K. Aboobacker Master-AI illustration by Surya

കെ. അബൂബക്കർ മാസ്റ്റർക്ക് പ്രഥമ മമ്പുറം തങ്ങൾ പൈതൃക പുരസ്കാരം

അറബിമലയാള പഠനത്തിനും മാപ്പിള പൈതൃക ഗവേഷണത്തിനും നൽകിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം:

തിരൂരങ്ങാടി: കേരള മുസ്ലിം പൈതൃക പഠന- ഗവേഷണ കേന്ദ്രമായ ‘മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഹെറിറ്റേജ് സ്റ്റഡീസ്’ ഈ വർഷം മുതൽ ആരംഭിച്ച, പ്രഥമ ‘മമ്പുറം തങ്ങൾ പൈതൃക പുരസ്കാരം’ കെ. അബൂബക്കർ മാസ്റ്റർക്ക്.

അറബി ലിപിയിൽ എഴുതപ്പെട്ട മലയാളഭാഷയായ ‘അറബിമലയാളം’ ഭാഷയുടെയും മാപ്പിള സാഹിത്യ- സംസ്കാര പൈതൃകത്തിന്റെയും സംരക്ഷണത്തിനും പ്രചാരണത്തിനുമായി ദീർഘകാലം പ്രവർത്തിച്ച പ്രമുഖ ഗവേഷകനും ഗ്രന്ഥകാരനും പ്രഭാഷകനുമാണ് കെ. അബൂബക്കർ മാസ്റ്റർ. മൊയിൻകുട്ടി വൈദ്യർ പഠനങ്ങളിലും അറബിമലയാള ഗ്രന്ഥസൂചി നിർമാണത്തിലും മാപ്പിള ഇശൽ പാരമ്പര്യത്തിന്റെ രേഖപ്പെടുത്തലിലും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.

കാലിക്കറ്റ് സർവകലാശാലയിലെ പ്രൊഫസർ ഡോ. കെ. എസ്. മാധവൻ, മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ഡോ. എം. എച്ച്. ഇല്യാസ്, മാപ്പിള ഹെറിറ്റേജ് ലൈബ്രറിയിലെ സയ്യിദ് അഷ്റഫ് തങ്ങൾ, തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിലെ പി. കെ. മുഹമ്മദ് ശരീഫ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. അറബിമലയാള പഠനത്തിനും മാപ്പിള പൈതൃക ഗവേഷണത്തിനും നൽകിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരമെന്ന് ജൂറി പറഞ്ഞു.

ജൂൺ 20ന്, മമ്പുറത്ത് നടക്കുന്ന നാലാമത് മമ്പുറം തങ്ങൾ ചരിത്ര സെമിനാറിൽ വെച്ച്, തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി കെ. എം. ഷാജി പുരസ്കാരം സമ്മാനിക്കും. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

പാഠഭേദം മാസിക പ്രസാധകർ നൈതികവേദിയുടെ സെക്രട്ടറികൂടിയായ അബൂബക്കർ മാസ്റ്റർ, മോയിൻകുട്ടി വൈദ്യരുടെ സമ്പൂർണ കൃതികൾ (സമാഹരണം), അറബിമലയാളം വിവരണാത്മക ഗ്രന്ഥസൂചി (കോ. എഡിറ്റർ), മലയാളത്തിലെ ഇശൽ വഴികൾ (എഡിറ്റർ), അറബി മലയാളം: ഭാഷ സാഹിത്യം- സംഗീതം (എഡിറ്റർ), വൈദ്യരുടെ കാവ്യലോകം (ജീവചരിത്രം), ടി. ഉബൈദ് (ജീവചരിത്രം), മുസ്ലിംകളുടെ സാംസ്കാരിക പൈതൃകം തുടങ്ങിയ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൊടുവള്ളി കത്തറമ്മൽ വലിയപറമ്പ് സ്വദേശിയായ അബൂബക്കർ മാസ്റ്റർ, കോടഞ്ചേരി ഗവ. കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ്, കേരള സർവകലാശാല എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. മലയാളത്തിൽ എം.എയും ബി.എഡും നേടിയ അദ്ദേഹം 1990ൽ അദ്ധ്യാപകവൃത്തിയിൽ പ്രവേശിച്ചു. 1995ൽ പഞ്ചാബ് നോർത്തേൺ റീജിയണൽ ലാംഗ്വേജ് സെൻററിൽനിന്ന് പരിശീലനം നേടിയതിനുശേഷം സങ്കരഭാഷകളെ കുറിച്ചുള്ള ഗവേഷണത്തിൽ ഏർപ്പെട്ടു.

മാപ്പിളപ്പാട്ടുകളെ കുറിച്ചും മാപ്പിളപ്പാട്ടുകളിലെ സൂഫി സ്വാധീനങ്ങളെ കുറിച്ചും നിരവധി ഗവേഷണങ്ങൾ നടത്തിയിട്ടുള്ള അദ്ദേഹം, കേരള മുസ്ലിം സമൂഹത്തിന്റെ ചരിത്രം, കല, ഭാഷ, ആചാരങ്ങൾ, സാഹിത്യം എന്നിവ രേഖപ്പെടുത്താനുള്ള തീവ്രശ്രമങ്ങളും നടത്തിയിട്ടുണ്ട്.

2022-ൽ വടകര കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്രധാന അധ്യാപകനായി വിരമിച്ചു.

Join with us