AI illustration for Thalayillaa Thachan-Malayalam Novella by Sathish Kalathil-Part 4-Cover image

തലയില്ലാ തച്ചൻ- നാലാം ഭാഗം

കുറച്ചുനേരം ഡോക്ടർ നിശ്ശബ്ദനായിരുന്നു. ഡോക്ടർക്ക് ആര്യയെ പിടികിട്ടിത്തുടങ്ങിയിരിക്കുന്നു. “ഇറ്റ്‌സ് ഓൾ റൈറ്റ് ആര്യ. ഞാൻ ചില ഉദാഹരണങ്ങൾ സൂചിപ്പിച്ചു എന്നേയുള്ളൂ. നിങ്ങളുടെ വിഷയത്തിന് അങ്ങനെയുള്ള കാരണം തന്നെ ആകണമെന്നില്ല. പിന്നെ, സാധാരണ ഇങ്ങനെയുള്ള സംഭവങ്ങൾ നടന്ന് ഏകദേശം രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകേണ്ടതാണ്. ഇതിപ്പോൾ നിങ്ങൾ വേർപിരിഞ്ഞുനിൽക്കാൻ തുടങ്ങിയിട്ട് രണ്ടു കൊല്ലത്തിലേറെയായി. അതുകൊണ്ട് ഇക്കാരണത്താൽ ഉണ്ടാകുന്ന പിടിഎസ്ഡിയ്ക്ക് സാധ്യത വളരെ കുറവാണ്.”

“സോ… ദാറ്റ്സ് യുവർ പ്രോബ്ലം..?”

ഇതുവരെ താൻ കണ്ട സ്വപ്നങ്ങളുടെ നിഗൂഢ സഞ്ചാരങ്ങളെക്കുറിച്ച് ആര്യ പറഞ്ഞുനിർത്തിയപ്പോൾ, കുഷ്യൻ സോഫയിൽ അമർന്നിരുന്ന ഡോക്ടർ ഐസക്കിന്റെ ആദ്യ പ്രതികരണം അതായിരുന്നു. ഡോക്ടറുടെ ആ ചോദ്യത്തിൽ ഒരു നിസ്സാരതയുടെയോ നിസ്സംഗതയുടെയോ ലാഞ്ചനയുണ്ടോ എന്ന് ആര്യയ്ക്ക് തോന്നിപ്പോയി. താൻ പ്രതീക്ഷിച്ചത്ര ആകാംക്ഷയോ അമ്പരപ്പോ അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നില്ല. അവൾ സെലിനെ പാളിനോക്കി; സെലിന്റെ മുഖത്തും അതേ സന്ദേഹം നിഴലിക്കുന്നുണ്ടായിരുന്നു.

ആ അകത്തളത്തിന് കാലപ്പഴക്കത്തിന്റെ ഒരു ഗന്ധമുണ്ട്. ഡോക്ടർ ഇരിക്കുന്ന സോഫയുടെ താഴെ, നീട്ടിവെച്ച മുൻകാലുകളോടെ ബഡ്ഡി കിടക്കുന്നു. അവൻ തന്റെ ഉരുണ്ട കണ്ണുകൾ ഉരുട്ടി ആര്യയെത്തന്നെ തുറിച്ചുനോക്കുകയാണ്. സെലിനെ അവൻ ഗൗനിക്കുന്നതേയില്ല. അവന്റെ കുഞ്ഞൻ വാൽ ആട്ടിക്കൊണ്ടുള്ള ആ കിടപ്പ് കണ്ടാൽ തോന്നും, യജമാനനോട് അവനെന്തോ വലിയ ജാഗ്രത കാട്ടുകയാണെന്ന്!

കരിമ്പുലിയുടെ കറുപ്പും ചെന്നായയുടെ ശൗര്യവും ഒത്തിണങ്ങിയ ഒരു കുള്ളൻ നായ. ആര്യയുടെ നോട്ടം പലപ്പോഴും അവനിലേക്ക് പാളിവീണുകൊണ്ടിരുന്നു. അവന്റെ വലിയ ചെവികൾ ഇടയ്ക്കിടെ വട്ടംചുഴറ്റുന്നുണ്ട്.

‘അവന്റെയൊരു ചളുങ്ങിയ മോന്തയും ചപ്പിയ മൂക്കും!’ ആര്യയ്ക്ക് ദേഷ്യം അടങ്ങിയിരുന്നില്ല. ഒരു പൂച്ചയുടെ ശാന്തതയോടെയാണ് ഇപ്പോൾ കിടക്കുന്നതെങ്കിലും, തങ്ങൾ അകത്തുകയറിയപ്പോൾ അവൻ കാണിച്ചുകൂട്ടിയ പരാക്രമം മറക്കാൻ പറ്റുന്നില്ല. എന്തായിരുന്നു അവന്റെയൊരു ശൗര്യം! വല്ലാത്തൊരു കുരയോടെയാണ് അവൻ തന്റെ നേർക്ക് പാഞ്ഞുവന്നത്. പാവം സെലിൻ… തന്നെക്കാൾ കൂടുതൽ അവളായിരുന്നു വിറച്ചുപോയത്.

“ബഡ്ഡി… ഡോണ്ട്… ദേ ആർ അവർ ഗസ്റ്റ്സ്…” ഡോക്ടർ ശബ്ദമുയർത്തി പലവട്ടം വിലക്കിയിട്ടും അവൻ അടങ്ങിയില്ല. ആര്യയുടെ സാരിത്തുമ്പിൽ പിടിത്തമിട്ട് കുടഞ്ഞുകൊണ്ടിരുന്ന അവനെ തുകൽവാറിൽ പിടിച്ച് ബലമായാണ് ഡോക്ടർ വലിച്ചുമാറ്റിയത്. അല്ലെങ്കിൽ അവന്റെ കൂർത്ത പല്ലുകളുടെ രുചി താനിപ്പോൾ അറിഞ്ഞേനേ! അതാലോചിക്കുമ്പോൾ ഉള്ളിൽ ഇപ്പോഴും ഒരു കിടുക്കം.

ഡോക്ടറുടെ ശബ്ദം വീണ്ടും കാതിലെത്തി, “ആര്യാ… ഞാൻ പറഞ്ഞത് കേട്ടോ?”

“യെസ് ഡോക്ടർ… പക്ഷേ…” അപ്പോഴും അവളുടെ ശ്രദ്ധ ബഡ്ഡിയുടെ മേലായിരുന്നു. അതു മനസ്സിലാക്കിയ ഡോക്ടർ താഴേക്ക് കുനിഞ്ഞ് അവന്റെ ചെവിയിൽ എന്തോ മന്ത്രിച്ചു. ആ നിമിഷം തന്നെ അവൻ തലയൊന്ന് വെട്ടിച്ച്, നന്നായൊന്ന് കുടഞ്ഞ്, മൂരിനിവർത്തി, ആര്യയെയൊന്ന് അമർത്തിനോക്കി, ആ വലിയ ചെവികൾ ചുഴറ്റി അകത്തളത്തിന്റെ അപ്പുറത്തേക്ക് ഒറ്റ ഓട്ടമായിരുന്നു! അവന്റെ ആ പോക്ക് കണ്ടതും ആര്യയിൽ ഒരു ദീർഘനിശ്വാസമുണ്ടായി.

‘എന്തായിരിക്കും ഡോക്ടർ അവനോട് പറഞ്ഞിട്ടുണ്ടാവുക?’ ആര്യ ചിന്തിച്ചു. ‘ഈ വീടിന്റെ പഴമയ്ക്കുള്ളിൽ ദുരൂഹതയുടെ ഒരു ഗന്ധം കൂടി തങ്ങിനിൽക്കുന്നുണ്ടോ?’ അവൾക്ക് സംശയമുണ്ടായി.

“ഇപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ?” ഡോക്ടറുടെ സ്വരം വീണ്ടും.

“ഇല്ല ഡോക്ടർ… ഇപ്പോൾ കുഴപ്പമില്ല.” ആശ്വാസത്തോടെ ആര്യ പറഞ്ഞു.

“ദാറ്റ്സ് ഫൈൻ. ബഡ്ഡിയുടെ ഇന്നത്തെ പെരുമാറ്റം അല്പം അസാധാരണമായിരുന്നു. പൊതുവെ അവൻ ഇങ്ങനെയല്ല.” ഡോക്ടർ വിശദീകരിച്ചു. “എന്നാൽ… നമുക്ക് കാര്യത്തിലേക്ക് കടന്നാലോ?”

“ശരി ഡോക്ടർ…” ബഡ്ഡിയുടെ പെരുമാറ്റത്തിൽ ഒരു ഖേദം ഡോക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നതിൽ ചെറിയൊരു അമർഷം തോന്നിയെങ്കിലും ആര്യ അതടക്കിവെച്ചു.

AI illustration for Thalayillaa Thachan-Malayalam Novella by Sathish Kalathil-Part 4-Inside image

“സീ മിസ്…” ഡോക്ടർ ഒന്ന് നിർത്തി ആര്യയെ നോക്കി. അവൾ കണ്ണുകൾ താഴ്ത്തി.

“ഡിവോഴ്സിന്റെ ഘട്ടത്തിലാണ് ഡോക്ടർ…” ആര്യയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ സെലിൻ പതിയെ പറഞ്ഞു.

“ഓ… സോറി,” ഡോക്ടർ സെലിനെ നോക്കി.

“ഇറ്റ്‌സ് ഓക്കെ ഡോക്ടർ. ഇവൾക്കാണ് ഡിവോഴ്സ് വേണ്ടത്.” സെലിൻ പറഞ്ഞു. സഹതാപത്തിന്റെ ആവശ്യമില്ലെന്ന സൂചനയുണ്ടെന്ന് ഡോക്ടർക്ക് മനസ്സിലായി.

“ആൻഡ്.., വാട്ട് എബൗട്ട് യു?” ഡോക്ടർ സെലിനോട് ചോദിച്ചു.

“ഐ ആം ജസ്റ്റ് ട്വന്റി സിക്സ് നൗ. ബട്ട് പ്രപ്പോസൽസ് ആർ ഗോയിങ് ഓൺ. ഡാഡിയാണ് അതെല്ലാം മാനേജ് ചെയ്യുന്നത്.” സെലിന് നേരിയ ചമ്മൽ.

“ഓ… അത് വളരെ നല്ല കാര്യമാണ്. ഇക്കാലത്തും മാതാപിതാക്കളുടെ താല്പര്യത്തിന് വില കല്പിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല.” ഡോക്ടറുടെ പ്രശംസ സെലിന് സുഖിച്ചു. സ്വതവേ ഒരല്പം ഒട്ടിക്കിടക്കാറുള്ള അവളുടെ വെളുത്ത കവിൾത്തടങ്ങൾ വികസിച്ചു. സെലിൻ ആര്യയെ നോക്കി. അവളപ്പോൾ ഒന്നുകൂടി തല താഴ്ത്തിയിരുന്നു.

‘പാവം, ഡോക്ടറുടെ വാക്കുകൾ അവളെ വേദനിപ്പിച്ചിട്ടുണ്ടാകും.’ സെലിൻ ചിന്തിച്ചു. ശ്രീയുമായുള്ള ആര്യയുടെ വിവാഹത്തിൽ ശ്രീയുടെ വീട്ടുകാർക്ക് കടുത്ത എതിർപ്പായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. ആര്യയുടെ വീട്ടിലും അത്ര താല്പര്യമുണ്ടായിരുന്നില്ലെന്ന് ഒരിക്കൽ ആര്യ പറഞ്ഞത് സെലിന്റെ ഓർമ്മയിൽ വന്നു.

“സെലിന്റെ ഡാഡി എന്തുചെയ്യുന്നു?” ഡോക്ടർ ചോദിച്ചു.

“മിലിട്ടറിയിലായിരുന്നു. മമ്മി മരിച്ചുപോയി, രണ്ടു വർഷം മുൻപായിരുന്നു. ഡാഡി വോളന്ററി റിട്ടയർമെന്റ് എടുത്തു. ഞാൻ ഒറ്റ മോളാണ്.” ഡോക്ടർ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾക്കും സെലിൻ കയ്യോടെ ഉത്തരം കൊടുത്തു. തന്റെ വിശേഷങ്ങളിൽ തൂങ്ങി എന്തിന് വെറുതെ സമയം കളയുന്നു…

ഡോക്ടർക്കത് മനസ്സിലായെന്ന് തോന്നുന്നു. “ഓക്കെ സെലിൻ…” ഡോക്ടർ പറഞ്ഞു. ശേഷം, നോട്ടം ആര്യയിലേക്ക് തിരിച്ചു.

“ആര്യ, നിങ്ങളുടെ ഈ പ്രശ്നം അത്ര കോംപ്ലിക്കേറ്റഡ് ഒന്നുമല്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇതൊരു ചെറിയ വിഷയമാണ്. ആര്യയ്ക്ക് തന്നെ മാനേജ് ചെയ്യാവുന്നതേയുള്ളൂ.”

സെലിനെപ്പോലെ ഡോക്ടറും ചിന്തിക്കുകയാണോ എന്ന് ആര്യ സന്ദേഹിച്ചു. അവൾ മുഖമുയർത്തി ഡോക്ടറെ നോക്കി. ആര്യയുടെ പ്രതികരണം ശ്രദ്ധിച്ചിരുന്ന ഡോക്ടർ ഒരല്പം മുന്നോട്ടാഞ്ഞിരുന്നുകൊണ്ട് തുടർന്നു:
“സാധാരണയായി, മനുഷ്യരിൽ ബഹുഭൂരിപക്ഷം പേരിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഐ മീൻ, ഇങ്ങനെയുള്ള ചില തുടർച്ചയായ സ്വപ്നങ്ങൾ. അതിൽ നമ്മളെ ഭയപ്പെടുത്തുന്നതും സന്തോഷപ്പെടുത്തുന്നതും ഉണ്ടാകാം. ഇത്തരം കാര്യങ്ങൾ ലോകത്ത് നിരവധി പേരിൽ കണ്ടുവരുന്നുണ്ട്. ഇറ്റ്സ് ക്വയ്റ്റ് നാച്ചുറൽ.”

ഡോക്ടർ പറഞ്ഞുവരുന്നത് ഇതിനോടകം ആര്യയ്ക്ക് വ്യക്തമായിരുന്നു. എങ്കിലും ഡോക്ടർ പൂർത്തിയാക്കട്ടെ എന്ന് കരുതി അവൾ നിശ്ശബ്ദയായി ഇരുന്നു. ഈ സമയം അവളുടെ മുഖത്തെ പേശികൾ കുറേശ്ശേ കനംവെച്ചു തുടങ്ങുന്നത് സെലിൻ ശ്രദ്ധിച്ചു.

“ഒരുപക്ഷേ, ഇതങ്ങ് അവഗണിച്ചാൽ അതെല്ലാം വന്നവഴിയേ പോയെന്നും വരും. ഇപ്പോൾ ഇതുകൊണ്ട് കാര്യമായ തകരാറുകൾ, ഐ മീൻ, മാനസികമോ ശാരീരികമോ ആയ ബുദ്ധിമുട്ടുകൾ ഇല്ലെങ്കിൽ കുറച്ചുനാൾ കൂടി കാത്തിരിക്കാം. എന്നിട്ടും വിട്ടുപോകുന്നില്ലെങ്കിൽ അപ്പോൾ മാത്രം ചികിത്സയിലേക്ക് കടന്നാൽ മതിയെന്നാണ് എനിക്ക് തോന്നുന്നത്.”

ഡോക്ടറുടെ വാക്കുകൾ സെലിനിൽ വലിയൊരു ആശ്വാസമുണ്ടാക്കി. പക്ഷേ ആര്യയുടെ മുഖം അപ്പോഴും മുറുകിത്തന്നെ ഇരിക്കുകയാണ്. അവളെ കുറ്റം പറയാനും പറ്റില്ല. ഇങ്ങോട്ടു പോരുമ്പോൾ താനും എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു. പ്രത്യേകിച്ച്, ആര്യയുടെ സ്വപ്നങ്ങളുടെ രീതികളെക്കുറിച്ചും ആ സമയങ്ങളിൽ അവളിൽ അനുഭവപ്പെടുന്ന മാറ്റങ്ങളെക്കുറിച്ചും ഡോ. അന്ന ഓരോന്നായി ചോദിച്ചറിഞ്ഞപ്പോൾ. ‘എന്തിനാണ് ആ ഡോക്ടർ തങ്ങളെ ഇങ്ങോട്ട് അയച്ചത്?’ എന്ന് ആര്യ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും.

സെലിന് ഡോക്ടറോട് ചോദിക്കാതിരിക്കാനായില്ല, “കുറച്ചുനാൾ കൂടി എന്ന് പറയുമ്പോൾ… അതെത്രകാലമാണ് ഡോക്ടർ?”

സെലിന്റെ ഉത്കണ്ഠ ഡോക്ടർക്ക് മനസ്സിലായി. അത് ആര്യയുടെ മുഖത്തുനിന്നും വായിക്കാം.

“അങ്ങനെ കൃത്യമായ ഒരു സമയം പറയാൻ പറ്റില്ല. ചിലപ്പോൾ ഇനിയും ഏതാനും ദിവസങ്ങൾ കൂടി… അല്ലെങ്കിൽ ഒന്നോ രണ്ടോ ആഴ്ചകളോ മാസങ്ങളോ വരെ നീണ്ടുനിന്നേക്കാം. എന്നിട്ടും തുടർന്നു കാണുകയാണെങ്കിൽ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കാണണം. ഒരുപക്ഷേ ഇതൊരു ചെറിയ പ്രശ്നമായിരിക്കാം. അല്ലാത്തപക്ഷം അവർ കൂടുതൽ പരിശോധനകൾക്കായി റീഡയറക്റ്റ് ചെയ്യും.”

“പക്ഷേ, എന്തുകൊണ്ടാണ് ഇങ്ങനെ കാണുന്നത്?” സെലിൻ തുറന്നുചോദിച്ചു. ആര്യ നന്ദിയോടെ സെലിനെ നോക്കി.

Read Also  Benares (Varanasi)/Following the Equator/English travelogue/Mark Twain

“നോക്കൂ… ഇതൊരു പൊതുവായ കാരണത്തിൽ നിന്നുകൊണ്ട് പറയാവുന്ന കാര്യമല്ല. പല കാരണങ്ങളാൽ ഇങ്ങനെ സംഭവിക്കാം. സ്വപ്നങ്ങൾ പൊതുവെ മനുഷ്യസഹജമാണെന്ന് അറിയാമല്ലോ. അതിന് പ്രത്യേക കാരണം വേണമെന്നില്ല. നമ്മൾ മുൻപ് കണ്ടതും ചിന്തിച്ചതും ദൈനംദിന പ്രശ്നങ്ങളുമൊക്കെ അതിൽ വരാം. ചിലപ്പോൾ നമ്മൾ കണ്ട ഒരു ദൃശ്യം മറ്റൊരാൾ കണ്ടെന്നും വരാം. ഉദാഹരണത്തിന് ഒരു പള്ളിപ്പെരുന്നാൾ കണ്ട പലരിലും അതിന്റെ സമാന ദൃശ്യങ്ങൾ ഒരേ ദിവസം തന്നെ സ്വപ്നമായി വരാം.”

ഡോക്ടർ ഒന്ന് നിർത്തി. ആര്യയും സെലിനും വീർപ്പടക്കിയിരിക്കുകയാണ്.

“പക്ഷേ… ആര്യയുടേതുപോലെ ഒരേ രീതിയിലുള്ള ആവർത്തന സ്വപ്നങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. അതിന് കാരണം ആ വ്യക്തിയുമായി ആഴത്തിൽ ബന്ധപ്പെട്ട ഏതെങ്കിലും സംഭവമാകാം. അല്ലെങ്കിൽ, മനസ്സിനെ വേട്ടയാടിയ ചില ഓർമ്മകളാകാം. തലച്ചോറിന്റെ ‘ഫ്രീക്വൻസി ഇല്ല്യൂഷൻ’ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അതെല്ലാം സംഭവിക്കുന്നത്. അതായത് നമ്മുടെ ബോധമനസ്സോ ഉപബോധമനസ്സോ ഒരു വിഷയത്തെ ഗാഢമായി ശ്രദ്ധിച്ചുകഴിഞ്ഞാൽ, പിന്നീട് ആ വിഷയം എല്ലായിടത്തും ഉള്ളതുപോലെ തോന്നും. ഇത്തരം ആവർത്തനങ്ങൾ തലച്ചോറിന്റെ ‘കൺഫർമേഷൻ ബയസ്’ സംവിധാനം മൂലം സംഭവിക്കുന്നതാണ്. അതായത് തലച്ചോറിന് താല്പര്യമുള്ള കാര്യങ്ങളെ മാത്രം സ്വപ്നങ്ങളിൽ കൊണ്ടുവരുന്ന ഒരു രീതി. ഇക്കാലയളവിൽ നമ്മുടെ മനസ്സുകൾ സ്വരൂപിച്ചുവെച്ചിട്ടുള്ള അനേകം ഓർമ്മകളെ തലച്ചോറ് മായ്ച്ചുകളഞ്ഞെന്നോ അവഗണിച്ചെന്നോ വരാം.”

ആര്യയ്ക്കും സെലിനും മനസ്സിലാകുന്നുണ്ടോ എന്ന് ഡോക്ടർക്ക് സംശയമുണ്ടായിരുന്നു. എങ്കിലും അദ്ദേഹം തുടർന്നു:

“ഒരു ചെറിയ മാനസിക വൈകല്യം മൂലമോ ഏതെങ്കിലും ഒരു പ്രത്യേക പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലോ ഒക്കെ ഇങ്ങനെ സംഭവിക്കാം. നമ്മൾ നേരിട്ട ദുരനുഭവങ്ങൾ ഇതിന് കാരണമാകാം. ഗുരുതരമായ അപകടങ്ങൾ, ലൈംഗികാതിക്രമം, വീട്ടിലെ ദുരവസ്ഥകൾ, പങ്കാളിയിൽ നിന്നും നേരിടേണ്ടിവന്ന അവഗണനകൾ, അല്ലെങ്കിൽ ആ ബന്ധത്തിലെ മറ്റു പ്രശ്നങ്ങൾ തുടങ്ങി, പലതരത്തിൽ നമ്മുടെ മനസ്സിന് ഏൽപ്പിച്ചിട്ടുള്ള ക്ഷതങ്ങളുടെയും ആഘാതങ്ങളുടെയും പിന്തുടരുന്ന ഓർമ്മകളെ സൈക്യാട്രിയിൽ പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ എന്ന് വിളിക്കും. പക്ഷേ ആര്യയുടെ കാര്യത്തിൽ അതുതന്നെയാണെന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാൻ കഴിയില്ല. അതിന് ആര്യയ്ക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നാണ് ആദ്യം അറിയേണ്ടത്.”

ഇനി പറയേണ്ടത് താനാണെന്ന് ആര്യയ്ക്ക് മനസ്സിലായി. പക്ഷേ അവൾ മൗനം മുറിച്ചില്ല. മുറിയിൽ തളംകെട്ടിനിന്ന നിശ്ശബ്ദതയെ ഡോക്ടർ തന്നെ മുറിച്ചു:

“നോക്കൂ ആര്യ, ഡോ. അന്ന തന്ന ഒരു ചെറിയ വിവരണത്തിലൂടെ എനിക്ക് നിങ്ങളുടെ പ്രശ്നത്തിന്റെ ഗൗരവം പൂർണ്ണമായും ഡയഗ്നോസിസ് ചെയ്യാൻ കഴിയില്ല. മനസ്സുതുറന്നാൽ മാത്രമേ എനിക്ക് സഹായിക്കാനാകൂ. അല്ലാത്തപക്ഷം മറ്റാരെയെങ്കിലും കാണുന്നതായിരിക്കും നല്ലത്.”

ഡോക്ടറുടെ നിലപാട് കേട്ടിട്ടും ആര്യ മൗനം തുടരുന്നത് സെലിനെ അസ്വസ്ഥയാക്കി. ഒരുപക്ഷേ താൻ ഉള്ളതുകൊണ്ടാകും ആര്യയ്ക്ക് മനസ്സ് തുറക്കാൻ കഴിയാത്തതെന്ന് സെലിന് തോന്നി. അവൾ എഴുന്നേറ്റു: “എക്സ്ക്യൂസ് മി ഡോക്ടർ… ഞാനിപ്പോൾ വരാം. ഒരു കോൾ ചെയ്യാനുണ്ട്.”

പക്ഷേ, ആര്യയെ മറികടന്നുപോകാൻ നിന്ന സെലിനെ ആര്യ തടഞ്ഞു. “നീ കേൾക്കാൻ പാടില്ലാത്തതൊന്നും എനിക്കില്ല സെലിൻ.” ആര്യ ഗൗരവത്തിൽ പറഞ്ഞു. പിന്നെ ഡോക്ടറെ നോക്കി തുടർന്നു: “ഡോക്ടർ പറഞ്ഞ ഈ കാരണങ്ങളിൽ ഒന്നൊഴികെ മറ്റൊന്നും എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല. വ്യക്തിപരമായ കാര്യങ്ങൾ വെളിപ്പെടുത്താൻ എനിക്ക് ബുദ്ധിമുട്ടില്ല. എന്റെ വിവാഹജീവിതത്തിൽ പ്രശ്നങ്ങളുണ്ട്; ഞങ്ങൾ വേർപിരിഞ്ഞു ജീവിക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷത്തിലേറെയായി. ഒരു കോൾ പോലുമില്ല. പക്ഷേ അതൊന്നും എന്നെ കടുത്ത മാനസിക ആഘാതത്തിലേക്ക് കൊണ്ടുപോയിട്ടില്ലെന്നാണ് എന്റെ വിശ്വാസം. അതുമാത്രമല്ല, ഇക്കാര്യത്തിൽ എനിക്ക് മറ്റൊരാളെ കുറ്റപ്പെടുത്താനും കഴിയില്ല. അതുപോലെ, എന്നെ കുറ്റപ്പെടുത്താനും കഴിയില്ല.” ആര്യ പറഞ്ഞുനിർത്തി.

സെലിന് അത്ഭുതം തോന്നി. ആര്യ വീണ്ടും വീണ്ടും തന്നിൽ വിസ്മയം ജനിപ്പിക്കുന്നു. സെലിൻ പതിയെ കസേരയിലേക്ക് ഇരുന്നു. ഡോക്ടറും ആര്യയെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അവളുടെ സ്വരത്തിൽ നൈരാശ്യത്തിന്റെ കണികകൾ അധികമില്ല. എങ്കിലും അവസാനത്തെ വാക്കുകളിൽ ഒരു ഇടർച്ചയുണ്ടെന്ന് തോന്നി.

“സോ… പ്ലീസ് ഡോക്ടർ, ഇതല്ലാതെ മറ്റെന്തെങ്കിലും വഴിയുണ്ടോ?” ആര്യയുടെ സ്വരത്തിൽ നിരാശ പ്രതിഫലിച്ചിരുന്നു.

കുറച്ചുനേരം ഡോക്ടർ നിശ്ശബ്ദനായിരുന്നു. ഡോക്ടർക്ക് ആര്യയെ പിടികിട്ടിത്തുടങ്ങിയിരിക്കുന്നു. “ഇറ്റ്‌സ് ഓൾ റൈറ്റ് ആര്യ. ഞാൻ ചില ഉദാഹരണങ്ങൾ സൂചിപ്പിച്ചു എന്നേയുള്ളൂ. നിങ്ങളുടെ വിഷയത്തിന് അങ്ങനെയുള്ള കാരണം തന്നെ ആകണമെന്നില്ല. പിന്നെ, സാധാരണ ഇങ്ങനെയുള്ള സംഭവങ്ങൾ നടന്ന് ഏകദേശം രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകേണ്ടതാണ്. ഇതിപ്പോൾ നിങ്ങൾ വേർപിരിഞ്ഞുനിൽക്കാൻ തുടങ്ങിയിട്ട് രണ്ടു കൊല്ലത്തിലേറെയായി. അതുകൊണ്ട് ഇക്കാരണത്താൽ ഉണ്ടാകുന്ന പിടിഎസ്ഡിയ്ക്ക് സാധ്യത വളരെ കുറവാണ്.”

ഡോക്ടർ പറഞ്ഞതൊന്നും ആര്യ കേട്ടില്ലെന്ന് സെലിന് തോന്നി. അവളുടെ മനസ്സ് മറ്റെവിടെയോ ആണ്.

“ഡോക്ടർ… ആ കാട്… ആ പ്രദേശം… ക്ഷേത്രം… അങ്ങനെയൊരു പ്രതിഷ്ഠ… ഇതൊന്നും ഞാൻ മുൻപ് കണ്ടിട്ടുള്ളതല്ല. എനിക്ക് അതിനാണ് ഉത്തരം കിട്ടേണ്ടത്. ഞാനിപ്പോൾ ആ കാടിന്റെ ഏതോ ഒരിടത്തു നിന്നുകൊണ്ട് വട്ടംകറങ്ങുകയാണ്. മറ്റെങ്ങോട്ടും പോകാൻ കഴിയുന്നില്ല. നിന്നിടത്തുതന്നെ… ഓടിയെത്തിയ ഇടത്തുതന്നെ വീണ്ടും വീണ്ടും എത്തുന്നു…” ആര്യ കിതയ്ക്കാൻ തുടങ്ങിയത് സെലിൻ കണ്ടു.

“അതെ ആര്യ, എനിക്ക് മനസ്സിലാകുന്നുണ്ട്… പക്ഷേ…” ആർദ്രമായി മാറിയ ഡോക്ടറുടെ ശബ്ദം അർദ്ധോക്തിയിൽ നിന്നു.

ആര്യയ്ക്ക് ഡോക്ടറുടെ ബുദ്ധിമുട്ട് മനസ്സിലായി. പക്ഷേ, ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. “ഡോക്ടർ പറഞ്ഞത് എനിക്ക് മനസ്സിലാകുന്നുണ്ട്. പക്ഷേ എനിക്കൊരു കാര്യം അറിയാനുണ്ട്.” ചോദിക്കാൻ ഒന്നുമടിച്ചു ആര്യ.

“ചോദിച്ചോളൂ, മടിക്കണ്ട.” ഡോക്ടർ ആര്യയെ പ്രോത്സാഹിപ്പിച്ചു.

മടിച്ചു മടിച്ച് ആര്യ ചോദിച്ചു, “ഇതുപോലെയുള്ള ക്ഷേത്രങ്ങൾ… ഇത്തരം ആരാധനകൾ കേരളത്തിലോ ലോകത്തെവിടെയെങ്കിലോ ഉള്ളതായി ഡോക്ടറുടെ അറിവിലുണ്ടോ? അല്ലെങ്കിൽ കേട്ടുകേൾവിയെങ്കിലും…?”

“ആര്യ ഉദ്ദേശിച്ചത് കബന്ധത്തെ ആരാധിക്കുന്ന ക്ഷേത്രമുണ്ടോ എന്നാണോ? അതോ മൺപുറ്റുകളെ ആരാധിക്കുന്ന കാര്യമാണോ?” ആര്യയുടെ ചോദ്യം ഡോക്ടർക്ക് വ്യക്തമായില്ല.

“മൺപുറ്റിലുള്ള മനുഷ്യ കബന്ധത്തെ…” ആര്യ ചോദ്യം കൃത്യമാക്കി.

ഡോക്ടർ കുറച്ചുനേരം ചിന്താമഗ്നനായി ഇരുന്നു. ‘ഇവൾ ഒരു ട്രീറ്റ്മെന്റ് ഉദ്ദേശിച്ചല്ല വന്നിരിക്കുന്നത്’ എന്ന് ഡോക്ടർ മനസ്സിൽ കുറിച്ചിട്ടു. ശേഷം അദ്ദേഹം പറഞ്ഞു: “നമ്മുടെ ഇന്ത്യയിൽ തന്നെ, കബന്ധത്തെ ആരാധിക്കുന്ന ക്ഷേത്രങ്ങളുണ്ട്.”

“എവിടെ?” ആര്യ ആകാംക്ഷയോടെ ചോദിച്ചു. ഈയൊരു സാദ്ധ്യത ഇങ്ങോട്ട് വരും മുൻപ് നെറ്റിൽ നോക്കാമായിരുന്നെന്ന് ആ നിമിഷം സെലിൻ ചിന്തിച്ചു.

ഡോക്ടർ പതിയെ ചിരിച്ചു. “പറയാം. അതിനു മുൻപ് ആര്യയോട് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്. അതിന് കൃത്യമായ ഉത്തരം വേണം.”

“ചോദിച്ചോളൂ ഡോക്ടർ.” ആര്യ പറഞ്ഞു.

ഡോക്ടർ ഐസക് സോഫയിൽ ചാരിയിരുന്നു. എന്തായിരിക്കാം ഡോക്ടർക്ക് ചോദിക്കാനുള്ളത് എന്ന ചിന്തയിൽ ആര്യയും സെലിനും ശ്വാസമടക്കിപ്പിടിച്ചിരുന്നു…

തുടരും…

Join with us