എൻ്റെയും ഗീതച്ചേച്ചി/ സന്ധ്യ ഇ എഴുതിയ ഗീതാ ഹിരണ്യൻ അനുസ്മരണം
സുഖം എന്ന കവിത ഒരു സത്യം ബോധ്യപ്പെടുത്തലാണ്. ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് പറയുന്നത്. പറയുന്നവൾ ഭൂമിയിൽ; കേൾക്കുന്നവൾ ആകാശത്ത്! ഭൂമി ചവിട്ടി നിൽക്കുന്നവൾക്കു മാത്രം പറയാൻ കഴിയുന്ന, പ്രവചിക്കാൻ കഴിയുന്ന ചിലതുണ്ട്. സ്ത്രീകൾക്കു പൊതുവേയും സീതക്കു പ്രത്യേകമായും അനുഭവിക്കേണ്ടിവരുമെന്നുറപ്പുള്ള ചിലത്. അതനുഭവിച്ച ഒരാൾക്കേ അതു പറയാനാവൂ. പക്ഷേ, പറയുന്നതാരോടാണ് എന്നതാണ് ഇതിലെ സൗന്ദര്യവും വൈരുദ്ധ്യവും.
ഗീതച്ചേച്ചിയെയും ഹിരണ്യൻ മാഷെയും ഞാനാദ്യമായി കണ്ടത് 1990 ജൂലൈ 13ന് സന്ധ്യയ്ക്കായിരുന്നു.
എന്തൊരോർമ്മ എന്നാവും! ഓർക്കാൻ കാരണമുണ്ട്. എൻ്റെ കല്യാണത്തിന് രണ്ടുനാൾ മുമ്പായിരുന്നു അത്. കറൻ്റ് പോയിരുന്നതിനാൽ മെഴുകുതിരി വെളിച്ചത്തിലായിരുന്നു ആ കാഴ്ച. അമേരിക്കയിലുള്ള എൻ്റെ ചേച്ചിയുടെ അടുത്ത സുഹൃത്തായിരുന്നു ഗീതച്ചേച്ചിയുടെ ചേച്ചി. അവരെ പ്രതിനിധീകരിച്ച് വന്നതായിരുന്നു. ആദ്യമായി കാണുകയായിരുന്നുവെങ്കിലും ഒരു പരിചയക്കേടും തോന്നിയില്ല. അന്ന് കൂടുതൽ സംസാരിച്ചത് ഗീതച്ചേച്ചിയായിരുന്നു. മാഷ് കേൾവിക്കാരനും.
വർഷങ്ങൾക്കു ശേഷം ഞാൻ ജോലി ചെയ്തിരുന്ന കോളേജിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കാനാണ് വീണ്ടും അവരുമായി ബന്ധപ്പെടുന്നത്. യാതൊരു മടിയും കൂടാതെ സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു. രണ്ടുമൂന്നുതവണ പരിപാടിക്കു മുമ്പുള്ള ദിവസങ്ങളിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
പ്രോഗ്രാം മാറ്റിവെക്കേണ്ടിവരുമോ എന്നായി. ഒടുവിൽ തലേ ദിവസം അവരെന്നെ വിളിച്ചു. ചില പ്രശ്നങ്ങൾ കാരണം ആശുപത്രിയിലായിരുന്നു എന്നും ഡിസ്ചാർജ് ആയി വന്നയുടനെ വിളിക്കുകയാണെന്നും പറഞ്ഞു. മുഴുവൻ സുഖമായിട്ടില്ല; മരുന്നുകൾ കഴിച്ചതിൻ്റെ ഫലമായി നാവിൽ ചില പോളകൾ ഉണ്ടായെന്നും അത് വല്ലാതെ ബുദ്ധിമുട്ടിക്കുന്നുവെന്നും സംസാരിക്കാൻ വിഷമമുണ്ടെന്നും അറിയിച്ചു. എങ്കിലും പിറ്റേ ദിവസം വരാമെന്നും കുറച്ചേ പ്രസംഗിക്കുകയുള്ളൂ എന്നും കൂട്ടിച്ചേർത്തു. വരുമെന്നു കേട്ടതും എനിക്കാശ്വാസമായി. കുറച്ചു സംസാരിച്ചാൽ മതിയെന്ന് ഞാനങ്ങോട്ടും പറഞ്ഞു.
കൃത്യസമയത്ത് ഗീതചേച്ചി വന്നു. ആശുപത്രിയിൽ കിടന്നതിൻ്റെയും നാവിലെ പ്രശ്നങ്ങളുടെയും ഒന്നും വിഷമങ്ങൾ കാണിച്ചില്ല. ഏകദേശം മുക്കാൽ മണിക്കൂർ സരസമായി പ്രസംഗിച്ച് ഗീതച്ചേച്ചി എല്ലാവരെയും കയ്യിലെടുത്തു. അവസാനമെത്തിയപ്പോൾ മാത്രം സുഖമില്ലാതിരുന്ന കാര്യം സൂചിപ്പിച്ചു. “സന്ധ്യയെപ്പോലെ ഒരു സുന്ദരി വിളിച്ചാൽ കുഴിയിൽ നിന്നുപോലും ആളുകൾ എണീറ്റു വരില്ലേ? ” എന്നു കളി പറഞ്ഞു. സത്യത്തിലെനിക്കപ്പോൾ നാണമായി. ഒരാൾ സുന്ദരിയെന്ന് പരസ്യമായി വിളിച്ചത് ആദ്യമായിരുന്നു. ‘അരസുന്ദരി’ എന്ന വാക്ക് മലയാളത്തിൽ ആദ്യം ഉപയോഗിച്ചത് ഗീതച്ചേച്ചിയായിരുന്നു എന്നോർക്കുകയും ചെയ്തു.
ഗീതച്ചേച്ചിയെകുറിച്ചുള്ള മറ്റൊരു ചിത്രവും തെളിഞ്ഞു വരുന്നു. ഞങ്ങളുടെ രണ്ടാമത്തെ മകൻ്റെ പേര് പ്രഹ്ളാദ് എന്നാണ്. ഒരിക്കൽ അവനെയും കൂട്ടി ഞാനും ഭർത്താവ് സതീഷും എവിടെയോ പോയപ്പോൾ, ചേച്ചിയെയും ഹിരണ്യൻ മാഷെയും കണ്ടു. പതിവുപോലെ, ‘സുന്ദരി’ എന്ന ആ വിളി, സ്നേഹാന്വേഷണം, തമാശ പറച്ചിൽ ഒക്കെയുണ്ടായി. മോൻ്റെ പേരു പറഞ്ഞപ്പോൾ, “ഇവനെ ഞങ്ങൾക്കു തന്നേക്കൂ, അവൻ്റെ അച്ഛൻ്റെ ഒപ്പം കഴിയട്ടെ” എന്നു പറഞ്ഞു പൊട്ടിച്ചിരിച്ചു. ഒപ്പം മാഷും.
ഞങ്ങൾക്കത് മനസ്സിലാവാൻ കുറച്ചു സമയമെടുത്തു. പിന്നീടാണ് അതിലെ സാരസ്യം പിടികിട്ടിയത്. അതിനുശേഷമുള്ള ഫോൺ വിളികളിൽ ചേച്ചി, ‘ഞങ്ങളുടെ പുത്രനെന്തു പറയുന്നു?’ എന്ന് കുസൃതിയോടെ ഇടയ്ക്കൊക്കെ തിരക്കാറുണ്ടായിരുന്നു.
കോളേജിലെ ആ പരിപാടിക്കു ശേഷമാണ് ഞങ്ങൾ തമ്മിൽ ശരിക്കും അടുപ്പമായത്. ഞാനാദ്യം അടുത്തിടപഴകിയ എഴുത്തുകാരി ഗീതച്ചേച്ചിയാണ്. എഴുത്തുകാരിയെന്ന ഒരു ഭാവവും കാണിക്കാത്ത എഴുത്തുകാരി. ഒരാഴ്ച കഴിഞ്ഞ് നാവിലെ പ്രശ്നം മാറിയോ എന്നറിയാൻ വിളിച്ചപ്പോഴാണ് അതത്ര നിസ്സാരമല്ല എന്നും കാൻസറിൻ്റെയാണെന്നും ഗീതച്ചേച്ചി തന്നെ പറഞ്ഞത്. വൈകാതെ ട്രീറ്റ്മെൻ്റ് തുടങ്ങുമെന്നും പറഞ്ഞു.
പിന്നെ കുറേനാൾ ചേച്ചി അതിൻ്റെ ബുദ്ധിമുട്ടുകളിലായിരുന്നു. റേഡിയേഷൻ ചെയ്തതു കൊണ്ട് സംസാരിക്കാൻ പ്രയാസമായിരുന്നു. അതിനാൽ ഞാൻ പല തവണ വീട്ടിൽപ്പോയിക്കണ്ടു. എത്ര വിഷമങ്ങളുണ്ടെങ്കിലും സംസാരിക്കാൻ വയ്യെങ്കിലും ഗീതച്ചേച്ചി പ്രസന്നവതിയായിരുന്നു. ഇടയ്ക്ക് വരണമെന്ന് പറയുകയും ചെയ്യുമായിരുന്നു. പതിയെപ്പതിയെ ചേച്ചി കിടപ്പായി. പറയുന്നത് അവ്യക്തമായിത്തുടങ്ങി. എങ്കിലും ശ്രദ്ധിച്ചാൽ എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. മനസ്സിലാവുന്നുണ്ടെന്നറിയുമ്പോൾ ചേച്ചിയുടെ മുഖത്താ സന്തോഷം കാണാമായിരുന്നു.
ഒടുവിൽ കണ്ടപ്പോൾ ചേച്ചി വല്ലാതെ അവശയായിരുന്നു. വീട്ടിൽ നിറയെ ബന്ധുക്കളുണ്ടായിരുന്നു. അസുഖം വല്ലാതെ മൂർച്ഛിച്ചിരുന്നു. കണ്ണുകൾ മാത്രം ചിരിച്ചു. ഗീതച്ചേച്ചിക്കുവേണ്ടി ഞാൻ മുല്ലപ്പൂ വാങ്ങിക്കൊണ്ടു പോകാറുണ്ടായിരുന്നു. അന്നും കൊണ്ടുപോയി. പക്ഷേ കൊടുക്കാനുള്ള ധൈര്യമുണ്ടായില്ല. പൊതി ഗീതച്ചേച്ചിയുടെ അനിയത്തിയുടെ കയ്യിലേല്പിച്ചു. ഇറങ്ങാൻ നേരം ‘പൂവെവിടെ ?’ എന്ന് ചേച്ചി ആംഗ്യത്തിൽ ചോദിച്ചു. എനിക്കു കരച്ചിൽ വന്നിട്ടു സഹിക്കാൻ വയ്യാതായതിനാൽ ഞാൻ ആ മുറിയിൽ നിന്നു മാറി. പക്ഷേ ചേച്ചി എന്നെ വിളിപ്പിച്ചു. ഞാൻ കൊണ്ടുപോയ മാലയിൽ നിന്നൊരു കഷണം തലയിൽ വെച്ച് ചേച്ചി ചിരിച്ചു. ആ കൈകൾ കൂട്ടിപ്പിടിച്ച് “ചേച്ചി തോറ്റു കൊടുക്കരുത്” എന്നു പറഞ്ഞു. ഇല്ല എന്നു ചേച്ചി തള്ളവിരലുയർത്തിക്കാണിച്ചു. ഞാൻ കരച്ചിലടക്കി പുറത്തേക്കോടി. ആ ദിവസം എത്രയോ നാൾ എന്നെ വല്ലാതെ സങ്കടപ്പെടുത്തി. അവിടന്ന് വലിയ താമസമുണ്ടായില്ല. ചേച്ചി പോയി.
പിന്നീടും മാഷെ കാണാൻ ആ വീട്ടിൽ പോയിട്ടുണ്ട്. ഓരോ തവണയും ചേച്ചിയെ മിസ്സ് ചെയ്തു, വല്ലാതെ. പിന്നീട് മാഷും നമ്മളെ വിട്ടുപോയല്ലോ.
ഗീതചേച്ചിയുടെ കഥകൾ എല്ലാം രസിച്ചു വായിച്ചിട്ടുണ്ട്. ചേച്ചി കവിതയെഴുതുമെന്നറിയില്ലായിരുന്നു, ഈയിടെ പ്രതിഭാവത്തിലെ സുഖം എന്ന കവിത കാണും വരെ. എത്ര കുറച്ചു വാക്കുകളിൽ എത്ര വലിയ സത്യത്തെ എഴുതിയിരിക്കുന്നു! ആ വാക്കുകൾക്കു മുന്നിൽ പ്രണമിക്കുന്നു!
സുഖം എന്ന കവിത ഒരു സത്യം ബോധ്യപ്പെടുത്തലാണ്. ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് പറയുന്നത്. പറയുന്നവൾ ഭൂമിയിൽ; കേൾക്കുന്നവൾ ആകാശത്ത്! ഭൂമി ചവിട്ടി നിൽക്കുന്നവൾക്കു മാത്രം പറയാൻ കഴിയുന്ന, പ്രവചിക്കാൻ കഴിയുന്ന ചിലതുണ്ട്. സ്ത്രീകൾക്കു പൊതുവേയും സീതക്കു പ്രത്യേകമായും അനുഭവിക്കേണ്ടിവരുമെന്നുറപ്പുള്ള ചിലത്. അതനുഭവിച്ച ഒരാൾക്കേ അതു പറയാനാവൂ. പക്ഷേ, പറയുന്നതാരോടാണ് എന്നതാണ് ഇതിലെ സൗന്ദര്യവും വൈരുദ്ധ്യവും. ഭൂമിപുത്രിയോടാണ് കവി ഭൂമിയിലെ നീതിയെക്കുറിച്ചു പറയുന്നത് എന്നത് ശ്രദ്ധേയം. ഈ മുന്നറിയിപ്പിൻ്റെ സമയത്ത് ഒരുപക്ഷേ, വരാൻ പോകുന്ന തൻ്റെ സൗഭാഗ്യത്തെക്കുറിച്ചോർത്ത് അവൾ- സീത സമാധാനപ്പെട്ടിരിക്കുകയായിരിക്കാമെന്നും പ്രതീക്ഷ പെരുകും മുമ്പേ ആ പരമസത്യം ബോധ്യപ്പെടുത്തുകയെന്നതാണ് തൻ്റെ കർത്തവ്യമെന്നും കവിക്ക് ഉത്തമ ബോധ്യമുണ്ട്. ആ തുറന്നു പറച്ചിലാണ്, സുഖം എന്ന കവിത തുറന്നു വെക്കുന്നത്.
പ്രതിഭാവത്തിൽ വന്ന, സവിത നാരായണൻ്റെ ഹൃദയസ്പർശിയായ അനുസ്മരണവും വായിച്ചു. അതെ… ഓരോന്നും ഗീതച്ചേച്ചിയെ കൂടുതൽക്കൂടുതൽ തെളിവോടെ ഓർമ്മിപ്പിക്കുന്നു.
അല്ലെങ്കിൽതന്നെ പരിചയപ്പെട്ട ആർക്കാണ് അവരെ മറക്കാനാവുക!■■■

സന്ധ്യ ഇ: തൃശ്ശൂർ പുതുക്കാട് താമസം. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. പ്രജ്യോതി നികേതൻ കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പ്രൊഫസർ ആയിരുന്നു.