Literary Plagiarism Controversies Continue: R. Sreelekha Alleges Dridham and Bhoothakaalam Plagiarised Her Stories

ദൃഢവും ഭൂതകാലവും തന്റെ കഥകൾ ആസ്പദമാക്കിയെന്ന് ആർ. ശ്രീലേഖ
കഴിഞ്ഞ മാസം പുറത്തിറങ്ങിയ ദൃഢം എന്ന ഷെയ്ൻ നിഗം ചിത്രവും 2022-ൽ പുറത്തിറങ്ങിയ ഭൂതകാലം എന്ന ചിത്രവും തന്റെ കഥകളെ ആസ്പദമാക്കിയുള്ളതാണെന്ന് മുൻ ഡിജിപിയും എഴുത്തുകാരിയുമായ ആർ. ശ്രീലേഖ ഐപിഎസ്.
വർഷങ്ങൾക്കു മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച തന്റെ ‘കരിങ്കുടി പൊലീസ് സ്റ്റേഷൻ’ എന്ന കഥയാണ് ദൃഢം എന്ന സിനിമയുടെ പ്രമേയമെന്നും, 2021-ൽ തന്റെ യൂട്യൂബ് ചാനലിലൂടെ ഓഡിയോ-വീഡിയോ രൂപത്തിൽ പ്രസിദ്ധീകരിച്ച ‘ഭൂത ഭവനം’ എന്ന അനുഭവകഥയുടെ പ്രമേയമാണ് ഭൂതകാലം എന്ന സിനിമയുടെതെന്നും ശ്രീലേഖ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരോപിച്ചു.
തനിക്ക് ഒരു കുഞ്ഞു സഹോദരനെപ്പോലെ പ്രിയപ്പെട്ട, മുഹമ്മദ് എന്ന പോലീസുദ്യോഗസ്ഥനെ പോലെയാണ് ഷെയ്ൻ നിഗത്തെ താൻ കാണുന്നതെന്നും, അതുകൊണ്ടുതന്നെ പറവ എന്ന സിനിമ കണ്ട കാലം മുതൽ ഷെയ്ൻ നിഗത്തോട് പ്രത്യേക ഇഷ്ടമുണ്ടെന്നും ശ്രീലേഖ കുറിപ്പിൽ പറയുന്നു. മുഹമ്മദിന്റെയും ഷെയ്ൻ നിഗത്തിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് അവർ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

അതേസമയം, ശ്രീലേഖയുടെ ആരോപണങ്ങൾ തള്ളി ദൃഢം സിനിമയുടെ സംവിധായകൻ മാർട്ടിൻ ജോസഫും രംഗത്തെത്തി. ശ്രീലേഖ പരാമർശിക്കുന്ന ‘കരിങ്കുടി പൊലീസ് സ്റ്റേഷൻ’ എന്ന കഥയുമായി സിനിമയ്ക്ക് പ്രമേയപരമായി യാതൊരു സാമ്യവുമില്ലെന്നും, പൊലീസ് സ്റ്റേഷൻ എന്ന പശ്ചാത്തലം മാത്രമാണ് പൊതുവായ ഘടകമെന്നും അദ്ദേഹം പ്രതികരിച്ചു.
ആരോപണവിധേയമായ രണ്ട് ചിത്രങ്ങളിലെയും നായകൻ ഷെയ്ൻ നിഗം ആണെന്നതും ശ്രദ്ധേയമാണ്. ആരോപണത്തിൽ വസ്തുതയുണ്ടോ എന്ന ചർച്ച സോഷ്യൽ മീഡിയയിലും സിനിമാ വൃത്തങ്ങളിലും സജീവമായിരിക്കുകയാണ്.
ജോമോൻ ജോണും ലിന്റോ ദേവസ്യയും ചേർന്നാണ് ദൃഢം എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വിജയ് രാധാകൃഷ്ണൻ എന്ന സബ് ഇൻസ്പെക്ടറെയാണ് ചിത്രത്തിൽ ഷെയ്ൻ നിഗം അവതരിപ്പിക്കുന്നത്. സാനിയ ഫാത്തിമയാണ് നായിക.
ഷെയ്ൻ നിഗവും രേവതിയും പ്രധാന കഥാപാത്രങ്ങളായ ഭൂതകാലം സംവിധാനം ചെയ്തിരിക്കുന്നത് രാഹുൽ സദാശിവനാണ്. അമ്മയും മകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ സൈക്കോളജിക്കൽ- ഹൊറർ ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ നേടിയിരുന്നു.
ഹൊറർ സിനിമകളുടെ ആരാധകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രത്തെ, 1973-ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് മൂവി, ‘ദി എക്സോർസിസ്റ്റ്’ എന്ന ചിത്രത്തിനുശേഷം താൻ കണ്ട ഏറ്റവും മികച്ച റിയലിസ്റ്റിക് ഹൊറർ സിനിമകളിലൊന്നായി ചലച്ചിത്ര സംവിധായകൻ രാം ഗോപാൽ വർമ്മ വിശേഷിപ്പിച്ചിരുന്നു.
കേരളത്തിനകത്തും പുറത്തും മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രത്തിലെ പ്രകടനത്തിന് രേവതിക്ക് 2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിംഫെയർ ക്രിട്ടിക്സ് പുരസ്‌കാരവും ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ, ഇപ്പോൾ ഈ സിനിമയ്ക്കും നേരെ ഉയർന്നുവന്നിരിക്കുന്ന ആരോപണം സാഹിത്യ-ചലച്ചിത്ര മേഖലകൾ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.

ഇതോടൊപ്പം, സമീപകാലത്തായി സാഹിത്യസാദൃശ്യം സംബന്ധിച്ച ആരോപണങ്ങൾ മലയാള സാഹിത്യലോകത്തും ഇടയ്ക്കിടെ ഉയരുന്നുണ്ട് എന്ന കാര്യവും ചർച്ചയാകുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് എഴുത്തുകാരി ഹരിത സാവിത്രി, കെ. ആർ. മീരയുടെ കലാച്ചി എന്ന നോവലിന് തന്റെ സിൻ എന്ന നോവലുമായി സാദൃശ്യമുണ്ടെന്ന ആരോപണം ഉന്നയിച്ചത്. അക്കാര്യത്തിൽ മീര പ്രതികരിച്ചിട്ടുണ്ടെങ്കിലും അഭ്യൂഹങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.








