ഓണം സ്‌പെഷ്യൽ- 2026

Susovan Sonu Roy

സുശോഭൻ സോനു റോയ്: ബംഗാളി സിനിമയുടെ നാളത്തെ മുഖം

ഇരുട്ടിനും വെളിച്ചത്തിനും ഇടയിലൂടെ ഒരു കൊച്ചുകുട്ടി പതിയെ തന്റെ യാത്ര തുടങ്ങിയതാണ്. ധാരാളം കളിക്കൂട്ടുകാരെയും സ്വന്തം കളിച്ചിരികളെയും സങ്കടത്തോടെ പിന്നിലാക്കി, അസമിലെ ഗുവാഹത്തിയിൽ നിന്ന് കൊൽക്കത്തയിലേക്കും അവിടെനിന്ന് ബംഗാളിന്റെ ഗ്രാമപാതകളും നഗരവീഥികളും പിന്നിട്ട് ആ യാത്ര ഇന്നും തുടരുകയാണ്. ഏകാന്ത ബാല്യത്തിന്റെ നിസ്സഹായതയിൽനിന്ന് ആത്മവിശ്വാസം നിറഞ്ഞ യുവഅഭിനേതാവിന്റെ ഗരിമയിലേക്കുള്ള ഒരു യാത്ര. ആ യാത്രയുടെ പേരാണ് ‘സുശോഭൻ സോനു റോയ്’.

ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കുള്ള യാത്രയാണ് സുശോഭന്‍ സോനു റോയിയുടെ ജീവിതം. ബാല്യത്തില്‍ നേരിട്ട കനത്ത പ്രതിസന്ധികളോട് പൊരുതി, അമ്മയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പിന്‍ബലത്തില്‍ നൃത്തത്തിലൂടെയും മോഡലിംഗിലൂടെയും ബംഗാളി ടെലിവിഷന്‍ ലോകത്ത് സ്വന്തമായി ഇടംകണ്ടെത്തിയ കലാകാരന്‍. ‘ആനന്ദമോയി മാ’, ‘മോഹോര്‍’, ‘തിത്ലി’ തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ ശ്രദ്ധേയനായ സുശോഭന്‍, സൗമ്യജിത് ആദക് സംവിധാനം ചെയ്യുന്ന ‘ടേക്ക് കേര്‍ ഭലോബാസ’ എന്ന ചിത്രത്തിലെ ‘ജോയ്’ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ ഇപ്പോള്‍ വെള്ളിത്തിരയിലേക്കും ചുവടുവെക്കുകയാണ്. തന്റെ ജീവിതത്തെക്കുറിച്ചും അഭിനയമോഹങ്ങളെക്കുറിച്ചും സുശോഭന്‍ സംസാരിക്കുന്നു.

പ്രതിസന്ധികള്‍ നിറഞ്ഞ ബാല്യത്തില്‍നിന്ന് ഇന്നത്തെ അഭിനേതാവിലേ ക്കുള്ള യാത്രയെ എങ്ങനെ നോക്കിക്കാണുന്നു?

അസമിലെ ഗുവാഹത്തിയിലും കൊല്‍ക്കത്തയിലുമായിട്ടായിരുന്നു എന്റെ ബാല്യം. മൂന്നര വയസ്സുള്ളപ്പോഴാണ് ഒരു വാഹനാപകടത്തിന്റെ രൂപത്തില്‍ അച്ഛന്‍ സനത് കുമാര്‍ ഞങ്ങളെ വിട്ടുപോകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ആണവോര്‍ജ്ജ വകുപ്പിന് (DAE) കീഴിലുള്ള VECCയിലെ ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍. അച്ഛന്റെ വേര്‍പാട് ജീവിതത്തില്‍ വലിയൊരു ഇരുട്ടാണ് സമ്മാനിച്ചത്. പിന്നീട് അമ്മ അനിതയുടെ നിശ്ചയദാര്‍ഢ്യമാണ് എന്നെ മുന്നോട്ട് നയിച്ചത്. ഒരു തുണിക്കടയില്‍ ജോലി ചെയ്താണ് അമ്മ എന്നെ വളര്‍ത്തിയത്. അമ്മയുടെ എല്ലാ പ്രതീക്ഷയും എന്നിലാണ്. ഞാന്‍ മാത്രമാണ് അമ്മയ്ക്കുള്ളത്. അതേസമയം, എന്റെ കരിയറും ഭാവിയും ജീവിതവും തുടങ്ങി എന്റെ എല്ലാ ഇഷ്ടാനിഷ്ടങ്ങളും തിരഞ്ഞെടുക്കാനുള്ള പൂര്‍ണ്ണസ്വതന്ത്രവും ചെറുപ്പം മുതലേ അമ്മ എനിക്കു തന്നിരുന്നു. അമ്മയുടെ ആ ഒരു പ്രോത്സാഹനമാണ് ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ ഈ മേഖലതന്നെ തിരഞ്ഞെടുക്കാന്‍ എനിക്ക് ധൈര്യം തന്നത്.

കൊമേഴ്സ് ബിരുദധാരിയായ താങ്കള്‍ എങ്ങനെയാണ് കലയുടെ ലോകത്തേക്ക് എത്തിയത്?

ദം ദം മോട്ടിജീല്‍ കോളേജില്‍ നിന്ന് ബിരുദം നേടി പുറത്തിറങ്ങുമ്പോള്‍, മറ്റു ബിരുദധാരികളെപോലെ ആദ്യം എന്തെങ്കിലും ഒരു ജോലി എന്നതായിരുന്നു എന്റെയും ലക്ഷ്യം. അമ്മയുടെ കഷ്ടപ്പാടുകള്‍ക്ക് ഒരു അവസാനം ഉണ്ടാകണമല്ലോ… പക്ഷെ, അപ്പോഴും അമ്മയാണ് എന്നെ കലാ ലോകത്തേക്ക് എത്താന്‍ പ്രോത്സാഹിപ്പിച്ചത്. അതിനു പ്രധാന കാരണം, വെസ്റ്റേണ്‍ പോപ്പ് ഡാന്‍സിനോടുള്ള എന്റെ അടുപ്പമായിരുന്നു. സ്‌കൂള്‍ കാലം തൊട്ടേ അതില്‍ ഒരുപാട് കഴിവ് തെളിയിച്ചിട്ടുണ്ട്. പിന്നീട്, ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സും പഠിച്ചു. അങ്ങനെ, വെസ്റ്റേണും ഇന്ത്യനും ഒരുപോലെ എനിക്ക് വഴങ്ങി. അതിനിടെ, നിരവധി വേദികളിലും ഡാന്‍സ് ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചുപോന്നു. ഞാനൊരു അറിയപ്പെടുന്ന ഡാന്‍സറാകും എന്നായിരുന്നു അമ്മയുടെ പ്രതീക്ഷ. ഇതിനിടയിലാണ്, എനിക്ക് അഭിനയത്തോടും താല്‍പ്പര്യമുണ്ടാകുന്നത്. പിന്നീട്, അതിനുള്ള ശ്രമങ്ങളായി.

അഭിനയത്തിലേക്കുള്ള ചുവടു മാറ്റം എങ്ങനെയായിരുന്നു?

നൃത്തത്തില്‍ നിന്നും ആദ്യത്തെ ചുവടു മാറ്റം നടന്നത് മോഡലിംഗിലേക്കാണ്. മോഡലിംഗില്‍ ഡാബര്‍, ടൈറ്റന്‍ ഐ+, ആമസോണ്‍ തുടങ്ങി നിരവധി മുന്‍നിര ബ്രാന്‍ഡുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ‘എത്‌നിക് എലിഗന്‍സ് 2025’ മത്സരത്തില്‍ ഒന്നാം റണ്ണര്‍-അപ്പ് ആകാനും സാധിച്ചു. അതേസമയം, അഭിനയരംഗത്ത് എത്തിപ്പെടുക എന്നത് അത്ര എളുപ്പമായിരുന്നില്ല. കാര്യമായ സാമ്പത്തികശേഷിയോ കലാപരമായ കുടുംബപശ്ചാത്തലമോ ഇല്ലാത്ത ഒരാള്‍ക്ക് നേരിടേണ്ടി വരുന്ന എല്ലാ പ്രയാസങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ, ഞാന്‍ പിന്തിരിഞ്ഞില്ല. നിരന്തരമായ ഒരുപാട് നിരസിക്കപ്പെടലുകള്‍ക്ക് ശേഷം, സംവിധായകന്‍ പിയൂഷ് സാഹയുടെ അഭിനയക്കളരി യില്‍ രണ്ട് വര്‍ഷത്തോളം പരിശീലനം നേടാന്‍ സാധിച്ചു. അതാണ് അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്.

Susovan Sonu Roy Photos

മിനിസ്‌ക്രീനിലെ തുടക്കം എങ്ങനെയായിരുന്നു?

2019ല്‍ ‘ആനന്ദമോയി മാ’ എന്ന പരമ്പരയിലെ ഒരു വൈഷ്ണവ ഭക്തന്റെ വേഷത്തിലൂടെയാണ് തുടക്കം. അതൊരു ചെറിയ വേഷമായിരുന്നു. പക്ഷെ, അത് ശ്രദ്ധിക്കപ്പെട്ടു. അതിനെ തുടര്‍ന്ന് മിനിസ്‌ക്രീനില്‍ ധാരാളം അവസരങ്ങള്‍ ലഭിച്ചു. പിന്നീട്, സ്റ്റാര്‍ ജല്‍ഷയിലെ ‘കോറ പാഖി’, ‘മോഹോര്‍’, ‘തിത്ലി’, ‘ജമുന ഢാകി’, ‘ഖേലാഘോര്‍’ തുടങ്ങിയ പരമ്പരകളില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. ഈ വേഷങ്ങളാണ് ബംഗാളി പ്രേക്ഷകര്‍ക്കിടയില്‍ എനിക്ക് ഒരു മേല്‍വിലാസം ഉണ്ടാക്കിത്തന്നത്.

ഇപ്പോള്‍, മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് എത്തിയിരിക്കുകയാണല്ലോ? റിലീസിംഗിന് ഒരുങ്ങുന്ന ‘ടേക്ക് കേര്‍ ഭലോബാസ’ എന്ന ചിത്രത്തിലെ വേഷം പ്രതീക്ഷ നല്കുന്നതാണോ?

തീര്‍ച്ചയായും. ചിത്രത്തിന്റെ പ്രിവ്യൂ കഴിഞ്ഞപ്പോള്‍ ബിഗ് സ്‌ക്രീനിലും എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് തോന്നി. തന്നെയുമല്ല, ചിത്രത്തെ കുറിച്ച് എഴുതിയ മീഡിയകള്‍ പ്രധാനമായും എടുത്തു പറഞ്ഞ കഥാപാത്രം ഞാന്‍ ചെയ്തതായിരുന്നു. നാല് കൂട്ടുകാരുടെ ബന്ധത്തിന്റെയും പ്രണയത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന ചിത്രമാണിത്. അതില്‍, ആ നാല് സുഹൃത്തുക്കളുടെ വൈകാരിക സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുന്ന ‘ജോയ്’ എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. സ്വന്തം ജീവിതത്തില്‍ നേരിടേണ്ടി വന്ന വൈകാരികതലങ്ങള്‍ ഉള്ളില്‍ കിടക്കുന്നതുകൊണ്ടാകാം, ആ കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ എനിക്ക് എളുപ്പമായിരുന്നു. സൗമ്യജിത് ആദക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഇതൊരു ബിഗ് ബഡ്ജറ്റ് ചിത്രമല്ല. പക്ഷെ, ഇതില്‍ പ്രവര്‍ത്തിച്ചവരെല്ലാം ഈ മേഖലയില്‍ വളരെ പരിചയ സമ്പന്നരാണ്. ബംഗാളി സിനിമയിലും ടെലിവിഷന്‍ രംഗത്തും ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന സോളങ്കി റോയ്, സൗമ്യ മുക്കര്‍ജി, രാഹുൽ മജുംദാർ, ശ്രീമ ഭട്ടാചാര്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം എന്റെ ആദ്യത്തെ സിനിമ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

ഏറ്റവും ഇഷ്ടപ്പെട്ട പഴയ ബംഗാളി സിനിമ ഏതാണ്?

പഴയ ബംഗാളി സിനിമകളില്‍ എനിക്ക് ഏറെ പ്രിയപ്പെട്ടവയായി ഒന്നിലേറെ ചിത്രങ്ങളുണ്ട്. അതുകൊണ്ടുതന്നെ അതിലൊന്നിനെ മാത്രമായി ‘എന്റെ ഫേവറിറ്റ്’ എന്ന് എടുത്തുപറയുക അല്പം ബുദ്ധിമുട്ടാണ്. ബംഗാളി സിനിമകള്‍ കണ്ടുകൊണ്ടാണ് ഞാന്‍ വളര്‍ന്നത്. ആ സിനിമകളും അതിലെ അഭിനേതാക്കളുടെ പ്രകടനങ്ങളും ഇന്നും മനസ്സിനോട് ചേര്‍ന്നുനില്‍ക്കുന്നു. ഓരോ സിനിമയ്ക്കും അതിന്റേതായ തനിമയുണ്ട്; ബംഗാളി സിനിമയുടെ സമ്പന്നമായ ആ പാരമ്പര്യത്തെയും പെരുമയെയും അവ നമ്മളെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും.

Read Also  പ്രണയത്തിന്റെ ചിറകൊച്ച/എം ചന്ദ്രപ്രകാശ് എഴുതിയ കവിത/പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ്-2025

ഏറ്റവും ഇഷ്ടപ്പെട്ട ബംഗാളി നടന്‍ ആരാണ്?

ബംഗാളി സിനിമയില്‍ എനിക്ക് എന്നും പ്രിയപ്പെട്ട രണ്ട് താരങ്ങളാണ് മിഥുന്‍ ചക്രവര്‍ത്തിയും പ്രസന്‍ജിത് ചാറ്റര്‍ജിയും. ചെറുപ്പം മുതലേ ഇവരുടെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതുകൊണ്ടുതന്നെ ഇവരുടെ വേഷങ്ങളോട് എനിക്കൊരു പ്രത്യേക ആത്മബന്ധമുണ്ട്. വെല്ലുവിളികള്‍ നിറഞ്ഞ ഏത് കഥാപാത്രത്തെയും തങ്ങളുടേതായ ശൈലിയില്‍ മാറ്റിയെടുക്കാനുള്ള ഇവരുടെ അഭിനയപാടവവും സ്‌ക്രീന്‍ സാന്നിധ്യവും എന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരു അഭിനേതാവെന്ന നിലയില്‍ ഇവരുടെ സിനിമാജീവിതം എനിക്ക് വലിയൊരു പ്രചോദനമാണ്.

കേരളത്തിലെ തിയേറ്ററുകളില്‍ ബംഗാളി സിനിമകള്‍ സാധാരണയായി എത്താറില്ലെങ്കിലും, ഇവിടെ നടക്കുന്ന രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളില്‍ (IFFK പോലുള്ളവ) ബംഗാളി സിനിമകള്‍ക്ക് വന്‍ സ്വീകാര്യത ലഭിക്കാറുണ്ട്. താങ്കളുടെ കാഴ്ചപ്പാടില്‍, ബംഗാളി സിനിമകളോട് മലയാളി പ്രേക്ഷകര്‍ക്കുള്ള ഈ താല്പര്യത്തിന്റെ രഹസ്യം എന്തായിരിക്കും?

ഭാഷ ഏതായാലും നല്ല സിനിമകളെ നെഞ്ചേറ്റുന്നവരാണ് മലയാളി പ്രേക്ഷകര്‍. ബംഗാളി സിനിമയ്ക്ക് എന്നും ശക്തമായ കഥപറച്ചിലിന്റെ പാരമ്പര്യമുണ്ട്. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ അതിന്റേതായ ഒരു അടയാളം എന്നും ഞങ്ങള്‍ക്കുണ്ട്. കേരളത്തില്‍ ബംഗാളി സിനിമകള്‍ വാണിജ്യാടിസ്ഥാനത്തില്‍ റിലീസ് ചെയ്യുന്നില്ലെങ്കില്‍പ്പോലും, ഫിലിം ഫെസ്റ്റിവലുകളില്‍ അവ ആവേശത്തോടെ സ്വീകരിക്കപ്പെടുന്നു എന്നത് മലയാളികളുടെ സിനിമാഭിരുചിയെയാണ് കാണിക്കുന്നത്. ബംഗാളി സിനിമകള്‍ കൂടുതല്‍ തിയേറ്ററുകളിലൂടെയോ മറ്റു പ്ലാറ്റ്ഫോമുകളിലൂടെയോ മലയാളികള്‍ക്ക് മുന്നിലേക്ക് എത്തിയാല്‍ ഈ സ്വീകാര്യതയും താല്പര്യവും ഇനിയും ഒരുപാട് വര്‍ധിക്കും എന്ന് എനിക്ക് തോന്നുന്നു.

മലയാള സിനിമകള്‍ കാണാറുണ്ടോ? ഭാഷ ഒരു തടസ്സമായി തോന്നിയിട്ടുണ്ടോ?

തീര്‍ച്ചയായും, ഞാന്‍ മലയാള സിനിമകളുടെ വലിയ ആരാധകനാണ്. ബംഗ്ലാ പോലെ, മലയാള സിനിമകളുടെ സ്വാഭാവികമായ കഥപറച്ചിലും യാഥാര്‍ത്ഥ്യത്തോടു ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രങ്ങളും എന്നെ എന്നും ആകര്‍ഷി ച്ചിട്ടുണ്ട്. പ്രകൃതിദത്തമായ അഭിനയശൈലിയാണ് മലയാളത്തിലേത്. അത് ആസ്വദിക്കാന്‍ ഭാഷ ഒരു തടസ്സമല്ല. ഈ അടുത്ത കാലത്ത് ഞാന്‍ കണ്ട ‘ആവേശം’, ‘മാര്‍ക്കോ’, അതുപോലെ ‘ലോക’ തുടങ്ങിയ സിനിമകളൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമായി. ഇനിയും ഒരുപാട് മലയാള സിനിമകള്‍ കണ്ടുതീര്‍ക്കാനുണ്ട് എന്നൊരു ഫീല്‍ നില്‍ക്കുന്നു.

Susovan Sonu Roy Family
അമ്മ അനിതയ്‌ക്കൊപ്പം സുശോഭൻ സോനു റോയ് | സുശോഭന്റെ അച്ഛൻ സനത് കുമാറും അമ്മ അനിതയും (ഫയൽ)

കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്?

കൊല്‍ക്കത്തയിലും പശ്ചിമ ബംഗാളിന്റെ മറ്റു ഭാഗങ്ങളിലുമുള്ള മലയാളി സംഘടനകള്‍ വര്‍ഷങ്ങളായി ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇതുവരെ നേരിട്ടൊരു ആഘോഷത്തില്‍ പങ്കാളിയാകാന്‍ എനിക്ക് സാധിച്ചിട്ടില്ല. മുന്‍പ് പത്രങ്ങളിലും ടിവിയിലും ഇതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കാണാറുണ്ടായിരുന്നെങ്കിലും അത്ര ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയ സജീവമായതോടെ ഓണത്തിന്റെ ചിത്രങ്ങളും വീഡിയോകളും നിരന്തരം കാണാറുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഞാനും ഒരു വലിയ ഓണം ഫാനാണ്. നിങ്ങളെപ്പോലെ ഞാനും ഇന്ന് ഓണത്തെ ഒരുപാട് ഇഷ്ടപ്പെടുന്നു. ലോകത്തിന്റെ പല കോണുകളില്‍ ചിതറിക്കിടക്കുന്ന ഒരു വലിയ കുടുംബത്തിലെ അംഗങ്ങളെല്ലാം ഒരു പ്രത്യേക ദിവസം ഒത്തുചേര്‍ന്ന് ആഘോഷിക്കുന്നതിന്റെ ഒരു സന്തോഷമുണ്ട് ഓണത്തിന്; അതുകൊണ്ടു തന്നെ, മറ്റു പല ഉത്തരേന്ത്യന്‍ ആഘോഷങ്ങളില്‍ നിന്നും ഓണം വേറിട്ടുനില്കുന്നതായി തോന്നിയിട്ടുണ്ട്. മുൻപ് കേട്ടറിഞ്ഞതിനേക്കാള്‍ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ അതിന്റെ ആഘോഷം തൊട്ടറിയാന്‍ എനിക്ക് സാധിക്കുന്നു.

ഉത്തരേന്ത്യന്‍ ആഘോഷങ്ങളില്‍ നിന്നും കേരളത്തിലെ ആഘോഷങ്ങള്‍ക്കുള്ള, പ്രത്യേകിച്ചും ഓണത്തിനുള്ള പ്രധാന വ്യത്യാസമായി തോന്നിയത് എന്താണ്?

ആഘോഷിക്കുന്ന രീതിയിലും പാരമ്പര്യത്തിലുമാണ് പ്രധാന വ്യത്യാസം. ഉത്തരേന്ത്യയില്‍ പല ഉത്സവങ്ങളും വര്‍ണ്ണങ്ങള്‍, ദീപങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, വലിയ ജനക്കൂട്ടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. എന്നാല്‍ ഓണം അതില്‍നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു; കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവുമായാണ് അത് ചേര്‍ന്നുനില്‍ക്കുന്നത്. പൂക്കളം, ഓണസദ്യ, പരമ്പരാഗത വസ്ത്രധാരണം, കുടുംബങ്ങള്‍ ഒന്നിച്ചുകൂടുന്ന നിമിഷങ്ങള്‍… ഇതൊക്കെയാണ് ഓണത്തെ ഇത്രയും മനോഹരമാക്കുന്നത്.

ഇതില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി തോന്നിയത് ‘പൂക്കളം’ ഇടുന്നതാണ്. മടുപ്പില്ലാതെ കണ്ടുനില്‍ക്കാന്‍ തോന്നുന്ന ഒന്ന്. വത്യസ്തങ്ങളായ പൂക്കള്‍ കൊണ്ട് അതിരാവിലെ ഒരുക്കുന്ന ഈ ‘ഫ്‌ളവര്‍ രംഗോലി’ ലോകത്ത് വേറൊരു ഉത്സവത്തിലും ഉണ്ടെന്ന് തോന്നുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ട പഴയൊരു രാജാവിനെ സ്വീകരിക്കാനും സന്തോഷിപ്പിക്കാനും വേണ്ടി ദിവസങ്ങളോളം ഇത്തരത്തില്‍ പൂക്കളമൊരുക്കുന്നു എന്നത് മലയാളികള്‍ക്ക് ഓണത്തോടുള്ള വൈകാരികമായ അടുപ്പമാണ് വ്യക്തമാക്കുന്നത്.

പുതിയ വസ്ത്രങ്ങള്‍ അണിഞ്ഞ്, എല്ലാവരും ഒന്നിച്ച് ചേര്‍ന്നിരുന്ന് സദ്യ കഴിക്കുന്നതിനെക്കുറിച്ചൊക്കെ കേള്‍ക്കുമ്പോള്‍ ഒരിക്കലെങ്കിലും എനിക്കും ഓണം നേരിട്ട് ആഘോഷിക്കണമെന്ന് തോന്നാറുണ്ട്. ചിലപ്പോള്‍ അടുത്തൊരു ഓണക്കാലത്ത് അത് സംഭവിച്ചേക്കാം. അത് കേരളത്തില്‍ വെച്ചായാല്‍ എനിക്ക് കൂടുതല്‍ സന്തോഷം.

Take care bhalobasa Poster
ടേക്ക് കേര്‍ ഭലോബാസ പോസ്റ്റർ

രണ്ടാം ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം

Join with us