
സി. എ. കൃഷ്ണന്റെ 'വൃത്താന്ത വൃത്തം' നാളെ പ്രകാശിതമാകുന്നു
ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രകാശന കർമ്മം നിർവ്വഹിക്കും:
തൃശൂർ: പ്രമുഖ ഗ്രന്ഥകാരൻ സി. എ. കൃഷ്ണൻ രചിച്ച, മധ്യകേരളത്തിന്റെ കഴിഞ്ഞക്കാല പത്രവിശേഷങ്ങളെ അടയാളപ്പെടുത്തുന്ന പുസ്തകം, ‘വൃത്താന്ത വൃത്തം’ നാളെ പ്രകാശനം ചെയ്യപ്പെടുന്നു. രാവിലെ 9.30ന് തൃശൂർ പ്രസ് ക്ലബ് ഹാളിൽ, കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രകാശന കർമ്മം നിർവ്വഹിക്കും. മുതിർന്ന മാധ്യമ പ്രവർത്തകനും മുൻ തൃശൂർ പ്രസ് ക്ലബ് പ്രസിഡന്റുമായിരുന്ന എ. സേതുമാധവൻ പുസ്തകം ഏറ്റുവാങ്ങും. പ്രസ് ക്ലബ് പ്രസിഡന്റ് എം. ബി. ബാബു അദ്ധ്യക്ഷത വഹിക്കും. രാജൻ പല്ലൻ എം.എൽ.എ, കോർപ്പറേഷൻ കൗൺസിലർ പൂർണിമ സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ പത്രപ്രവർത്തനത്തിന്റെ ആസ്ഥാന മന്ദിരമായ തൃശൂർ പ്രബ്ബ് ക്ലബ് സ്ഥാപിച്ച് അര നൂറ്റാണ്ട് അടുക്കുന്ന വേളയിൽ തൃശ്ശൂരിലെ പഴയകാല പത്രപ്രവർത്തനത്തെക്കുറിച്ചും പ്രഗത്ഭരായ പത്രപ്രവർത്തകരെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം നിലവിലെ പത്രപ്രവർത്തന സമൂഹത്തിനും ഭാവിതലമുറയ്ക്കും ഒരു മുതൽക്കൂട്ടാണ്.
പ്രസ്സ് ക്ലബ്ബിന്റെ തുടക്കം മുതലുള്ള പ്രവർത്തനങ്ങളിൽ ഒപ്പമുണ്ടായിരുന്ന, ദീർഘകാലം കേരള കൗമുദി തൃശൂർ ബ്യൂറോ ചീഫ് എഡിറ്ററായിരുന്ന വ്യക്തിയാണ് സി. എ. കൃഷ്ണൻ. കഴിഞ്ഞുപോയ കാലത്തിന്റെ സുവർണ്ണസ്മരണകളെയും പുതിയ കാലത്തിന്റെ വിസ്മയക്കാഴ്ചകളെയും കോർത്തിണക്കുന്ന വൃത്താന്ത വൃത്തത്തിൽ, മലയാളത്തിന്റെ മാധ്യമചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിക്കാണാത്ത നിരവധി വ്യക്തികളെയും സംഭവങ്ങളെയും കൂടി പ്രതിപാദിക്കുന്നുണ്ടെന്ന് ഗ്രന്ഥകർത്താവ് പറയുന്നു.
കേരളത്തിന്റെ മാധ്യമചരിത്രത്തിന് വലിയ മുതൽക്കൂട്ടായേക്കാവുന്ന ഈ പുസ്തകം, പ്രസ് ക്ലബിന്റെ സുവർണ്ണ ജൂബിലിയിൽ തന്നെ പ്രസ് ക്ലബിനുള്ള ഒരു ഉപഹാരമായി പുറത്തിറക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് പുസ്തകത്തിന്റെ പ്രസാധകരായ ഗ്രീൻബുക്സ് അറിയിച്ചു.
കേരള സർക്കാർ പൊതുഭരണ വകുപ്പിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ, ഗതാഗതമന്ത്രി കെ.കെ. ബാലകൃഷ്ണൻ എന്നിവരുടെ പ്രസ്സ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച സി. എ. കൃഷ്ണൻ തൃശ്ശൂർ അമലനഗറിലെ ചൂരക്കാട്ടുകരയിലെ ചെമ്മങ്ങാട്ടുവളപ്പിൽ കുടുംബാംഗമാണ്. ചൂരക്കാട്ടുകര ഗവ.യു.പി.സ്കൂൾ, പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം, തൃശ്ശൂർ ശ്രീകേരളവർമ്മ കോളേജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ കൃഷ്ണൻ പത്രപ്രവർത്തനം ആരംഭിച്ചത്, 1979ൽ മാതൃഭൂമിയിലായിരുന്നു. തുടർന്ന്, മുപ്പത് വർഷം, തൃശൂർ എക്സ്പ്രസ്സിലും കേരള കൗമുദിയിലുമായി ജോലി ചെയ്തു. തൃശ്ശൂരിലും പാലക്കാടും പ്രസ്സ് ക്ലബ്ബ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നിലവിൽ, തൃശ്ശൂരിലെ കുറ്റൂർ ഹെവൻലി വില്ലയിൽ താമസിച്ചു വരുന്നു. ഭാര്യ: എം. കെ. അംബിക.







