത്തെ പ്രഗത്ഭരായ സാഹിത്യകാരന്മാരുമായും നിരന്തരം വ്യാകരണ ചർച്ചകൾ നടത്തിയിരുന്നു. 1896ൽ ഇറങ്ങിയ എ. ആർ. രാജരാജവർമ്മയുടെ കേരളപാണിനീയം മലയാള വ്യാകരണപഠനത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന കാലത്താണ് ശേഷഗിരി പ്രഭുവിന്റെ വ്യാകരണചിന്ത രൂപപ്പെടുന്നത്.

കേരളപാണിനീയം മുന്നോട്ടുവച്ച രീതിയെ അതേപടി സ്വീകരിക്കുന്നതിൽ അദ്ദേഹം തൃപ്തനായിരുന്നില്ല. കേരളപാണിനീയത്തെക്കുറിച്ച്, ഭാഷാപോഷിണി മാസികയുടെ 1898-1900 കാലത്തെ ലക്കങ്ങളിൽ അദ്ദേഹം നിരൂപണങ്ങൾ എഴുതി. ഒമ്പത് അധ്യായങ്ങളിലായി പ്രസിദ്ധീകരിച്ചു വന്ന ഈ വ്യാകരണ ലേഖന പരമ്പര മലയാള സാഹിത്യലോകത്ത് അനവധി ചർച്ചകൾക്കും സംവാദങ്ങൾക്കും കാരണമായി.

Read Also  ആക്ഷേപഹാസ്യ സാമ്രാട്ട് വേളൂർ കൃഷ്ണൻകുട്ടിയുടെ കൈയ്യെഴുത്ത് പ്രതികള്‍ പുരാവസ്തു- പുരാരേഖ മ്യൂസിയത്തിലേക്ക്

സംസ്കൃത വ്യാകരണ നിയമങ്ങൾ മലയാളത്തിൽ അടിച്ചേൽപ്പിക്കുന്നതിനെ ചോദ്യം ചെയ്യാനും മലയാളത്തിന്റെ തനത് ദ്രാവിഡ സ്വഭാവം ഉയർത്തിപ്പിടിക്കാനും സംസ്കൃതത്തിന്റെ തടവറയിൽ നിന്നും മലയാള ഭാഷയെ മോചിപ്പിക്കാനും അതിലൂടെ അദ്ദേഹം ശ്രമിച്ചു. മലയാളത്തിന്റെ ഘടന, പദങ്ങളുടെ ഉത്ഭവം, സംസ്കൃതവുമായുള്ള ബന്ധം, ഭാഷാപ്രയോഗം തുടങ്ങിയ വിഷയങ്ങളിൽ സ്വന്തം നിരീക്ഷണങ്ങളോടെയാണ് അദ്ദേഹം ഇടപെട്ടത്. മലയാള പദങ്ങളെ സംസ്കൃതജന്യമെന്നും തനത് ദ്രാവിഡമെന്നും തരംതിരിക്കുന്നതിൽ (തദ്ഭവ-തത്സമ തരംതിരിക്കൽ) ഭാഷാശാസ്ത്രപരമായ ശാഠ്യം അദ്ദേഹം വെച്ചുപുലർത്തി. മലയാളത്തെ സ്വതന്ത്രമായ ഭാഷാശാസ്ത്രപരമായ സവിശേഷതകളുള്ള ഒരു ഭാഷയായി കാണുകയും അതിന്റെ വ്യാകരണത്തെ ശാസ്ത്രീയമായി വിശദീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് എളുപ്പം മനസ്സിലാകുന്നതിനായി സാങ്കൽപ്പിക ഉദാഹരണങ്ങൾക്ക് പകരം സാധാരണ വർത്തമാന ഭാഷയിൽ നിന്നുള്ള വാങ്മയ ചിത്രങ്ങളാണ് അദ്ദേഹം സ്വീകരിച്ചത്.

അതിനെത്തുടർന്ന്, ശേഷഗിരി പ്രഭുവിന്റെ പല വാദങ്ങളും എ.ആർ. രാജരാജവർമ്മതന്നെ അംഗീകരിക്കുകയും കേരളപാണിനീയം സമഗ്രമായി പരിഷ്കരിച്ച് പുതുപതിപ്പ് ഇറക്കുകയും ചെയ്തുവെന്നും പറയപ്പെടുന്നു.

സാംസ്കാരിക സൗഹൃദങ്ങളും മാഗസിൻ പ്രബന്ധങ്ങളും:
കേരള വ്യാസൻ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന അദ്ദേഹം, തമ്പുരാന്റെ പത്രാധിപത്യത്തിൽ 1902 മുതൽ പുറത്തിറങ്ങിയിരുന്ന ‘രസികരഞ്ജിനി’ മാസികയിൽ തുടർച്ചയായി എഴുതിയിരുന്നു. ഭാഷാവിഷയങ്ങളിൽ ഇരുവരും തമ്മിൽ കത്തുകൾ വഴിയുള്ള വിചാരവിനിമയങ്ങളും ഉണ്ടായിരുന്നു.

1918 ഒക്ടോബറിൽ കൊച്ചി മഹാരാജാവിന്റെ ഷഷ്ടിപൂർത്തിയോട് അനുബന്ധിച്ച് പുറത്തിറങ്ങിയ ചരിത്രപ്രസിദ്ധമായ ‘ദി എറണാകുളം കോളേജ് മാഗസിന്റെ’ ആദ്യ ലക്കത്തിൽ ലേഖനമെഴുതിയ പ്രമുഖരിൽ ഒരാൾ ശേഷഗിരി പ്രഭുവായിരുന്നു.

രസിക രഞ്ജിനിയെ കൂടാതെ, ഭാഷാപോഷിണി, ഭാരതി, കേരള യുവജന മിത്രം മംഗളോദയം, നായർ സമൂഹ പരിഷ്‌കാരിണി, സദാനന്ദ വിലാസം, സരസ്വതബോധിനി, വിദ്യാ വിനോദിനി തുടങ്ങിയ വിവിധ ആനുകാലികങ്ങളിലും ശേഷഗിരി പ്രഭുവിന്റെ മലയാള ലേഖനങ്ങളും ബ്രഹ്മവാദിൻ, എറണാകുളം കോളേജ് മാഗസിൻ, കാനറ ഹൈസ്‌കൂൾ മാഗസിൻ, മലബാർ ക്വാർട്ടർലി റിവ്യൂ എന്നിവയിൽ ഇംഗ്ലീഷ് ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. അക്കാലത്തെ പ്രമുഖ സാഹിത്യ മാസികകളിൽ വ്യാകരണ സംശയങ്ങൾ തീർക്കാനായി ‘ശബ്ദവിചാരം’, ‘ഭാഷാവിചാരം’ തുടങ്ങിയ പേരുകളിൽ ചോദ്യോത്തര പംക്തികളും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.

Malayalam and Konkani Handwriting Of M.Seshagiri Prabhu
മലയാളത്തിലും കൊങ്കണിയിലുമുള്ള എം. ശേഷഗിരി പ്രഭുവിന്റെ കൈപ്പട

കൊങ്കണി ഭാഷയിലെ ഇടപെടലുകൾ:
തന്റെ മാതൃഭാഷയായ കൊങ്കണിയോടും സ്വന്തം സമുദായമായ ഗൗഡ സാരസ്വത പാരമ്പര്യത്തോടും ശേഷഗിരി പ്രഭുവിന് ശക്തമായ താൽപര്യമുണ്ടായിരുന്നു. കൊങ്കണിയിലും അദ്ദേഹം രചനകൾ നടത്തിയിരുന്നതായി അനുമാനിക്കപ്പെടുന്നുണ്ടെങ്കിലും കൊങ്കണിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ രചനകളൊന്നും കണ്ടെടുക്കപ്പെടുകയുണ്ടായിട്ടില്ല. കണ്ടെടുക്കപ്പെട്ടതെല്ലാം മലയാളം രചനകളാണ്.

കൊങ്കണി-മലയാള ഭാഷകളിലെ ഉച്ചാരണഭേദങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തിയ അദ്ദേഹം. ‘രസികരഞ്ജിനി’, ‘സാരസ്വത ബോധിനി’ തുടങ്ങിയ മാസികകളിൽ കൊങ്കണി ഭാഷയുടെയും സമുദായത്തിന്റെയും ചരിത്രത്തെക്കുറിച്ചും എഴുതിയിരുന്നു.

ഗൗഡ സാരസ്വത സമുദായത്തിന്റെ ചരിത്രവഴികൾ വ്യക്തമാക്കുന്ന ‘കൊങ്കണ ബ്രാഹ്മണരുടെ ചരിത്രം’ എന്ന എന്ന ലേഖനവും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ഇംഗ്ലീഷിലാണ് ഇത് എഴുതിയിട്ടുള്ളത്. അക്കാലത്ത് സമുദായത്തിൽ നിലനിന്നിരുന്ന ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ചെലവേറിയ വിവാഹച്ചടങ്ങുകൾ ചുരുക്കി എളുപ്പമാക്കുന്നതിനായി ”ഋഗ്വേദീയ വിവാഹപ്രയോഗം’ എന്ന ഗ്രന്ഥവും അദ്ദേഹം രചിച്ചു. ഋഗ്വേദീയ വിവാഹപ്രയോഗം ആദ്യം കന്നഡയിലാണ് പ്രസിദ്ധീകരിച്ചതെന്ന് പറയപ്പെടുന്നു.

എൽ.കെ. അനന്തകൃഷ്ണ അയ്യരുടെ ‘ദ കൊച്ചിൻ ട്രൈബ്സ് ആൻഡ് കാസ്റ്റ്സ്’ എന്ന ബൃഹത്തായ കൃതിയിലേക്ക് കൊങ്കണി ബ്രാഹ്മണരെക്കുറിച്ചുള്ള പഠനം ശേഷഗിരി പ്രഭുവിന്റെ സംഭാവനയായിരുന്നെന്ന് കൃതിയിലെ അടിക്കുറിപ്പിൽ (പേജ് 363) രേഖപ്പെടുത്തിയിരിക്കുന്നു. അന്ന്, രാജമുന്ദ്രി കോളേജിലെ ലക്ചററായിരുന്നു ശേഷഗിരി. രാജമുന്ദ്രി കോളേജിലെ ലക്ചററായ ശ്രീ ശേഷഗിരി പ്രഭുവിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു” എന്ന് അയ്യർ തന്റെ പുസ്തകത്തിലെ അടിക്കുറിപ്പിൽ (പേജ് 363) രേഖപ്പെടുത്തിയിട്ടുണ്ട്.

കൊങ്കണി ഭാഷയിൽ സ്വതന്ത്ര പുസ്തകങ്ങളൊന്നും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നില്ലെന്നും, കൊങ്കണിയുമായി ബന്ധപ്പെട്ട ഗവേഷണ വിഷയങ്ങൾ ഇംഗ്ലീഷിലാണ് അധികവും എഴുതിയിരുന്നതെന്നും ശേഷഗിരി പ്രഭുവിന്റെ ജീവിതവും കൃതികളും സംയോജിപ്പിച്ച്, പ്രമുഖ കൊങ്കണി ഭാഷാ ഗവേഷകൻ പയ്യന്നൂർ രമേശ് പൈ രചിച്ച ‘Life and Works of Sahityakusalan M Seshagiri Prabhu’ എന്ന ഗ്രന്ഥം പറയുന്നു. 2018ൽ, സുകൃതീന്ദ്ര ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

ദേവനാഗരി ലിപി ഉപയോഗിച്ച് കൊങ്കണി ഭാഷയിൽ, സന്ധ്യാവന്ദനത്തെക്കുറിച്ച് ശേഷഗിരി പ്രഭു എഴുതിയ ഒരു വ്യാഖ്യാന കൃതിയുടെ കയ്യെഴുത്തുപ്രതി കണ്ടെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് പ്രസിദ്ധീകരിച്ചതായി അറിയില്ലെന്ന് രമേശ് പൈയുടെ പുസ്തകം പറയുന്നു. ശേഷഗിരി പ്രഭുവിന്റെ പ്രസിദ്ധീകരിക്കപ്പെട്ടതും അല്ലാത്തതുമായ എല്ലാ രചനകളും കണ്ടെത്തി അവയെല്ലാം ഉൾപ്പെടുത്തി ഒരു സമഗ്ര ഗ്രന്ഥം പ്രസിദ്ധീകരിക്കാൻ ശേഷഗിരിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഉള്ളൂർ എസ്. പരമേശ്വര അയ്യർ ആവശ്യം ഉയർത്തിയിരുന്നെങ്കിലും അത് പ്രാവർത്തികമായില്ലെന്നും പുസ്തകം പറയുന്നു.

Certificate of Sahithya Kushalan issued to M. Seshagiri Prabhu by Cochin Raja Sri Ramavarmma-1918
കൊച്ചി രാജാവ് ശ്രീ രാമവർമ്മ എം. ശേഷഗിരി പ്രഭുവിന് നൽകിയ 'സാഹിത്യ കുശലൻ' ബഹുമതിപത്രം

‘സാഹിത്യ കുശലൻ’ ബഹുമതി:
മലയാള സാഹിത്യത്തിനും വ്യാകരണ ശാസ്ത്രത്തിനും ശേഷഗിരി പ്രഭു നൽകിയ വിലമതിക്കാനാകാത്ത സംഭാവനകളെ മുൻനിർത്തി കൊച്ചി രാജാവായിരുന്ന ശ്രീ രാമവർമ്മ പതിനാറാമൻ അദ്ദേഹത്തിന് ‘സാഹിത്യ കുശലൻ’ എന്ന ബഹുമതി നൽകി ആദരിച്ചു.

1918-ലെ കണ്ണൂർ ജില്ലാ സെൻസസ് ഹാൻഡ്‌ബുക്കിലും, 1919 ജൂൺ 28-ന് കോഴിക്കോട്ട് നിന്ന് എഴുതിയ ‘വ്യാകരണമിത്രം’ മൂന്നാം പതിപ്പിന്റെ മുഖവുരയിലും ഈ ബഹുമതിയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

അന്ത്യം:
കൊങ്കണി ഭാഷാ സമൂഹത്തിൽ ജനിച്ച്, മലയാള ഭാഷയിൽ വേരൂന്നി, മലയാള വ്യാകരണത്തിലും സാഹിത്യത്തിലും തനതു മുദ്ര പതിപ്പിച്ച സാഹിത്യകുശലൻ മാധവ ശേഷഗിരി പ്രഭു, 1924 മെയ് 24നു വിടപറഞ്ഞു. തന്റെ അവസാനക്കാലം ചെലവഴിച്ചിരുന്ന കോഴിക്കോട്ടെ ചാലപ്പുറത്തു വെച്ചായിരുന്നു അന്ത്യം.

സ്മാരകങ്ങൾ:
1925 ഫെബ്രുവരിയിൽ, ‘ശേഷഗിരി പ്രഭു മെമ്മോറിയൽ സ്കൂൾ’ എന്ന പേരിൽ കുട്ടികൾക്കായി ഒരു വിദ്യാലയം ചേർത്തലയിൽ ആരംഭിച്ചിരുന്നെങ്കിലും പിൽക്കാലത്ത് അത് നിർത്തലാക്കി. 1925-ൽ കോഴിക്കോട് കോർട്ട് റോഡിൽ ‘ശേഷഗിരി മെമ്മോറിയൽ പ്രസ്’ ആരംഭിക്കുകയും ‘ശേഷഗിരി’ എന്ന പേരിൽ ഒരു മലയാളം മാസിക പ്രസിദ്ധീകരിച്ചുവരികയും ചെയ്തിരുന്നു. 1925ൽ, ജി.എസ്.ബി. (GSB) പരിഷത്ത് തിരുവിതാംകൂറിൽ സ്ഥാപിച്ച ‘ശേഷഗിരി പ്രഭു മെമ്മോറിയൽ ലൈബ്രറി’ 1971-ൽ കൊച്ചിയിലെ സുകൃതീന്ദ്ര ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റി.

1980ൽ കീരിയത്ത് കുട്ടികൃഷ്ണൻ, ‘സാഹിത്യകുശലൻ എം. ശേഷഗിരി പ്രഭു’ എന്ന പേരിൽ ജീവചരിത്ര ഗ്രന്ഥവും 2007ൽ എൻ. പുരുഷോത്തമ മല്ല്യ, ‘കേരള വിഖ്യാത അമൂല്യ രത്ന സാഹിത്യകുശലൻ എം. ശേഷഗിരി പ്രഭു ശതകം’ എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Madhava Seshagiri Prabhu
മാധവ ശേഷഗിരി പ്രഭുവിന്റെ ഒരു ആദ്യകാല ചിത്രം

മലയാള വിജ്ഞാനഭൂപടത്തിലെ ശ്രദ്ധേയ അടയാളം:
മലയാള സാഹിത്യചരിത്രത്തിലെ വെറുമൊരു അദ്ധ്യായം മാത്രമല്ല മാധവ ശേഷഗിരി പ്രഭു; മലയാള ഭാഷ, വ്യാകരണം, വിദ്യാഭ്യാസം, സംസ്കാരം, സമുദായചരിത്രം എന്നിവ പരസ്പരം കൂടിച്ചേരുന്ന വിശാലമായ ഒരു വിജ്ഞാനഭൂപടത്തിലെ ശ്രദ്ധേയമായ ഒരു അടയാളമാണ്.

Image credits to: ‘Life and Works of Sahityakusalan M Seshagiri Prabhu’

Join with us