കവിതകൾ അറംപറ്റുന്നത് ഇങ്ങനെ ആണ്!

Chullikkad-Velipaadu-Rappar Vedan

ചുള്ളിക്കാടിന്റെ കവിത, 'വെളിപാട്' വീണ്ടും ചർച്ചയാകുന്നു.

റാപ്പർ വേടന്റെ വരവോടെ, ‘മലയാള കവിതയിലെ ക്ഷുഭിത യൗവനം’ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ, 1978ൽ പ്രസിദ്ധീകൃതമായ ‘വെളിപാട്’ എന്ന കവിത സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

എഴുത്തുകാരി ഷമീന ബീഗം ഫലഖിന്റെ(Shameena Begam Falak) എഫ്. ബി. പോസ്റ്റിലൂടെയാണ് വെളിപാടിന്റെ തുടർചർച്ചകൾക്കു തുടക്കം.

ഷമീന ബീഗം എഴുതുന്നു,
“തന്റെ ഇരുപത്തിഒന്നാമത്തെ വയസ്സില്‍, ഹൃദയം കൂര്‍പ്പിച്ച് വെളിപാട് പോലെ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് കുറിച്ചിട്ട വരികള്‍ – തോറ്റം പാട്ടുകള്‍ക്ക് പകരം മാറ്റം പാട്ടുകൾ പാടുന്ന വേടനെ കുറിച്ച്!

അരനൂറ്റാണ്ടിന്റെ ഇപ്പുറം ആ അക്ഷരസങ്കല്‍പം ഉയിരും ഉടലും വച്ച് പതിനായിരങ്ങളുടെ ആരവം ആയി നമ്മുടെ മുന്നില്‍ വന്ന് നില്‍ക്കുന്നു.

തോറ്റം പാട്ട് പാടിയാൽ മതി എന്ന് പറയുന്ന ശശികലമാർക്ക് നേരെ വിരല്‍ ചൂണ്ടി കത്തുന്ന വാക്കുകൾ പറയുന്നു.
“ഞാന്‍ പാണനല്ല, പറയനല്ല, പുലയനല്ല
നീ തമ്പുരാനുമല്ല
ആണെല്‍ ഒരു മൈരുമില്ല”

'വെളിപാട്' പ്രസിദ്ധീകരിക്കപ്പെട്ടത്, 'പ്രേരണ' മാസികയില്‍:

“കവിതകൾ അറം പറ്റുന്നത് ഇങ്ങനെ തന്നെ ആണ്” എന്നു പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്ന ഷമീനയുടെ പോസ്റ്റിൽ കവിത പൂർണ്ണമായുമുണ്ട്. എഴുത്തുകാരനും ഇപ്പോൾ പാഠഭേദം മാസികയുടെ പത്രാധിപരുമായ സിവിക് ചന്ദ്രന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ‘പ്രേരണ’ മാസികയിൽ 1978ലാണ്, ഈ കവിത പ്രസിദ്ധീകരിക്കപ്പെട്ടത്. ജനകീയ സാംസ്കാരിക വേദിയുടെ ഉടമസ്ഥതയിലാണ്, ‘പ്രേരണ’ പ്രസിദ്ധീകരിച്ചിരുന്നത്. 1980ൽ പ്രസിദ്ധീകരിച്ച, ചുള്ളിക്കാടിന്റെ ‘പതിനെട്ടു കവിതകൾ’ എന്ന കവിതാസമാഹാരത്തിലും ‘വെളിപാട്’ ഉണ്ട്.

'ഒരു ദിവസം സ്വന്തം ജനത ഗായകനിൽ ഗർജ്ജിക്കും':

ഷമീനയുടെ ഈ പോസ്റ്റ് ഇതുവരെ എഴുനൂറ്റി അറുപതിൽപരം ആളുകൾ നേരിട്ട് ഷെയർ ചെയ്തുകഴിഞ്ഞു. കടപ്പാട് വെച്ചുമാത്രം ഷെയർ ചെയ്തത് അതിലും ഇരട്ടി. പ്രമുഖരും ഷമീനയുടെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

എഴുത്തുകാരനും അധ്യാപകനുമായ ഡോ. എ കെ വാസു ഷെയർ ചെയ്ത പോസ്റ്റിൽ(drvasu.ak) കുറിച്ചത് ഇങ്ങനെ:

“ഒരു ദിവസം
സ്വന്തം ജനത
ഗായകനിൽ ഗർജ്ജിക്കും.”
(ബാലചന്ദ്രൻ ചുള്ളിക്കാട്)

1978 ൽ ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ വെളിപാട് എന്ന കവിത തികച്ചും പ്രവചന സ്വഭാവത്തിൽ പുതിയകാലത്ത് വെളിപ്പെടുന്നുണ്ട്. ആധുനികതയിൽ തന്നെ ഉത്തരാധുനികതയുടെ ഭാവുകത്വവും ഭാഷയും ചേർത്തെടുക്കാൻ ചുള്ളിക്കാടിനു കഴിഞ്ഞു എന്നത് സവിശേഷമാണ്.

ദൈവപുത്രന് വീഥിയൊരുക്കുവാൻ സ്നാപകയോഹന്നാൻ വന്നു എന്നു പാടുന്ന ഒരു സിനിമാഗാനമുണ്ട്.
വേടൻ എന്ന ഗായകൻറെ വരവറിയിക്കാൻ പതിറ്റാണ്ടുകൾക്ക് മുമ്പേ ബാലചന്ദ്രൻ ചുള്ളിക്കാട് കവിതയെഴുതിവെച്ചെന്ന് “വെളിപാട് ” വായിച്ചുകൊണ്ട് ആലങ്കാരികമായി പറയാം.

കവി ഷമീന ബീഗം ആ കവിതയെ “വേടകാലത്തിന്റേതായി” കണ്ടെടുത്ത് സോഷ്യൽ മീഡിയയിൽ ചേർത്തത് അതിൻറെ പ്രവചന സാധ്യതയെ ഉൾക്കൊള്ളാൻ കഴിഞ്ഞതുകൊണ്ടുതന്നെ. കവിതയെഴുത്തു മാത്രമല്ല കടന്നുപോന്ന കവിതകളെ കാലത്തോട് കണ്ണിചേർക്കുംവിധം കണ്ടെടുത്ത് വർത്തമാനകാലത്തിൽ വർത്തമാനമാകാൻ പ്രേരിപ്പിക്കുന്നതും കാവ്യപ്രവർത്തനമാണ്.”

ഡോ. എ കെ വാസു തുടർന്നു പറയുന്നു,

ആത്മാനുഭവങ്ങളെ അതിൻറെ തീഷ്ണതയിൽ അവതരിപ്പിക്കാൻ ശേഷിയുള്ള ഭാഷയും ഭാവുകത്വവും തുറന്നു കിട്ടാത്തതിന്റെ ആത്മസംഘർഷത്തെ ആവർത്തിച്ചു പറയുന്നതാണ് വെളിപാട് എന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത.

അതിനെ
“തന്നതില്ല പരനുള്ളു കാട്ടുവാനൊന്നുമേ നരനുപാമായമീശ്വരൻ”
എന്ന കുമാരനാശാൻറെ ആത്മസംഘർഷവുമായി ചേർത്താണ് വായിക്കേണ്ടത്.
“ഞങ്ങളുടെ ജീവിതം നിങ്ങൾക്കെങ്ങാനുമായിരുന്നെങ്കിൽ നിങ്ങളിൽ നിന്നും കവിതയുണ്ടാകുമായിരുന്നു.”
എന്ന ദലിത് കവിതയ്ക്ക് ഉദാഹരണമായി കെ കെ കൊച്ച് എടുത്തുചേർത്ത ഓം പ്രകാശ് വാല്മീകിയുടെ കവിതയും ഇതേ പ്രശ്നമേഖലയെയാണ് മുന്നോട്ടുവെക്കുന്നത്.

“പറഞ്ഞതിൽ പാതി പതിരായിപ്പോയി” എന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതയും ഇക്കാര്യം തന്നെ സൂചിപ്പിക്കുന്നു. ചുറ്റുപാടുകൾ അടിച്ചേൽപ്പിക്കുന്ന അധിക ഭാരങ്ങളുടെ നുകം പേറേണ്ടി വരുന്നതിനാൽ ഞെരിഞ്ഞുതകരുന്ന തോളെല്ലുകൾ വേദനിക്കുമ്പോഴും ഒരാൾ അക്കാര്യം വിളിച്ചു പറയുകയല്ല, അയാൾ അത് ആവിഷ്കരിക്കുന്നത് സ്വയം കത്തിക്കാളി വിയർത്തുകൊണ്ടാണ്. അയാളുടെ ത്യാഗത്തിന്റെ ഭാഷ വിയർപ്പ് എന്ന ആവിഷ്കാരമായി ഉയിർക്കുന്നു.

Read Also  സുറാബ്

എന്നാലത് ആരും കാണുന്നില്ല. കരുണയില്ലാത്ത ലോകത്ത് കരച്ചിലിന് കാര്യമായ വിലയില്ല. ഇക്കാര്യം ആവിഷ്കരിക്കാനാണ് കവി ശ്രമിക്കുന്നത്. എന്നാൽ അതിനായി കവി തെരഞ്ഞെടുക്കുന്ന വാക്കുകൾ
പല്ലക്കു ചുമക്കുന്നവനെപ്പോലെ വിയർക്കുന്നില്ല എന്നിടത്ത്
“ഉള്ളു കാട്ടുന്നതിൽ” ഭാഷാപരിമിതിയാൽ വിയർക്കുന്ന കവിയുടെ വേദന പ്രകടമാണ്. കരയുന്ന വാക്കുകൾക്ക് പകരം കത്തുന്ന വാക്കുകളുടെ ആവശ്യം ഉടലെടുക്കുന്നത് അവിടെയാണ് .

കരയുന്ന വാക്ക് എന്ന
“ചേറിൽ നിന്നു വളർന്നു പൊന്തി” പൊതുമണ്ഡലത്തിൽ പരിലസിച്ചു നിൽക്കുന്ന കത്തുന്ന വാക്കുകൾ തീർക്കാൻ വേടൻ എന്ന പാട്ടുകാരന് കഴിഞ്ഞിരിക്കുന്നു. അക്കാര്യമാണ് വെളിപാട് എന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതയുടെ പ്രവചനപരതയും.

പരമ്പരാഗതമായ പാട്ടുകൾക്ക് തങ്ങളുടെ വർത്തമാനകാല യാഥാർത്ഥ്യങ്ങളെ അതിൻറെ തീഷ്ണതയിൽ പറയാൻ കഴിയില്ല എന്ന തിരിച്ചറിവാണ് റാപ്പ് എന്ന ആഗോള സ്വഭാവത്തിലുള്ള കലാരൂപത്തെ തെരഞ്ഞെടുക്കാൻ വേടനെ പ്രേരിപ്പിച്ചത്.

Painting of Balachandran Chullikkad

'അതെ. അപ്പോൾ അവൻ തോറ്റംപാട്ടുകൾ നിർത്തി മാറ്റംപാട്ടുകൾ പാടും.':

വാസു കുറിപ്പ് തുടരുന്നു…

“മാറ്റിനിർത്തപ്പെട്ട മനുഷ്യരുടെ സർവ്വലോകത്തുമുള്ള ഏകതാനത പ്രകടിപ്പിക്കുന്ന കലാരൂപമാണ് റാപ്പ് .
“അതെ.
അപ്പോൾ അവൻ
തോറ്റംപാട്ടുകൾ നിർത്തി
മാറ്റംപാട്ടുകൾ പാടും.
കരയുന്ന വാക്കുകൾക്കു പകരം
കത്തുന്ന വാക്കുകൾ വായിക്കും.”
(വെളിപാട്, ബാലചന്ദ്രൻ ചുള്ളിക്കാട്)

വേടന്റെ പാട്ടിന് സമമായ മാറ്റംപാട്ടുകൾ വരുമെന്ന കവിയുടെ പ്രത്യാശ മേൽസൂചിപ്പിച്ച വരികളിൽ പ്രകടമാണ്.
“ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരെ നിങ്ങൾ തൻ പിന്മുറക്കാർ”
എന്ന് വാഴക്കുല എന്ന കൃതിയിൽ ചങ്ങമ്പുഴ എഴുതിയിട്ടുണ്ട്.

താഴ്ത്തപ്പെടുന്ന മനുഷ്യരുടെ മനോവേദനകളെ കേരളീയ മന:സാക്ഷിയിൽ എത്തിക്കുന്നതിന്
വാഴക്കുല എന്ന കവിത ചരിത്രപരമായ ഇടപെടലാണ് നടത്തിയത്. പക്ഷേ ആ കവിതയിൽ നിലവിളിയാണ് പ്രധാനമായി ഉയർന്നുനിൽക്കുന്നത്. കാല്പനിക കവിതയുടെ വിലാപപരത അവിടെ പ്രകടമാണ്. കാര്യത്തേക്കാൾ കാവ്യത്തിനാണ് അവിടെ പ്രാധാന്യം.

അതുകൊണ്ടാണ്
“ലഹരിപിടിപ്പിക്കുന്ന ഈരടികൾ
ഞങ്ങൾക്കു വേണ്ട.”
എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതുന്നത്.

“കാണുന്നില്ലോരക്ഷരവും
എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേക വംശത്തിൻ
കഥകൾ ചരിത്രങ്ങൾ “
(പൊയ്കയിൽ അപ്പച്ചൻ)

എന്നത് ഒരു ജനതയുടെ ജ്ഞാനഗായകന്റെ ഗർജ്ജനമായിരുന്നു. അതിൻറെ തുടർച്ചയിലാണ് വേടൻ്റ പാട്ടുകൾ ജാതിമതഭേദമെന്യേ കേരളത്തിലെ മുഴുവൻ മനുഷ്യരുടെയും ആത്മഗർജനമായിത്തീരുന്നത്. അതിൽ സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പ്രത്യാശകളാണ് ഉള്ളടങ്ങുന്നത്. സാഹോദര്യമാണ് അതിൽ സംഗീതമായി മുഴങ്ങുന്നത്.

“ഓർമ്മകളുടെ ഒരു കാളരാത്രി ഒടുങ്ങുമ്പോൾ
എനിക്കു വെളിപാടുണ്ടാകുന്നു.
ഒരു ദിവസം സ്വന്തം ജനത ഗായകനിൽ ഗർജ്ജിക്കും.”

ഉത്തരാധുനിക മലയാള കവിതയുടെയും റാപ്പെന്ന ആഗോള സംഗീതത്തിന്റെയും സമ്മിശ്രമാണ് വേടന്റെ പാട്ടുകളുടെ ആത്മാവ്. സമത്വം കാംക്ഷിക്കുന്ന മുഴുവൻ ജനസമൂഹത്തിന്റെയും ഗർജനമാവാൻ വേടന്റെ പാട്ടുകൾക്ക് ഇതിനോടകം കഴിഞ്ഞിരിക്കുന്നു.”

അസമത്വം ദർശനമാക്കുന്ന; അതിനോട് വൃഥാ കലഹിച്ചുകൊണ്ടേയിരിക്കുന്നവരോട്, ‘മാറ്റുവിൻ ചട്ടങ്ങളെ സ്വയം. അതല്ലെങ്കിൽ മാറ്റും അതുകളീ നിങ്ങളെ താൻ.’ എന്ന കുമാരശാൻറെ കാവ്യാഹ്യാനത്തോടെയാണ്, വാസു തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ‘ദലിത് ഫോക്ലോര്‍’ എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയിട്ടുള്ള ഡോ. എ കെ വാസു, ‘കറുപ്പ് അഴകാണെന്നു നീ വെറുതെ പറയരുത്’ എന്ന പുസ്തകത്തിന്റെ രചയിതാവുകൂടിയാണ്.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹