
മദ്രാസ് സർവകലാശാലയുടെ മലയാള ബിരുദാനന്തരബിരുദത്തിനു സമർപ്പിച്ച വിസ്മയ കെ ജിയുടെ ‘സ്വത്വാവിഷ്‌ക്കാരവും വിമോചനവും’ എന്ന മലയാളം റാപ്പുകളെകുറിച്ചുള്ള പ്രബന്ധത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്. സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഒ. കെ. സന്തോഷ് ആയിരുന്നു മാർഗ്ഗദർശി. നിലവിൽ വിസ്മയ പ്രതിഭാവം അസോസിയേറ്റ് എഡിറ്ററാണ്.

ലോകത്ത് എവിടെയായാലും, പാർശ്വവല്ക്കരിക്കപ്പെട്ട/ അരികുവല്ക്കരിക്കപ്പെട്ടവരുടെ ആത്മരോക്ഷമാണ്; ആർത്തനാദമാണ്; ആത്മാവിഷ്കാരമാണ് റാപ്പ്. ഉള്ളിൽ കത്തിജ്ജ്വലിക്കുന്ന; കാട്ടുതീയുടെ ശൗര്യമുള്ള നാമ്പുകളാണ് ഓരോ റാപ്പും. ആത്മാവ് നഷ്ടപ്പെട്ടു ജീവിക്കുന്ന; ആട്ടിയോടിക്കപ്പെടുന്ന മനുഷ്യജീവിതങ്ങളുടെ സ്വയം കണ്ടെത്തലുകൾ അഥവാ പരിച്ഛേദങ്ങൾ കൂടിയാണ്, റാപ്പുകൾ.
പൊതുവെ, വംശീയം, അസമത്വം, ദാരിദ്ര്യവും തുടങ്ങിയ സാമൂഹിക മൂല്യച്യുതികളും അനീതികളും മുഖ്യപ്രമേയങ്ങളായിവരുന്ന റാപ്പുകൾ, ഡ്രം ബീറ്റുകൾക്കൊപ്പമുള്ള താളാത്മകമായ ഒരു കഥപറച്ചിൽ രീതിയിലോ സംഭാഷണ ശൈലിയിലോ അവതരിപ്പിച്ചു വരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ, ന്യൂയോർക്കിലെ ബ്രോങ്ക്‌സ് കൗണ്ടിൽ, ആഫ്രിക്കൻ- അമേരിക്കൻ, ലാറ്റിനോ വിഭാഗക്കാരിൽ പൊട്ടിമുളച്ച റാപ്പ് എന്ന ‘ഹിപ് ഹോപ്’ സംഗീതശാഖ ഇന്നു ലോകമെമ്പാടും പടർന്നുപന്തലിച്ചു കഴിഞ്ഞു.
കേരളത്തിൽ, നീരജ് മാധവ്, ഗൗരി ലക്ഷ്മി, ഇന്ദുലേഖ വാര്യർ, ‘ഹനുമാൻകൈൻഡ്’ എന്ന സൂരജ് ചെറുകാട്ട്, ‘ഡാബ്‌സി’ എന്ന മുഹമ്മദ് ഫാസിൽ, ‘തിരുമാലി’ എന്ന വിഷ്ണു എം എസ്, ‘എംസി കൂപ്പർ’ എന്ന ഷംഭു അജിത്, ഫെജോ എന്ന ഫെബിൻ ജോസഫ്, ‘വേടൻ’ എന്ന ഹിരൺദാസ് മുരളി, ബേബി ജീൻ തുടങ്ങിയ നിരവധി റാപ്പർമാർ സാമൂഹിക അസമത്വകളെയും ജീർണ്ണതകളെയും തുറന്നുകാട്ടുവാൻ റാപ്പിനെ ഫലപ്രദമായി പ്രയോജനപ്പെടുത്തി വരുന്നു.
റാപ്പ്; കാട്ടുതീ ശൗര്യമുള്ള ആത്മനാമ്പുകൾ: ഒന്നാം ഭാഗം
സാംസ്‌കാരിക വൈവിധ്യത്തിന്റെയും കലാപരമായ നവീകരണത്തിന്റെയും ചുവടുപിടിച്ച് നിരവധി ബഹുമുഖ സംഗീത ബാൻഡുകൾ കേരളത്തിൽ ജന്മം കൊണ്ടിട്ടുണ്ട്. 1990-കളെ ഇതിന്റെ ഒരു ആരംഭ കാലഘട്ടമായി കണക്കാക്കാം. സാമൂഹികപ്രശ്നങ്ങളും മനുഷ്യജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങളുമാണ് ഇതിൽ വിഷയമായി വന്നിരുന്നത്. തനതായ സംഗീത പാരമ്പര്യത്തെ ആഗോളതലത്തിൽ അവതരിപ്പിക്കാൻ ഇത്തരം ബാന്റുകൾക്കായിട്ടുണ്ട്. മലയാളത്തിനെയും ഹിപ്പ്-ഹോപിനെയും സംയോജിപ്പിച്ച് രൂപംകൊണ്ട സ്ട്രീറ്റ് അക്കാദമിക്സ് പോലുള്ള ബാന്റുകളുടെ ഹിപ്പ്-ഹോപിനോടുള്ള നൂതന സമീപനം ഇവയെ ഇന്ന് കൂടുതൽ ജനപ്രിയമാക്കാനും ഹിപ്പ്-ഹോപ്പിലേക്കും റാപ്പ് സംഗീതത്തിലേക്കും വഴിതുറക്കാനും ഇടയാക്കിയിട്ടുണ്ട്.
ദൃശ്യ, ശ്രവണ, പ്രകടനമാധ്യമങ്ങൾ എന്നിങ്ങനെ വിവിധ രൂപങ്ങളെ ഉൾക്കൊള്ളുന്ന ബഹുമുഖവും ചലനാത്മകവുമായ മാധ്യമങ്ങളിലൂടെ ആവിഷ്‌കരിക്കപ്പെടുന്നതാണ് ‘കല’ എന്ന് പൊതുവെ നിർവചിക്കാം. വ്യക്തികളും സമൂഹവും തങ്ങളുടെ സങ്കീർണ്ണമായ വികാരങ്ങൾ, ആശയങ്ങൾ, മൂല്യങ്ങൾ എന്നിവയെ ആശയവിനിമയം നടത്തുന്ന ഒരു ചാലകമായി ഇത് പ്രവർത്തിക്കുന്നു. പലപ്പോഴും കല ഭാഷാപരവും സാംസ്കാരികവുമായ തടസങ്ങളെ മറികടക്കുന്നു. കല എന്ന ആശയം സൗന്ദര്യാത്മകവും സൃഷ്ടിപരവുമായ രീതികളുമായി വിപുലമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു പ്രക്രിയ എന്നനിലയിൽ, കലാകാരന്റെ വൈജ്ഞാനിക, വൈകാരിക, സാങ്കേതികശ്രമങ്ങളും, കലയുടെ നിർമ്മാണത്തിൽ നിർണായക പങ്ക് വഹിക്കുന്ന ആത്മനിഷ്ഠ അനുഭവങ്ങളും പ്രേക്ഷകരുടെ പങ്കാളിത്ത ഇടപെടലും ഇതിൽ ഉൾപ്പെടുന്നുണ്ട്. സംസ്കാരത്തിന്റെ ഭാഗമായ ഒരു കലാസൃഷ്ടി എന്നതിലുപരി വിമർശനാത്മക സംവാദങ്ങൾ, സാമൂഹിക മാറ്റം, സ്വത്വത്തിന്റെയും മറ്റും തുടർച്ചയായ ചർച്ചകൾ എന്നിവയ്ക്കുള്ള ഇടമായി കല പ്രവർത്തിക്കുന്നു.
ഒരു കലാരൂപമെന്ന നിലയിൽ സംഗീതത്തിന്റെ ഉത്ഭവം, ചരിത്രാതീതകാലം മുതലുള്ളതാണ്. മനുഷ്യസമൂഹത്തിന്റെയും സംസ്കാരത്തിന്റെയും പ്രധാനഘടകമായി നിലനിന്നുപോന്ന കലയാണ് സംഗീതം. വിനോദോപാധിയായിട്ടാണ് ആദ്യകാലത്ത് സംഗീതത്തെ പരിഗണിച്ചിരുന്നത്. ആവിഷ്കാരത്തിനുള്ള ഉപാധിയായും വിനോദത്തിന് വേണ്ടിയും മറ്റുമാണ് ഇന്ന് സംഗീതം നിലനിൽക്കുന്നത്. സാമൂഹികവും സാംസ്കാരികവുമായുണ്ടായ പല മാറ്റങ്ങളും സാങ്കേതികമായി നേടിയ പുരോഗതികളും സംഗീതത്തിന്റെ പരിണാമത്തെ സ്വാധീനിക്കാനിടയായിട്ടുണ്ട്. സംഗീതം അതിന്റെ പരിണാമഘട്ടങ്ങളിൽ മനുഷ്യന്റെ അനുഭവങ്ങളെയും വികാരങ്ങളെയും രേഖപ്പെടുത്തിവെയ്ക്കുന്നതിനും സ്വത്വത്തെ അടയാളപ്പെടുത്തുന്നതിനും വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഓരോകാലത്തും ഉടലെടുത്ത ചിന്താധാരകളുടെ അടിസ്ഥാനത്തിലും ആധുനികത മുൻപോട്ടുവച്ച സാധ്യതകളെ മുൻനിർത്തിയും സംഗീതം അതിന്റെ കലാസാംസ്കാരികപരിസരത്തെ വൈവിധ്യങ്ങളോടെ നിലനിർത്തുന്നതിൽ ശ്രദ്ധിക്കുന്നു.
സംഗീതം ഒരു സാർവത്രിക ഭാഷയാണ്. സംഗീതം അതിന്റെ ഭാഷാപരവും സാംസ്കാരികവുമായ തടസ്സങ്ങളെ മറികടന്നുകൊണ്ട് വ്യത്യസ്ത സംസ്കാരങ്ങളിൽനിന്നും പശ്‌ചാത്തലങ്ങളിൽനിന്നുമുള്ള മനുഷ്യരെ കൂട്ടിയിണക്കുന്നതിനു സഹായിക്കുന്നു. സംഗീതം അവതരിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട്, മനുഷ്യർക്കിടയിൽ സാമൂഹിക അവബോധം സൃഷ്ടിക്കുകയും ആശയങ്ങളുടെ വിനിമയം സാധ്യമാക്കുകയും ചെയ്യുന്നു.
സംഗീതം മനുഷ്യാനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്നതുകൂടിയാണ്. ഓരോരുത്തരും നേരിടുന്ന വെല്ലുവിളികളിൽനിന്നും പോരാട്ടങ്ങളിൽനിന്നും പ്രചോദനമുൾകൊണ്ടുള്ള കാര്യങ്ങളെയും മറ്റും അവതരിപ്പിക്കുന്നതിന് സംഗീതം തയ്യാറാകുന്നു. ആനന്ദം, സന്തോഷം, ദുഃഖം, വിഷാദം തുടങ്ങിയ പല വികാരങ്ങളെ ഉണർത്തുന്നതിനും വികാരവിമലീകരണത്തിനും പല സന്ദർഭങ്ങളിലും സംഗീതം നിർവഹിക്കുന്ന പങ്ക് വളരെ വലുതാണ്. നമ്മുടെ മൂല്യങ്ങൾ, വിശ്വാസങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയെ നിർവചിക്കുന്നതിനും സാംസ്‌കാരിക വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും സംഗീതം നിർണായക പങ്കുവഹിക്കുന്നുണ്ട്. ഭാഷയിലൂടെ മാനവികബോധത്തെ രൂപപ്പെടുത്തുന്ന, സംസ്കാരത്തിനുണ്ടാകുന്ന മാറ്റങ്ങൾക്കും മറ്റും അനുസൃതമായി കലാപരമായ പരിണാമങ്ങൾ സ്വീകരിച്ച സംഗീതത്തിന്റെ വ്യത്യസ്ത ആവിഷ്കരണ രീതികളിലൂടെ സാമൂഹികജീവിതത്തിന് പ്രചോദനം നൽകുവാനും ചില സന്ദർഭങ്ങളിൽ ഒന്നിച്ചുനിർത്തുവാനുമുള്ള അതിന്റെ ശക്തി സമാനതകളില്ലാത്ത ഒന്നാണ്.
സാംസ്‌കാരിക വൈവിധ്യത്തിന്റെയും കലാപരമായ നവീകരണത്തിന്റെയും ചുവടുപിടിച്ച് നിരവധി ബഹുമുഖ സംഗീത ബാൻഡുകൾ കേരളത്തിൽ ജന്മം കൊണ്ടിട്ടുണ്ട്. 1990-കളെ ഇതിന്റെ ഒരു ആരംഭ കാലഘട്ടമായി കണക്കാക്കാം. സാമൂഹികപ്രശ്നങ്ങളും മനുഷ്യജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങളുമാണ് ഇതിൽ വിഷയമായി വന്നിരുന്നത്. തനതായ സംഗീത പാരമ്പര്യത്തെ ആഗോളതലത്തിൽ അവതരിപ്പിക്കാൻ ഇത്തരം ബാന്റുകൾക്കായിട്ടുണ്ട്. മലയാളത്തിനെയും ഹിപ്പ്-ഹോപിനെയും സംയോജിപ്പിച്ച് രൂപംകൊണ്ട സ്ട്രീറ്റ് അക്കാദമിക്സ് പോലുള്ള ബാന്റുകളുടെ ഹിപ്പ്-ഹോപിനോടുള്ള നൂതന സമീപനം ഇവയെ ഇന്ന് കൂടുതൽ ജനപ്രിയമാക്കാനും ഹിപ്പ്-ഹോപ്പിലേക്കും റാപ്പ് സംഗീതത്തിലേക്കും വഴിതുറക്കാനും ഇടയാക്കിയിട്ടുണ്ട്.
2020 ജനുവരി 30-നാണ് കേരളത്തിൽ ആദ്യത്തെ ( ഇന്ത്യയിലും ) കോവിഡ്-19 കേസ് റിപ്പോർട്ട് ചെയ്തത്. രോഗവ്യാപനം തടയുന്നതിനായി സംസ്ഥാനം ലോക്ക്ഡൗണിലേക്ക് നീങ്ങിയത് ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. ലോക്ക്ഡൗൺ കാലത്ത് കേരളത്തിലെ ജനങ്ങളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി. ആളുകൾ വീടുകളിൽ മാത്രമായി ഒതുങ്ങിക്കൂടിയപ്പോൾ, വിനോദത്തിനും ആശയവിനിമയത്തിനും വിവരങ്ങൾ അറിയുന്നതിനും സോഷ്യൽ മീഡിയ ഒരു പ്രധാന മാർഗ്ഗമായി മാറി. പഠനം, ആശയവിനിമയം, വിനോദം എന്നിവയ്ക്കായി ആളുകൾ കൂടുതലായി വാട്സ്ആപ്പ്, യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളെ ആശ്രയിച്ചു. ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ചയിൽ ഇന്ത്യയിൽ സോഷ്യൽ മീഡിയ ഉപയോഗം 87% വർദ്ധിച്ചു. 75% ആളുകളും ഫേസ്ബുക്ക്, ട്വിറ്റർ, വാട്സ്ആപ്പ് എന്നിവയിൽ കൂടുതൽ സമയം ചെലവഴിച്ചു എന്ന് ഒരു പഠനം പറയുന്നു. ശരാശരി സോഷ്യൽ മീഡിയ ഉപയോഗം പ്രതിദിനം 150 മിനിറ്റിൽ നിന്ന് 280 മിനിറ്റായി ഉയർന്നു.
ലോക്ക്ഡൗൺ കാലഘട്ടത്തിലെ ഏകാന്തതയും വിരസതയും വർദ്ധിച്ച ഉത്കണ്ഠയും മാനസിക സമ്മർദ്ദവും മറികടക്കാൻ പലരും സോഷ്യൽ മീഡിയയെ ആശ്രയിക്കുകയും, ഇത് പുതിയ ട്രെൻഡുകൾക്കും കലാസൃഷ്ടികൾക്കും പ്രചാരം നൽകുകയും ചെയ്തു. ഈ കാലയളവിൽ നീരജ് മാധവ്, വേടൻ, ഫെജോ (ഫെബിൻ ജോസഫ്) തുടങ്ങിയവർ റാപ്പ് സംഗീതമേഖലയിൽ സജീവമായി നിലനിന്നവരാണ്. ലോക്ക്ഡൗൺ കാലത്തെ സാമൂഹിക പ്രശ്നങ്ങളും വ്യക്തിപരമായ അനുഭവങ്ങളും റാപ്പ് ഗാനങ്ങളിൽ പ്രധാന വിഷയങ്ങളായി കടന്നുവന്നു. ഇത്തരത്തിൽ കേരളത്തിലെ റാപ്പ് സംഗീതത്തിന്റെ പ്രചാരത്തിന് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
പാശ്ചാത്യ സംഗീതമാതൃകയായ ഹിപ്-ഹോപ്പിന്റെയും റാപ്പിന്റെയും സ്വധീനത്തിൽ മലയാളസംഗീതലോകത്ത് ഉടലെടുത്തിട്ടുള്ള സംഗീത ശാഖയാണ് മലയാളം റാപ്പ് സംഗീതം. സംഗീതത്തിലേക്കുള്ള താളാത്മകതയുടെ സന്നിവേശം റാപ്പ് സംഗീതത്തിന്റെ പ്രധാന സവിശേഷതയാണ്. മലയാളം റാപ്പ് സംഗീതങ്ങൾക്ക് ഇന്നുണ്ടായിട്ടുള്ള വളർച്ചയും പരിണാമവും റാപ്പ് സംഗീതത്തിന് വർധിച്ചുവരുന്ന ജനപ്രീതിയെയും വൈവിധ്യത്തെയും മനുഷ്യർക്കിടയിൽ അത് ചെലുത്തുന്ന സ്വാധീനത്തെയും സൂചിപ്പിക്കുന്നു. സ്വത്വാവിഷ്കാരത്തിനും സാമൂഹിക വ്യാഖ്യാനത്തിനുമുള്ള ഒരു മാധ്യമമായി റാപ്പ് സംഗീതം മാറുന്നുണ്ടോ എന്നും, വ്യക്തിസ്വാതന്ത്ര്യം സമത്വം സാമൂഹികനീതി എന്നീ അടിസ്ഥാനപ്രശ്നങ്ങളെ അഭിസംബോധനചെയ്യുന്നതിന് റാപ്പ് സംഗീതത്തിന് ആകുന്നുണ്ടോയെന്നും എപ്രകാരമാണ് റാപ്പ് സംഗീതം അധികാരത്തെ വിമർശന വിധേയമാക്കുന്നതെന്നും അന്വേഷിക്കുകയാണ് ഇവിടെ.
– തുടരും…