
മായാത്ത മാരിവില്ല്
എന്റെ കൈ നീ പിടിക്കണമന്നില്ല.
എന്നരികെ,
നിന്റെ ഊഷ്മളതയുടെ ഘനവും വേണമെന്നില്ല.
സ്നേഹത്തിന്നളവ്,
സാമീപ്യവും സ്പർശനവുമല്ല;
സ്നേഹം,
അഭിലാഷം സ്വതന്ത്രമാകുന്നിടങ്ങളിലാണ്.
മരങ്ങളുടെ തലപ്പുകൾ അകലുന്നതുപോലെ,
നീ എന്നിൽ നിന്നകലുമ്പോൾ,
അടങ്ങാത്ത അഭിനിവേശത്തിന്റെ വേരുകൾ
സിരകളിൽ ആഴ്ന്നിറങ്ങി
മധുരതരമായ വേദനയെയുണർത്തുന്നു.
മന്ത്രിക്കുന്ന മാരുതനിൽ നീയില്ലെങ്കിലു-
മെല്ലാ മന്ദമാരുതനും നിന്നെയുച്ചരിക്കുന്നു.
എന്റെ കാൽപ്പാടിനരികിൽ നീയില്ലെങ്കിലും,
എന്നരികെ നീയുള്ളപോലെയാണെന്റെ നടത്തം.
നിന്റെ രൂപം ഞാൻ തിരയില്ല.
കാരണം, അത് നിശ്ചലവും ശാശ്വതവും,
എന്റെ കണ്ണുകൾക്കായി പ്രകൃതി വരച്ച,
നിന്റെ മാത്രം മായാത്ത ഛായാചിത്രമാണ്.