Published on: October 24, 2025
എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്
ബാലചന്ദ്രന്‍ ചുള്ളിക്കാട്: ജീവിതകാലം മുഴുവന്‍ മലയാളികളുടെ ആദരം സഹിച്ച് ഞാന്‍ മടുത്തു; ഇനിയാരും തന്നെ ആദരിക്കാൻ വിളിക്കരുത്.
ദോഷൈകദൃക്ക്:
‘ആദരിക്കേ, ഞാനുമാദരിക്കപ്പെടു’- മെന്നാ-
പ്തവാക്യമുണ്ടെന്നറിയുന്ന കവി,- യുര ചെയ്‌വൂ,
വേണ്ടയീ വാണിജ്യസൂത്രമെന്നോടു വേണ്ടാ;
നാട്ടുമൃഷ്ടാന്നമേറെയുണ്ടിരിപ്പവനെയിനി
പഴങ്കഞ്ഞിക്കാട്ടീട്ടാരും കൊട്ടിവിളിക്കവേണ്ട;
അമൃതേത്തുണ്ടുക്കിടപ്പാനുള്ള നേരമായി!

പിൻകുറിപ്പ് :
ജീവിതകാലം മുഴുവന്‍ മലയാളികളുടെ ആദരം സഹിച്ച് ഞാന്‍ മടുത്തു; ഇനിയാരും തന്നെ ആദരിക്കാൻ വിളിക്കരുത്; ദയവായി എന്നെ വെറുതെ വിടുക; പൊതുവേദിയില്‍ നിന്ന് എന്നേക്കുമായി താൻ പിന്‍വാങ്ങുകയാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാട്
മലയാളികളുടെ ആദരം താങ്ങാന്‍ തനിക്കിനി ശേഷിയില്ലെന്നും എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും കവിയും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. മാതൃഭൂമി ഡോട്ട് കോമിന് അയച്ച കുറിപ്പിലാണ് അദ്ദേഹം ഇത്തരം ഒരു പ്രസ്താവന നടത്തിയത്.
ഇനിയാരും തന്നെ ആദരിക്കാൻ വിളിക്കരുതെന്നും പൊതുവേദിയില്‍ നിന്ന് എന്നേക്കുമായി താൻ പിന്‍വാങ്ങുകയാണെന്നുംകൂടി കുറിപ്പിൽ അദ്ദേഹം പറഞ്ഞുവെന്ന്, ഇക്കഴിഞ്ഞ ദിവസം മാതൃഭൂമി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ദയവായി തന്നെ വെറുതേ വിടണമെന്ന അഭ്യര്‍ഥനയും അതോടൊപ്പം അദ്ദേഹം നടത്തിയിട്ടുമുണ്ട്.
കുറച്ചുകാലം മുൻപ്, തന്റെ കവിതകൾ പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തരുതെന്നും ഉൾപ്പെടുത്തിയത് ഒഴിവാക്കണമെന്നും കേരളത്തിലെ സര്‍വകലാശാലകളോടും വിദ്യാഭ്യാസ വകുപ്പിനോടും ചുള്ളിക്കാട് ആവശ്യപ്പെട്ടിരുന്നു. താന്‍ മലയാളത്തിന്റെ പ്രിയകവിയല്ലെന്നും മലയാള കവിതയുടെ ചരിത്രത്തില്‍ തനിക്കൊരു കാര്യവുമില്ലെന്നും പറഞ്ഞുകൊണ്ടാണ്, തന്റെ കവിതകൾ വിദ്യാര്‍ഥികൾക്കുമേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചത്.
മാതൃഭൂമി റിപ്പോർട്ടിന്റെ സംക്ഷിപ്തം:
‘ഈയിടെ ഗള്‍ഫിലെ ഒരു സംഘടനയുടെ ആള്‍ക്കാര്‍ക്ക് ഒരാഗ്രഹം. എന്നെ ഒന്ന് ആദരിക്കണം! പൊന്നാട, പണക്കിഴി, എല്ലാമുണ്ടാവും. വലിയ സദസ്സുണ്ടാവും. ഞാന്‍ പറഞ്ഞു: അധികമായാല്‍ അമൃതും വിഷം എന്നൊരു ചൊല്ലുണ്ട്. ജീവിതകാലം മുഴുവന്‍ മലയാളികളുടെ ആദരം സഹിച്ച് ഞാന്‍ മടുത്തു.
രണ്ടുവര്‍ഷം മുമ്പ് കേരള സാഹിത്യ അക്കാദമി എന്നെ വല്ലാതെ ഒന്നാദരിച്ചു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും വമ്പിച്ച ആദരം ഉണ്ടായി. അതോടെ ഞാന്‍ തീരുമാനിച്ചു, ഇനി മലയാളികളുടെ ആദരം വേണ്ട. എന്തിനും ഒരു പരിധിയില്ലേ. എനിക്കു വയസ്സായി. മഹാജനത്തിന്റെ നിരന്തരമായ ആദരം താങ്ങാന്‍ എനിക്കിനി ശേഷിയില്ല.
ഞാന്‍ പൊതുവേദിയില്‍നിന്ന് എന്നേക്കുമായി പിന്‍വാങ്ങി. ദയവായി എന്നെ വെറുതെ വിടുക. ‘ഭിക്ഷ കിട്ടിയില്ലെങ്കിലും പട്ടികടി കൊള്ളാതിരുന്നാല്‍ മതി’ എന്നൊരു ചൊല്ല് കൂടി മലയാളത്തിലുണ്ട്.’








