AI illustration by Surya for the poem of Malayalam poem Andhakara Chakravalam written by Jayaprakas Eravu

അന്ധകാര ചക്രവാളം

ഞാനെന്നെ തിരയുകയാണ്.
ജീവിതത്തിൻ്റെ ഗതിവേഗങ്ങൾക്കൊപ്പം
അതിദ്രുത ഗമന വീഥികളിലെ
ചതിക്കുഴികൾ മറികടക്കാൻ
സ്വാധ്യായം ചെയ്യുമ്പോഴും
അന്ധകാര ചക്രവാളങ്ങളിൽ
ഞാനെന്നെ തിരയുകയാണ്.

ഒരു വിരൽ സ്പർശത്താൽ
അനന്തലോക വിസ്മയങ്ങൾ കാട്ടി
ഞാനെന്നെ കൊതിപ്പിക്കുന്നു.
മൃദുലതയെ ഉണർത്തുന്നു.
ഭാഷകൾ, വേഷങ്ങൾ
തളിരിട്ട്; പൂവണിഞ്ഞ്;
നിറചാർത്തണിഞ്ഞെനിയ്ക്കു ചുറ്റും
നിരനിരയായ് നിറയുന്നു.

നിശ്ചലനായ്, നിർമമനായ്
ഞാൻ എന്നിലേയ്ക്ക് ചുരുങ്ങുകയാണ്.
വർണക്കാഴ്ചകളിലെ ഭ്രമാത്മകതകൾ
എനിക്കിനിയന്യം.
ആസക്തി തൻ അശ്വമേധാശ്വങ്ങളുടെ
ഉന്മാദ രോദനം.
ശ്രവണപുടങ്ങളിൽ താണ്ഡവ തുടിസ്വനം.

മനസ്സിപ്പോൾ സ്വസ്ഥമാണ്.
അപരിചിതഗന്ധം പേറി ആരൊക്കെയൊ
വരുന്നുണ്ട്, പോകുന്നുണ്ട്.
ചിരി മുഖങ്ങൾ മാറി
കണ്ണീർ നിറഞ്ഞൊഴുകുന്നുണ്ട്.

ആരൊക്കെയോ എന്തൊക്കെയോ ചെയ്ത്
മടങ്ങുന്നുണ്ട്, ചുമലിലേറ്റുന്നുണ്ട്.
അനുസരണയുടെ കുഞ്ഞാടായ്
നല്ലഇടയനു പിറകെ
ഞാനെന്നെ തിരഞ്ഞ് തിരഞ്ഞ്
കൂട്ടം തെറ്റാതെ…

പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം

Trending Now

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹