AI illustration by Surya for the Malayalam poem Pretham by Safeed Ismail

പ്രേതം

ഴയ വീട്ടിൽ
ഇടയ്ക്കൊക്കെ
ഞാൻ പോയി നോക്കാറുണ്ട്.
ഇപ്പോൾ അവിടെ
ആരും താമസിക്കുന്നില്ല.
മുറ്റത്തെ മാവു മാത്രം
എന്നെ തിരിച്ചറിയുന്ന പോലെ നിൽക്കും.
വാതിലിനരികിൽ നിന്നാൽ
അകത്തുനിന്ന്
പഴയ ചിരികളുടെ ശബ്ദം കേൾക്കുന്നതുപോലെ തോന്നും.
ശരിക്കും കേൾക്കുന്നതല്ല,
ഓർമ്മ
ചിലപ്പോൾ ചെവിയാകാറുണ്ട്.
അവിടെ ഞാൻ
ഒരിക്കൽ ജീവിച്ചിരുന്നു എന്ന്
ഇപ്പോൾ തെളിയിക്കാൻ
കയ്യിലൊന്നുമില്ല.
ഫോട്ടോകൾ പോയി,
ഫോണുകൾ മാറി,
തലമുറമാറ്റവും സംഭവിച്ചു.
പക്ഷേ
ആ വീട്ടിലെ വാതിൽ
ചില രാത്രികളിൽ
ആരോ തുറക്കാറുണ്ടെന്ന്
അടുത്ത വീട്ടുകാർ പറയുന്നു.
കാറ്റായിരിക്കാം.
അല്ലെങ്കിൽ
തിരിച്ചു വരില്ലെന്ന് പറഞ്ഞിട്ടും
ഇടയ്ക്കിടെ തിരിച്ചു വരുന്ന
ആരുടെയൊക്കെയോ
സ്വപ്നങ്ങളുമാകാം.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹