Published on May 13, 2026

പെണ്‍വേഷം
ചില പാമ്പുകള്‍ കടിച്ചാലും
വിഷമില്ലത്രെ,
കാമം തീണ്ടാത്ത ചില
പെണ്ണുങ്ങളെപ്പോലെ.
അവര്‍ പ്രണയത്തോടെ
ചുംബിച്ചാലും
അമ്മയെന്നു തോന്നും.
ചില പാമ്പുകളൊന്നു തൊട്ടാലേ
വിഷം കയറി നീലിക്കും,
ചില പെണ്ണുങ്ങളെപ്പോലെ.
ഒരു നോട്ടം മതി,
ആത്മാവും നീലിച്ചു പോകും.
പെണ്ണുങ്ങളത്രയും
പാമ്പുകളാണെന്നാവുന്നതെപ്പോള്‍?
അവര്‍ കെട്ടിപ്പുണരുമ്പോള്‍,
പിണഞ്ഞു ചുറ്റുമ്പോള്‍.

എന്നാലും ചില പെണ്ണുങ്ങളുണ്ട്
സൗഹൃദത്തിന്റെ കൈകള്‍
തോളില്‍ച്ചേര്‍ത്ത്
ഒപ്പത്തിനൊപ്പമെന്ന്
നടക്കുമ്പോള്‍.
അവരപ്പോള്‍ ഇഴയുകയല്ല.
വാലിലുടലുയര്‍ത്തി
തലയുയര്‍ത്തി നടക്കും.
സമൂഹമവരെ
ചേര്‍ത്തുനിര്‍ത്തും.
എന്നാലും കാമക്കണ്ണുകളവരെ
തിരിച്ചറിയുകയില്ല.
പുരുഷനെപ്പോഴും
കാമത്തിന്റെ വിഷം തീണ്ടി
നീലിച്ചൊടുങ്ങുക തന്നെയാവും.
Trending Now
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പില്‍ താമസം. ഇരുപത് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.






