
പട്ടായ ബൈ നൈറ്റ്
തായ് കവിത
പട്ടായ ബൈ നൈറ്റ്
ഇരുട്ടിയതോടെ
ദാസിത്തെരു
ഉണരാൻ തുടങ്ങി.
ഗൾഫ് ഓഫ് സിയാമിലെ തിരമാലകൾ
അവിടെയെത്തുന്ന
പെൺകുട്ടികളെപ്പോലെ
അസ്വസ്ഥരായി അലയടിച്ചു.
റൂഷും ലിപ്സ്റ്റിക്കും
മുഖത്തു കയറിപ്പറ്റിയ
യൗവ്വനതാരുണ്യം
ഹൈഹീൽഡുകളേറി
പതുക്കെ,
ജോലിയ്ക്കു വന്നു തുടങ്ങി.
*ചട്തായികൾ
ഷോർട് നിക്കറുകൾക്കും
ക്ലീവേജ് റിവീലറുകൾക്കും വഴിമാറി.
പകൽക്കച്ചവടക്കാർ
പൂട്ടിവെച്ച താൽക്കാലിക ഷെഡുകൾ ചാരി
അവർ വിലപേശലിനു തയ്യാറായി നിന്നു.
രാത്രി, ഒരു പെൺശരീരത്തിനു
കല്പിച്ചു നൽകപ്പെടുന്ന വില!
ആഹരിക്കേണ്ട അന്നത്തിനു
കല്പിച്ചു നൽകപ്പെടുന്ന വില!
*ഗോഗോ ഡാൻസ് ബാറുകൾ
അരണ്ട നിയോൺ പ്രഭകളിൽ
റാപ്പിൻ്റെ വായ്ത്താരികളൊത്ത്
താളാത്മകമായി
ഇളകിയാടാൻ തുടങ്ങുന്നു.
ഇടപാടുകാരെ കാത്തുനിൽക്കെയും
മുഖം മിനുക്കിക്കൊണ്ടിരിക്കുന്നവർ,
ജോലി തുടങ്ങും മുമ്പേ, തിരക്കിട്ട്
*മൂ പിങ്ങും *സോം ടമും
കാരി ബാഗിനുള്ളിൽ നിന്ന്
*സ്ക്യൂവർ കൊണ്ട്,
നിന്നു, ഭക്ഷിച്ചു തയ്യാറാവുന്നവർ.
കുട്ടിയെ നേരത്തേ
ഉറക്കിക്കിടത്തിയവർ,
അച്ഛന് രാത്രിയിലേയ്ക്ക്
മരുന്നെടുത്തു വെച്ചു വന്നവർ,
തലേന്നു രാത്രിയിലെ ഉറക്കക്ഷീണം വകവെയ്ക്കാതെ,
പകൽ അമ്മയെ വീട്ടുപണിയിൽ സഹായിച്ചവർ.
കൂടപ്പിറപ്പിന് വിദ്യാഭ്യാസത്തിന്
പണം സ്വരുക്കൂട്ടുന്നവർ.
പകൽവസ്ത്രങ്ങൾ പറിച്ചെറിഞ്ഞ്
രാത്രിയുടെ മൂടുപടമണിഞ്ഞ്
അവർ തങ്ങളെ മറ്റൊരാളാക്കി മാറ്റുന്നു,
ജീവിതം എന്ന മൂന്നക്ഷരത്തെ മുൻനിർത്തി മാത്രം!
*‘പാപികളുടെ നഗരം’
പാപപങ്കിലമാക്കിയതാർ?
ജീവസന്ധാരണത്തിന് വഴിയില്ലാത്തവരോ
വീടുവെടിഞ്ഞ്
മറുനാട്ടിൽ നിന്ന് തെളിഞ്ഞെത്തിയ
മുഖം മറയ്ക്കാത്ത ഇടപാടുകാരോ?
ഒരു നഗരവും പാപിയാവുകയില്ല;
രാഷ്ട്രം അവർക്ക്
കൂരയാവുമെങ്കിൽ,
രാഷ്ട്രമവർക്ക്
അന്നമാവുമെങ്കിൽ,
രാഷ്ട്രമവർക്ക്
വസ്ത്രമാവുമെങ്കിൽ!
* തായ് സ്ത്രീകളുടെ അടിമുട്ടുന്ന പരമ്പരാഗത വസ്ത്രം
*.ഗ്രിൽഡ് പോർക്ക് മീറ്റ്
* പപ്പായ സലാഡ്
* ഭക്ഷണം കുത്തിയെടുക്കാനുള്ള ടൂത്ത് പിക്ക് പോലുള്ള നീളമുള്ള കോല്
* ‘സിൻ സിറ്റി’എന്നാണ് പട്ടായയുടെ വിളിപ്പേര്
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

പദ്മദാസ്: തൃശ്ശൂർ ജില്ലയിലെ പെരിങ്ങണ്ടൂർ സ്വദേശി. പാലക്കാട് കല്ലേക്കുളങ്ങര ആനന്ദ് നഗറിൽ നീരാജനത്തിൽ താമസം.