
പ്രതീക്ഷ
ഇടിമുഴക്കം കേട്ടപ്പോൾ അവൾക്ക് വളരെ സന്തോഷമായി. സ്കൂൾ വിട്ട് പോകാൻ ഒരുങ്ങും നേരം ഇന്നെങ്കിലും മഴ പെയ്യണേ എന്നതായിരുന്നു അവളുടെ പ്രാർത്ഥന. പുസ്തകങ്ങൾ അടുക്കിവെക്കുമ്പോൾ കൂട്ടുകാരി പറഞ്ഞു,
“ഇന്ന് മഴ പെയ്യും.”
പക്ഷെ, മഴ പെയ്തില്ല. ചുരുട്ടിക്കെട്ടിയ കുടയും ബേഗുമായി വീട്ടിലേക്ക് നടക്കുമ്പോൾ അവൾക്ക് സങ്കടം തോന്നി. ഒരാഴ്ച മുമ്പാണ് പുതിയ കുട വാങ്ങിയത്. കമ്പിക്കാലിൽ, ഭംഗിയുള്ള ഗ്ലാസിന്റെ പിടിയോടുകൂടിയ വയലറ്റ് കുട. വളഞ്ഞ പിടിക്കുള്ളിൽ അഴകുള്ള രണ്ട് വയലറ്റ് പൂക്കളും.
അന്ന് രാത്രിയും അവൾ പുതുമണം വിട്ടുപോകാത്ത ആ കുടയും കെട്ടിപ്പിടിച്ചാണ് കിടന്നുറങ്ങിയത്. അതിന്റെ പിടിയിലെ വയലറ്റ് പൂക്കളിലേക്ക് നോക്കി കിടന്നപ്പോൾ അവളുടെ ദുഃഖമെല്ലാം പമ്പകടന്നു. അവളിൽ പ്രതീക്ഷ വീണ്ടും നാമ്പിട്ടു. അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു.
എന്താണെന്നറിയില്ല, ആ കുട കിട്ടിയതിൽപിന്നെ മഴ പെയ്തിട്ടേയില്ല. കാർമേഘങ്ങൾ, പെയ്തിറങ്ങാതെ തൂങ്ങി തന്നെ നിൽക്കുന്നു. മഴയില്ലാത്ത ദിവസമായിട്ടും സ്കൂൾ തുറന്ന ദിവസം കുട ചൂടിയാണ് പോയത്. ടീച്ചർമാർ ചിരിച്ചു, കൂട്ടുകാർ കളിയാക്കി. അവൾ അതൊന്നും മൈൻഡ് ചെയ്തില്ല.
പിറ്റേന്ന്, സ്‌കൂളിൽ പോകാൻ നേരം പതിവുപോലെ ഉമ്മറത്ത് കിടന്ന പത്രമെടുത്തു നിവർത്തി. ദേശീയ- അന്തർദേശീയ വാർത്തകളിലൂടെ കണ്ണോടിച്ച് എല്ലാം മനസ്സിലായതായി ഭാവിച്ചു. അതിനിടെ, കാലാവസ്ഥ എന്ന തലക്കെട്ടിൽ കണ്ണുടക്കിയപ്പോൾ ജിജ്ഞാസയോടെ വായിച്ചു:
“ഇത്തവണ കാലവർഷം വൈകും.”
അത് വായിച്ചതും അവൾ സങ്കടത്തോടെ കുടയുടെ പിടിയിലേക്ക് നോക്കി. അവിടെ അപ്പോഴും വയലറ്റ് പൂക്കൾ ചിരിച്ചു നില്ക്കുന്നുണ്ട്. അവൾ പ്രതീക്ഷയോടെ മുറ്റത്തേക്ക് ഇറങ്ങി.







