AI illustration of Surya for The Last Temptation of Christ, novel by Nikos Kazantzakis
AI illustration of Surya for The Last Temptation of Christ, novel by Nikos Kazantzakis

ദി ലാസ്റ്റ് റ്റെംറ്റേഷൻ ഓഫ് ക്രൈസ്റ്റ്

മുറ്റത്ത് കാൽപ്പെരുമാറ്റം കേട്ട് അദ്ദേഹം കണ്ണുതുറന്നു. അത് മറിയയായിരുന്നു. ധ്യാനത്തിൽ മുഴുകിയിരിക്കുന്ന അദ്ദേഹത്തെ കണ്ട് അവൾ വന്ന് ആ പാദങ്ങൾക്കരികിൽ ഇരുന്നു. യേശു തന്റെ കൈകൾ, ഇപ്പോൾ അദ്ദേഹത്തിന്റേതെന്നപോലെ നരച്ചിരിക്കുന്ന അവളുടെ കറുത്തിരുണ്ട മുടിയിൽ വെച്ചു. വർണ്ണിക്കാനാവാത്ത ഒരു ആർദ്രത അദ്ദേഹത്തെ കീഴടക്കി. ‘എന്റെ കൈകളിൽ കിടന്നാണല്ലോ ഇവൾ നരച്ചത്,’ അദ്ദേഹം ചിന്തിച്ചു, ‘എന്റെ കൈകളിൽ കിടന്നാണല്ലോ ഇവൾ നരച്ചത്…’ യേശു കുനിഞ്ഞ്, അവളോട് സംസാരിച്ചു:

“നിനക്ക് ഓർമ്മയുണ്ടോ പ്രിയപ്പെട്ട മറിയമേ, നിന്റെ വീടിന്റെ പടിവാതിൽ കടന്ന് ഞാനതിന്റെ നാഥനായി വന്ന ആ അനുഗൃഹീത ദിനം മുതൽ എത്ര തവണ മീവൽപക്ഷികൾ വന്നുപോയി എന്ന് നിനക്ക് ഓർമ്മയുണ്ടോ? നിന്റെ ഭർത്താവായതിന് ശേഷം എത്ര തവണ നമ്മൾ ഒരുമിച്ച് വിതച്ചു, കൊയ്തു, മുന്തിരിയും ഒലീവും വിളവെടുത്തു? മറിയമേ നിന്റെ മുടി നരച്ചിരിക്കുന്നു, ധീരയായ മാർത്തയുടെ മുടിയും നരച്ചിരിക്കുന്നു.”

“അതേ പ്രിയപ്പെട്ടവനേ, നമ്മൾ നരച്ചുപോയി,” മറിയം മറുപടി നൽകി. “വർഷങ്ങൾ കടന്നുപോകുന്നു… നമ്മൾ ഇപ്പോൾ ഇരിക്കുന്ന ഈ മുന്തിരിവള്ളി നട്ടുപിടിപ്പിച്ചത് ഓർമ്മയുണ്ടോ? നിങ്ങളെ മയക്കി ബോധം കെടുത്തിയ ആ ശപിക്കപ്പെട്ട കൂനൻ വന്ന വർഷമായിരുന്നു അത്. എത്ര വർഷങ്ങളായി നമ്മൾ ഈ മുന്തിരിപ്പഴങ്ങൾ കഴിക്കുന്നു?”

ഇരുപതാം നൂറ്റാണ്ടിലെ ഗ്രീക്ക് സാഹിത്യത്തിൽ ഏറ്റവും സ്വാധീനമുണ്ടായിരുന്ന എഴുത്തുകാരനും ദാർശനികനുമായിരുന്ന നിക്കോസ് കസാൻദ് സാക്കീസിന്റെ വിശ്വവിഖ്യാതമായ ‘ഒ തെലെഫ്‌തിയോസ് പിരാസ്മോസ്’ എന്ന ഗ്രീക്ക് നോവലിന്റെ  ഇംഗ്ലീഷ് പരിഭാഷയായ ‘ദി ലാസ്റ്റ് റ്റെംറ്റേഷൻ ഓഫ് ക്രൈസ്റ്റി’ ന്റെ അവസാനത്തെ അദ്ധ്യായമായ, മുപ്പത്തി മൂന്നാം അദ്ധ്യായത്തിൽ യേശു ക്രിസ്തുവും നോവലിൽ ക്രിസ്തുവിന്റെ ഭാര്യയായ മഗ്ദലന മറിയവും തമ്മിലുള്ള ഒരു സംഭാഷണമാണ് മുകളിൽ ചേർത്തിട്ടുള്ളത്.

ശീർഷകം പോലെ തന്നെ എന്നെ ഒരുപാട് പ്രലോഭിപ്പിച്ച ഒരു നോവലാണ് ‘ദി ലാസ്റ്റ് റ്റെംറ്റേഷൻ ഓഫ് ക്രൈസ്റ്റ്’. 1955ൽ പുറത്തിറങ്ങിയ ‘ഒ തെലെഫ്‌തിയോസ് പിരാസ്മോസ്’ 1960ൽ പീറ്റർ അഡോൾഫ് ബീൻ ആണ് ഇംഗ്ലീഷിലേക്ക് ട്രാൻസ്ലേറ്റ് ചെയ്തത്. ‘ക്രിസ്തുവിൻ്റെ അന്ത്യ പ്രലോഭനം’ എന്ന പേരിൽ മലയാളത്തിലും വിവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്.

ഈ നോവൽ ബൈബിളിന്റെ ഒരു പരിഭാഷയല്ല. ഒരു പുനഃരാഖ്യാനം ആണെന്നും പറയാൻ കഴിയില്ല. ബൈബിൾ യേശുവിനെ ദൈവീകതയിലേക്ക് നയിക്കുമ്പോൾ ഈ നോവൽ അദ്ദേഹത്തെ കേവലം ഒരു മനുഷ്യനിലേക്കായി തളച്ചിടുന്നു. യേശുവിന്റെ അത്ഭുത പ്രവൃത്തികളെക്കാൾ യേശു എന്ന ഒരു സാധാരണ മനുഷ്യന്റെ ഉള്ളിലുണ്ടാകുന്ന ഭയം, സംശയം, ആഗ്രഹം തുടങ്ങിയ മാനുഷിക വികാരങ്ങൾക്ക് ഈ നോവൽ ഊന്നൽ നൽകുന്നു.

AI illustration of Surya for The Last Temptation of Christ Cover Page, designed by Sandy Kossin
The cover art was created by Sandy Kossin in 1968 and recreated by Surya with AI in 28-04-2026

മനുഷ്യ കല്പിതമായ വധശിക്ഷയ്ക്ക് വിധേയപ്പെട്ട്, അവസാന നിമിഷങ്ങളെണ്ണി കുരിശിൽ കിടക്കുന്ന യേശുവിന്റെ ഉള്ളിൽ, ഒരു സ്വപ്നാടനം പോലെ കടന്നുപോകുന്ന ദൃശ്യാനുഭവങ്ങളാണ് മഗ്ദലന മറിയവുമായുള്ള അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തെ ഈ നോവൽ വരച്ചിടുന്നത്. ഈയൊരു വ്യതിരിക്തതയിൽ നിന്നുകൊണ്ട്, ഈ നോവലിനെ തത്ത്വചിന്താപരവും ആത്മീയവും ആയ ഒരു പരീക്ഷണം എന്നോ മനശ്ശാസ്ത്രപരമായ ഒരു അന്വേഷണം എന്നോ പറയുന്നതാകും കൂടുതൽ ശരി.

തന്റെ യൗവനം മുതൽക്കുള്ള സകല സന്തോഷങ്ങളുടെയും ദുഃഖങ്ങളുടെയും ഉറവിടം എന്നത്, ആത്മാവും ശരീരവും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന അടങ്ങാത്തതും നിർദ്ദയവുമായ ഒരു യുദ്ധമാണെന്ന കണ്ടെത്തലിൽ നിന്നാണ് കസാൻദ്സാക്കീസ് ‘ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം’ എന്ന വിശ്വവിഖ്യാതമായ ഈ നോവലിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. അതിലൂടെ അദ്ദേഹം എത്തുന്നത് ക്രിസ്തുവിൽ അന്തർലീനമായിരിക്കുന്ന ദ്വന്ദവ്യക്തിത്വത്തിലേക്കാണ്.

ദൈവത്തിലെത്താനും ദൈവത്തിലേക്ക് മടങ്ങാനും ദൈവവുമായി താദാത്മ്യം പ്രാപിക്കാനും ഉള്ള ഉള്ളിലെ ദാഹം തനിക്കെന്നും ഒരു നിഗൂഢമായിരുന്നു എന്ന് നോവലിന്റെ ആമുഖത്തിൽ തന്നെ കസാൻദ്സാക്കീസ് പറഞ്ഞു വെക്കുന്നുണ്ട്. ദൈവത്തോടുള്ള ഗൃഹാതുരത്വം തനിക്ക് വലിയ മുറിവുകളും അതോടൊപ്പം തന്നെ വറ്റാത്ത ഉറവകളും തുറന്നു തന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.  

Read Also  കാഴ്ച്ചയുടെ അകവും പുറവും/കവിയൂർ ശിവപ്രസാദ് എഴുതിയ പുസ്തകവിചാരം/ദർശനാ ടാക്കീസ്- ഇ. വി. റെജി /പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ്-2025

അതേസമയം, ദിവ്യത്യമുള്ള, സർവ്വജ്ഞനായ ഒരു ദൈവമായിട്ടല്ല, മറിച്ച് മാംസത്തിനും ആത്മാവിനും ഇടയിൽ പോരാടുന്ന ഒരു അഗാധമായ മനുഷ്യരൂപമായിട്ടാണ് അദ്ദേഹം യേശുവിനെ നോവലിൽ അവതരിപ്പിക്കുന്നത്. ആഴത്തിൽ സ്വാധീനിക്കപ്പെടുന്ന അസ്തിത്വ ചിന്തയാൽ, ജീവിതത്തിന്റെ സത്ത പോരാട്ടത്തിലും തിരഞ്ഞെടുപ്പിലും ഭയം, ആഗ്രഹം, സംശയം എന്നിവയ്ക്കിടയിൽ യേശുവിന്റെ ദിവ്യവിളികൾ അഥവാ ദിവ്യത്വം അകന്നുപോകുന്നു.

‘അന്ത്യ പ്രലോഭനം’ എന്നത്, ബലഹീനതയുടെ ഒരു നിമിഷമല്ല, മറിച്ച് ത്യാഗത്തിന്റെ ആത്യന്തികമായ ഒരു  പരീക്ഷണമാണ്; സാധാരണ മനുഷ്യജീവിതത്തിന്റെ ഒരു ദർശനമാണ് എന്ന ലൗകിക തലത്തിലേക്ക് പുനഃസ്ഥാപിക്കപ്പെടുന്നു. വിവാഹം, കുടുംബം, സമാധാനം തുടങ്ങിയ ആന്തരിക സംഘർഷങ്ങളെ മതപരമായ പുനരാഖ്യാനത്തിൽ നിന്ന് മനുഷ്യന്റെ കഷ്ടപ്പാടിന്റെയും ലക്ഷ്യത്തിന്റെയും സാർവത്രിക പര്യവേഷണത്തിലേക്ക് ഈ നോവൽ ഉയർത്തുന്നു. നോവലിലെ യേശു ദൈവത്തെ അനുസരിക്കുക മാത്രമല്ല; ബോധപൂർവമായ പോരാട്ടത്തിലൂടെ അവൻ ദൈവികനാകുകയും ചെയ്യുന്നു.

ഈ വ്യാഖ്യാനം അസ്തിത്വവാദ ആശയങ്ങളുമായി യോജിക്കുന്നു. വിശ്വാസം ഒരു ഉറപ്പല്ല; സംശയത്തിന്റെ ഇടയിലൂടെ നടക്കുന്ന ഒരു തിരഞ്ഞെടുപ്പായി മാറുന്നു. അങ്ങനെ, ദൈവശാസ്ത്രത്തെ മറികടന്ന്, മനുഷ്യ അസ്തിത്വത്തെക്കുറിച്ചുള്ള ഒരു ദാർശനിക ധ്യാനമായി ഈ നോവൽ മാറുന്നു.  

AI illustration of Nikos Kazantzakis by Surya
AI illustration of Nikos Kazantzakis by Surya

നോവലിന്റെ ഏറ്റവും വലിയ ശക്തികളിലൊന്ന് അതിന്റെ മനഃശാസ്ത്രപരമായ സമീപനമാണ്. യൂദാസിനെപ്പോലുള്ള കഥാപാത്രങ്ങളെ സൂക്ഷ്മതയോടെ നോവലിൽ പുനർവ്യാഖ്യാനിക്കുന്നു. യൂദാസ്  വെറുമൊരു രാജ്യദ്രോഹിയല്ല; മറിച്ച്, ക്രിസ്തുവിന്റെ ഈ ലോകത്തിലെ ദൗത്യത്തിലെ അനിവാര്യമായ ഒരു സഹകാരിയാണ് എന്ന ഒരു അവബോധം നോവൽ മുന്നോട്ട് വെയ്ക്കുന്നു. ഈ വിപരീത ദർശനം പരമ്പരാഗത ധാർമ്മികതകളെ വെല്ലുവിളിക്കുകയും നന്മതിന്മകളെക്കുറിച്ചുള്ള ധാരണകളെ പുനർവിചിന്തനം ചെയ്യാൻ വായനക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ഭയം, കോപം, വാഞ്‌ഛ എന്നീ വികാരങ്ങളെപോലും അനുഭവിക്കുന്ന ദുർബലതയോടെയാണ് യേശുവിനെ ചിത്രീകരിച്ചിരിക്കുന്നത്. ഈ മനുഷ്യവൽക്കരണം അദ്ദേഹത്തിന്റെ ദൈവത്വത്തെ കുറയ്ക്കുന്നില്ല; പകരം, അദ്ദേഹത്തിന്റെ ത്യാഗത്തിന്റെ വ്യാപ്തിയെ അത് വർദ്ധിപ്പിക്കുന്നു.

സമ്പന്നമായ പ്രതീകാത്മക ഇമേജറികളെ കൊണ്ടുവരുന്ന നോവലിൽ ഉടനീളം യാഥാർത്ഥ്യത്തിനും മിഥ്യയ്ക്കും ഇടയിലുള്ള അതിരുകളെ ഭ്രമാത്മകത പോലെ വാക്കുകളെ കൊണ്ട് ആവിഷ്‌ക്കരിച്ചിരിക്കുന്നു.

നായകന്റെ ആന്തരിക സംഘർഷത്തെ പ്രതിഫലിപ്പിക്കുന്ന ദൃശ്യപരതയുള്ള ആഖ്യാന ശൈലി തീവ്രവും കാവ്യാത്മകവുമാണ്. മരുഭൂമി, കുരിശ്, സാങ്കൽപ്പിക ഗാർഹിക ജീവിതം എന്നിവയെല്ലാം ആത്മീയ സംഘർഷത്തിന്റെ പ്രതീകാത്മക ഭൂപ്രകൃതികളായി വർത്തിക്കുന്നു.

യേശു ക്രിസ്തു, ലൈംഗിക വാഞ്‌ഛ ഉൾപ്പെടെയുള്ള മനുഷ്യാഭിലാഷങ്ങൾ അനുഭവിക്കുന്നതായി ആഖ്യാനം ചെയ്തതിന് നോവലിന് അതിന്റെ ആരംഭക്കാലം മുതൽ വ്യാപകമായ വിവാദങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. മതസ്ഥാപനങ്ങൾ, പ്രത്യേകിച്ച് ക്രൈസ്തവലോകം വളരെ ശക്തമായാണ് അതിനെ അപലപിച്ചത്. ക്രിസ്തുവിന്റെ ദൈവീക പരിവേഷത്തെ ദുർബലപ്പെടുത്തുന്നതാണ് ഈ നോവലെന്ന് അവർ വാദിക്കുകയും പ്രക്ഷോപങ്ങൾ ഉയർത്തുകയും ചെയ്തു. എന്നിട്ടും, ആധുനിക സാഹിത്യത്തിലെ ഏറ്റവും സ്വാധീനമുള്ള മതപരമായ പുനർവ്യാഖ്യാനങ്ങളിൽ ഒന്നായി ഈ നോവൽ ഇപ്പോഴും തുടരുന്നു.

ഈ നോവൽ ക്രിസ്തുവിനെ ചെറുതാക്കുകയല്ല; മറിച്ച്, ക്രിസ്തുവിൻ്റെ ത്യാഗത്തെ കൂടുതൽ മഹത്വപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത് എന്ന പില്‌ക്കാല നിരൂപണങ്ങൾ ഈ കൃതിയെ വിശ്വസാഹിത്യത്തിലെ മാസ്റ്റർ പീസുകളിൽ ഒന്നാക്കി ഉയർത്തി.

ഈ നോവലിനെ ആധാരമാക്കി ഇതേ പേരിൽ തന്നെ 1988ൽ, മാർട്ടിൻ സ്കോർസെസെ സംവിധാനം ചെയ്ത ഇംഗ്ലീഷ് സിനിമ ഈ കൃതിയെ കൂടുതൽ ജനകീയമാക്കുകയും ചെയ്തു.

‘ക്രിസ്തുവിൻ്റെ അന്ത്യ പ്രലോഭനം’ എന്ന പേരിൽ 2021ൽ എന്‍. സോമദത്തന്റെ പരിഭാഷയിൽ ഒലിവ് പബ്ലിക്കേഷനും 2022ൽ ശരത് ചന്ദ്രന്റെ പരിഭാഷയിൽ ചിന്ത പബ്ലിക്കേഷനും 2023ൽ കെ.സി. വില്‍സന്റെ പരിഭാഷയിൽ ഡി സി ബുക്‌സും മലയാളത്തിൽ ഈ നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹