Mannira-Story by B. Asok Kumar

മണ്ണിര

“അതൊന്നും ഒരു പ്രശ്നല്ലെന്‍റെ പ്രാഞ്ചി. പേരിന്‍റെ പിന്നില്‍ വാലായി ദത്ത് എന്നങ്ങട് ചേര്‍ക്കും. പിന്നെ കാറിന്‍റെ ലൈസന്‍സ് കിട്ട്യാ ഏതു ജാതി കാറും ഉപയോഗിക്കാമെന്നതുപോലെ കല്യാണം കഴിക്കാനുള്ള ലൈസന്‍സ് കിട്ട്യാല്‍ ഏത് ജാതിയിലെയും കുട്ടിയെ കെട്ടാന്‍ പറ്റണം. ങ്ങനൊരു നിയമം വേണം. ലൈസെന്‍സ് സര്‍ക്കാര്‍ തരൂം വേണം.” ജോണി ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

മ്മയ്ക്കും മകനും ആകെ അസ്വസ്ഥത. അമ്മാമ്മയുടെ കാര്യം പറയണ്ട. ഇനി പരീക്ഷക്ക് ഒരാഴ്ചയെ ബാക്കിയുള്ളൂ.

“എത്ര കഷ്ടപ്പെട്ടിട്ടാ ന്‍റെ മോ൯ ഓരോ പരീക്ഷക്കും പഠിക്കുന്നെന്റെ വ്യാകുലമാതാവേ. ഈ പരീക്ഷയിലെങ്കിലും അവനെ കാത്തോണെ.” അമ്മാമ്മ മനസ്സറിഞ്ഞു പ്രാര്‍ഥിച്ചു. ഉടനെ വന്നു പ്രാഞ്ചിയുടെ വിളി.

“ജോണീ, നീ വര്ണ്ടറാ. മമ്മൂട്ടീടെ പടം ഇന്നു റിലീസാട്ടാ.”

“ഏയ്, ഞാനില്ല. ഈ പരീക്ഷ ആദ്യപ്രാവശ്യം തന്നെ പാസ്സായില്ലെങ്കില്‍ ഗള്‍ഫിലെ അളിയന്‍റെ മുഖത്ത് നോക്കാന്‍ പറ്റില്ല. ചേച്ചി അവളുടെ മാനം കളേല്ലെന്ന് കരഞ്ഞു പറഞ്ഞിട്ടാ പോയേ.” ജോണി പറഞ്ഞു.

“എങ്കിലും മ്മടെ പാരമ്പര്യം മറ്റുള്ളോര്‍ക്ക് വേണ്ടി നശിപ്പിക്കണോ, ജോണീ.”

“പ്രാഞ്ചീ…, അല്ലങ്കിലേ എനിക്ക് തലയ്ക്കു വട്ടു പിടിച്ചിരിക്ക്യാട്ടാ. നീ പോ.” ജോണി ശാന്തനാവാ൯ ശ്രമിച്ചു.

ഇത്രയും കഷ്ടപ്പെട്ട് ജോണി ഒരു പരീക്ഷക്കും പഠിച്ചിട്ടില്ല. ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു വാശി. രാവിലെ തന്നെ പള്ളിയില്‍ പോയി മുട്ടിപ്പായി പ്രാര്‍ഥിച്ചിട്ടാണ് അവന്‍ പരീക്ഷക്ക്‌ പോയത്.

കമ്പ്യൂട്ടറിന്‍റെ സ്ക്രീനില്‍ തെളിഞ്ഞ കുറച്ചു ചോദ്യങ്ങള്‍ക്ക്‍ ഉത്തരം കൊടുത്തപ്പോള്‍തന്നെ കംപ്യുട്ടറിന്‍റെ സ്ക്രീനി‍ല്‍ ‘പാസ്സ്’ എന്ന് എഴുതിക്കാണിച്ചു. സന്തോഷം നിയന്ത്രണാതീതമായി. എങ്കിലും പരിസരത്തെക്കുറിച്ചോര്‍ത്തു വിനീതനായി ജോണി പുറത്തിറങ്ങി. അവന്‍ മാതാവിനോട് നന്ദി പറഞ്ഞു. പിന്നീട് പുറത്തു വരുന്നവ‍൪ ഓരോരുത്തരും പാസ്സായി എന്നു പറഞ്ഞപ്പോള്‍ ഒരാളെങ്കിലും തോല്‍ക്കണെ, എന്നു മനസ്സുരുകി പ്രാര്‍ഥിച്ചു.

“ജോണി…” അപ്പോഴാണ് അവന്‍റെ പേര് ഓഫീസ൪ വിളിച്ചത്. അവ൯ വിനയാന്വിതനായി ലേണേര്‍സ് ഡ്രൈവിംഗ് ലൈസന്‍സ് ആര്‍ടിഒ ഓഫീസില്‍ നിന്നും വാങ്ങി. പുറത്തിറങ്ങി വേണ്ടപ്പെട്ടവരെയെല്ലാം വിവരം അറിയിച്ചു.

‘എത്ര പ്രാവശ്യം എഴിതിയിട്ടാ ഞാന്‍ ഓരോ പരീക്ഷയും പാസ്സായത്‌. ഇതു മാത്രം.’ ഇങ്ങനെ ആലോചിച്ചപ്പോഴേക്കും അവന്‍റെ കണ്ണ് നിറഞ്ഞു. അവന്‍ നേരെ വീട്ടില്‍ പോയി. അമ്മ, കോഴിയെ അടുക്കളയിലേക്ക് ആനയിച്ചു.

വായന ആവശ്യമില്ലാത്തതിനാല്‍, ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാനുള്ള അടുത്ത പടവ് അവന് ഒരു പ്രശ്നമേ അല്ലായിരുന്നു. എന്താണ് ‘H’ എന്ന് ഓര്‍ത്തു വക്കാന്‍ അല്‍പ്പം സമയമെടുത്തു എന്നു മാത്രം.

ലൈസ൯സ് കിട്ടി വീട്ടില്‍ വന്ന ജോണി, ഒരു ജേതാവിനെ പോലെ ഉടനെതന്നെ അളിയന്‍റെ കാറെടുത്തു കവലയിലൊന്നു കറങ്ങി. ഒരു ഡ്രൈവറുടെ വരവറിയിച്ചുകൊണ്ടുള്ള കവലയിലെ ആ ‘കറക്കം’ വല്യപറമ്പിൽ രാമന്‍കുട്ടി നായരെ ആശുപത്രിയിലാക്കി. വിവരം നായരുടെ വീട്ടുകാരെ അറിയിച്ചു. ശേഷം പോലീസ് സ്റ്റേഷനില്‍‌ ചെന്നു. പോലീസുകാര്‍ ജോണിയുടെ വീട്ടിലും വിവരം അറിയിച്ചു.

“ആദ്യ പ്രാവശ്യന്നെ പരീക്ഷ പാസ്സായപ്ലേ ഞാന്‍ കരുതീതാ. ഇതൊരപകടത്തിന്‍റെ സൂചനാന്ന്.” പ്രാഞ്ചി പ്രാഥമിക റിപ്പോര്‍ട്ട്‌ നല്‍കി.

“നീ നല്ല തല്ലു വാങ്ങീക്കുംട്ടാ, പ്രാഞ്ചി.” അമ്മക്ക് ദേഷ്യം വന്നു.

“വിഷമിക്കണ്ടമ്മേ. നായര്‍ക്ക്‌ നിസ്സാര പരിക്കേള്ളൂ. കുറച്ചു കാശു കൊടുത്തു ഒതുക്കാന്‍ കഴിയുംന്നാ തോന്നണേ.” പ്രാഞ്ചി

“അത് നടക്കോ? ഇവനെന്തിനാ പോലീസ്സീ പോയി ഇവനാ ഇടിച്ചെന്നു പറഞ്ഞെ. ആരും കണ്ടിട്ടില്ലല്ലോ.” അപ്പന്‍ ആവലാതി പറഞ്ഞു.

“അതിപ്പോ മാറ്റി പറയാന്‍ ന്താ ബുദ്ധിമുട്ട്? ഇവന്‍ പറഞ്ഞത് ചാനലുകാരു എടുത്തിട്ടൊന്നും ഇല്ലല്ലോ.” പ്രാഞ്ചി ബുദ്ധി തെളിയിച്ചു.

“എന്നാ ആ വഴിക്കൊന്നു ശ്രമിച്ചാലോ?” എല്ലാവരും പോയി ഇന്‍സ്പെക്ടറെ കണ്ടു.

“ഇപ്പോ ഒന്നും പറയാ൯ പറ്റില്ല. നായരുടെ മൊഴി എടുക്കാന്‍ പോലിസ് പോയിട്ടുണ്ട്. അവര് വരട്ടെ. എന്നിട്ട് ബാക്കി കാര്യം നോക്കാം. എല്ലാത്തിനും അതിന്‍റെതായ ഒരു വഴിയുണ്ടല്ലോ.” ഇന്‍സ്പെക്ടര്‍ പറഞ്ഞു. എല്ലാവരും പുറത്തേക്ക് നടന്നു.

“അതേ. കാശ് കൊടുത്താ ഈ ഇന്‍സ്പെക്ടര്‍ വഴിണ്ടാക്കും.” പ്രാഞ്ചി രഹസ്യം പറഞ്ഞു.

“അതെങ്ങിനാടാ പറയാന്‍ കഴിയാ, ഇന്‍സ്പെക്ടര്‍ കാശ് വാങ്ങുംന്ന്.” അപ്പനു സംശയം.

“എന്തായീപ്പറേണെ. അതല്ലേ ഇന്‍സ്പെക്ടര്‍ പറഞ്ഞേ. എല്ലാറ്റിനും അതിന്‍റെതായ ഒരു വഴീണ്ടെന്ന്.” പ്രാഞ്ചി ഉറപ്പിച്ചു.

അപ്പോഴാണ്‌ മൊഴി എടുക്കാ൯പോയ പോലീസുകാര്‍ തിരിച്ചെത്തിയത്‌.

“ആ നായര്‍ക്കു വട്ടാട്ടാ. ഒരു വണ്ടീം ഇടിച്ചില്ലാന്നാ കാര്‍ന്നോര് പറേണത്.” പോലീസുകാര്‍ ഇന്‍സ്പെക്ടരോട് പറഞ്ഞു.

“അതെന്താങ്ങനെ?” ഇന്‍സ്പെക്ടര്‍ക്ക് ആകാംക്ഷ. പ്രാഞ്ചി തന്‍റെ ചെവിയുടെ ദിശ ശരിയാക്കി.

“സംഗതി പരമ രഹസ്സ്യാ. ഈ നായരന്ന്യാ പ്രതീടെ ഡ്രൈവിങ്ങാശാ൯. കാര്‍ന്നോര്‍ടെ ശിഷ്യന്മാര്‍ ആരും തന്നെ ഇതുവരെയും ഒരു പൂച്ചയെപ്പോലും ഇടിച്ചിട്ടില്ലാത്രെ.” പോലീസുകാര്‍ രഹസ്യം പരസ്യമാക്കി.

പ്രാഞ്ചിയും കൂട്ടരും ജോണിയേയും കൂട്ടി സസന്തോഷം തിരിച്ചു പോന്നു. വീട്ടില്‍ എത്തിയപ്പോള്‍ രാമന്‍കുട്ടി നായരുടെ ഫോണ്‍ ജോണിയെ തേടിയെത്തി. ജോണി ചിന്താമഗ്നനായി.

Read Also  സുറാബ്

“നീയെന്തൂട്ടാടാ ഇങ്ങനെ ഇരിക്കണേ? എന്ത് പറ്റീ?” പ്രാഞ്ചി കാര്യം തിരക്കി.

“ഒന്നും പറേണ്ടാ. രണ്ടാഴ്ച കഴിഞ്ഞു ഗള്‍ഫീ പോണ്ട കാര്യം വട്യായി. ആശാന്‍ പറേണത് ഇനി ആശാന്‍റെ വണ്ടി ഓടിക്കാനാ. ആശാന്‍റെ വീട്ടുകാര്യോ൦ ആശുപത്രിക്കാര്യോ൦ പിന്നെ ഓഫീസുകാര്യോ൦ ഒക്കെ നോക്കാ൯ പറഞ്ഞു.” ജോണി പറഞ്ഞു നിര്‍ത്തി.

“അതേ ആ നായര് ആള് പിശകാ. പഠിപ്പിച്ചവന് പണികൊടുത്തപ്പോ, തിരിച്ചും കിട്ടീ… ഒരു പണി. അത്രന്നെ. ഗള്‍ഫീ പോകാന്‍ തീരുമാനിച്ചാ പോലീസ് കേസ് താനെങ്ങട് വരും. അടിമപ്പണ്യന്നെ.” പ്രാഞ്ചി വ്യാഖ്യാനിച്ചു.

“ഏയ്. ആശാന്‍ കാര്യായിട്ട് തന്ന്യാ പറഞ്ഞെ. കൊള്ളാവുന്ന ശംബളോം തരാംന്ന് പറഞ്ഞു.” ജോണ്‍ പറഞ്ഞു.

“ഊം. കൊള്ളാവുന്നത് കിട്ടൂംന്നായപ്പൊ നീ സമ്മതിച്ചു.” പ്രാഞ്ചിക്ക് പിടികിട്ടി.

അങ്ങിനെ ഡ്രൈവിംഗ് ലൈസന്‍സ്‌ കിട്ടിയ ദിവസം തന്നെ പണി കിട്ടിയ ലോകത്തിലെ ആദ്യ വ്യക്തിയായി ജോണി!

ഒട്ടും വൈകാതെ നായരുടെ ഏക മകള്‍ മാലിനിയെ റജിസ്റ്റർ വിവാഹം ചെയ്തു. ‘നായര് പിടിച്ച പുലിവാല്’ എന്നു പറഞ്ഞു മാത്രം കേട്ടിട്ടുള്ള നായര്‍, ഈ ആപ്തവാക്യത്തിന്‍റെ പൊരുളറിഞ്ഞ് ക്ഷീണിതനായി.

തന്‍റെ മകളും ജോണിയും ചേര്‍ന്ന് ലേര്‍ണിംഗ് ലൈസന്‍സ് നേരത്തെ തന്നെ എടുത്ത വിവരം പാവം നായര്‍ അറിഞ്ഞിരുന്നില്ല. അമ്മയെ തല്ലിയാലും രണ്ടഭിപ്രായം എന്നു പറഞ്ഞ പോലെ, സ്ത്രീധനം ലാഭിക്കാന്‍ നായരെടുത്ത ഒരടവാണിതെന്നും ജനസംസാരം ഉണ്ട്. എങ്കിലും രണ്ട് മതാചാരപ്രകാരവും കെട്ടിച്ച് തടിതപ്പാന്‍ നോക്കി നമ്മുടെ പാവം നായര്‍.

ഇതിനിടെ, മാലിനിയെ മാമോദീസ മുക്കാ൯ ആരോ ഇറങ്ങിത്തിരിച്ചതോടുകൂടി നായര്‍ പിടിച്ച പുലിവാലിനു കൂടുതല്‍ അ൪ത്ഥം വന്നു. അതിനു നാനാര്‍ത്ഥം നല്‍കാ൯ കുടുംബക്കാരെത്തിയതോടെ രംഗം കൊഴുത്തു. ഇത് തര്‍ക്ക വിഷയമായി. ജോണിക്കും ഭാര്യക്കും ഈ വിഷയത്തിൽ ഒരു താൽപ്പര്യവും ഉണ്ടായില്ല. പക്ഷേ തര്‍ക്കം മൂത്തു, വിഷയം പുകഞ്ഞു.

“പുകഞ്ഞ കൊള്ളി പുറത്ത്” ആരോ പറഞ്ഞു. ഈ തത്വത്തില്‍ എല്ലാവരും യോജിച്ചു.

അങ്ങിനെയാണ് ജോണിയേയും മാലിനിയേയും തല്‍ക്കാലം ഇന്ത്യക്ക് പുറത്തയക്കാന്‍ തീരുമാനമായത്. ഇന്ത്യയില്‍ നിന്നും പുറത്തു പോകുന്നവരെല്ലാം അവിടെ ഭാരതീയരാണത്രെ. സാമ്പത്തിക സഹായം ഇവിടെനിന്ന് നല്‍കും. അങ്ങിനെ ഈ പുലിവാലിനു താല്‍കാലിക വിരാമം ആയി.

പക്ഷെ പ്രാഞ്ചിക്ക് പിന്നേം സംശയം. “ഇങ്ങനെ ക്രോസ് ആകുമ്പോള്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ എന്തെങ്കിലും പ്രശ്നണ്ടാവോ? പിന്ന്യേ. പേരിടണ്ട കാര്യം കുരിശാകുംട്ടാ.”

“പ്രാഞ്ചീ. നീ ഇവിടന്നു എന്തെങ്കിലും മേടിച്ചിട്ടെ പോകു.” അമ്മ കൈയ്യോങ്ങി. പ്രാഞ്ചി ചാടിയെഴുന്നേറ്റു. “കുട്ടികളുണ്ടാവുമ്പോ അപ്പൊ തോന്നണ ഒരോ പേരങ്ങിട് ഇടും, അത്രന്നെ.” അമ്മ ഈ പ്രശ്നത്തിനു താല്‍ക്കാലിക വിരാമമിട്ടു.

“കുട്ടിണ്ടായാലല്ലെ പ്രശ്നം. ദത്തെടുക്കാലോ” ജോണി കാര്യം എളുപ്പമാക്കി.

“ന്നാലും വാല് വേണ്ടിവരും” പ്രാഞ്ചി ഉഷാറായി.

“അതൊന്നും ഒരു പ്രശ്നല്ലെന്‍റെ പ്രാഞ്ചി. പേരിന്‍റെ പിന്നില്‍ വാലായി ദത്ത് എന്നങ്ങട് ചേര്‍ക്കും. പിന്നെ കാറിന്‍റെ ലൈസന്‍സ് കിട്ട്യാ ഏതു ജാതി കാറും ഉപയോഗിക്കാമെന്നതുപോലെ കല്യാണം കഴിക്കാനുള്ള ലൈസന്‍സ് കിട്ട്യാല്‍ ഏത് ജാതിയിലെയും കുട്ടിയെ കെട്ടാന്‍ പറ്റണം. ങ്ങനൊരു നിയമം വേണം. ലൈസെന്‍സ് സര്‍ക്കാര്‍ തരൂം വേണം.” ജോണി ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

“ഡാ, ന്നത്തെ കാലത്ത് ജീവിക്കണമെങ്കില്‍ ഒരു വാല് കുടിയേ തീരു. പക്ഷെ പുലിവാല്‌ പിടിക്കരുതെന്ന് മാത്രം. ഈ വാലുണ്ടല്ലോ മണ്ണിരെപ്പോല്യാടാ. ത്ര മുറിച്ചാലും മുറിച്ചതും മുറിച്ചു മാറ്റിയതും വളരും.” പ്രാഞ്ചി ശാസ്ത്രീയമായി അപഗ്രഥിച്ചു.

“വളർച്ച മാത്രല്ലല്ലോ മ്മടെ പ്രകൃതി നിയമം.” ജോണി വെറുതെ പറഞ്ഞു..

“അതിനല്ലേ നാട്ടില്‍ പ്ലാസ്റ്റിക്‌ സര്‍ജറി നടത്തുന്ന നാട്ടുകാരുള്ളത്. അവരങ്ങട് വെച്ചുപിടിപ്പിച്ചരും, ഒരു വാല്.” പ്രാഞ്ചി നാട്ടുകാരുടെ മെക്കട്ടുകയറി.

“സത്യത്തില്‍ മൃഗജന്മമല്ലേ പുണ്യം?” അമ്മാമ്മ വീണ്ടും ഉറങ്ങി.

പ്രാഞ്ചി തന്‍റെ പൃഷ്ഠത്തില്‍ വെറുതെ ഒന്ന് തടവി നോക്കി. പിന്നെ അല്‍പ്പം സംശയത്തോടെ ചോദിച്ചു.
“എല്ലാ മൃഗങ്ങള്‍ക്കും ജന്മനാ വാലുണ്ടല്ലേ? അനുശോചനത്തിനായി മൌനം ആചരിക്കുന്നതുപോലെ നിന്ന പ്രാഞ്ചി ഒരു നിമിഷം ഒരു ദാർശികനായി ഇപ്രകാരം മൊഴിഞ്ഞു, “അപ്പൊ നമ്മുടെ ഈ വാലാവോ മനുഷ്യനെ മൃഗാക്കുന്നത്? ഡാ ജോണി, നിന്‍റെ വണ്ടി മ്മടെ നാട്ടില്‍ ഓടിക്കണ്ട ട്ടാ.”

* വാല്‍ക്കഷ്ണം: ഈ വാൽ ഇനിയും വളരും. ചിലപ്പോൾ പല്ലിയുടെ വാൽ പോലെ ഉപയോഗപ്രദം ആയിക്കൂടെന്നില്ല.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹