
വേട്ട
ഇനിയും നമുക്ക്
ചായയെ പറ്റി സംസാരിക്കാം,
ചായക്കോപ്പയിലെ കൊടുങ്കാറ്റിനെക്കുറിച്ചും.
ബാല്‍ക്കണിയില്‍ നിന്നും
അസ്തമയ സൂര്യന്റെ തിളക്കം
കണ്‍കുളിര്‍ക്കേ കാണാം,
തിളങ്ങുന്ന തറയില്‍ നിരത്തിയ
ബോണ്‍സായികള്‍ക്ക് സ്തുതി പാടാം.
പോരെങ്കില്‍
ഗ്ലാസുകള്‍ കൂട്ടിമുട്ടിച്ച്
സായാഹ്നത്തിന്റെ ഗൃഹാതുരത്വം നുകരാം.
എന്നിട്ട്, ഇരുള്‍ വീഴുമ്പോള്‍
നൂറ്റൊന്നാവര്‍ത്തിച്ച ഗസലില്‍
നീലനിലാവിനെ വരവേല്‍ക്കാം,
വഴിയില്‍ കണ്ട പെണ്ണിനെ
മനസ്സില്‍ വിവസ്ത്രയാക്കാം.
ഇനിയും നമുക്ക്
ചായയെ പറ്റി സംസാരിക്കാം.
കോമ്പല്ലില്‍ കോര്‍ത്ത മാംസം
കണ്ണടച്ച് ചവച്ചരയ്ക്കാം,
ഒന്നും കാണാതിരിക്കാം.
ചോരപ്പാടുകള്‍ പിന്തുടര്‍ന്ന്
വേട്ടക്കാരന്റെ മാളം തേടാതിരിക്കാം,
ഇരയുടെ കരച്ചിലിനു താളമിട്ട്
ഇനിയും നമുക്ക് പാടാം.
എന്നിട്ട്,
ഏതോ പെണ്ണുടല്‍ ഉള്ളിലാവാഹിച്ച്
ഏകാന്തമായ ലഹരി നുകര്‍ന്ന്
കൂര്‍ക്കം വലിയ്ക്കാം.
ചോര നിറഞ്ഞ ചഷകങ്ങള്‍
അലോസരപ്പെടുത്താതിരിക്കാന്‍
എല്ലാ വാതിലുകളും കൊട്ടിയടയ്ക്കാം,
ഉള്‍വാതിലുകളും.
എന്നിട്ട് നമുക്ക്
പച്ചമാംസത്തിന്റെ ഗന്ധവുമായി
വീണ്ടും
ചായയെ പറ്റി സംസാരിക്കാം.








