
വരുണയുടെയും അസ്സിയുടെയും തീരങ്ങളിൽ
ഒരു സെൻ ബുദ്ധസന്യാസി ഒരിക്കൽ ഒരു രാജാവിനോടു ചോദിച്ചുവത്രേ!
“ഇത് നിങ്ങളുടെ താൽക്കാലിക വസതിയല്ലേ?”
“അല്ല ഇത് എൻ്റെ സ്വന്തമായ സ്ഥിരവാസസ്ഥാനമാണ്.”
“അപ്പോൾ നിങ്ങൾക്കു മുമ്പിവിടെ ആരായിരുന്നു?”
“എൻ്റെ അച്ഛൻ.”
“അതിനും മുമ്പ്?”
“എൻ്റെ മുത്തച്ഛൻ.”
“അതിനും മുമ്പ്?”
“എൻ്റെ മുതുമുത്തച്ഛൻ.”
“അതാണ് ഞാൻ പറഞ്ഞത്, ഇത് താൽക്കാലിക വാസസ്ഥാനമാണെന്ന്!”
വാരാണസിയിലെ ഘാട്ടുകൾ:
പൂർവ്വപുണ്യങ്ങൾ കൈവിട്ടു പോകുന്ന ഒരു ജനതയാണു നാം. മഹത്തരം എന്നും മൂല്യവത്ത് എന്നും കരുതുന്ന എത്രയെത്ര സൗഭാഗ്യങ്ങളെയും നന്മകളെയുമാണ് നാം കൈവിട്ടു കളഞ്ഞത്? ജനസംഖ്യാവർദ്ധനവും തൊഴിലില്ലായ്മയും ദാരിദ്യവും നഗരവത്ക്കരണവും പരോക്ഷമായി വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്, ജീവിത പ്രവാഹം തന്നെയാക്കുന്ന നമ്മുടെ നദികളെ നാം കൈ വിട്ടു കളയുന്നതിൽ.
ജനസംഖ്യാപെരുപ്പവും ജോലിയില്ലാതിരിക്കലും ജനങ്ങളെ, തൊഴിൽകേന്ദ്രങ്ങളും ജീവിതായോധനകേന്ദ്രങ്ങളുമായ നഗരമധ്യത്തിലെത്തിക്കുന്നു. വീടും കുടിയുമില്ലാത്തവർ നദീതീരങ്ങളിൽ തമ്പടിച്ച്, അവ മാലിന്യക്കൂമ്പാരമാക്കുന്നു. നഗരത്തിൽ മുമ്പേയെത്തിയ സമ്പന്നനും അതിൽ പങ്കു ചേരുന്നു. തൊഴിൽശാലകൾ അവയിലേയ്ക്ക് വിഷമൊഴുക്കുന്നു. സംസ്ക്കാരവാഹിനിയായി പ്രവാഹങ്ങൾ അങ്ങനെ അനുദിനം മലീമസമായി കൊണ്ടിരിക്കുന്നു.
മരണത്തോടൊപ്പം അഴുക്കും മണക്കുന്ന ഗംഗയൊഴുകുന്ന വാരാണസിയുടെ, ഇറങ്ങാൻ പോലും നാം മടിക്കുന്ന ചില ഘാട്ടുകൾ കണ്ടപ്പോഴാണ് ഈ ചിന്ത കടന്നുവന്നത്.
നദികൾ മനുഷ്യസംസ്കൃതിയുടെ പ്രതിഫലനങ്ങൾ കൂടിയാണ്. അവരുടെ ശീലവും (ദു:ശീലവും) സംസ്കാരവും (സംസ്കാരരാഹിത്യവും) ആണ് നദികളും നദീതടങ്ങളും ദൃശ്യപ്പെടുത്തുന്നതെന്നറിയാൻ വാരാണസി നഗരത്തിന്റെ പേരിനു തന്നെ നിദാനമായ വരുണയും അസ്സിയും എന്ന ഗംഗയുടെ പോഷകനദികൾ തന്നെ ധാരാളം!
തീരം കൈയേറി വീതി ചുരുങ്ങിയും ജലസംഭരണശേഷി കുറഞ്ഞ് ശോഷിച്ചും മാലിന്യമൊഴുക്കപ്പെട്ടും അവ തങ്ങളുടെ പേരിൻ്റെ പൂർവ്വപുണ്യത്തിൽ മാത്രം ‘വാരാണസി’ എന്ന നഗരത്തിൻ്റെ പേര് ഇപ്പോഴും നിലനിർത്തുന്നു.
സർക്കാർ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന National Mission for Clean Ganga (Clean Ganga Project-NMCG) പോലുള്ള പദ്ധതികൾ, കൈക്കുമ്പിളിൽ കോരി കുടിക്കാവുന്ന ഗംഗ എന്നതുപോലുള്ള മഹനീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതു കാണാൻ ഇനിയും ദശാബ്‌ദങ്ങൾ തന്നെ വേണ്ടി വന്നേയ്ക്കാം! എങ്കിലും ഘാട്ടുകളിലെ ചിതകളിൽ നിന്ന് പാതി വെന്ത മൃതശരീരങ്ങൾ ഇപ്പോൾ ഗംഗയിലേയ്ക്ക് എടുത്തെറിയപ്പെടാറില്ല എന്നതാണാശ്വാസം.


സുബഹ്-ഇ-ബനാറസ്:
അസ്സി ഘട്ടിലെ ‘സുബഹ്-ഇ-ബനാറസ്’ എന്ന ഉഷ:സന്ധ്യയിലെ ഗംഗാ ആരതിയ്ക്ക് അഞ്ചു മണിക്കു തന്നെ എത്തിച്ചേർന്നു. നദീതിരം ജനനിബിഡമാണ്. ശുംഭനിശുംഭന്മാരെ കൊന്നൊടുക്കിയ കാളി തൻ്റെ വാൾ അസ്സി നദിയിലെറിഞ്ഞു എന്നാണ് വിശ്വാസം. അസ്സി നദി ഗംഗയോടു ചേരുന്ന ഇടമാണിത്. അസ്സി ഘാട്ടിലെ ‘സുബഹ് -ഇ-ബനാറസും’ നമോ ഘാട്ടിലെ സായാഹ്ന ആരതിയും പ്രസിദ്ധമാണ്. ഘാട്ട് പ്രാർത്ഥനാനിർഭരമാണ്. നാടോടികളും നായ്ക്കളും ഒരു പുതപ്പിനടിയിലുറങ്ങുന്നു, അസ്സി ഘാട്ടിൽ ചിലയിടത്ത്. ഗത്യന്തരമില്ലായ്മയിൽ എന്തു മൃഗ- മനുഷ്യവിവേചനം അല്ലേ?
പ്രത്യേക അംഗവസ്ത്രമണിഞ്ഞ് ഏഴു ചെറുപ്പക്കാരായ പണ്ഡിറ്റുകളാണ് ഗംഗയ്ക്കഭിമുഖമായി ഉയർത്തിക്കെട്ടിയ മണ്ഡപങ്ങളിൽ മന്ത്രധ്വനികളോടെ ഗംഗാ ആരതി ചെയ്യുന്നത്. ചുവന്ന ധോത്തിയും കുർത്തയും, ഗാംച എന്നറിയപ്പെടുന്ന പൂണൂൽ പോലെ നെഞ്ചിൽ വിലങ്ങനെ ധരിക്കുന്ന വീതിയുള്ള ചുവന്ന ഷാളും ആണ് വേഷവിധാനം. താഴെനിന്നു മുകളിലേക്കെത്തുമ്പോൾ ചെറുതായി വരുന്ന അഞ്ചു നിലകളുള്ള പ്രത്യേക നിർമ്മിതിയാണ്, ചെമ്പു കൊണ്ടുള്ള ആരതി വിളക്ക്. നിളയുടെ തിരുനാവാ തീരവും ഈയിടെ ആരതി എന്തെന്നു നമുക്കു നേരിൽ കാണിച്ചു തന്നുവല്ലോ.
വലിയ കൈപ്പിടിയുള്ള, ഒന്നരകിലോഗ്രാമോളം ഭാരം വരുന്ന ആരതി വിളക്ക് പ്രത്യേക രീതിയിൽ മേലോട്ടുയർത്തി ഭക്തിപൂർവ്വം മന്ത്രങ്ങളുരുക്കഴിച്ചാണ് ഗംഗാമാതാവിനെ ദിനം തോറും അവർ പൂജിക്കുന്നത്. ദീപം കൊണ്ടുള്ള ആരാധനയുടെ ഇടവേളകളിൽ മുത്തുക്കുടകൾ വിതാനിച്ചു നിർത്തിയ പ്ളാറ്റ്ഫോമിൽ അവർ വെഞ്ചാമരം വീശുന്നുണ്ട്.
ഒരു മണിക്കൂറുണ്ട് ചടങ്ങുകൾ. ഗംഗാതീരം അപ്പോൾ കർപ്പൂരത്തിൻ്റെയും ചന്ദനത്തിരികളുടെ സുഗന്ധത്താലും ധൂപത്താലും ശംഖൊലിയാലും പ്രാത്ഥനാ നിർഭരമായിരിക്കും. ഒരു ദിവസം പോലും മുടങ്ങാതെ വർഷങ്ങളായി നടന്നു വരുന്ന ‘സുബഹ് -ഇ -ബനാറസ്’ കാണുവാൻ വിദേശികളടക്കം ധാരാളം പേർ വന്നെത്തുന്നു. ഇതു നടത്തുന്നതിനായി പ്രത്യേക കമ്മിറ്റിയും മറ്റുമുണ്ട്.


പ്രയാഗ് രാജ്:
അക്ബറിൻ്റെ കാലത്ത് ദൈവസങ്കേതം എന്നർത്ഥം വരുന്ന ഇലാഹാ ബാസ് എന്നു പേരിടപ്പെട്ട് പിന്നീട് അലഹാബാദ് എന്ന പേരു കൈവന്ന നഗരത്തിനെ യോഗി ആദിത്യനാഥ്, പ്രയാഗ് രാജ് ആക്കി മാറ്റിയിരിക്കുന്നു.
ഇടശ്ശേരിയുടെ ഭാഷയിൽ, “ആസുരദൈവിക ശക്തികളുടെ അർണ്ണവമഥനം” സമ്മാനിച്ച അമൃത് വീണു പോയ നാലിടങ്ങളിലൊന്നാണിത്. കുംഭമേള എന്ന പേരിൽത്തന്നെയുണ്ട് ആ അമൃതകുംഭം!
പന്ത്രണ്ടു വർഷത്തിലൊരിക്കൽ കുംഭമേളയ്ക്കു സമാനമായ മഹാമഹം നടക്കുന്ന തഞ്ചാവൂരിനടുത്ത കുംഭകോണവും പാലാഴിമഥനത്തിൽ നിന്നു ലഭിച്ച (അമൃത)കുംഭം താല്ക്കാലികമായി വെയ്ക്കപ്പെട്ട ഇടം ആണത്രേ! (കുംഭം വെച്ച കോണ് കുംഭകോണം).
പാപവിനാശത്തിനുള്ള ത്രിവേണീ സംഗമത്തിലെ മുങ്ങിക്കുളിക്ക് കടത്തുവള്ളത്തിൽ നദീമധ്യത്തിലേയ്ക്കു പോകുമ്പോൾ ഗൈഡായ തപസ് ദാസിനോടു ചോദിച്ചു,
“സോ യു ബിലീവ് ദാറ്റ് റിവർ സരസ്വതീ ഈസ് ഫ്ലോയിംഗ് ബെനീത്ത് ദീസ് കോൺഫ്ലുവൻസ്?”
“ഇറ്റ്,സ് നോട്ട് എ ബിലീഫ്. ഇറ്റ് ഈസ് ദേർ!” എന്നായിരുന്നു ദാർഢ്യമാർന്ന മറുപടി. ‘ഇറ്റീസി’ൻ്റെ അടിവര എൻ്റേതല്ല; അയാളുടെ വാക്കിൽ ദൃഢതയോടെ ഉൾക്കൊണ്ടിരുന്നതാണത്.
തർക്കിക്കേണ്ടതില്ല; തെളിവു ചോദിക്കേണ്ടതില്ല! വിശ്വാസങ്ങളാണ് മനുഷ്യരെ എപ്പോഴും മുന്നോട്ടു നയിക്കുന്നത്; വഴികാട്ടിയാകുന്നത്. തൻ്റെ മുന്നിലെ വെളിച്ചം താനാണ് കാണുന്നത്. കൂടെ നിൽക്കുന്നവനല്ല. വിഷ്ണുനാരായണൻ നമ്പൂതിരി പലപ്പോഴും പറയാറുള്ള മിഷേൽ ദാനിനോയുടെ ‘സരസ്വതി; ദി ലോസ്റ്റ് റിവർ’ എന്ന പുസ്തകത്തെ ഓർമ്മയിലേയ്ക്കു കൊണ്ടുവന്നു തപസിൻ്റെ വാക്കുകൾ!
“കാശി ഡൂണ്ഡേ, പ്രയാഗ് മുണ്ഡേ, ഗയാ പിണ്ഡേ” (അനവധി ക്ഷേത്രങ്ങളുള്ള കാശി, അമ്പലങ്ങൾ ചുറ്റാനും പ്രയാഗ്‌രാജ് ശിരോമുണ്ഡനം ചെയ്ത് പാപങ്ങൾ കളയാനും ഗയ പിണ്ഡകർമ്മങ്ങൾ ചെയ്ത് പിതൃപുണ്യം നേടാനും ഉള്ളതാണ്) എന്ന ഒരു പ്രാദേശികമായ വാമൊഴി ഉണ്ടെന്ന് തപസ് പറഞ്ഞു തന്നു.
കൽക്കട്ടക്കാരനായ, പ്രായം എഴുപതു കടന്ന, മൂന്നു ആൻജിയാേഗ്രാം കഴിഞ്ഞ വെളുത്തു മെലിഞ്ഞ തപസ് ദാസ് ക്ഷേത്രങ്ങളുടെ ഈ പുണ്യനഗരത്തിലെ തൻ്റെ സ്ഥിരവാസത്തിൽ അഭിമാനം കൊള്ളുന്നു. അയാളും പത്നിയും മാത്രമാണ് നഗരത്തിൽ. മക്കളെല്ലാം കൽക്കട്ടയിൽ സ്വന്തം ജീവിതായോധനത്തിൽ! മരണം വരെ കാശിവിശ്വനാഥസവിധമാണയാൾക്കഭയം എന്ന യാൻ തീരുമാനിച്ചു കഴിഞ്ഞു.
കുംഭമേള നടക്കുന്ന സംഗമസ്ഥാനത്ത് ത്രിവേണീസ്നാനത്തിനു ശേഷം ഈറനണിഞ്ഞു വരുന്നവർക്ക് വസ്ത്രം മാറുന്നതിന് വാടകയ്ക്കു ലഭിയ്ക്കുന്ന, എടുത്തു മാറ്റാവുന്ന താൽക്കാലിക ഡ്രെസ് ചേഞ്ചിംഗ് പോഡുകൾ ആളുകളിൽ കൗതുകമുണർത്തും.
നാലഞ്ചു കടത്തുവള്ളങ്ങൾ പരസ്പരം കെട്ടിനിർത്തി അതിനു മദ്ധ്യത്തിൽ പലകകൾക്കുമേൽ വലകെട്ടി നിർത്തിയ നദീസംഗമമധ്യത്തിലെ ഡിപ്പിംഗ് സെൻ്ററിലേയ്ക്ക് ഓരോ തവണയും ആളുകളെ കടത്തുതോണിയിൽ കൊണ്ടുവരുമ്പോഴും, കാലത്ത് കുളി കഴിഞ്ഞിട്ടുണ്ടെങ്കിൽപ്പോലും തപസ് അവർക്കൊപ്പം മടിയില്ലാതെ, ഒരു സാധന പോലെ സ്വയം മുങ്ങി നിവരുന്നു; ബാഗിൽ കൊണ്ടു വന്ന പുതുവസ്ത്രങ്ങളണിഞ്ഞ് വീണ്ടും ടൂർ നയിക്കുന്നു.
തുടരെത്തുടരെയുള്ള ത്രിവേണീസംഗമസ്നാനം അയാളെ പുതിയൊരാളാക്കുന്നു. നിങ്ങൾ തീരുമാനിക്കുന്നതാണ്; നിങ്ങൾ ദൃഢനിശ്ചയത്തോടെ സാധന പോലെ നിർവ്വഹിക്കുന്നതാണ് നിങ്ങളുടെ ഭക്തി! ഒട്ടും ചെറുതാവുന്നില്ല വ്യക്തികേന്ദ്രിതമായ ആത്മകർമ്മം!! (“ഹാ! രക്ഷയ്ക്കാത്മകർമ്മം ശരണം” എന്ന് ഇടശ്ശേരി). അപരൻ്റെ ഭക്തിയെ പ്രതി നിങ്ങൾക്കെന്ത് അഭിപ്രായസ്വാതന്ത്ര്യം?

സങ്കടമോചനക്ഷേത്രം:
വാരാണസിയിലെ സങ്കടമോചനക്ഷേത്രം രാമായണകാരനായ തുളസീദാസ് സ്ഥാപിച്ചതാണെന്നു കരുതപ്പെടുന്നു. ശനിയുടെ അപഹാരത്തിൽ നിന്ന് ഹനുമാൻ നിങ്ങളെ രക്ഷിക്കുമെന്നാണ് വിശ്വാസം. വർഷത്തിലൊരിക്കൽ സങ്കടമോചൻ സംഗീത സമാരോഹ് എന്ന പരിപാടിയും ഉണ്ട്!
2006-ൽ ഉണ്ടായ ഒരു സ്‌ഫോടനത്തെത്തുടർന്ന് മൊബൈൽ ഫോണുകൾ, ബാഗുകൾ എന്നിവ കർശനമായി ക്ഷേത്രത്തിലേയ്ക്ക് പ്രവേശിപ്പിക്കുകയില്ല! ഐ. ഇ.ഡി.കൾ എളുപ്പത്തിൽ ബാഗിലും മൊബൈൽ ഫോണിലുമൊളിപ്പിച്ച് സ്ഫോടനം നടത്താമല്ലോ!
(വിശ്വാസവും ഭക്തിയും മാത്രം മുറുകെപ്പിടിക്കേണ്ടുന്ന നമ്മുടെ ക്ഷേത്രങ്ങൾ എപ്പോഴാണ് ഭീകരത ലക്ഷ്യം വെച്ചുള്ള അരക്ഷിതക്ഷേത്രങ്ങൾ ആയി മാറിയത്? നിഷ്പക്ഷതയോടെ, കൂടെ നിർത്തി ആലോചിക്കേണ്ട കാര്യങ്ങളാണ്!)
എല്ലാം ഒരു ലോക്കറിൽ വെച്ചുപൂട്ടി താക്കോൽ നിങ്ങളുടെ കൈയിൽതന്നെ തരും. അറുപതോളം വരുന്ന, ചുമരിൽ ഫിക്സ് ചെയ്ത ലോക്കറുകൾ സ്പോൺസർ ചെയ്ത കോർപ്പറേറ്റ് കമ്പനിയുടെ പേര് നമുക്ക് സുപരിചിതമാണ്- മുത്തൂറ്റ് ഫിനാൻസ്!
വാരാണസിയിലെ ഗോശാല:
നൂറ്റി അമ്പതോളം ശിവലിംഗങ്ങളുള്ള വാരാണസിയിലെ മണിമന്ദിർ, അതിനുമുന്നിലെ ഗോശാല കൊണ്ടു കൂടിയാണ് കൂടുതൽ ശ്രദ്ധേയമാവുന്നത്. പ്രാർത്ഥന പോലെ തന്നെയുള്ള വിശുദ്ധകർമ്മമായി പശുവിന് തീറ്റ കൊടുക്കുന്നതും കണക്കാക്കപ്പെടുന്നു. മേഞ്ഞുനടക്കുന്ന പശുക്കൾ അഴിയിട്ട തൊഴുത്തുകളുടെ അതിർത്തിയിൽ വന്നു നിൽക്കുമ്പോൾ പശുക്കളെ ഊട്ടാം. നമ്മുടെ സിമൻ്റ് ചട്ടി പോലെയുള്ള പ്ലാസ്റ്റിക് ട്രേകളിൽ പല്ലും വൈക്കോലും പൊടിയായി അരിഞ്ഞു വെച്ചിട്ടുണ്ടാകും. എടുത്തു കൊടുക്കുകയേ വേണ്ടൂ.
തങ്ങളുടെ പവിത്രകർമ്മം വീഡിയോ ഗ്രാഫ് ചെയ്യപ്പെടുന്നതിലാണ് ഭക്തർക്ക് കൂടുതൽ ശ്രദ്ധ എന്നത് ഇക്കാലത്ത് ഒരു കുറവായി കാണരുതെന്ന് മനസ്സു ശാസിച്ചു. ചെറുപ്പത്തിൽ പശുക്കൾക്ക് കഞ്ഞിയും കാടിയും വൈക്കോലും ഇഷ്ടംപോലെ പുല്ലൂട്ടിയിൽ വെച്ചു കൊടുത്തിട്ടുള്ളതിനാൽ പശുവൂട്ട് വലിയ പ്രലോഭനമൊന്നുമായില്ല.
രാംനഗർ ഫോർട്ട്:
വാരാണസി നഗരത്തിലെ തന്നെ രാംനഗർ ഫോർട്ട്, ആർക്കു വേണ്ടിയെന്നറിയാതെ, എന്തിനു വേണ്ടിയെന്നറിയാതെ തുറന്നുവെയ്ക്കപ്പെട്ടിട്ടുണ്ട്. കാണാൻ വിശേഷിച്ചൊന്നുമില്ല. നാല്പതു രൂപയാണ് എൻട്രി ഫീ. വേദവ്യാസക്ഷേത്രവും, ഹനുമാൻ ക്ഷേത്രവും മുഗൾ ശില്പകലയിൽ നിർമ്മിച്ചെടുത്ത കോട്ടയുടെ ഉള്ളിലുണ്ടെന്നു പറയപ്പെടുന്നു.
പാതിയും അടച്ചിട്ടിരിക്കയാണ്. തുരുമ്പെടുത്ത തോക്കുകൾ, മുറിഞ്ഞു പോയ പീരങ്കികൾ, ഉപയുക്തമല്ലാത്ത പല്ലക്കുകൾ, രാജാവു ധരിച്ച ഉത്തരീയം എന്നിവ പൊടി പിടിച്ച്, മാറാല കെട്ടികിടപ്പുണ്ട്. മെയിൻ്റനൻസ് തീരെയില്ല!
എന്തിനോ വേണ്ടി, ആർക്കോ വേണ്ടി ഒരു പുരാവസ്തു!
“എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകും,
എല്ലാ പീരങ്കികളും നിശ്ശബ്ദമായി തുരുമ്പിക്കും,
എല്ലാ സുല്‍ത്താന്മാരും വെളിച്ചം കടക്കാത്ത
ഗുഹയിലൂടെ ഒളിച്ചോടും.
ഉറക്കച്ചടവില്ലാത്ത എന്റെ കുട്ടികള്‍
ഇവയെല്ലാം കൌതുകപൂര്‍വ്വം നോക്കിക്കാണും.”
(കണ്ണൂർക്കോട്ട)
പോസ്റ്റൽ ഓഡിറ്റ് സംബന്ധമായി കടമ്മനിട്ട കണ്ണൂരിൽ മാത്രമല്ല; കാശിയിലും വന്നിരിക്കണം.
അവസാനവരിയിലെ ആ രണ്ടു കുട്ടികൾ കോട്ടയ്ക്കു മുന്നിലുണ്ടായിരുന്നു; “ബീസ് രുപയേ ഏക്. സൗ പർ ഛേ” എന്നു പറഞ്ഞ് കമ്മലുകൾ വിറ്റുകൊണ്ട്. കൂടുതൽ വാങ്ങുക; ഇരുവർക്കും ലാഭം എന്ന കോർപ്പറേറ്റ് വിപണനതന്ത്രം അടിത്തട്ടിലുമെത്തിയിരിക്കുന്നു. ലഖനും ആഹാനയും.
ഒരു കൗതുകത്തിന് ഫോട്ടോ എടുത്തോട്ടെ എന്നു ചോദിച്ചപ്പോൾ, “ഹം കോ ബേച്നേ കേലിയേ?” (ഞങ്ങളെ വിൽക്കാൻ വേണ്ടിയാണോ?) എന്ന് മറുചോദ്യത്തിൽ ഉപേക്ഷിക്കപ്പെട്ടു ആ ശ്രമം. അവരുടെ അരക്ഷിതാവസ്ഥ നമ്മളായി കൂട്ടേണ്ടതില്ല. ഏതു നിമിഷവും കച്ചവടം ചെയ്യപ്പെടാം എന്ന ഉത്തരേന്ത്യൻ തെരുവുകുട്ടികളുടെ ഇപ്പോഴും നിലനില്ക്കുന്ന സുരക്ഷാരാഹിത്യം!
കമ്മൽ വിൽക്കാൻ ഏല്പിച്ച്, പണിയ്ക്കു പോകുമ്പോൾ അമ്മയും അച്ഛനും അവരെ പറഞ്ഞു പഠിപ്പിച്ചിരിക്കണം ആരെയും വിശ്വസിക്കരുതെന്ന്! കോട്ടയ്ക്കകത്ത് ഒഴിഞ്ഞ കോണുകളിൽ അധികാരികളുടെ കണ്ണെത്താത്ത ഇടങ്ങളിൽ കുടുംബസമേതമാണ് അവരുടെ രാത്രിവാസം. മാതാപിതാക്കൾ വരുന്നതുവരെ കമ്മൽ വില്പന! അവർക്ക് പകൽ ഭക്ഷണത്തിനുള്ള വക അവർ തന്നെ കണ്ടെത്തണം.
റാം നഗർ ഫോർട്ടിനു ചേർന്നു തന്നെയാണ് പ്രസിദ്ധമായ വാരാണസി ലസ്സി വിൽക്കുന്ന കട. ശിവപ്രസാദ് ലസ്സി ഭണ്ഡാർ. ഇത്തരം അനേകം കടകളുണ്ട്. ഒരു ചായ്പ്. അത്രമാത്രം. റോഡരികിൽ നിന്നുവേണം, കുൽഹാർ എന്ന കൊച്ചു മൺപാനിയിൽ നൽകുന്ന ലസ്സി ഡിസ്പോസബിൾ മര സ്പൂൺ കൊണ്ടു കഴിക്കാൻ. ജരാ മലായ് (പിസ്ത, ബദാം ക്രീമിൻ്റെ മിശ്രിതം) ടോപ്പിംഗ് ആയി ചേർത്ത കലർപ്പില്ലാത്ത വാരാണസി ലസ്സിയ്ക്ക് എൺപതു രൂപ. ഒരു ചെറിയ കപ്പ് ഐസ്ക്രീമോളം വരും. കഴിച്ചാൽ ഒന്നു കൂടി വാങ്ങാൻ തോന്നുന്ന രുചി.
കഴിച്ചു കഴിഞ്ഞ ലസ്സിയുടെ അവശിഷ്ടം മൺപാത്രത്തിൽ നിന്ന് നക്കിത്തിന്നാൻ, കൂടെ മറ്റു മത്സരാർത്ഥികളില്ലാത്ത ഒരേ ഒരു ശ്വാനേഷ്‌കുമാർ, കടയ്ക്കു മുന്നിൽതന്നെ കാവലുണ്ട്; ക്ഷമാമൂർത്തിയായി; ഇതിൻ്റെ ബാക്കി എനിക്കു തന്നെ എന്ന് സ്വയം തീർപ്പു കല്പിച്ചുകൊണ്ട്!
ജീവിതത്തിൽ, ഫുഡ് ഓപ്ഷൻ എന്ന കോളത്തിൽ വെജിറ്റേറിയൻ എന്നു തന്നെ ടിക് ചെയ്തത് നന്നായി എന്ന് സ്വയം കരുതുന്നുണ്ടാവണം, അവൻ. ദിനേന മായമില്ലാത്ത അഞ്ഞൂറോളം ലസ്സികളുടെ ബാക്കി നുണയാമെന്നു തീരുമാനിച്ചു കൊണ്ട്, തൻ്റെ ഫുഡ് സെക്യൂരിറ്റി സ്വയം കൈവരിച്ചവൻ. എതിരാളികളോ, തട്ടിക്കൊണ്ടു പോകുമെന്ന ഭീഷണിയോ തലയ്ക്കുമീതെ തൂങ്ങാത്തവൻ! മുൻപേ കണ്ട കുട്ടികളേക്കാൾ സുരക്ഷിതമായ ജീവിതം!! നമ്മുടെ മാർഗ്ഗവും ലക്ഷ്യവും നാം തന്നെ കണ്ടെത്തണം എന്ന അഹംഭാവത്തിൻ്റെ മുരൾച്ച തെല്ലു പോലുമില്ലാത്ത തൃപ്തിമാൻ!!!
യാത്രകളിൽ, ഞാനുമുണ്ട് ഒപ്പം എന്നു പറഞ്ഞ്, വീട്ടിലേയ്ക്ക് കൂടെ വരുന്നത് പലപ്പോഴും ഇത്തരം പാർശ്വക്കാഴ്ചകളാണ്. ഒരുപക്ഷേ, പലപ്പോഴും ജീവിതാവസ്ഥകളെക്കുറിച്ചു കവിതയെഴുതുന്നതു കൊണ്ടുള്ള ഗുണമോ ദോഷമോ ആവാം അത്!
ചെക് ഇൻടു ഡൈ:
കാശി, മോക്ഷത്തിന്റെ പുണ്യനഗരം! വരുണാനദിയും അസ്സിനദിയും ഒത്തു ചേരുന്നിടം. പട്ടിന്റെ പേരിനോടു ചേർത്തു പറയണമെങ്കിൽ ബനാറസ് എന്നു തന്നെ പറയേണ്ടി വരും, കാശി എന്ന വാരാണസിയെ.
മൃഗ- പക്ഷി- പൂർവ്വജന്മങ്ങളുടെ കർമ്മപരമ്പരകളിൽ നിന്ന് മോക്ഷത്തിന്റെ വാതായനങ്ങൾ തുറന്നു കൊടുത്ത്, കാലഭൈരവനായ സാക്ഷാൽ സദാശിവൻ കർണ്ണങ്ങളിൽ താരകമന്ത്രം ജപിച്ച് ഇഹലോകത്തു നിന്ന് ആത്മാക്കളെ കൂട്ടികൊണ്ടു പോകുന്ന ഇടം. മരിക്കാനും അങ്ങിനെ ശ്രേഷ്ഠമായ ഒരിടം ഉണ്ടെന്ന് തപസ്! (മരണത്തിൻ്റെ ശ്രേഷ്ഠതയെക്കുറിച്ച് മരിച്ചവരോട് ആരും ചോദ്യങ്ങൾ ചോദിക്കുകയുമില്ലല്ലോ!)
മരണം- ഒരിക്കലും കെട്ടഴിഞ്ഞു കിട്ടാത്ത കുരുക്ക്. അല്ലെങ്കിൽ അഴിക്കും തോറും കൂടുതൽ കുരുങ്ങുന്ന കെട്ട്. മരിക്കാനും ഒരിടം എന്നു തെല്ലു മുമ്പ് പറഞ്ഞത് വെറുതെയല്ല; അങ്ങനെയും ഒരിടം കാശിയിൽ ഉണ്ട്! വൈദ്യുതിക്കു മാത്രം നാമമാത്രമായ ചാർജ് ഈടാക്കുന്ന ഒരിടം; ‘മുമുക്ഷു ഭവൻ’ അഥവാ കാശി ലാഭമുക്തി ഭവൻ എന്ന താൽക്കാലിക വാസസ്ഥാനം!

ഒരു സെൻബുദ്ധസന്യാസി ഒരിക്കൽ ഒരു രാജാവിനോടു ചോദിച്ചുവത്രേ!
“ഇത് നിങ്ങളുടെ താൽക്കാലിക വസതിയല്ലേ?”
“അല്ല ഇത് എൻ്റെ സ്വന്തമായ സ്ഥിരവാസസ്ഥാനമാണ്.”
“അപ്പോൾ നിങ്ങൾക്കു മുമ്പിവിടെ ആരായിരുന്നു?”
“എൻ്റെ അച്ഛൻ.”
“അതിനും മുമ്പ്?”
“എൻ്റെ മുത്തച്ഛൻ.”
“അതിനും മുമ്പ്?”
“എൻ്റെ മുതുമുത്തച്ഛൻ.”
“അതാണ് ഞാൻ പറഞ്ഞത്, ഇത് താൽക്കാലിക വാസസ്ഥാനമാണെന്ന്!”

താൽക്കാലികമായ ഭൂമിയിലെ സ്വന്തം വീടിനേക്കാളും പതിന്മടങ്ങ് താൽക്കാലികമായ ഇവിടെ താമസിച്ച് കാത്തിരിക്കാം, മരണമെന്ന ശാശ്വതസത്യത്തെ. ഗ്യാരൻ്റിയുള്ള ബുക്കിംഗ്! പതിനാലു ദിവത്തെ അവധി! അല്ലെങ്കിൽ പതിനഞ്ച്.
നിർഭാഗ്യവശാൽ (?!) രണ്ടാഴ്ചക്കകം മരണം നിങ്ങളെ മാടി വിളിച്ചില്ലെങ്കിൽ ചെക് ഔട്ട്! വീട്ടിലേയ്ക്ക് തിരിച്ചുപോകണം. മരിക്കാൻ വെമ്പി നിൽക്കുന്നവർക്ക് കട്ടിൽ ഒഴിഞ്ഞു കൊടുക്കണം.
(അതേ; മരപ്പലകകൾ ചേർത്തുവെച്ച ഒരു കട്ടിൽ മാത്രമാണ് നിങ്ങൾക്ക് ഇവിടെ ലഭിക്കുന്നത്).
പുൽകാനാഞ്ഞ സത്യം സ്വയം പിൻവാങ്ങുമ്പോൾ, കൈ കൊടുത്ത് സൗഹാർദ്ദം സ്ഥാപിക്കാമെന്നു കരുതിയ സുഹൃത്ത് ഏകപക്ഷീയമായി കൈ പിൻവലിക്കുമ്പോൾ മരണത്തിനു പോലും നിങ്ങളെ വേണ്ടാതാകുന്നു. “സമയമായില്ല പോലും” എന്ന് കുമാരനാശാൻ വേഷം മാറി വരുന്നു, അവിടെ!
മണികർണ്ണികാ ഘാട്ടിനരികെ, പവിത്രമായ ഗംഗാതീരത്ത് മൃത്യുവിൻ്റെ നിശ്ശബ്‌ദമായ പാദപതനത്തിനു കാതോർത്ത് ഭയരഹിതർക്ക് ഇവിടെ കാത്തിരിക്കാം, ആ ചിരന്തന സത്യത്തെ! മരണം അന്ത്യമല്ലെന്നും ഒരു തുടക്കമാണെന്നും കരുതാം. ഇവിടെ, കാശിയുടെ ആദ്ധ്യാത്മികപ്രഭാവത്തിൽ നിങ്ങൾ മൃത്യു ഇച്ഛിക്കുമത്രേ!
നല്ലൊരു കാപ്ഷൻ ഉണ്ട് മോക്ഷഭവനത്തെക്കുറിച്ച്:
‘ചെക് ഇൻടു ഡൈ!’
1958 ൽ, ഡാൽമിയ കുടുംബം സ്ഥാപിച്ച, പത്തു മുറികൾ മാത്രമുള്ള മോക്ഷഭവനത്തിൽ പതിനാലായിരത്തിലധികം പേർക്ക് ഇതുവരെ ആ ‘ഉദ്ദിഷ്ട ഫലസിദ്ധി’ ലഭിച്ചിട്ടുണ്ടത്രേ! വരൂ, കടന്നു വരൂ എന്ന് ആരും വിപണനതന്ത്രം പയറ്റാത്ത ഒരേ ഒരു ഇടം!

അശോകവനികയിലെ സീത:
ഹോട്ടൽ അവധ് സമ്രാട്ട് എന്ന സാമാന്യം വലിയ ഹോട്ടലിലെ ഡൈനിംഗ് ഹാളിൽ ഒരു ചിത്രമുണ്ടായിരുന്നു. അശോകവനികയിൽ ഒറ്റയ്ക്കിരിക്കുന്ന സീത, മുന്നിൽ നിൽക്കുന്ന ആളെ കൈ കൂപ്പുന്നു. ഇടതുവശത്ത് ഒറ്റ കങ്കണം. ഒറിജിനൽ മെറ്റൽ റിലീഫിൻ്റെ റിപ്ലിക്ക ഫോട്ടോ! അശോകവനികയിൽ, രാമൻ്റെ ചൂഢാരത്നം അടയാളമായി നൽകി, പിൻവാങ്ങി നമസ്കരിച്ചു നിൽക്കുന്ന ഹനുമാനല്ലാതെ വേറെ ആരുണ്ട് സീതയ്ക്കു വണങ്ങുവാൻ എന്നു നാം ഊഹിക്കണം.
ചിത്രകാരൻ അതു കാണിച്ചു തരുന്നില്ല. ഒറ്റ കങ്കണത്തിലുമുണ്ട്, ഭാവനാശാലിയായ ചിത്രകാരൻ്റെ രാമായണാശ്രിതത്വം. രാവണൻ തട്ടിക്കൊണ്ടു പോകുന്ന വേളയിൽ തന്നെ തട്ടിക്കൊണ്ടു പോയ വഴി തിരിച്ചറിയാൻ സീത തൻ്റെ ആഭരണങ്ങൾ ഉത്തരീയത്തിൽ കെട്ടി പഞ്ചവാനരന്മാരെ കണ്ട് താഴെയുള്ള ഋശ്യമൂകാചലത്തിലേയ്ക്ക് എറിഞ്ഞിരുന്നുവല്ലോ. വാനരന്മാർ കണ്ടെടുത്ത്, ശ്രീരാമന് കൈമാറപ്പെട്ട ഇവ, സീതയുടേതു തന്നെയാണോ എന്ന് ലക്ഷ്മണനോട് രാമൻ തിരിച്ചറിയാൻ പറയുന്ന വേളയിൽ, രാമായണത്തിൽ പറയുന്ന ലക്ഷ്മണൻ്റെ ഉത്തരം പ്രസിദ്ധമാണല്ലോ!
“നാഹം ജാനാമി കേയൂരേ,
നാഹം ജാനാമി കുണ്ഡലേ.
നൂപുരേത്വഭിജാനാമി
നിത്യം പാദാദി വന്ദനാത്”
എനിക്ക് ദേവിയുടെ തോൾവളകളോ കർണ്ണഭൂഷണങ്ങളോ തിരിച്ചറിയാൻ കഴിയില്ല. എന്നാൽ നിത്യവും പാദവന്ദനം ചെയ്യുമ്പോൾ കണ്ടു പരിചയിച്ച ഈ കാൽച്ചിലമ്പ് ഞാൻ തിരിച്ചറിയുന്നു!
ലക്ഷ്മണൻ തിരിച്ചറിഞ്ഞ, ഒറ്റയായി അണിയാനാവാത്ത ആ ചിലമ്പിൻ്റെ ഇണച്ചിലമ്പ് (Pair anklet) ആണ് ചിത്രകാരൻ, തൻ്റെ മനോധർമ്മമനുസരിച്ച് അശോകവനിയിലിരിക്കുന്ന സീതയ്ക്കരികെ വെയ്ക്കപ്പെട്ടതായി വരച്ചു ചേർത്തിട്ടുള്ളത്. അനുബന്ധജ്ഞാനങ്ങളും ഇതരകലകളിൽ നിന്നുള്ള ആദാനപ്രദാനങ്ങളും മറ്റു കലകളെ പോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് എപ്പോഴും ചെയ്യുക!
(തൃശൂർ കേരളവർമ്മ കോളേജിൽ പഠിക്കുമ്പോൾ, ‘കളിയരങ്ങ്’ എന്ന കാമ്പസ് തിയറ്ററിനു വേണ്ടി ജോസ് ചിറമൽ എന്ന അനുഗൃഹീത നാടക സംവിധായകൻ കലാമണ്ഡലം എം. പി. എസ്. നമ്പൂതിരിപ്പാടിനെ കോളേജിൽ വരുത്തി നാടകസംഘത്തിനു വേണ്ടി കഥകളി വർക്ക് ഷോപ്പ് നടത്തിയത് ഓർമ്മ വന്നു.)


ഭാംഗിലെ വീര്യം:
ശിവനു ചാർത്തപ്പെടാൻ രണ്ടു തരത്തിലുള്ള എരുക്കിൻ പൂവുകൾ കൊണ്ടുള്ള മാലകൾ, കാശിവിശ്വനാഥ ക്ഷേത്രത്തിലേയ്ക്കുള്ള വഴിയിലെ കടകളിൽ കണ്ടപ്പോൾ ഒരു പഴയ ശ്ലോകം ഓർമ്മയിലെത്തി.
“മാരൻ പൂമെയ്കരിക്കാ,മരിയപുരമെരിക്കാ-
മെരിക്കും ധരിക്കാം,
പാരീരേഴും ഭരിക്കാം പരിചിനൊടു മുടിക്കാം
നടിക്കാം ചിതായാം.
ഗൗരിക്കംഗം പകുക്കാം, ഝടുതി കുടുകുടെ-
ക്കാളകൂടം കുടിക്കാ-
മോരോന്നേ വിസ്മയം നിൻ തിരുവുരു തിരു-
വൈക്കത്തെഴും തിങ്കൾമൗലേ!”
കൂവളത്തിൻ്റെ ഇലകൾ കേരളത്തിലെ ശിവക്ഷേത്രങ്ങളിൽ അർപ്പണവസ്തുവാണെങ്കിലും ശിവന് എരുക്കിൻ പൂക്കൾ നിവേദിക്കൽ അത്ര സാധാരണമല്ല. തൊട്ടടുത്തുള്ള കടയിൽ വില്പനയ്ക്കു വെച്ച ഉമ്മത്തിൻ കായകൾ കൂടി കണ്ടപ്പോൾ അത്‌ഭുതം ഇരട്ടിച്ചു. ഔഷധഗുണമുള്ളതാണ് ഉമ്മത്ത്. ചർമ്മരോഗചികിത്സയ്ക്ക് ഉത്തമവുമാണ്. സംസ്‌കൃതത്തിൽ ധുർധുരം എന്നും ഇംഗ്ലീഷിൽ Datura എന്നും പേരുള്ള ഉമ്മത്തിൻകായ വിഷവീര്യവർധകമാണ്. ലഹരിപാനീയമായ ഭാംഗിൽ ഇതു ചേർത്ത് വീര്യം കൂട്ടുമത്രേ!
കുംഭമേളയ്ക്കെത്തുന്ന, സ്വയം സദാശിവത്വം പ്രഖ്യാപിക്കുന്ന അഘോരികൾ ഭാംഗിൽ ഇതു ചേർത്തു കുടിക്കാറുണ്ട്. കാകോളഭക്ഷകനായ ശിവന് വിഷപാനം അഭീഷ്ടപ്രദമെന്നു കരുതിയാവുമോ ഇവ അർച്ചനാ വസ്തുവായി സമർപ്പിക്കപ്പെടുന്നത് എന്ന സംശയം മാത്രം ഇനിയും ബാക്കി നിൽക്കുന്നു.
ലാൽ പേഡയുടെ മാധുര്യം:
മുൻപരിചയം തെല്ലുമില്ലാതിരുന്ന തപസ് ദാസ് സ്വന്തം ചിലവിൽ വാങ്ങിത്തന്ന വിശ്രുതമായ ബനാറസി ലാൽ പേഡയുടെ ഒരു പെട്ടി മാധുര്യവും വാരാണസി ഓർമ്മകളോടൊപ്പം, വീട്ടിലേയ്ക്ക് വെറുതേ കൂടെ പോന്നു!


പദ്മദാസ്: തൃശ്ശൂർ ജില്ലയിലെ പെരിങ്ങണ്ടൂർ സ്വദേശി. പാലക്കാട് കല്ലേക്കുളങ്ങര ആനന്ദ് നഗറിൽ നീരാജനത്തിൽ താമസം.







