
ക്യാമറ പേനയായ കാലം: പി. കെ. ഗണേശന്റെ ചലച്ചിത്രനിരൂപണ പുസ്തകം
‘അതിജീവനത്തിന്റെയും യുദ്ധത്തിന്റെയും ഫാസിസത്തിന്റെയും അഭയാർത്ഥിത്വത്തിന്റെയും അരികുവൽക്കരിക്കപ്പെട്ട ജീവിതങ്ങളുടെയും സമരങ്ങളുടെയുമെല്ലാം എഴുത്തുകൾ ക്യാമറയിലൂടെ നടത്തിയ നിരവധി ലോകചലച്ചിത്രങ്ങളിൽ നിന്ന് ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത സിനിമകളെപ്പറ്റിയാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്: ഡോ. ബിജു
ഒരു ചിത്രകാരന് ചിത്രം വരയ്ക്കാൻ പെൻസിലോ ബ്രഷോ വേണം. ഒരു ചലച്ചിത്രകാരന്റെയോ ഛായാഗ്രാഹകന്റെയോ സൃഷ്ടിക്ക് തൂലികയാകുന്നത് ക്യാമറയാണ്. പേനകൊണ്ട് സാഹിത്യം സൃഷ്ടിക്കാൻ കഴിയുന്നതുപോലെ ഒരു ക്യാമറകൊണ്ട് അതിനു സാധിക്കുമോ?
സാധിക്കും എന്നാണ് പി. കെ. ഗണേശന്റെ ‘ക്യാമറ പേനയായ കാലം’ നമ്മോടു പറയുന്നത്. പക്ഷേ, ഇവിടെ ക്യാമറ സാഹിത്യം സൃഷ്ടിക്കുന്നത് പേനയുടെ പരമ്പരാഗത ധർമ്മത്തിലൂടെയല്ല എന്നു മാത്രം. ക്യാമറയിലൂടെയുള്ള സാഹിത്യരചനയെന്നത്, അത് ഒപ്പിയെടുക്കുന്ന കാഴ്ചകളും അതിലെ ജീവിതങ്ങളുമാണ്.
ലോകത്തിന്റെ വിവിധ കോണുകളിൽ, വിവിധ ഭാഷകളിൽ ക്യാമറകൾ ഒപ്പിയെടുത്ത- ചരിത്രത്തിൽ എഴുതിച്ചേർത്ത ഒട്ടനവധി ക്ലാസ്സിക് ചലച്ചിത്രക്കാഴ്ചകൾ ‘ക്യാമറ പേനയായ കാല’ത്തിലൂടെ കടന്നുപോകുന്നു.
‘സെക്‌സിനിടെ ഭരണഘടന വായിക്കാമോ, അങ്ങനെ വായിച്ചാൽ അതിൻ്റെ പവിത്രത നഷ്ടപ്പെടുമോ’ എന്ന ചോദ്യത്തിൽ നിന്നുകൊണ്ട്, ക്രൊയേഷ്യൻ വംശീയത, സ്വവർഗ്ഗാനുരാഗികളോടുള്ള വിദ്വേഷം തുടങ്ങിയ സങ്കുചിത ചിന്തകളെ രൂക്ഷമായി പരിഹസിക്കുകയും തുറന്നു കാട്ടുകയും ചെയ്യുന്ന ഒരു ബ്ലാക്ക് ഹ്യൂമർ ചിത്രമാണ് 2016-ൽ രജ്‌കോ ഗ്രിലിക് സംവിധാനം ചെയ്ത ‘ദി കോൺസ്റ്റിറ്റിയൂഷൻ’.
നിരൂപകർ അത്രകണ്ട് ശ്രദ്ധിയ്ക്കാതെ കടന്നുപോയ ഇത്തരം പല ലോകസിനിമകൾ ഉൾപ്പെടെ, 32 ചലച്ചിത്രങ്ങളെ മലയാളത്തിനു പരിചയപ്പെടുത്തുകയാണ്, ‘ക്യാമറ പേനയായ കാലം’ എന്ന ചലച്ചിത്ര പഠനലേഖന സമാഹാരത്തിലൂടെ പി. കെ. ഗണേശൻ. അതുകൊണ്ടുതന്നെ, ഈ കൃതിക്കായി തിരഞ്ഞെടുത്ത സിനിമകൾ തന്നെയാണ് ഇതിന്റെ ശക്തിയും പ്രസക്തിയും.
അതിജീവനത്തിന്റെയും യുദ്ധത്തിന്റെയും ഫാസിസത്തിന്റെയും അഭയാർത്ഥിത്വത്തിന്റെയും അരികുവൽക്കരിക്കപ്പെട്ട ജീവിതങ്ങളുടെയും സമരങ്ങളുടെയുമെല്ലാം എഴുത്തുകൾ ക്യാമറയിലൂടെ നടത്തിയ നിരവധി ലോകചലച്ചിത്രങ്ങളിൽ നിന്ന് ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത സിനിമകളെപ്പറ്റിയാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നതെന്ന്, പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ഡോ. ബിജു തന്റെ അവതാരികയിൽ കുറിക്കുന്നു.
കേവലം ഒരു വിനോദോപാധി എന്നതിനപ്പുറം, സിനിമയെ ഒരു ചെറുത്തുനിൽപ്പായും രാഷ്ട്രീയമായും സാംസ്കാരികമായും മുന്നോട്ടു വെക്കുന്ന ചില കാഴ്ചകളുണ്ട്. നമ്മെ ചിന്തിപ്പിക്കുന്ന, ചോദ്യം ചെയ്യാൻ പഠിപ്പിക്കുന്ന, നമ്മുടെ ആസ്വാദനത്തെ മറ്റൊരു തലത്തിലേക്ക് നയിക്കുന്ന സിനിമകൾ. അത്തരം സിനിമകളെ, ‘ഭൂപടത്തിൽ നിന്നിറങ്ങിയോടുന്ന ജീവിതങ്ങൾ’ എന്ന ആമുഖക്യാപ്‌ഷനിലൂടെ തന്നെയാണ് ഗണേശൻ നമുക്കു മുന്നിലെത്തിക്കുന്നതെന്നും ഡോ. ബിജു അഭിപ്രായപ്പെടുന്നു.
പൗരത്വം പ്രമേയമാക്കി പ്രസിദ്ധ കൊറിയൻ ചലച്ചിത്രകാരൻ കിം കി ഡുക്ക് സംവിധാനം ചെയ്ത ‘ദി നെറ്റ്’ (2016), ഭരണകൂടവും മാവോയിസ്റ്റുകളും തമ്മിലുള്ള യുദ്ധത്തിൽ ജീവിതം നഷ്ടമാവുന്ന കൊളംബിയൻ ജനതയുടെ അതിജീവനം പ്രമേയമാക്കി കാർലോസ് സെസാർ ആർബലേസ് സംവിധാനം ചെയ്ത ‘കളേഴ്‌സ് ഓഫ് ദി മൗണ്ടൻസ്’ (2010), സ്വീഡനിലെ ന്യൂനപക്ഷ വംശമായ സാമീ ജനതയുടെ സ്വത്വ പ്രതിസന്ധി പ്രമേയമാക്കി അമാൻഡ കെർണൽ സംവിധാനം ചെയ്ത ‘സാമി ബ്ലഡ്’ (2016), സിസ്റ്റത്തിന്റെ ചിലന്തിവലയിൽ കുടുങ്ങിപ്പോയവരെപ്പറ്റി സംസാരിക്കുന്ന കെൻ ലോച്ചിന്റെ ബ്രിട്ടീഷ് ചലച്ചിത്രം ‘ഐ, ഡാനിയൽ ബ്ലേക്ക്’ (2016), ഹിരോകാസു കൊറീദയുടെ ജാപ്പനീസ് ചലച്ചിത്രം ‘ഷോപ്പ്ലിഫ്റ്റേഴ്‌സ്’ (2018), പലസ്തീൻ ചലച്ചിത്രകാരൻ ഏലിയാ സുലൈമാന്റെ ‘ഇറ്റ് മസ്റ്റ് ബി ഹെവൻ’ (2019), ഇറാനിയൻ സംവിധായകൻ മോഹ്‌സൻ മക്മൽബഫിന്റെ ‘സലാം സിനിമ’ (1995), സ്വീഡിഷ് സംവിധായകൻ ഇംഗ്മാർ ബെർഗ്മാന്റെ ‘ദ സെവൻത് സീൽ’ (1957) തുടങ്ങിയ ലോകോത്തര സിനിമകളും അവയുടെ രാഷ്ട്രീയ-സാമൂഹിക പരിസരങ്ങളും ഈ പുസ്തകം ചർച്ച ചെയ്യുന്നു.
ലോകസിനിമയിലെ അവിസ്മരണീയ മുഹൂർത്തങ്ങളും മുന്നേറ്റങ്ങളും അടയാളപ്പെടുത്തി കടന്നുപോകുന്ന ഈ പുസ്തകത്തിൽ മലയാളത്തിലെ ഏതാനും ചലച്ചിത്രകാരന്മാരും ചില സിനിമകളും മിന്നിമറയുന്നുണ്ട്. അതോടൊപ്പം, ആധുനിക സാങ്കേതികവിദ്യയും ഡിജിറ്റൽ ജനാധിപത്യവും സിനിമയിലുണ്ടാക്കുന്ന മാറ്റങ്ങളും ഇതിൽ പ്രതിപാദ്യ വിഷയമാകുന്നു.
പ്രമുഖ ഡോക്യുമെന്ററി സംവിധായകനായ പ്രൊഫ. എം. എ. റഹ്മാൻ, ചലച്ചിത്ര നിരൂപകനായ പ്രൊഫ. സി. എസ്. വെങ്കിടേശ്വരൻ എന്നിവരുടെ കുറിപ്പുകളും പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു. പി. കെ. ഗണേശൻ്റെ മൂന്നാമത്തെ കൃതിയാണിത്. കോഴിക്കോട് സില്‍വര്‍ സ്‌ക്രീന്‍ ഫിലിം സൊസൈറ്റി പുറത്തിറക്കിയ, സിനിമാ പഠനമായ ‘റെറ്റിന ഒപ്പിയ ഫ്രെയിം’ ആണ് ആദ്യ പുസ്തകം. സ്പെൽ ബുക്സ് പ്രസിദ്ധീകരിച്ച ‘നിലവിളിക്കുന്ന ഭൂപടം’ എന്ന സാംസ്കാരിക പഠനമാണ് രണ്ടാമത്തെ പുസ്തകം. ‘ക്യാമറ പേനയായ കാലം’ പ്രസിദ്ധീകരിക്കുന്നതും സ്പെൽ ബുക്സ് ആണ്.
കോഴിക്കോട് മുക്കം നീലേശ്വരം സ്വദേശിയായ പി കെ ഗണേശൻ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. നിലവിൽ, പാഠഭേദം പത്രാധിപ സമിതിയംഗമാണ്. പാരലല്‍ കോളേജ് അധ്യാപകനായും ഗള്‍ഫ് വോയ്‌സ്, കലാവീക്ഷണം എന്നീ മാസികകളുടെ പത്രാധിപ സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.







