കേരളത്തിലെ ആദ്യകാല ഓൺലൈൻ പത്രപ്രവർത്തക, പി. കെ. പ്രിയ ഇനി ഓർമ്മ/ ബി. അശോക് കുമാർ എഴുതിയ ലേഖനം
അർപ്പണബോധത്തോടെ, നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനമായിരുന്നു പ്രിയയുടെ മുഖമുദ്ര. അത് തെളിയിച്ചിട്ടാണ് അവർ ഇവിടെ നിന്നും കടന്നു പോയത്.
“ഇതാണ് കിഴക്കുവീട്ടിൽ ദാമോദരൻ. ഒന്നു തൊടണോ?”, അച്ഛന്റെതാണ് ചോദ്യം.
2013ൽ, പി. കെ. പ്രിയ എഴുതിയ ‘തൃശ്ശൂർ പൂരം’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിലെ സമർപ്പണ ഭാഗം തുടങ്ങുന്നത് ഇങ്ങനെയാണ്. തൃശ്ശൂർ പൂരത്തിന്റെ ഐതിഹ്യവും ചരിത്രവും വർത്തമാനവും ഉൾക്കൊള്ളിച്ച ഒരു സമഗ്ര ഗ്രന്ഥമാണ് ഇത്. ഒരുപക്ഷേ, ഇത്തരം ഒരു ഗ്രന്ഥം ഇതുവരെ ആരും എഴുതിയിരിക്കാൻ വഴിയില്ല.
“അച്ഛന്റെ കൈ പിടിച്ചു നടന്ന പൂരപ്പറമ്പിൽ എവിടെവെച്ചാണ് പൂരം മനസ്സുതൊട്ടതെന്ന് അറിയില്ല. ആകാശത്തേക്ക് ഉയർന്നു പൊങ്ങിയ വർണ്ണ ബലൂണുകൾക്കും മീതെ, ഗജരാജാക്കന്മാരുടെ സ്വർണ്ണം മെഴുകിയ നെറ്റിപ്പട്ടങ്ങൾ ഉയർന്നു നിന്നു. പൂഴി വാരിയിട്ടാൽ നിലം തൊടാത്ത, സഞ്ചരിക്കുന്ന ജനക്കൂട്ടത്തിൽ അലിഞ്ഞ്, അച്ഛന്റെ കൈപിടിച്ചു നടക്കുമ്പോഴത്തെ സുരക്ഷിതത്ത്വം ജീവിതത്തിൽ പിന്നെ തോന്നിയിട്ടില്ല. പെണ്ണിന് പൂരം പറഞ്ഞിട്ടുള്ളതല്ല എന്ന ആൺകോയ്മ ഒരു അലിഖിത നിയമമായി ഉണ്ടെന്നുമറിഞ്ഞില്ല.”
“മേടമാസത്തിലെ കൊടുംചൂടിൽ ഇടതടവില്ലാതെ 36 മണിക്കൂർ തിമിർത്ത് പെയ്യുന്ന പെരുമഴയാണ് തൃശ്ശൂർ പൂരം. വടക്കുംനാഥന്റെ തിരുമുറ്റത്ത് തുള്ളിക്കൊരുകുടം പെയ്തിറങ്ങുന്ന വർണ്ണ മേള, മഴയിൽ…”
ഇങ്ങനെയുള്ള ഒട്ടനവധി പ്രിയയുടെ പൂരം ഓർമ്മകളുടെ, നമ്മുടെയെല്ലാം മനസ്സിൽ പൂരക്കാഴ്ചകളുടെ മഴവില്ലിൻ നിറങ്ങൾ സ്പഷ്ടമായി വിതറിയിട്ട് സഞ്ചരിക്കുന്ന, അക്ഷരങ്ങൾകൊണ്ടുള്ള ഒരു ‘തത്സമയ ദൃശ്യ ചിത്രീകരണ’ മാണ് പ്രിയയുടെ ‘തൃശ്ശൂർ പൂരം.’ അവരിൽ തിങ്ങിനിൽക്കാറുള്ള സ്വതസിദ്ധമായ മന്ദഹാസം അവരുടെ ഓരോ എഴുത്തിലും നിഴലിച്ചു നിൽക്കാറുണ്ട്.
പത്രപ്രവർത്തനരംഗത്തും എഴുത്തിലും സഹകരണ മേഖലയിലും കാർഷിക മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അവർ, ഏതാനും നാൾ മുൻപ്, 2025 ജനുവരി 14നു നമ്മെ വിട്ടു പോയി. അന്തരിക്കുമ്പോൾ, 54 വയസ്സായിരുന്നു. തൃശ്ശൂർ കിഴക്കേകോട്ട തോപ്പു സ്റ്റേഡിയത്തിന് എതിരെ, എവർഗ്രീൻ ലൈനിൽ പല്ലിശ്ശേരിവീട്ടിൽ കുഞ്ഞുണ്ണിയുടെയും ലക്ഷ്മിയുടേയും മകളായ പ്രിയ അവിവാഹിതയായിരുന്നു.
സഹകരണ ബാങ്കുകൾ ഉൾപ്പെടുന്ന, സഹകരണ മേഖലയുടെ വികസനത്തിനുവേണ്ടി തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീം കോപ്പറേറ്റീവ് സ്ഥാപനത്തിന്റെ മുഖ്യശിൽപ്പികളിൽ ഒരാളായിരുന്നു പ്രിയ. സഹകരണ ബാങ്കുകൾ, സംഘങ്ങൾ, ബാങ്കിംഗ് ഇതര മേഖലകൾ എന്നിവയ്‌ക്ക് വിവിധ പദ്ധതികൾ തുടങ്ങാനുള്ള സാങ്കേതിക സഹായങ്ങൾ ഇവർ നല്കിവരുന്നു. ജില്ലാ പഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇവരുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്. ലോകത്തെ ആദ്യത്തെ സഹകരണ റിയാലിറ്റി ഷോയായ ‘സഹകരണരത്നം-24’ അവതരിപ്പിച്ചത് ടീം കോപ്പറേറ്റീവ് ആണ്. പ്രിയയായിരുന്നു ഈ ഷോയുടെ പ്രധാന സംഘാടക.
പത്രപ്രവർത്തനരംഗത്ത് ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള ഇവർ, ടെലഗ്രാഫ് ദിനപത്രം, ഗുരുവായൂർ വാർത്ത, മനീഷ മാസിക എന്നിവയുടെ ഭാഗമായിരുന്നു. ഓൺലൈൻ എഴുത്ത് യുഗത്തിന്റെ പ്രാരംഭത്തിൽതന്നെ, ഓൺലൈൻ പത്രപ്രവർത്തനത്തിലും സജീവമായിരുന്നു. അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന ‘നമ്മുടെ മലയാളം ഡോട്ട് കോം’ ഓൺലൈൻ മാഗസിന്റെ ചീഫ് എഡിറ്ററായിരുന്നു. സംസ്ഥാന കാർഷിക വകുപ്പും കേരള കാർഷിക സർവകലാശാലയും ‘നമ്മുടെ മലയാളം’ മാഗസിനുമായി സഹകരിച്ചുകൊണ്ട് നിരവധി കാർഷിക പ്രൊജെക്ടുകൾ ചെയ്തിരുന്നു. ഓൺലൈൻ പ്രവർത്തനങ്ങളോടൊപ്പം അച്ചടി പുസ്തക പ്രസാധനവും ഡോക്യുമെൻററി നിർമ്മാണങ്ങളും ഈ ഇ- മാഗസിൻ ചെയ്തിരുന്നു. തൃശ്ശൂർ ആസ്ഥാനമായ അഗ്രിക്കൾചറൽ & റൂറൽ ഡവലപ്മെന്റ് സൊസൈറ്റി (ARDS) യുടെ സെക്രട്ടറിയായിരുന്നു പി. കെ. പ്രിയ.
‘തൃശ്ശൂർ പൂരം’ കൂടാതെ, ‘ക്ഷേത്രങ്ങൾ ചരിത്രവും ഐതിഹ്യവും’, ‘തെക്കുംമുറി കുമ്മാട്ടി തൃശ്ശൂരിന്റെ പൈതൃകം’, ‘കാർഷിക രംഗത്തെ വിജയകഥകൾ’, ‘കാർഷികയന്ത്രങ്ങൾ’, ‘വരുമാനം നേടാൻ വളർത്തുമൃഗങ്ങൾ’, ‘ബിസിനസ്സുകാരും ബ്രാൻഡുകളും’, ‘മാലിന്യസംസ്കരണത്തിനു വിവിധ മാതൃകകൾ’ എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഒട്ടേറെ ഡോക്യുമെന്ററികൾക്ക് സ്ക്രിപ്റ്റ് എഴുതി. അർപ്പണബോധത്തോടെ, നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനമായിരുന്നു പ്രിയയുടെ മുഖമുദ്ര. അത് തെളിയിച്ചിട്ടാണ് അവർ ഇവിടെ നിന്നും കടന്നു പോയത്.
ഓർക്കുവാൻ ഒരു കൈക്കുമ്പിൾ നിറയെ വാടാത്ത മുല്ലപ്പൂക്കൾ നമുക്ക് നല്കിയാണ് പ്രിയ വിട പറഞ്ഞത്. ഇനി വരുന്ന ഓരോ പൂരക്കാലത്തും, രാത്രിപൂരത്തിനു ശേഷം പാറമേക്കാവ് ഭഗവതി ആനപ്പുറമേറി മണികണ്ഠനാലിലെ പന്തലിലും തിരുവമ്പാടി ഭഗവതി നായ്ക്കനാലിലെ പന്തലിലും എഴുന്നള്ളി നിലക്കുമ്പോൾ, ആകാശപൂരത്തിനുള്ള വെടിക്കെട്ടിന് തിരി തെളിയുമ്പോൾ, ആകാശത്തു വിരിയുന്ന നക്ഷത്രപൂക്കളെ കാണുവാൻ, സ്വതസിദ്ധവും ഊഷ്മളവുമായ ആ മന്ദഹാസത്തോടെ, ഒരു നക്ഷത്രമായ് പ്രിയയും നമ്മോടൊപ്പം ആകാശത്തുണ്ടാകും!
■■■



നിഴലില്ലാത്തവെളിച്ചം: 2004 മാർച്ച് 31നു നമ്മുടെ മലയാളം ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ച ലേഖകന്റെ കഥയുടെ ഒന്നാം പേജ്.


ആകാശവാണി മംഗലാപുരം നിലയത്തിൽ നിന്നും ഡപ്യൂട്ടി ഡയറക്ടറായി വിരമിച്ച ബി. അശോക് കുമാർ, തൃശ്ശൂർ മരത്താക്കര സ്വദേശിയാണ്. പ്രതിഭാവം എക്സിക്യൂട്ടീവ് എഡിറ്റർ, ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റ് എക്സിക്യൂട്ടീവ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണൽ സ്കൂളായ നമ്പൂതിരി വിദ്യാലയത്തിൻറെ ചരിത്രം പറയുന്ന ജ്ഞാനസാരഥി ഡോക്യുമെൻറെറിയുടെ നരേറ്റർകൂടിയാണ്, അശോക് കുമാർ.