വീട്ടു പരിസരത്തെ ആ എകമാവ്

വീടിനെ സദാ സശ്രദ്ധം നോക്കി നിന്നു.

കരിയിലകള്‍ പൊഴിച്ച്
സാന്നിധ്യം അറിയിച്ചുകൊണ്ടിരുന്നു.
വീട്ടുകാരെയെന്തോ
ഓർമ്മപ്പെടുത്തി ഓർമ്മപ്പെടുത്തി
ശ്രദ്ധ ക്ഷണിച്ചുകൊണ്ടിരുന്നു.

പതിവായി
ചൂലേന്തിയെത്തിയിരുന്ന ഒരു
നൃത്തച്ചുവടിനെ പ്രണയിച്ചു;
വൃത്തിയുള്ള
ഇടങ്ങളിലൊക്കെ നിഴലുവിരിച്ച്
ഇലകള്‍കൊണ്ടവ
രേഖപ്പെടുത്തി വച്ചു…

ആ ഉത്സാഹത്തില്‍
പൂത്തു.
കായ്ച്ചു.
വസന്തങ്ങളെ വരവേറ്റു.
മധുരം വിതറി
ആനന്ദം പങ്കുവച്ചു.

മുറ്റത്തു കരിയിലകള്‍
കുമിഞ്ഞുകൂടുന്ന
ആ ദിനരാത്രങ്ങളില്‍ മാത്രം
അതു വല്ലാതെ അലോസരപ്പെട്ടു.

ഒരുനാള്‍
ധിറുതിയിലെത്തിയ
കുറേ അപരിചിത ചുവടുവയ്പുകൾ
മുറ്റം വെടിപ്പാക്കുന്നതും
നിഗൂഢഭാവത്തിൽ തന്നെ വീക്ഷിക്കുന്നതും
മരം
ഒരാന്തലോടെ നോക്കി നിന്നു.

കാറ്റത്തിളകാതെ,
കരിയിലകള്‍ പൊഴിക്കാതെ
നെടുവീര്‍പ്പോടെയാ
ദിനരാത്രമുന്തിനീക്കി.

ഒരിലയ്ക്കും
പൊഴിഞ്ഞുവീഴാനിടമില്ലാത്തവിധം
മുറ്റവും വീടും സജീവമാകുന്നതു
കണ്ടു നിന്നു.

അന്നാദ്യമായി വീട്
മാവിനെ
അടിമുടിയൊന്നു നോക്കി.

ഇലകളില്‍ നിന്നും തണലുകള്‍
ഒന്നൊഴിയാതെ കൊഴിഞ്ഞു പോകുന്നതായ്
മരത്തിനു തോന്നി.

വീട്ടു പരിസരത്തെ ആ
ഏക മാവ്
വീടിനെ അവസാനമായ്
ഒന്നുകൂടി നോക്കി.
മൂർച്ചയുള്ളൊരു നോവ്
കടയ്ക്കൽ വന്നു മുറിയുന്നതറിഞ്ഞു.
വീടിന്റെ തെക്കേ മൂലയിലേയ്ക്കതു ചാഞ്ഞു.

തണലു കടയാന്‍
അതുവരെമോന്തിയ
മുഴുവന്‍ വെയിലുകളെയും
കടഞ്ഞു കടഞ്ഞു കാട്ടി.
ആലിംഗന ബദ്ധരായ
ഇരുരൂപങ്ങളെ വാർത്തെടുത്ത്
നിവര്‍ത്തിക്കൊണ്ടിരുന്നു…

നൃത്തച്ചുവടുകളോടെ
അനന്തതയിലേയ്ക്കവ
പറന്നുയരുന്നതിനെ
വിവരിക്കാനാകാത്തൊരു വികാരത്തിൽ
വീട് പ്രകടമാക്കിക്കൊണ്ടിരുന്നു.