Aa Aana-Malayalam poem by Rajan C.H.

ആ ആന (ആനക്കവിതകൾ)

ഒറ്റയാന്‍:

കുട്ടിയുണ്ട്
കളിയാനയെ
നാട്ടിലിറക്കുന്നു.

ഒറ്റയാനായി
അവനതിനു പിറകെ
ചിന്നം വിളിക്കുന്നു.

അകത്തു നിന്നും
പുറത്തിറങ്ങും
ഒറ്റയാന്‍റെ ചിന്നം വിളിയെ
ആരാവും
വെടിവച്ചു വീഴ്ത്തിയതെന്ന്
അടുക്കളയില്‍ നിന്നും
ഓടി വരും അമ്മ
കാണും തൊടിയിലെ
മരങ്ങള്‍ക്കിടയില്‍
കാടെന്നു തിടംവെച്ച
ഇരുട്ട്.

താര:
കാട്ടില്‍
ആന നടക്കും വഴിയാകും
ആനത്താര.

ഞാന്‍ നടക്കും വഴിയാകണം
ജ്ഞാനത്താര.

ആകയാല്‍ ഞാന്‍
നടക്കാതെ
ജ്ഞാനത്തിനായിരിക്കും
വീട്ടില്‍.

.

തോട്ടി:

ആനപ്രാന്തനായിരുന്നു
അയാള്‍.

സ്വന്തമായൊരാനയെ
വാങ്ങണമെന്നായിരുന്നു
ജീവിതാഭിലാഷം.

അതിനുള്ള പണം
ഒത്തുവരാഞ്ഞതിനാല്‍
അയാളൊരു തോട്ടി വാങ്ങി

സന്തുഷ്ടനായി.

മദോന്മത്തം:

ആനയ്ക്ക് മദംപൊട്ടുമ്പോലെയല്ല
മനുഷ്യന് മദം പൊട്ടുന്നത്.

ആനയ്ക്ക് മദം പൊട്ടിയാല്‍
പരസ്യമാകും.

മനുഷ്യന് മദം പൊട്ടിയാലത്
രഹസ്യമാകും.

ആന ചിന്നംവിളിച്ചോടും.
മനുഷ്യന്‍ ഉന്നം പിടിച്ചോടും.

ആനയ്ക്ക് മദം പൊട്ടുന്നത്
ജൈവികം.
മനുഷ്യന് മദം പൊട്ടുന്നത്
ഫാസിസം.

തലച്ചോട്:

ആനക്കൂട്ടത്തില്‍
മുന്നില്‍ നടക്കും
തലയാനയുടെ കാല്‍പ്പാടില്‍
ചവിട്ടി നടക്കുമത്രെ
പിന്‍ നടക്കുമാനകള്‍
അത്രയ്ക്കുമായോയെന്നറിയാന്‍
തലയാനയെ ചവിട്ടി മാറ്റി
തലയാനയാവാന്‍.

ഞാനെന്‍റെ നേതാവിന്‍റെ
പിന്നാലെ നടക്കുന്നു
തട്ടിമാറ്റി നേതൃത്വമേറ്റെടുക്കാന്‍.
തലയാനയെന്നാല്‍
പിന്‍കാലാല്‍ ചവിട്ടിയകറ്റുന്നു
പറ്റുമ്പോഴൊക്കെ എന്നെ.
എന്‍റെ കാല്‍പ്പാദങ്ങള്‍
അയാളിലും വലുതായിട്ടും.