എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്

കെ. ആർ. മീര: 2020ൽ പ്രസിദ്ധീകരിച്ച ഒരു നോവൽ, 2022ൽ പുറത്തിറങ്ങിയ കഥയിൽനിന്ന് ആശയം ഉൾക്കൊണ്ടതാണോ എന്നു നിങ്ങൾ ചിന്തിക്കണം.

ദോഷൈകദൃക്ക്:

‘പുനർജന്മങ്ങളുടെ പൂർവജന്മ രഹസ്യം’ എന്നൊരു ഡിറ്റക്ടീവ് നോവൽകൂടി പ്രതീക്ഷിക്കുന്നു…

Oru Eruthalamooriyude Poorvajanma Duroohatha-K. R. Meera-Haritha Savithry-Vocal Circus-Doshaikadrikku-AI Caricature

പിൻകുറിപ്പ് :

മൗനം വെടിഞ്ഞ് മീര; കലാച്ചിയിൽ ‘സിൻ’ ഇല്ല:

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയാള സാഹിത്യ ലോകത്ത് ചൂടേറിയ ചർച്ച, സിൻ- കലാച്ചി നോവലുകളെ പ്രതി ഉയർന്നു വന്ന ‘കോപ്പിയടി’ വിവാദമാണ്.

2025ൽ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച, മലയാളത്തിലെ പ്രശസ്ത എഴുത്തുകാരി കെ. ആർ. മീരയുടെ ‘കലാച്ചി’ എന്ന നോവലിന്, ഹരിത സാവിത്രിയുടെ ‘സിൻ’ എന്ന നോവലിന്റെ ഇതിവൃത്തത്തോടു സാദൃശ്യമുള്ളതായി ഹരിത സാവിത്രി ഉൾപ്പെടെയുള്ള സാഹിത്യ ലോകം ആരോപണം ഉന്നയിക്കുന്നു. 2022ലാണ് മാതൃഭൂമി സിൻ പ്രസിദ്ധീകരിച്ചത്.

തന്റെ കാമുകനെ തേടി വിദേശത്തെ പ്രശ്‌നബാധിത മേഖലയില്‍ പോകുന്ന ഒരു ഇന്ത്യൻ കാമുകിയ്ക്ക് അവിടങ്ങളിൽ നേരിടേണ്ടി വരുന്ന യാതനകളുടെയും പോരാട്ടങ്ങളുടെയും കഥപറച്ചിലുകളാണ് ഇരു നോവലുകളിലും സംഭവിക്കുന്നത്. സിന്നിൽ, നായികയായ സീത തന്റെ കാമുകനെ തേടി, ആഭ്യന്തര കലാപങ്ങളാൽ സംഘർഷഭരിതമായ കുർദിസ്ഥാനിൽ എത്തുന്നു. കലാച്ചിയിലെ നായിക ഫിദ തന്റെ കാമുകനെ തേടി എത്തുന്നത്, സമാന അന്തരീക്ഷമുള്ള കസഖ്സ്ഥാനിലും.

ഒരുപാട് നിരൂപക പ്രശംസ ലഭിച്ച സിന്‍, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉൾപ്പെടെ നിരവധി ബഹുമതികളും കരസ്ഥമാക്കിയിരുന്നു. ഇംഗ്ലീഷിലേക്കും സിൻ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. നന്ദകുമാർ കെ ആണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

മീരയുടെയോ കലാച്ചിയുടെയോ പേര് പരാമര്‍ശിക്കാതെ പോസ്റ്റ് ചെയ്ത ഹരിതയുടെ ഒരു ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ വിവാദത്തിന് തുടക്കമിട്ടത്.

‘ലോകമെമ്പാടുമുള്ള സാഹിത്യ മോഷ്ടാക്കളുടെ ചില നീച തന്ത്രങ്ങള്‍’ എന്ന് പറഞ്ഞുകൊണ്ടു തുടങ്ങുന്ന ആ കുറിപ്പിൽ, ‘ചിലര്‍ മറ്റൊരു രാജ്യത്തിലേക്ക് കഥ പറിച്ചു നടുമെന്നും രാത്രിയെ പകലാക്കുകയും മഴയെ മഞ്ഞാക്കുകയും ചെയ്യുമെന്നും ഹരിത പറഞ്ഞിരുന്നു. ‘പക്ഷെ ആ അക്ഷരങ്ങള്‍ക്കുള്ളില്‍ അപ്പോഴും നിങ്ങള്‍ക്ക് സ്വന്തം രക്തത്തിന്റെ ചുവപ്പ് കാണാം. നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികളുടെ കനം അനുഭവിക്കാം. നിങ്ങളുടെ കണ്ണീരിന്റെ ഉപ്പ് രുചിക്കാം. നിശബ്ദരായി ഇരിക്കുകയേ വഴിയുള്ളൂ. അവര്‍ക്ക് കൂട്ടിന് പ്രസാധകരും നിരൂപകരും ആരാധകവൃന്ദവുമുണ്ടാവും. കാരണം, ഈ കളി കളിക്കേണ്ടത് എങ്ങനെയെന്ന് നിങ്ങളേക്കാള്‍ നന്നായി അവര്‍ക്കറിയാം’ എന്നും അവർ കൂട്ടിച്ചേർക്കുകയുണ്ടായി.

എന്നാൽ, ‘2020 നവംബർ 16നു ട്രൂകോപ്പി തിങ്ക് വെബ് മാഗസിനിൽ പ്രസിദ്ധീകരണം തുടങ്ങിവെച്ച നോവലാണ് കലാച്ചി’ എന്നാണ്, മീര തന്റെ ഫേസ് ബുക്കിൽ ഈ വിവാദത്തെ വിശദീകരിച്ചത്.

“2020 നവംബർ 16 മുതൽ പ്രസിദ്ധീകരിച്ചുവന്ന ഒരു നോവൽ, 2022ൽ മാത്രം പുറത്തിറങ്ങിയ കഥയിൽനിന്ന് ആശയം ഉൾക്കൊണ്ടതാണോ 2022ൽ പുറത്തിറങ്ങിയ പുസ്തകം 2020ൽ പ്രസിദ്ധീകരിച്ച നോവലിൽനിന്നു ആശയം ഉൾക്കൊണ്ടതാണോ എന്നു നിങ്ങൾ ചിന്തിക്കുക.” മീര കുറിപ്പിൽ പറയുന്നു.

അതേസമയം, ഹരിത പറയുന്നത്,
2020 പൂർത്തിയാക്കിയ തന്റെ സിൻ എന്ന നോവലിന് അവതാരിക എഴുതുവാൻ 2020 ഡിസംബർ 14ന് ചെറുകഥാകൃത്തും നോവലിസ്റ്റുമായ മുതിർന്ന എഴുത്തുകാരൻ എൻ.എസ്‌ മാധവനോട് അഭ്യർത്ഥിച്ചുകൊണ്ട് 
ഒരു ഇമെയിൽ അയച്ചിരുന്നു എന്നാണ്. ട്രൂ കോപ്പിയിൽ വന്ന കലാച്ചിയിലെ ആറ് അദ്ധ്യായങ്ങളിലും സിന്നുമായി സാമ്യം കാണാൻ കഴിഞ്ഞിട്ടില്ലെന്നും ഹരിത പറയുന്നു. ഈ ഭാഗങ്ങൾ കലാച്ചി നോവലിലേക്കുള്ള ഒരു പ്രവേശിക പോലെയാണ് അനുഭവപ്പെട്ടതെന്നും ട്രൂ കോപ്പിയിലെ ഈ അദ്ധ്യായങ്ങൾക്കു ശേഷമാണ് കലാച്ചിയിലീ നായിക ഫിദയുടെ യാത്ര വരുന്നതെന്നും എന്നുമാണ് ഏഷ്യാനെറ്റ് ന്യൂസിനു നല്കിയ അഭിമുഖത്തിൽ ഹരിത പറയുന്നത്. ഇവിടം മുതലാണ്, സിന്നിലെ സീതയുടെ യാത്രയുടെ സാമ്യം തനിക്ക് അനുഭവപ്പെടുന്നതെന്നും ട്രൂ കോപ്പിയിൽ പ്രസിദ്ധീകരിക്കപ്പെടാത്ത ഈ ഭാഗങ്ങൾ 2025ൽ കലാച്ചി നോവൽ പുറത്തിറങ്ങിയതിനു ശേഷമാണ് താൻ വായിക്കുന്നതെന്നുമാണ് ഹരിത അഭിമുഖത്തിൽ പറഞ്ഞത്.

എന്നാൽ, സിന്നുമായി ബന്ധപ്പെട്ട് ഹരിത എൻ.എസ്‌ മാധവന് ഇമെയിൽ അയച്ചു എന്നു പറയപ്പെടുന്ന 2020 ഡിസംബർ 14നു മുൻപാണ്, 2020 നവംബർ 16നു ട്രൂകോപ്പി തിങ്ക് വെബ് മാഗസിനിൽ കലാച്ചിയുടെ ആദ്യത്തെ അദ്ധ്യായം പ്രസിദ്ധീകരിക്കപ്പെട്ടത് എന്ന വസ്തുതയും ഉണ്ട്.

ഇക്കാര്യം മീരയുടെ ഫേസ് ബുക്ക് വിശദീകരണത്തിലും ഉണ്ട്. മീര പറയുന്നു,
“2020 നവംബർ പതിനാറിനു പ്രസിദ്ധീകരിച്ച ആദ്യ അധ്യായത്തിൽ, കലാച്ചിയിൽ ജയിലിലായ ഗവേഷകനായ ഇജാസ് അലിയെത്തേടി യാത്ര പുറപ്പെടാൻ തീരുമാനിക്കുന്ന, ഡോ. ഫിദ  മുഹമ്മദിനെ കാത്തിരിക്കുന്ന നീണ്ടതും മായികവുമായ യാത്രയെ കേന്ദ്രീകരിക്കുന്ന പൂർണമായ ഇതിവൃത്തം വ്യക്തമാക്കിയിട്ടുമുണ്ട്.”

ട്രൂകോപ്പിയിൽ പ്രസിദ്ധീകരിക്കപ്പെട്ട അദ്ധ്യായങ്ങളും മീരയുടെ ഈ വാദം ശരിവെയ്ക്കുന്നു. ട്രൂകോപ്പിയിലെ കലാച്ചിയുടെ ആദ്യ അദ്ധ്യായം തുടങ്ങുന്നതുതന്നെ ഇങ്ങനെയാണ്,

“ഭീകരപ്രവർത്തന കേസിൽ പതിനഞ്ചു കൊല്ലം ജയിലിൽ കിടന്ന ശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോൾ എന്തുതോന്നി എന്ന ചോദ്യത്തിന്, ഉരശിമ തരോയെപ്പോലെ തോന്നി എന്നായിരുന്നു ഇജാസ് അലിയുടെ ഉത്തരം.”

തുടർന്ന്,’ഉരശിമ തരോ’ എന്ന ജാപ്പനീസ് നാടോടിക്കഥകളിലെ പ്രശസ്തമായ കഥാപാത്രത്തിന്റെ വിശേഷങ്ങൾ ഈ ഭാഗത്ത് സൂചിപ്പിക്കുന്നു. കടലിൽ അപകടത്തിൽപ്പെട്ട ഒരു ആമയെ ഉരശിമ തരോ എന്ന മീൻപിടുത്തകാരൻ രക്ഷിക്കുന്നതും അതിനു പകരമായി ഉരശിമ തരോയ്ക്ക് കടലിനടിയിലെ ഓതോഹൈം രാജകുമാരിയുടെ മാന്ത്രിക കൊട്ടാരം സന്ദർശിക്കുവാൻ ഇടവരുന്നതും അതിനു ശേഷം അയാൾ നാട്ടിൽ തിരിച്ചെത്തിയപ്പോൾ താൻ നാട്ടിൽ നിന്നും പോയിട്ട് മുന്നൂറിൽ പരം വർഷങ്ങൾ ആയെന്ന ദുഃഖസത്യം മനസിലാക്കുന്നതും ഏതാനും വരികളിലൂടെ കുറിക്കുന്നു.

‘സ്വന്തം നാട്ടിൽ അന്യനും അപരിചിതനുമായിത്തീർന്ന അവസ്ഥയിൽ അന്ധാളിച്ചു പോയ ഉരശിമ തരോയെ അറിയുന്നവരാരെങ്കിലും ഉണ്ടോ എന്നു നിലവിളിച്ചുകൊണ്ട്, കടൽത്തീരത്ത് അലഞ്ഞു നടന്ന’ ഉരശിമ തരോയെ കൂട്ടുപിടിച്ചുകൊണ്ടാണ് ആദ്യ അദ്ധ്യായം തുടരുന്നത്.

“കസഖ്സ്ഥാനിലേക്കു പുറപ്പെടുമ്പോൾ ആ കഥ എന്നെ അലട്ടി.

അത്തരം ഒരവസ്ഥ എന്റെ ജീവിതത്തിലും ഉണ്ടാകുമെന്നു ഞാൻ ഭയന്നു.

ഡൽഹിയിലെ മൂടൽമഞ്ഞിനൊപ്പം ആസന്നമായ ഒരു ദുർവിധിയും എന്നെ ചൂഴ്ന്നു നിൽക്കുന്നതായി മനസ്സു മന്ത്രിച്ചു. മറ്റു പല രാജ്യങ്ങളിലും മഹാമാരി വ്യാപിച്ചു കഴിഞ്ഞിരുന്നു. ഇന്ത്യയി ലും കസഖ്സ്ഥാനിലും ലോക്ക് ഡൗൺ ആരംഭിച്ചിരുന്നില്ല. പക്ഷേ, ഏതു സമയത്തും വിമാനസർവീസുകൾ നിലയ്ക്കും എന്ന ഭീഷണി നിലനിന്നു. ടിക്കറ്റിനും വീസയ്ക്കുമായി വിളിച്ചപ്പോൾ ട്രാവൽ ഏജന്റ് ഗോകുൽനാഥ് അതു പറഞ്ഞ് എന്നെ നിരുൽസാഹപ്പെടുത്തുകയും ചെയ്തു:

Read Also  നിഷ്കളങ്കർ/ഡോ. സൗമ്യ സരിൻ/L2: എമ്പുരാൻ/വോക്കൽ സർക്കസ്

“ഡോ. ഫിദ മുഹമ്മദ്, ഈ സമയത്തു പോകണോ? പുറത്തെ സിറ്റ്വേഷൻ കുറച്ചു മോശമാണ്. പറഞ്ഞില്ലെന്നു വേണ്ട .”

“എവിടെയാണു സിറ്റ്വേഷൻ മോശമമല്ലാത്തത്, ഗോകുൽ?”

“ഇതു കൂടുതൽ സീരിയസ് ആണ്. ഫ്ലൈറ്റ് സർവീസ് നിർത്താൻ ഇടയുണ്ട് .”

“എപ്പോഴെങ്കിലും അവർക്കതു വീണ്ടും തുടങ്ങാതെ പറ്റില്ലല്ലോ?”

“മുപ്പതു ദിവസത്തേക്കാണു വീസ. അതിനുള്ളിൽ തിരിച്ചു വരണം.”

“വന്നില്ലെങ്കിൽ?”

ഞാൻ ആത്മാർത്ഥമായാണു ചോദിച്ചത്. പക്ഷേ, അയാൾക്ക് എന്റെ ആധി മനസ്സിലാകുമായിരുന്നില്ല. അയാൾ തമാശ കേട്ടതു പോലെ ചിരിച്ചു.

“ഇങ്ങോട്ടു കയറ്റി അയയ്ക്കും. അത്രതന്നെ. പക്ഷേ, ഫ്ലൈറ്റ് സർവീസ് ഇല്ലെങ്കിലാണു പ്രശ്നം.”

“പിടിച്ച് അകത്തിടുമോ?”

“പേടിക്കാതെ. അവർ തിരികെ വിടാതിരിക്കില്ല.”

“എന്റെ പേടി ഇവിടെ കയറ്റാതിരിക്കുമോ എന്നാണ്.”

“അതെങ്ങനെ, ഇതു നിങ്ങളുടെ രാജ്യമല്ലേ?”

“ഇത് എനിക്കാകെയുള്ള രാജ്യമാണ്.”

ഇപ്രകാരം, ട്രാവൽ ഏജന്റുമായുള്ള സംസാരത്തിലൂടെ പുരോഗമിക്കുന്ന ഈ അദ്ധ്യായത്തിൽ തന്നെ, ഈ നോവലിന്റെ നായികയായ ഫിദ താൻ എന്തിനാണ് കസഖ്സ്ഥാനിക്ക് അഥവാ, കലാച്ചിയിലേക്കു പോകുന്നതെന്ന സൂചനകൾ നല്കുന്നുമുണ്ട്.

ഒന്നാം അദ്ധ്യായത്തിൽ തുടർന്നു പറയുന്നു,
“അത് ഒറ്റപ്പെട്ട കഥയായിരുന്നില്ല. ഒന്നുറങ്ങി ഉണരുമ്പോൾ സ്വന്തം രാജ്യത്ത് അന്യരായി തീർന്നവരുടെ കഥകൾ എല്ലാക്കാലത്തും എല്ലാ ഭാഷകളിലും ഉണ്ടായിട്ടുണ്ട്.

സ്ലീപ്പ് ആസ് എ പൊളിറ്റിക്കൽ മെറ്റഫർ ഇൻ ഫെയറി ടെയിൽസ് എന്ന തന്റെ ഗവേഷണപ്രബന്ധത്തിൽ, വ്യത്യസ്ത കാലഘട്ടങ്ങളിലും വ്യത്യത്യ ഭാഷകളിലും പ്രചരിച്ച എത്രയോ കഥകൾ ഇജാസ് പഠനവിധേയമാക്കിയിരുന്നു. അയാൾ എഴുതിയതൊക്കെ എനിക്കു ഹൃദിസ്ഥമായിരുന്നു. അതു കൊണ്ടാണ്, ഉറക്കവ്യാധിയെ കുറിച്ച് അയാൾ ആദ്യം പറഞ്ഞപ്പോൾ അതൊരു യക്ഷിക്കഥയായി ഞാൻ എഴുതിത്തള്ളിയത്.”

തുടർന്നു വരുന്ന ഖണ്ഡികയിൽ, ഫിദ തന്റെ സുഹൃത്ത്/ കാമുകനായ ഇജാസിന്റെ യക്ഷിക്കഥകളോടുള്ള പ്രണയത്തെ പറ്റിയും അയാളുടെ സ്ലീപ് ഹോളോ എന്ന രോഗത്തെപറ്റിയും പറയുന്ന കൂട്ടത്തിൽ പറയുന്നു,
“അങ്ങനെ ഒരാൾ, സ്ലീപ് ഹോളോ എന്നൊരു വ്യാധി ഉണ്ടെന്നും അതു ബാധിച്ചാൽ ദിവസങ്ങളോളം മനുഷ്യർ ഉറക്കത്തിൽ ആഴുമെന്നും അതു ഗ്രാമങ്ങളിൽ നിന്നു നഗരങ്ങളിലേക്കു പടരുകയാണെന്നും അതു മറ്റു പല മഹാമാരികൾക്കും മുന്നോടിയാകുമെന്നും പറഞ്ഞാൽ, എങ്ങനെ വിശ്വസിക്കും? അതും അയാൾ മറ്റൊരു രാജ്യത്ത്, ക്രൂരമായ ഒരു കുറ്റകൃത്യത്തിന്, അറസ്റ്റ് ചെയ്യപ്പെട്ട അവസ്ഥയിൽ?”

അതേ…
കലാച്ചിയും സിന്നും തമ്മിലുള്ള ഇതിവൃത്തപരമായ സാമ്യം ഈ ഖണ്ഡികയിലെ, ‘അതും അയാൾ മറ്റൊരു രാജ്യത്ത്, ക്രൂരമായ ഒരു കുറ്റകൃത്യത്തിന്, അറസ്റ്റ് ചെയ്യപ്പെട്ട അവസ്ഥയിൽ?” എന്ന അവസാന വാചകത്തോടെ തുടങ്ങുന്നു.

2020ൽ, തന്റെ കൂട്ടുകാരനെ തേടി കസഖ്സ്ഥാനിൽ എത്തിയ കലാച്ചിയിലെ ഫിദയും 2022ൽ, ദേവ്‌റാന്‍ എന്ന തന്റെ കൂട്ടുകാരനെ തേടി കുർദിസ്ഥാനിൽ എത്തുന്ന സിന്നിലെ സീതയും രണ്ട് ഉടലും ഒരു ആത്മാവും ഉള്ള കഥാപാത്രങ്ങളാണെന്ന്, രണ്ട് നോവലുകളും വായിച്ചവരിൽ പലരും ഫേസ് ബുക്ക് ചർച്ചകളിൽ പറയുന്നു.

പക്ഷെ, ഇതെങ്ങനെ സംഭവിച്ചു എന്ന കാര്യം അജ്ഞാതമായി തുടരുകയാണ്. ഒരേ ആശയം ഒരേസമയം പലരിലും ചേക്കാറാമെങ്കിലും കഥാപരിസരവും ആഖ്യാന രീതിയും സമാനമാകുന്നുവെങ്കിൽ അതു യാദൃശ്ചികമാകാൻ സാദ്ധ്യത കുറവാണെന്നാണ്, സാഹിത്യ കുതുകികളുടെയും ഗവേഷകരുടെയും നിരൂപകരുടെയും നിഗമനം. എന്നാൽ, ചില സാമ്യതകൾ ഉണ്ടെന്നൊഴിച്ചാൽ രണ്ടും വ്യത്യസ്ത കൃതികളാണെന്ന അഭിപ്രായങ്ങളും ഉണ്ട്.

സിന്നും കലാച്ചിയും പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതും നിരവധി നിരൂപങ്ങൾക്ക് പാത്രീഭവിച്ചതും ആണ്. സിൻ ഇറങ്ങിയപ്പോൾ, 2020ൽ താൻ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച അദ്ധ്യായങ്ങളുമായി അതിനു സാമ്യമുണ്ടെന്ന് മീര ഉന്നയിക്കാതിരുന്നതും കലാച്ചി ഇറങ്ങി ആറ് മാസങ്ങൾക്കു ശേഷം ഹരിത ഇപ്പോൾ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നതും എന്തുകൊണ്ടാണെന്ന കാര്യം ദുരൂഹമാണ്.

മുഖ്യമന്ത്രിയ്ക്ക് ഒരു തുറന്ന ശബ്ദ ലിഖിതം:

അതേസമയം, മലയാള സാഹിത്യത്തിൽ ‘പ്ലോട്ട് മാഫിയ’ ശക്തമാണെന്നും സർക്കാർ തലത്തിൽ അന്വേഷിക്കേണ്ടതാണെന്നും ഉള്ള ആവശ്യങ്ങളും ഉയർന്നുവരുന്നുണ്ട്. ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്, പ്രമുഖ ഡോക്യുമെന്ററി ഡയറക്ടർ ജോഷി ജോസഫ് സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

മീരയുടെ ഏറ്റവും പ്രശസ്തമായ ‘ആരാച്ചാർ’ എന്ന നോവലിന്റെ പ്ലോട്ട് താൻ സംവിധാനം ചെയ്ത ‘വൺ ഡേ ഫ്രം ഹാങ്മാൻസ് ലൈഫ്’ എന്ന ഡോക്യുമെന്ററിയുടേതാണെന്നും അതിന്റെ തിരക്കഥ ഒരുക്കാൻ ഫേബിയൻ ബുക്സ് മീരയ്ക്ക് നൽകിയ അസൈൻമെന്റിൽ നിന്നുമാണ് ആരാച്ചാർ പിറവിയെടുക്കുന്നതെന്നും നിവേദനവുമായി ബന്ധപ്പെട്ട വാർത്തയിൽ ജോഷി ജോസഫ് ആവർത്തിച്ചത് ഈ അവസരത്തിൽ മീരയുമായി ബന്ധപ്പെട്ട വിവാദത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

അതോടൊപ്പം തന്നെ, ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച സൂര്യ മോഹന്റെ ‘ശിലീഭൂതം’ നോവലിന് അവതാരിക എഴുതാന്‍ കെ ആര്‍ മീരയ്ക്ക് നല്‍കിയതാണെന്നും എന്നാല്‍, ഒരു വര്‍ഷത്തിനുശേഷം ‘ശിലീഭൂത’ത്തിന്റെ പ്ലോട്ടിൽ കെ ആര്‍ മീര ‘എല്ലാ വിധ പ്രണയവും’ എന്ന തന്റെ നോവല്‍ പുറത്തിറക്കുകയാണ് ഉണ്ടായതെന്നും ജോഷി ജോസഫ് ആരോപിക്കുന്നു. സർക്കാർ തലത്തിൽ കോപ്പിയടി പരിശോധിക്കുന്ന ആപ്പില്‍ ഇട്ടാല്‍ കെ ആര്‍ മീരയുടെ തൊണ്ണൂറ് ശതമാനം സാഹിത്യവും റദ്ദായിപ്പോകുമെന്നാണ് ജോഷി പറയുന്നത്.

‘മുഖ്യമന്ത്രിയ്ക്ക് ഒരു തുറന്ന ശബ്ദ ലിഖിതം’ എന്ന പേരിലാണ് ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്. കെ ആര്‍ മീരയെ മാഫിയ എഴുത്തുകാരിയെന്നു വിശേഷിപ്പിച്ച ജോഷി ജോസഫ്, ‘സീരിയല്‍ പ്ലോട്ട് ചോരി’ തുടരുന്നുവെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ ഇടപെടണമെന്നും ആവശ്യപ്പെടുകയുണ്ടായി.

Trending Now

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹