
തലയില്ലാ തച്ചൻ- എട്ടാം ഭാഗം
ബാൽക്കണിയുടെ കൈവരിയിൽ ചാരി സെലിൻ ഫോണും പിടിച്ച് പുറത്തേക്ക് നോക്കി നിന്നു. പുറത്തു നിന്നും സെലിനെ കടന്ന്, ബാൽക്കണി വാതിലൂടെ അരിച്ചു കയറിയ കാറ്റ് ഗാഢനിദ്രയിലമർന്നു കിടന്നിരുന്ന ആര്യയെ വട്ടം ചുറ്റി കടന്നു പോയി. ആ സമയം, ആര്യയിൽ നിന്നും ശക്തമായ ഒരു ഞെരുക്കമുണ്ടായത് സെലിൻ കേട്ടില്ല.
“ഹൈവേയിൽനിന്നും പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലേക്ക് ഇടത്തോട്ട് ബസ് തിരിഞ്ഞപ്പോഴാണ് ആര്യ മയക്കത്തിൽനിന്നും ഉണർന്നത്. ഡിസ്‌പ്ലേ ലൈറ്റ് ഓഫായിക്കിടക്കുന്ന മൊബൈൽ സ്‌ക്രീനിൽ ഡബിൾ ക്ലിക്ക് ചെയ്ത് സമയം നോക്കി. ഉച്ചസമയം, കൃത്യം പന്ത്രണ്ട് മണി.
വിൻഡോ സീറ്റിലിരുന്ന്, തന്റെ ചുമലിൽ ചാഞ്ഞുകിടന്നുറങ്ങുന്ന സെലിനെ അവൾ കുലുക്കിവിളിച്ചു. ഞെട്ടിയുണർന്ന സെലിൻ ഒരു കോട്ടുവായിട്ടുകൊണ്ട് അലസമായി ചോദിച്ചു: “എത്തിയോ നിന്റെ നാട്…?”
ഷോൾഡർ ബാഗ് ഇടതുകൈകൊണ്ട് ഒന്നുകൂടി സെലിൻ തന്റെ മടിയിലേക്ക് കയറ്റിവെച്ചു. അതിൽ അവളുടെ ലാപ്ടോപ്പും അത്യാവശ്യം ഓഫീസ് ഫയലുകളുമാണ്. ആര്യയുടെ വീട്ടിൽ ഇന്നും നാളെയും നിൽക്കാനുള്ള വസ്ത്രങ്ങൾ, ലഗേജ് റാക്കിൽ വെച്ചിരിക്കുന്ന ആര്യയുടെ ബാഗിലാണ്.
“ഇല്ലെടി… പാലക്കാട് എത്തി. അവിടെനിന്നും മാറിക്കയറണം. നമ്മൾ പാലക്കാടേക്കല്ലേ ടിക്കറ്റെടുത്തത്?” ആര്യ ചോദിച്ചു.
“ഓ… ഞാനത് മറന്നു.” മുഖത്തേക്ക് വീണുകിടന്നിരുന്ന മുടിയിഴകളെ വിരലുകൾകൊണ്ട് കോതി പിന്നിലേക്കിട്ടുകൊണ്ടാണ് അവളത് പറഞ്ഞത്.
ആര്യയ്ക്ക് ചിരിവന്നു; നല്ല ഉറക്കപ്പിച്ചിലാണ് സെലിൻ. കുതിരാൻ തുരങ്കം പിന്നിട്ടപ്പോൾ ഉറങ്ങാൻ തുടങ്ങിയതാണ് കക്ഷി. ഇടയ്ക്ക് പിന്നെ കണ്ണുതുറന്നത് ആലത്തൂരിലെത്തിയപ്പോഴാണ്.
തൃശ്ശൂരിലെ സ്റ്റാൻഡിലേക്ക് കയറുന്നതിന് തൊട്ടുമുൻപാണ് താൻ സ്ഥിരം പോകുന്ന വേലന്താവളം-പൊള്ളാച്ചി ബസ് സ്റ്റാൻഡ് വിട്ടത്. അതിലായിരുന്നെങ്കിൽ, പറഞ്ഞാൽ ചിലപ്പോൾ സത്രപ്പടിയിൽ നിർത്തിത്തരും. അല്ലെങ്കിൽ മേനോൻപാറ ജങ്ഷനിൽ ഇറങ്ങാം. ജങ്ഷനിൽ ഇറങ്ങിയാൽ കുറച്ചു പിന്നിലോട്ട് വരണം, നടക്കാവുന്ന ദൂരമേയുള്ളൂ. എങ്കിലും അവിടെനിന്നും ഓട്ടോ പിടിക്കാറാണ് പതിവ്. മേനോൻപാറ പാലം പണ്ടത്തെപ്പോലെയല്ല, പഴയത് പൊളിച്ചുപണിത് പാലത്തിന് ഇപ്പോൾ ഇരട്ടി വീതിയുണ്ട്. അതുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടുമുള്ള വാഹനങ്ങളുടെ മത്സരമാണ് ആ ഭാഗത്ത്.
“എന്തേ… ഇറങ്ങുന്നില്ലേ?” പാലക്കാട് സ്റ്റാൻഡിൽ ബസ് നിന്നുകഴിഞ്ഞതും സെലിന്റെ ചോദ്യമെത്തി.
അവളെ കണ്ണുരുട്ടി ഒന്നു നോക്കിയിട്ട് ആര്യ എഴുന്നേറ്റ്, മുകളിൽനിന്നും ബാഗെടുത്തു.
“ആ ബസ് നിങ്ങളുടെ ഭാഗത്തേക്കാണോ?” ബസ്സിൽനിന്നും ഇറങ്ങിയതും മുന്നിൽ നിർത്തിയിട്ടിരിക്കുന്ന ഒരു ബസ്സിന്റെ നേർക്ക് കൈചൂണ്ടി സെലിൻ ചോദിച്ചു. വേലന്താവളത്തേക്കുള്ള ലോക്കൽ ബസ്സാണ്. ഉച്ചനേരമായതുകൊണ്ട് അതിൽ അധികം ആളില്ല.
“അതെ… വേഗം വാ…” ആര്യ ബാഗും തൂക്കി ആ ബസ്സിന്റെ നേർക്ക് നടന്നു.
ബാഗിന് അത്യാവശ്യം കനമുണ്ട്. അതിൽ സെലിന്റെ വസ്ത്രങ്ങളും ചെട്ടിയങ്ങാടിയിലെ കടയിൽനിന്നും അവൾ വാങ്ങി തിരുകിക്കയറ്റിയ വറവുസാധനങ്ങളുമുണ്ട്. ഒന്നും വാങ്ങേണ്ടെന്ന് പറഞ്ഞതാണ്, കേട്ടില്ല. ‘ആദ്യമായി വരുന്നതല്ലേ, എന്തെങ്കിലും കൈപ്പിടിച്ചില്ലേൽ മോശമല്ലേ’ എന്ന് അവൾ.
അതും ശരിയാണ്. ഒരു അതിഥി വീട്ടിൽ വരുമ്പോൾ ആതിഥേയരും എന്തെങ്കിലും ഒക്കെ പ്രതീക്ഷിക്കുന്നത് ഒരു നാട്ടുനടപ്പാണല്ലോ. താൻപോലും വീട്ടിൽ ചെല്ലുമ്പോൾ അച്ഛനും അമ്മയ്ക്കും ആ ഒരു പ്രതീക്ഷ ഉണ്ടാകാറുണ്ട്. പലപ്പോഴും താനത് മറക്കും. വീക്കെൻഡിൽ ചെല്ലുമ്പോൾ ചേച്ചിമാരാരെങ്കിലും വന്നിട്ടുണ്ടെങ്കിൽ അമ്മ മറക്കാതെ വിളിച്ചുപറയും, ‘കുട്ടികളുണ്ട് വീട്ടിൽ’ എന്ന്.
“ടിക്കറ്റ്… ടിക്കറ്റ്…” കണ്ടക്ടറാണ്. ഡിപ്പോ കടന്ന്, ബസ് കോട്ടമൈതാനത്ത് എത്തിയിട്ടേയുള്ളൂ.
“രണ്ട് സത്രപ്പടി.” മടിയിലിരിക്കുന്ന ബാഗിന്റെ സൈഡ് കള്ളിയുടെ സിബ്ബ് തുറന്ന് പേഴ്‌സ് എടുത്ത് അമ്പതുരൂപ നീട്ടിക്കൊണ്ട് ആര്യ പറഞ്ഞു. അതും വാങ്ങി, ടിക്കറ്റ് മെഷീനിൽനിന്നും ടിക്കറ്റ് കീറി, ബാക്കി പണത്തോടൊപ്പം കണ്ടക്ടർ അവൾക്ക് കൊടുത്തു.
സെലിൻ പാലക്കാട് ടൗണിന്റെ തിരക്കുകളിലാണ്. അവൾക്ക് എപ്പോഴും വിൻഡോ സീറ്റ് തന്നെ വേണം, പുറംകാഴ്ചകൾ കാണണം. പലർക്കും അതാണ് ഇഷ്ടം. തനിക്ക് പക്ഷെ വിൻഡോ സീറ്റിൽ ഇരിക്കുമ്പോൾ ഓക്കാനം വരും. സ്പീഡിൽ മുഖത്ത് തട്ടുന്ന കാറ്റും അതിൽ അടങ്ങിയിരിക്കുന്ന റോഡിന്റെ മുഷിഞ്ഞ ഗന്ധവും എന്തോ തനിക്ക് പറ്റില്ല. എങ്കിലും, ഈറൻ മഴയുള്ളപ്പോൾ വിൻഡോ സീറ്റിലെ ഇരിപ്പ് ഒരു സുഖമാണ്. ബസ് യാത്രകളിൽ സെന്റർ സീറ്റിൽ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. അതാവുമ്പോൾ വണ്ടിയുടെ ചാട്ടവും കുലുക്കവുമൊന്നും അധികം ബാധിക്കില്ല.
“ഹോ… വല്ലാത്ത ക്ഷീണം…” പുറംകാഴ്ചകളിൽനിന്നും വിട്ട്, ഇടുപ്പൊന്നു കുലുക്കി, വലതുകൈ നീട്ടി കുടഞ്ഞ്, സീറ്റിൽ നേരെയിരിക്കുന്നതിനിടെ സെലിൻ ആരോടെന്നില്ലാതെ പറഞ്ഞു.
“അതുകൊള്ളാം! ഇത്രയും നേരം കിടന്നുറങ്ങിയിട്ട് ഇപ്പോൾ ക്ഷീണം പറയുന്നോ? ആട്ടെ… ഇന്നലെ രാത്രി എന്തായിരുന്നു ഉറങ്ങാതെ കിടന്നുള്ള പണി? ഞാനറിയാത്ത വല്ല രഹസ്യസഞ്ചാരവും തുടങ്ങിയോ മോള്…?”
ചോദ്യത്തോടൊപ്പം ആര്യയുടെ മുഖത്തെ കള്ളച്ചിരികൂടി കണ്ടപ്പോൾ സെലിന് കലിയിളകി. “ഉവ്വെടി… നമ്മുടെ ഫ്ലാറ്റിന്റെ മുകളിലെ ഫ്ലാറ്റിലേക്ക് ഞാനൊന്നു പോയിരുന്നു. പുലർച്ചെയായപ്പോഴാണ് നിന്നെ വന്ന് കെട്ടിപ്പിടിച്ച് ഉറങ്ങിയത്… അറിഞ്ഞില്ലായിരുന്നോ അതൊന്നും നീ?”
സെലിന് ശുണ്ഠി കൂടിയത് ആര്യയെ ഒന്നുകൂടി രസിപ്പിച്ചു. എങ്കിലും, തല പതിയെ ഇടത്തും വലത്തും പിന്നിലേക്കും വെട്ടിച്ചുകൊണ്ട് അവൾ ബസിലാകെ ഒരു ഓട്ടപ്രദക്ഷിണം നടത്തി. ശബ്ദം അമർത്തിയാണ് തങ്ങൾ സംസാരിക്കുന്നതെങ്കിലും പരിസരബോധം വേണമല്ലോ…
“അതെങ്ങനെ… രാത്രി വന്നു കിടന്നതല്ലേ നിനക്കോർമ്മയുള്ളൂ. കുംഭകർണ്ണിയെപ്പോലെ അല്ലായിരുന്നോ പിന്നെ നേരം വെളുക്കുന്നതുവരെ! ആ നേരത്ത് ആരെങ്കിലും വന്ന് നിന്നെ എടുത്തോണ്ടുപോയാൽ പോലും നീ അറിയുമായിരുന്നോ…?”
അതും പറഞ്ഞ്, ആര്യയുടെ പ്രതികരണം ശ്രദ്ധിക്കാതെ, സെലിൻ മുൻസീറ്റിന്റെ പിന്നിലെ കമ്പിയിൽ കൈമുട്ടുകൾ പിണച്ചുവെച്ച്, അതിൽ മുഖം ചേർത്ത് ആര്യയ്ക്ക് അഭിമുഖമായി ഇരുന്നു.
സെലിന്റെ കണ്ണുകൾ തനിക്ക് നേരെയല്ലെങ്കിലും അവൾ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് ആര്യയ്ക്ക് അറിയാം. സെലിന്റെ വീർത്തിരിക്കുന്ന കവിളിൽ ഒരു കുത്തുകൊടുത്തുകൊണ്ട്, അവളെ ചൊടിപ്പിക്കാൻ മുന്നോട്ടാഞ്ഞ് അവൾ കാതിൽ പറഞ്ഞു: “ഓഹോ… അപ്പോൾ അതായിരുന്നു നിന്റെ ഈ ക്ഷീണത്തിന് കാരണം, അല്ലേ…? ആട്ടെ, ആരാ കക്ഷി? ആ ഹൈറ്റിലുള്ള ജിമ്മാണോ അതോ അയാളുടെ കൂട്ടത്തിലെ ആ രണ്ടു കുള്ളൻ ജിമ്മന്മാരിൽ ആരെങ്കിലും ആണോ?”
മൂന്നാം നിലയിൽ മൂന്ന് ചെറുപ്പക്കാർ താമസിക്കുന്നുണ്ട്. വൈകുന്നേരങ്ങളിൽ അവർ തൊട്ടടുത്ത ജിംനേഷ്യത്തിൽ പോകുന്നതും വരുന്നതും കാണാറുണ്ട്. അവരെ കാണുമ്പോഴൊക്കെ സെലിൻ ചില ഫണ്ണി കമന്റ്സ് ആര്യയോട് പറയാറുണ്ട്.
മുകളിലെ ഫ്ലാറ്റ് എന്ന് സെലിൻ ദേഷ്യംകൊണ്ട് സന്ദർഭവശാൽ പറഞ്ഞുപോയതാണെന്ന് ആര്യയ്ക്ക് അറിയാം. എങ്കിലും ആ ചെറുപ്പക്കാരുടെ ഓർമ്മ വന്നപ്പോൾ വെറുതെ ഒന്നു കൊട്ടിയതാണ്.
“എന്തിനാ ഒരാളെ മാത്രം ആക്കുന്നത്, ആ മൂന്നു പേരേയും എന്ന് കൂട്ടാൻ മേലായിരുന്നോ…?” ആ ഇരുപ്പിൽത്തന്നെ ആര്യയെ രൂക്ഷമായി നോക്കി, പിറുപിറുക്കുംപോലെ സെലിൻ ചോദിച്ചു.
“ഏയ്… എന്റെ കുട്ടിക്ക് അത്രയ്ക്കൊന്നും ഗട്സ് ഇല്ലെന്ന് എനിക്കറിഞ്ഞുകൂടെ? അങ്ങനെയായിരുന്നേൽ, രാവിലത്തെ ദോശയ്ക്ക് എനിക്ക് ചമ്മന്തി അരയ്ക്കേണ്ടി വരില്ലായിരുന്നല്ലോ…?” ആര്യയും വിട്ടുകൊടുത്തില്ല.
അതുകേട്ടപ്പോൾ സെലിനു പെട്ടെന്ന് ചിരി വന്നു. കൈമുട്ടുകൾക്കിടയിലൂടെ മുഖം പൂഴ്ത്തി അവൾ കുലുങ്ങി ചിരിക്കുന്നത് ആര്യ കണ്ടു. ആര്യയും ആ തമാശയോർത്ത് പിന്നിലേക്ക് ചാരിക്കിടന്നു. പക്ഷെ, സെലിൻ കുലുങ്ങിച്ചിരിച്ചത് ആര്യയുടെ തമാശ കേട്ടതുകൊണ്ടായിരുന്നില്ല; മറ്റൊരു കാര്യം ഓർത്ത്, അടക്കാൻ വയ്യാതെ ചിരിച്ചു പോയതാണ്.
ബസ് അപ്പോൾ ഹൈവേയിലെ കഞ്ചിക്കോട് ജങ്ഷൻ സ്റ്റോപ്പിൽ എത്തിയിരുന്നു. ആളുകൾ കുറച്ചുപേർ കയറുന്നുണ്ട്. പക്ഷെ പരിചയക്കാർ ആരെയും കണ്ടില്ല. അല്ലെങ്കിൽതന്നെ നാട്ടിൽ തനിക്കാരെയും അധികം പരിചയമില്ലല്ലോ എന്ന് ആര്യ ചിന്തിച്ചു. ഇനി അഞ്ചാറ് സ്റ്റോപ്പുകൾ കഴിഞ്ഞാൽ ഇറങ്ങാം.

ഈ സമയം സെലിൻ ഓർത്തുകൊണ്ടിരുന്നത് മറ്റൊരു കാര്യമായിരുന്നു. കടലിൽനിന്നും ഫ്ലാറ്റിൽ എത്തുമ്പോൾ ഒരു എട്ട്, എട്ടര മണിയായിക്കാണും. അകത്തുകടന്ന പാടെ, വസ്ത്രം പോലും മാറാതെ ചുരുണ്ടുകൂടി ഒറ്റക്കിടപ്പായിരുന്നു ആര്യ. കടലിൽ തുള്ളിച്ചാടിയത് താനും, ക്ഷീണം മുഴുവൻ അവൾക്കും!
താൻ അപ്പോൾതന്നെ ബാത്ത്‌റൂമിൽ കയറി. ശരീരം മൊത്തം ഉപ്പിന്റെ ഒരു ഒട്ടലായിരുന്നു, പിന്നെ അടിവസ്ത്രങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന മണലിന്റെ ഭാരവും. കുളിക്കാതെ കിടക്കാൻ പറ്റില്ല.
കുളി കഴിഞ്ഞു തുവർത്തുന്നതിനിടയിലാണ് റിങ് ടോൺ കേട്ടത്. മ്യൂസിക് ടോൺ കേട്ടപ്പോൾ പപ്പയാണെന്ന് മനസ്സിലായി. രണ്ടുവട്ടമായി വിളിക്കുന്നു; ഡോക്ടറുടെ വീട്ടിൽനിന്ന് ഇറങ്ങാൻ നേരെത്തും കടലിൽ വെച്ചും.
അതിനിടയിൽ കാര്യം ഏതാണ്ട് മനസ്സിലായി. നാളെ ഒരു കൂട്ടർ വന്നോട്ടെ എന്ന് ചോദിച്ചിട്ടുണ്ട്. പയ്യനും തന്റെ പ്രൊഫഷൻ തന്നെയാണ്, ഇപ്പോൾ മിഡിൽ ഈസ്റ്റിലാണ്. കല്യാണം കഴിഞ്ഞാൽ കൊണ്ടുപോകും. രണ്ടു സഹോദരിമാരുണ്ട്, അവരുടെ കല്യാണം കഴിഞ്ഞതാണ്. അപ്പനും അമ്മയുമുണ്ട്, ബാധ്യതകളൊന്നുമില്ല. പപ്പയ്ക്ക് നേരിട്ട് അറിയാവുന്ന കൂട്ടരാണ്.
അവർക്ക് ഒരേയൊരു നിബന്ധനയേ ഉള്ളൂ; രണ്ടുകൂട്ടർക്കും ബോധ്യമായാൽ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ കല്യാണം നടത്തണം. ആലോചിച്ചു നോക്കിയപ്പോൾ കുഴപ്പമില്ലെന്ന് തോന്നി. പക്ഷെ, അപ്പോഴൊക്കെ ഫ്ലാറ്റിൽ എത്തിയിട്ട് വിളിക്കാം എന്ന് മാത്രം പറഞ്ഞുകൊണ്ട് കോൾ കട്ട് ചെയ്യുകയായിരുന്നു.
ഇപ്പോൾ ഒൻപതുമണി കഴിഞ്ഞിട്ടുണ്ടാവണം. ഇനിയും ഒരു മറുപടി കൊടുക്കാതിരുന്നാൽ പപ്പ പിണങ്ങും. അതോർത്തപ്പോൾ തല തുവർത്താൻ നിൽക്കാതെ, ടവൽ ചുറ്റി പെട്ടെന്ന് പുറത്തിറങ്ങുകയായിരുന്നു. റിങ് അപ്പോഴേക്കും നിന്നിരുന്നു.
അങ്ങോട്ട് വിളിച്ചതും പപ്പ പെട്ടെന്ന് അറ്റൻഡ് ചെയ്തു. തന്റെ കോൾ പ്രതീക്ഷിച്ച് ഫോൺ കയ്യിൽതന്നെ വെച്ചിരിക്കുകയായിരുന്നെന്ന് സെലിന് മനസ്സിലായി.
“പപ്പാ…” അവൾ ഈണത്തിൽ വിളിച്ചു.
“എന്താണ് നിനക്ക് പറ്റിയത് സെലിൻ?” പപ്പയുടെ സ്വരത്തിൽ ദേഷ്യമല്ല, ഉത്കണ്ഠയാണ്.
“ഒന്നുമില്ല പപ്പാ… ഞാനിന്ന് മുഴുവൻ ഒരു അലച്ചിലിലായിരുന്നു. അതുകൊണ്ടാണ്…” സെലിൻ മുഴുപ്പിച്ചില്ല, അതിനുള്ളിൽ അവളുടെ പപ്പ ചോദിച്ചു:
“നാളെ നീ വരില്ലേ…?”
‘വരാം’ എന്ന് പറയണമെന്ന് തോന്നിയതാണ്. അപ്പോഴാണ് ആര്യയ്ക്ക് കൊടുത്ത വാക്ക് ഓർമ്മയിൽ വന്നത്.
അവളുടെ കണ്ണുകൾ ആര്യയിലേക്ക് നീണ്ടു. നല്ല ഉറക്കത്തിലാണ്. ആ ഉറക്കത്തിലും അവൾ ആരെയോ… എന്തിനെയോ ഭയപ്പെട്ട്, കണ്ണുകൾ രണ്ടും ഇറുക്കിപ്പൂട്ടിപ്പിടിച്ച് തളർന്നു കിടക്കുന്നതുപോലെ തോന്നി സെലിന്. ആ കിടപ്പ് കണ്ടപ്പോൾ പപ്പയോട് വരാം എന്ന് പറയാനും കഴിയുന്നില്ല.
“നീയെന്തേ മറുപടിയൊന്നും പറയാത്തത്? നിനക്ക് ഇഷ്ടമില്ലെങ്കിൽ വേണ്ട, പക്ഷെ അത് തുറന്നുപറഞ്ഞുകൂടേ? അതിനുള്ള സ്വാതന്ത്ര്യമൊക്കെ നിനക്ക് തന്നിട്ടില്ലേ?” പപ്പയുടെ സ്വരം താഴുകയാണ്.
സെലിന്റെ ഉള്ളിൽ ഒരു നീറ്റൽ പിടഞ്ഞു. “പപ്പയ്ക്കറിയാമല്ലോ… ഞാൻ പറഞ്ഞിട്ടില്ലേ, ഇക്കാര്യത്തിൽ എന്റെ തീരുമാനമോ സ്വാതന്ത്ര്യമോ ഒന്നുമല്ല കാര്യമെന്ന്.”
“നീ പറഞ്ഞിട്ടുണ്ട്. പക്ഷെ, പല നല്ല ആലോചനകളും നീതന്നെ വേണ്ടെന്നു വെച്ചിട്ടുമുണ്ട്.”
പപ്പ തന്നെ വെറുതെ കുറ്റപ്പെടുത്തുന്നതല്ല, വാസ്തവമാണത്. പക്ഷെ അതെല്ലാം പപ്പയെ ഓർത്താണെന്ന് എങ്ങനെ പറയും? മമ്മി മരിച്ച ഉടനെയാണ് ആ ആലോചനകളെല്ലാം ഒന്നിനു പിറകെ ഒന്നായി വന്നത്. ആ അവസ്ഥയിൽ താനും കൂടി പപ്പയെ വിട്ടുനിന്നാൽ ശരിയാകില്ലെന്ന് തോന്നി. പിന്നീട് കുറേക്കാലം പപ്പയും അതേപ്പറ്റി മിണ്ടിയില്ല. ഇപ്പോഴാണ് ഇക്കാര്യം വീണ്ടും എടുത്തിടുന്നത്.
പക്ഷെ, ഈ സമയത്ത് താൻ കല്യാണക്കാര്യങ്ങളിൽ എൻഗേജ്ഡ് ആയാൽ ആര്യ ഒറ്റപ്പെടും. അതെങ്ങനെ പപ്പയെ ബോധ്യപ്പെടുത്തും…?
“ശരി… ഈ ആലോചന നമുക്ക് വേണ്ടെന്നുവെക്കാം. വേറെ ഒന്നും ആലോചിക്കാനും നിൽക്കുന്നില്ല. നിനക്ക് മറ്റെന്തെങ്കിലും അഭിപ്രായമുണ്ടെങ്കിൽ, എന്നോട് വാക്ക് പറഞ്ഞതാണെന്നൊന്നും ചിന്തിക്കേണ്ട. ആരായാലും നമുക്കത് നടത്താം, പപ്പ വാക്ക് തരുന്നു.”
പപ്പയുടെ അവസാന കച്ചിത്തുരുമ്പാണ്.
“പപ്പാ… ഞാൻ പപ്പയ്ക്ക് വാക്ക് തന്നതുപോലെ മമ്മിക്കും ഇതേ വാക്ക് കൊടുത്തിട്ടുണ്ട്; പപ്പ അന്വേഷിച്ചു കണ്ടെത്തുന്ന ആളുടെ മുന്നിലേ ഞാൻ മിന്നുകെട്ടാൻ നിന്നുകൊടുക്കൂ എന്ന്. മമ്മി എന്നോട് ആവശ്യപ്പെട്ട അവസാനത്തെ ആഗ്രഹമാണത്.”
“പിന്നെന്താണ് നിന്റെ പ്രശ്നം…?” പപ്പയ്ക്ക് ദേഷ്യം വന്നുതുടങ്ങിയെന്ന് സെലിന് മനസ്സിലായി. പപ്പ അത്ര പെട്ടെന്നൊന്നും ആരോടും ദേഷ്യപ്പെടാറില്ല. മമ്മിയോടുപോലും മുഷിഞ്ഞു സംസാരിക്കുന്നത് വളരെ അപൂർവ്വമായിരുന്നു.
ഇപ്പോഴത്തെ തന്റെ പ്രശ്നം പപ്പയുമായി ചർച്ച ചെയ്താലോ എന്ന് തോന്നി. പക്ഷെ ഇത് മറ്റൊരാളുടെ പ്രശ്നമാണ്. അയാളറിയാതെ പപ്പയോടല്ല, ആരോടായാലും പറയാമോ?
സെലിൻ വീണ്ടും ആര്യയെ നോക്കി. അവളെ വിളിച്ചുണർത്തി അനുവാദം ചോദിക്കാൻ സമയമില്ല, ചോദിച്ചാലും ഒരുപക്ഷെ സമ്മതിച്ചെന്നു വരില്ല.
“സെലിൻ… നിന്റെ പ്രശ്നം എന്തുതന്നെയാണെങ്കിലും ഈ പപ്പ നിന്നെ കുറ്റപ്പെടുത്താൻ നിൽക്കില്ല. നീയിപ്പോൾ എന്റെ മകൾ എന്നതിലുപരി ഒരു വ്യക്തിയാണ്. നിനക്കത് എന്നോട് പറയാനോ പറയാതിരിക്കാനോ അവകാശമുണ്ട്. സ്വയം പരിഹരിക്കുകയോ പരിഹരിക്കാതിരിക്കുകയോ ചെയ്യാം. എങ്കിലും എന്നോട് പറയുകയാണെങ്കിൽ എനിക്ക് പരിഹരിച്ചുതരാൻ പറ്റുന്നതാകാം. അല്ലെങ്കിൽ, പരിഹരിക്കാവുന്ന വഴികൾ പറഞ്ഞുതരാനെങ്കിലും പറ്റിയേക്കാം.”
പപ്പയുടെ ക്ഷമയും നയചാതുര്യവും എന്നും തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും പപ്പ അതുതന്നെ ചെയ്യുന്നു. ഒരുപക്ഷെ, ആര്യയുടെ കാര്യത്തിൽ പപ്പയ്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞെങ്കിലോ?
വിഷയം കേട്ടാൽ ഒരുപക്ഷെ ഏതൊരാളെപ്പോലെയും പപ്പയും അത്ര ഗൗരവമായി എടുത്തേക്കില്ല. എങ്കിലും, ഏതൊരു നിസ്സാര കാര്യമാണെങ്കിലും അതേപ്പറ്റി പപ്പ ഉള്ളിലൊരു ചെറിയ ഗവേഷണമെങ്കിലും നടത്തിയിരിക്കും.
ആര്യയുടെ പ്രശ്നത്തിന് പ്രത്യേകിച്ചൊരു ചികിത്സ ആവശ്യമില്ലെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ടെങ്കിൽ കൂടിയും, ഇപ്പോൾ അവൾക്ക് കൃത്യമായ ഒരു ഗൈഡ്‌ലൈൻ ആവശ്യമാണ്. പപ്പയ്ക്ക് ചിലപ്പോൾ അതിനെങ്കിലും കഴിഞ്ഞെങ്കിലോ… ശാസ്ത്രം തോൽക്കുന്നിടത്ത് ചിലപ്പോഴൊക്കെ സാധാരണ മനുഷ്യർ ജയിക്കാറുണ്ട്.
സെലിൻ പതുക്കെ ബാൽക്കണിയിലേക്ക് നടന്നു. ഇനി പറയാനുള്ളത് ആര്യയുടെ അടുത്തുനിന്നാവേണ്ട. എങ്ങാനും അവൾ ഉണർന്ന് അത് കേട്ടാൽ അതുമതി പിണങ്ങാൻ.
ബാൽക്കണിയിലേക്ക് കടന്നതും അവൾ നീട്ടിവിളിച്ചു: “പപ്പാ…”
താൻ പറയാൻ തുടങ്ങുകയാണെന്ന് പപ്പയ്ക്ക് മനസ്സിലായെന്ന് പപ്പയുടെ നിശബ്ദതയിൽനിന്നും സെലിൻ ഊഹിച്ചു. സെലിൻ തുടർന്നു: “പപ്പ കരുതുന്നതൊന്നുമല്ല പപ്പാ എന്റെ പ്രശ്നം. കേൾക്കുമ്പോൾ പപ്പയ്ക്ക് വളരെ നിസ്സാരമായി തോന്നും. പക്ഷെ, ഞാനിപ്പോൾ അതിൽ കുടുങ്ങിക്കിടക്കുകയാണ്.”
തുടർന്ന് ഇതുവരെയുള്ള കാര്യങ്ങൾ, ആര്യയുടെ വ്യക്തിപരമായ വിഷയങ്ങൾ ഉൾപ്പെടെ അവൾ വിസ്തരിച്ചു പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞിട്ടും മറുതലയ്ക്കൽ നിശബ്ദത തുടർന്നപ്പോൾ സെലിന് സംശയമായി. അവൾ ചെവിയിൽനിന്നും ഫോണെടുത്ത് നോക്കി. പപ്പ ലൈനിൽതന്നെയുണ്ട്. ഇനിയൊരുപക്ഷെ, താൻ കരുതിയതുപോലെ, താനീ പറഞ്ഞ കാര്യങ്ങളെ പപ്പ തമാശയായി കണ്ടുകാണുമോ എന്ന് സംശയിച്ചു.
പക്ഷെ, തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് പപ്പ അത് പറഞ്ഞത്: “നീ പറഞ്ഞതു ശരിയാണ്, ഈ കാര്യങ്ങൾ കേട്ടാൽ ആർക്കായാലും നിസ്സാരമായി തോന്നാം. പക്ഷെ, അത് അനുഭവിക്കുന്ന ആൾക്ക് അതൊരു വലിയ പ്രശ്നം തന്നെയാണ്. അതിന്റെ തീവ്രത അളക്കാൻ കഴിയുക അയാൾക്കാണ്, മറ്റുള്ളവർക്കല്ല.”
ആ വാക്കുകൾ കേട്ടപ്പോൾ സെലിന് വലിയ ആശ്വാസം അനുഭവപ്പെട്ടു. പപ്പയും തന്നെപ്പോലെ ചിന്തിക്കുന്നു! അല്ല, പപ്പയുടെ മോളാണ് താൻ! ആ ബോധം വന്നതും സ്വന്തമായ ഒരു അഭിമാനം ഉള്ളിൽ തട്ടി.
“അതുകൊണ്ട് മോൾ ആ കുട്ടിയുടെ കൂടെ കഴിയാവുന്നത്ര നിന്നോളൂ. അതെല്ലാം കഴിഞ്ഞിട്ട് പപ്പയോട് പറഞ്ഞാൽ മതി. അപ്പോൾ നമുക്ക് വീണ്ടും നിന്റെ കല്യാണകാര്യം ആലോചിക്കാം. തൽക്കാലം മറ്റന്നാൾ അവരോട് വരണ്ട എന്നും പറയാം.”
അതുകേട്ടതും അവൾക്ക് പപ്പയോടുള്ള മതിപ്പ് കൂടി, സന്തോഷത്താൽ കണ്ണ് നനഞ്ഞു. ഇങ്ങനെയുള്ള പപ്പയെ എങ്ങനെ വിഷമിപ്പിക്കും! അവൾ പറഞ്ഞു: “അത് വേണ്ടെന്നുവെക്കേണ്ട പപ്പാ, നമുക്ക് മുന്നോട്ടുപോകാം. പക്ഷെ മറ്റന്നാൾ എന്തെങ്കിലും ഒഴിവുകഴിവ് പറഞ്ഞാൽ മതി. അതുകഴിഞ്ഞുള്ള ഏത് ദിവസമായാലും ഞാനവിടെ എത്തിയിരിക്കും. വൈകുന്നേരത്തെ പപ്പയുടെ കോളിനുശേഷം, നാളെ ആര്യയേയും കൂട്ടി അങ്ങോട്ട് വരാനാണ് ആദ്യം ഉദ്ദേശിച്ചത്. ഇങ്ങനെയൊരു സാഹചര്യത്തിൽ അവളെ ഫ്ലാറ്റിൽ തനിച്ചുവിട്ടു വന്നാൽ ശരിയാകില്ലെന്ന് തോന്നി. അക്കാര്യം അവളോട് പറയാൻ തുനിഞ്ഞപ്പോഴേക്കും അവൾ ഇങ്ങോട്ട് ചോദിച്ചു, ‘നാളെ സെക്കൻഡ് സാറ്റർഡേയല്ലേ, ഞാൻ വീട്ടിൽ പോവുകയാണ്, കൂടെ പോരുന്നോ’ എന്ന്. ആ സമയം ഞാൻ കേറി സമ്മതിക്കുകയും ചെയ്തു. എനിക്കും അവളുടെ വീടൊന്നു കാണണമെന്നുണ്ടായിരുന്നു.”
“അതു കുഴപ്പമില്ല, മോൾ പോയിട്ടു വാ. അതിനുശേഷം മറ്റു കാര്യങ്ങൾ നമുക്ക് തീരുമാനിക്കാം,” അതും പറഞ്ഞ് പപ്പ നിർത്തി. ഇനിയൊന്നും പറയാനില്ലാത്തതുകൊണ്ട് സെലിൻ ഗുഡ് നൈറ്റ് പറഞ്ഞു.
പപ്പയും തിരിച്ചുപറഞ്ഞു. പക്ഷെ അവൾ കോൾ കട്ട് ചെയ്യാൻ തുടങ്ങുന്നതിനു മുൻപേ, പപ്പ വേറെന്തോ കൂടി പറയുന്നുണ്ടല്ലോ എന്ന് തോന്നി. അവൾ വീണ്ടും ഫോൺ ചെവിയോട് ചേർത്ത് ആകാംക്ഷയോടെ ചോദിച്ചു: “എന്താണ് പപ്പാ…? വേറെന്തോ പറഞ്ഞല്ലോ, ഞാൻ കേട്ടില്ല.”
“അത് മറ്റൊന്നുമല്ല, ആ കുട്ടിയുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനിടയിൽ എനിക്ക് മറ്റൊരു കാര്യം ഓർമ്മ വന്നിരുന്നു. ഒരുപക്ഷെ നിങ്ങൾക്ക് ഈ കേസിൽ അതൊരു പ്രധാനപ്പെട്ട സൂചന ആയിരിക്കും എന്ന് എനിക്ക് തോന്നുന്നു.”
പപ്പ പറഞ്ഞത് കേട്ടപ്പോൾ, കടലിൽനിന്നും ഒരു വൻതിരമാല സെലിന്റെ ഉള്ളിൽ വന്നാഞ്ഞുപതിച്ച് ചിതറിത്തെറിച്ചു. അപ്പോളവൾ, കടലിൽവെച്ച് തന്നോട് കടലമ്മ പറഞ്ഞതാണെന്നും പറഞ്ഞ് ആര്യയോട് തമാശയായി പറഞ്ഞ ആ വാക്കുകൾ ഓർത്തു: ‘കുട്ടികളേ… നിങ്ങളെ ഇനി അധികം കഷ്ടപ്പെടുത്തില്ല, ഒട്ടും വൈകാതെ നിങ്ങളുടെ പ്രശ്നങ്ങളെല്ലാം തീർത്തുതരാം…’
“നീ ഉറങ്ങാറായില്ലല്ലോ…?” വീണ്ടും പപ്പയുടെ സ്വരം. അപ്പോഴാണ് അവളോർത്തത്, പപ്പ ഇപ്പോഴും ലൈനിൽതന്നെയുണ്ട്.
“ഇല്ല പപ്പാ, പറഞ്ഞോളൂ…” പപ്പ പറയാൻ പോകുന്ന ആ സൂചനയ്ക്കുവേണ്ടി അവളുടെ നെഞ്ച് ശക്തമായി മിടിക്കാൻ തുടങ്ങി. പക്ഷെ പപ്പ ആ സമയം പറഞ്ഞത് മറ്റൊന്നാണ്:
“ഞാനൊരു അര മണിക്കൂർ… ഏറിയാൽ ഒരു മണിക്കൂർ… അതിനുള്ളിൽ വിളിക്കാം. എനിക്കൊരു കാര്യം തിരയാനുണ്ട്.”
“ശരി പപ്പാ, എന്തായാലും ഇന്നും നാളെയും ലീവാണ്. ഇന്നിത്തിരി ഉറക്കമൊഴിച്ചാലും കുഴപ്പമില്ല. പക്ഷെ, ഇന്ന് തന്നെ പപ്പ പറയണം.”
ഏതാനും സെക്കന്റുകൾ കഴിഞ്ഞാണ് മറുപടി കിട്ടിയത്: “എനിക്കറിയാം മോളേ… ഞാൻ മനസ്സിലാക്കുന്നു, നിനക്ക് ആ കുട്ടിയോടുള്ള ആത്മാർത്ഥത. ഞാൻ വിളിക്കാം.” അതു പറഞ്ഞതും കോൾ കട്ടായി.
ബാൽക്കണിയുടെ കൈവരിയിൽ ചാരി സെലിൻ ഫോണും പിടിച്ച് പുറത്തേക്ക് നോക്കിനിന്നു. പുറത്തുനിന്നും സെലിനെ കടന്ന്, ബാൽക്കണിവാതിലിലൂടെ അരിച്ചു കയറിയ കാറ്റ്, ഗാഢനിദ്രയിലമർന്നു കിടന്നിരുന്ന ആര്യയെ വട്ടംചുറ്റി കടന്നുപോയി. ആ സമയം ആര്യയിൽനിന്നും ശക്തമായ ഒരു ഞെരുക്കമുണ്ടായത് സെലിൻ കേട്ടില്ല.
തുടരും…
Join with us

സതീഷ് കളത്തിൽ: തൃശൂർ ശങ്കരയ്യ റോഡ് സ്വദേശി. പ്രതിഭാവം എഡിറ്റർ, ഉത്തരീയം കലാ- സാംസ്കാരിക മാസികയുടെ അസോ. എഡിറ്റർ. ‘ദോഷൈകദൃക്ക്‘ എന്ന പേരിൽ പ്രതിഭാവത്തിൽ ‘വോക്കൽ സർക്കസ്‘, ‘കുഞ്ഞമ്മാവൻ‘ എന്നീ പേരുകളിൽ എഐ കാർട്ടൂൺ കോളങ്ങളും സൂര്യ എന്ന പേരിൽ എഐ ഇല്ലുസ്ട്രേഷനുകളും ചെയ്യുന്നു.
ചലച്ചിത്ര സംവിധായകൻ. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രങ്ങളായ വീണാവാദനം(ചിത്രകലാ ഡോക്യുമെന്ററി), ജലച്ചായം(ഫീച്ചർ ഫിലിം) എന്നിവയും ലാലൂരിന് പറയാനുള്ളത്(പരിസ്ഥിതി ഡോക്യുമെന്ററി), ജ്ഞാനസാരഥി(ഹിസ്റ്ററി ഡോക്യുമെന്ററി) എന്നിവയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ചെയർമാനാണ്.
പിതാവ്: ശങ്കരൻ. മാതാവ്: കോമളം(Late). ഭാര്യ: കെ.പി. രമ. മക്കൾ: നിവേദ, നവീൻകൃഷ്ണ, അഖിൽകൃഷ്ണ.








