AI illustration by Surya for the Malayalam poem Bhasha Nashtappedunna Manushyar by Nimya Ashis

ഭാഷ നഷ്ടപ്പെടുന്ന മനുഷ്യർ

ദ്യം
പക്ഷികളാണ്
മനുഷ്യരെ മനസ്സിലാക്കാതായത്;
അവ ഓരോ പ്രഭാതത്തിലും
അതേ പാട്ട് പാടിയിട്ടും
ഒരു ജനാലപോലും തുറന്നില്ല.

പിന്നെ
മരങ്ങൾ കാറ്റിനോട് സംസാരിച്ചു;
ഭൂമി മാത്രം
ആ സംഭാഷണം കേട്ടു-
നമ്മൾ തിരക്കിലായിരുന്നു.
വേരുകൾ
വെളിച്ചം കാണാതെ തന്നെ
മണ്ണിനടിയിൽ
പരസ്പരം തിരിച്ചറിഞ്ഞിരുന്നു;
ഭൂമിയുടെ ഏറ്റവും പഴയ ഭാഷയിൽ.

നദികൾ
ഓരോ വളവിലും
കരകളെ വിളിച്ചു;
മറുപടി നഷ്ടമായപ്പോൾ
പ്രതിധ്വനികളും
പക്ഷികളോടൊപ്പം പറന്നുപോയി.

ഒരിക്കൽ
ലോകം
ഒരു തുറന്ന പുസ്തകമായിരുന്നു.
മരങ്ങൾ
വിരാമചിഹ്നങ്ങൾ.
നദികൾ
അടിക്കുറിപ്പുകൾ.
ആകാശം
തലക്കെട്ട്.
ഇപ്പോൾ
പുസ്തകം
അടഞ്ഞിട്ടില്ല.
വായിക്കാൻ അറിയുന്ന
മനുഷ്യരാണ്
പതിയെ
അപ്രത്യക്ഷമായത്.

Join with us

Read Also  ഓണം ഇല്ലാത്തവർക്കായ്/അനുഭൂതി ശ്രീധരൻ എഴുതിയ ഓണക്കവിത/പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ്-2025