പ്രതിഭാവം പരിചയപ്പെടുത്തുന്ന, നവാഗത എഴുത്തുകാരി ഫാസിന കുന്നത്തിന്റെ, ഒരു പ്രതികാരത്തിന്റെ ‘അഞ്ചുദിനങ്ങ’ ളിലൂടെ സഞ്ചരിക്കുന്ന ഗോസ്റ്റ് സ്റ്റോറി, ‘റാന്തൽ’ – (തുടർകഥ). പാലക്കാട് പിരായിരി സ്വദേശിനിയായ ഫാസിന, ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ എഴുതിയ ആദ്യ രചനയായ ‘റാന്തൽ’ ഇപ്പോൾ കാലിക മാറ്റങ്ങളോടെ പ്രസിദ്ധീകരിക്കുന്നു. നിലവിൽ, തിരുവനന്തപുരം ഗവണ്മെന്റ് ഹോമിയോപതിക് മെഡിക്കൽ കോളേജിൽ ബിരുദവിദ്യാർത്ഥിനിയാണ് ഫാസിന.

റാന്തൽ ആറാം അദ്ധ്യായം
സാറയുടെ കണ്ണുകളിൽ ഈ ദൃശ്യങ്ങൾ പലകുറി വന്നും പോയും ഇരുന്നു. പക്ഷെ, ആ ദൃശ്യത്തിലെ പെണ്ണിനെ അവളുടെ ഓർമ്മയിലെങ്ങും വരുന്നില്ല. ആ ദൃശ്യങ്ങൾ ഇപ്പോൾ ഉള്ളിൽ ഭയാനകത ഉണ്ടാക്കുന്നില്ല. മുൻപു കേട്ടതുപോലെ, കരയുന്നതിന്റെയോ മറ്റോ ശബ്ദങ്ങളും ഇപ്പോഴില്ല. എങ്കിലും, സാറയ്ക്ക് നെഞ്ചിനുമേലെ വലിയൊരു പാറ ഇരിക്കുന്നതുപോലെ അനുഭവപ്പെട്ടു.
Day: 1
ഡയറിയിലെ ആ വാക്കുകൾ കണ്ട് സാറ അന്തം വിട്ടു.
കാറിന്റെ ശബ്ദം കേട്ട് ഇറങ്ങിപ്പോയ അവൾ വളരെ വേഗം തിരികെ റൂമിലേക്ക് എത്തിയിരുന്നു. പലതും പ്രതീക്ഷിച്ചാണ് താഴെക്ക് ചെന്നത്. ഡ്രെസ്സെടുക്കാൻ ചെല്ലാത്തതിന് അവിടെ നിന്നും കിട്ടിയ കുറ്റപ്പെടുത്തലുകളും പരിഭവങ്ങളും ഉമ്മയോ ഇക്കാക്കമാരോ കമന്ററിയായി പറയുമെന്നാണ് കരുതിയത്. ഭാഗ്യത്തിന് അതുണ്ടായില്ല. അല്ലെങ്കിൽ തന്നെ താൻ ചെല്ലാത്തതിന് ആർക്കാണ് പരാതി ഉണ്ടാകുക?
താൻ ഹാളിലെത്തിയപ്പോൾ ഉമ്മയും അൻവറിക്കയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഉപ്പയും അച്ചുവും മുറിക്കുള്ളിൽ കയറിയെന്നു മനസിലായി. അസീസിക്കയെയും കാണാനില്ല. അൻവറിക്ക തന്നെയൊന്നു നോക്കി, അസീസിക്കയുടെ മുറിയിലോട്ട് കയറി. ഇക്കേടെ മുഖത്ത് ഒരു മ്ലാനത ഉണ്ടോന്നൊരു സംശയം തോന്നി സാറയ്ക്ക്. ഇന്നിനി ഇക്ക മുകളിലെ റൂമിലേക്കില്ലെന്നു മനസിലായി. അല്ലെങ്കിലും ആ മുറി കിടക്കാൻ പാകത്തിൽ ശരിയാക്കിയിട്ടില്ല.
ഉമ്മ താൻ വരാൻ കാത്തിരുന്നതുപോലെ, തന്നെ നോക്കി ഡൈനിങ് ടേബിളിൽ വെച്ചിരിക്കുന്ന പാർസലിലേക്ക് മുഖം കാണിച്ചു പറഞ്ഞു,
“നിനക്കുള്ളതാണ്. കഴിച്ചിട്ട് വേഗം കിടക്കാൻ നോക്ക്.”
അതും പറഞ്ഞു റൂമിലേക്ക് കയറിപ്പോയ ഉമ്മയുടെ മുഖത്തും എന്തോ അമർഷമുള്ളതുപോലെ തോന്നി. ആദ്യം കരുതിയത് ഹാളിലും പുറത്തും ലൈറ്റ് ഇടാതെ ഇരുന്നതിനാകുമെന്നാണ്. പിന്നെ തോന്നി, അതാണ് കാരണമെങ്കിൽ തന്നെ കണ്ടയുടൻ തന്നെ അതിനുള്ള ചീത്തവിളി കിട്ടേണ്ടതാണ്. കാരണം പിന്നെ മനസിലായി. തന്റെ മകൾക്കു കിട്ടേണ്ട എന്തോ വലിയ സൗഭാഗ്യം മറ്റാർക്കോ കിട്ടിയതിലുള്ള ഉള്ളിലെ അമർഷമാണ് അതെന്ന്. അതോർത്ത് സാറ ഉള്ളിൽ ചിരിച്ചു. അവൾ കുറച്ചുനേരം സോഫയിൽ ഇരുന്നു. സമയം എട്ടാകാൻ പോകുന്നതേ ഉള്ളൂ. എങ്കിലും നട്ടപ്പാതിരയുടെ നിശബ്ദത. മഴ പെയ്തില്ലെങ്കിലും മഴയുടെ വരവറിയിക്കാൻ പാകത്തിൽ പുറത്തുള്ള മാക്രികളുടെയും ചീവീടുകളുടെയും മറ്റും ശബ്ദം ഇപ്പോൾ ഉച്ചത്തിൽ കേൾക്കാം.
പെട്ടെന്നാണ് അവൾ ഉച്ചത്തിലുള്ള ഒരു ഓരിയിടൽ കേട്ടത്. തുടർന്ന് കൊറേ പട്ടികളുടെ കുരകളും ഉയർന്നു കേട്ടു. അതോടൊപ്പം, ഒരു പെണ്ണിന്റെ അമർത്തിയുള്ള കരച്ചിലും അവളുടെ കാതുകളിൽ മുഴങ്ങി. സാറ ഞെട്ടിപ്പിടഞ്ഞു എണീറ്റു. അവൾക്കാ സമയം ആ ഡയറി ഓർമ്മ വന്നു. ഉള്ളിൽ ഭയം തേട്ടി വന്നു. എങ്കിലും അവളുടെ കാലുകൾ അവളറിയാതെ ചലിച്ചു. കോണിപ്പടി കയറി റൂമിലെത്തിയപ്പോഴേക്കും അവൾ കിതച്ചിരുന്നു.
‘ഇതാരാ എഴുതിയത്? മുൻപ് നോക്കിയപ്പോൾ ഇങ്ങനെയൊരു വാചകം കണ്ടില്ലായിരുന്നല്ലോ?’ സാറ ഓർത്തു. തന്നെയുമല്ല, ആ പേജിൽ മുൻപുണ്ടായിരുന്ന ആ വാണിംഗും ഇപ്പോൾ കാണുന്നില്ല. സാറയ്ക്ക് തല ചുറ്റുന്നതുപോലെ തോന്നി. അവൾ മേശക്കരികിലെ കസേരയിൽ ഇരുന്നു. തനിക്കെന്താണ് സംഭവിക്കുന്നത്? അവൾക്കൊന്നും മനസിലായില്ല. അടുത്ത നിമിഷം അവളുടെ വലതുകൈ ഡയറിക്കടുത്ത് ഇരുന്നിരുന്ന പേനയെ എടുക്കുന്നതും യാന്ത്രികമായി ഡയറിയിൽ എന്തൊക്കയോ എഴുതി തുടങ്ങുന്നതും അവൾ ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞു. പക്ഷെ, ഒന്നും അവൾക്ക് വായിക്കാൻ കഴിയുമായിരുന്നില്ല. തന്റെ മനോഹരമായ ഉരുണ്ട കൈയ്യക്ഷരങ്ങൾ വികൃതരൂപം പൂണ്ട്, തന്നെ നോക്കി പല്ലിളിക്കുന്നതുപോലെ അവൾക്കു തോന്നി.
അവളുടെ കാഴ്ച മങ്ങിത്തുടങ്ങി. ഉച്ചമയക്കത്തിൽ താൻ കണ്ട മഞ്ഞവെളിച്ചവും നിഴലുകളും ദൃശ്യങ്ങളും ഒപ്പം ആ മുറിയിൽ കൂനിക്കൂടി ഇരുന്നിരുന്ന രൂപവും വീണ്ടും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇപ്പോൾ ആ രൂപം കുറച്ചും കൂടി വ്യക്തമാണ്. അല്ലാ… ഇപ്പോൾ ആ മുഖം തന്റെ കണ്ണുകൾക്ക് അടുത്താണ്. അതൊരു പെണ്ണാണ്. നല്ല വെളുത്ത നിറം. നല്ല ഉയരമുള്ള പ്രകൃതമാണെന്നു തോന്നുന്നു. കാഴ്ചയിൽ ഒരു മുതിർന്ന പെണ്ണായി തോന്നുമെങ്കിലും ആ മുഖത്തിനു ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കത. നല്ല വട്ടത്തിൽ ഉള്ള മുഖമാണ്. പിന്നിലേക്ക് അഴിഞ്ഞു കിടക്കുന്ന കോലൻ മുടി. അവൾ മേലാകെ ഒരു വെള്ളത്തുണി പുതച്ചിരിക്കുന്നു. ബെഡ്ഷീറ്റ് പോലെ എന്തോ ഒന്ന്. നിലത്ത് ഇരിക്കുന്ന അവൾ ഒരു കാൽ മടക്കി ഉയർത്തിവെച്ച് അതിൽ രണ്ട് കൈകളും പിണച്ചുവെച്ച് താടി അതിൽ കുത്തിയാണ് ഇരിക്കുന്നത്. ആഭരണങ്ങളോ മേയ്ക്കപ്പോ ഒന്നും ഉള്ളതായി തോന്നുന്നില്ല. ഒറ്റ നോട്ടത്തിൽ, ഏതോ ഒരു ഉൾഗ്രാമത്തിലെ പെണ്ണ്.
അവൾ തന്നെതന്നെ ഇമകൾ വെട്ടാതെ നോക്കിയിരിപ്പാണ്. അവൾക്കു മുന്നിൽ ഒരു പ്ളേറ്റ്. അതിൽ ചുവന്ന നിറത്തിൽ കഴിക്കാനുള്ള എന്തോ ഉണ്ട്. പ്ലേറ്റിൽ തന്നെയുള്ള ട്രാൻസ്പരന്റ് ഗ്ലാസ്സിലെ ദ്രാവകത്തിനും ചുവപ്പ് നിറം. ചുമരരികിൽ ഒരു ചെറിയ സ്റ്റാന്റിൽ ഒരു വിളക്ക് കത്തി നിൽക്കുന്നു. മുറിയിലെ ജനലിലൂടെ പുറത്തെ ചെടികൾ കാണാം.
സാറയുടെ കണ്ണുകളിൽ ഈ ദൃശ്യങ്ങൾ പലകുറി വന്നും പോയും ഇരുന്നു. പക്ഷെ, ആ ദൃശ്യത്തിലെ പെണ്ണിനെ അവളുടെ ഓർമ്മയിലെങ്ങും വരുന്നില്ല. ആ ദൃശ്യങ്ങൾ ഇപ്പോൾ ഉള്ളിൽ ഭയാനകത ഉണ്ടാക്കുന്നില്ല. മുൻപു കേട്ടതുപോലെ, കരയുന്നതിന്റെയോ മറ്റോ ശബ്ദങ്ങളും ഇപ്പോഴില്ല. എങ്കിലും, സാറയ്ക്ക് നെഞ്ചിനുമേലെ വലിയൊരു പാറ ഇരിക്കുന്നതുപോലെ അനുഭവപ്പെട്ടു. ഇരുന്നിടത്തു നിന്നും എഴുന്നേൽക്കാൻ കഴിയുന്നില്ല. ആ ഇരുപ്പിൽതന്നെ അവൾ ഉറക്കത്തിലേക്ക് ആണ്ടുപോയി.
തുടരും…

Join with us

ഫാസിന കുന്നത്ത്: പാലക്കാട് പിരായിരി സ്വദേശിനി. ചിത്രകാരി. തിരുവനന്തപുരം ഗവണ്മെന്റ് ഹോമിയോപതിക് മെഡിക്കൽ കോളേജിൽ ഒന്നാം വർഷം. മാതാപിതാക്കൾ: കുന്നത്ത് അസീസ് കെ. എ., സൈന വി. യു.
പ്രതിഭാവത്തിൽ തുടർകഥയായി പ്രസിദ്ധീകരിച്ചു വരുന്ന ‘റാന്തൽ’ എന്ന ഹൊറർ സ്റ്റോറിയാണ് പ്രസിദ്ധീകൃതമാകുന്ന ആദ്യ രചന. ഒൻപതാം ക്ളാസിൽ പഠിക്കുമ്പോഴാണ്, ഫാസിന തന്റെ ആദ്യത്തെ രചനയായ ‘റാന്തൽ’ എഴുതിയത്.








