Published on: January 29, 2026

സനാതന ധർമത്തിന്റെ കാതൽ
അതുതന്നെയാണ്, ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുവാക്യവും ഉദ്‌ഘോഷിക്കുന്നത്.
ജനിക്കുമ്പോൾ എല്ലാവരും നഗ്നരാണ്, ശൂദ്രരാണ്. അഹങ്കാരമില്ല, വർണവിവേചനങ്ങളുമില്ല. ആത്മചൈതന്യം അധിവസിക്കുന്ന ശരീരങ്ങൾ മാത്രം. ശബ്ദ- സ്പർശ- രൂപ- രസ- ഗന്ധങ്ങൾ ക്രമേണയാണ് രൂപാന്തരപ്പെടുന്നത്.
രണ്ട് കൺദ്വാരങ്ങൾ, രണ്ട് നാസ ദ്വാരങ്ങൾ, ചെവികളുടെ രണ്ട് ദ്വാരങ്ങൾ, വായ, പായു(മലദ്വാരം), തുവസ്ഥം(മൂത്രദ്വാരം) എന്നിങ്ങനെ ഒൻപതു ദ്വാരങ്ങളോടുകൂടിയ, ‘നവദ്വാരപുരം’ എന്നറിയപ്പെടുന്ന, മനുഷ്യശരീരം അതിസൂക്ഷ്മമായാണ് പ്രതിനിമിഷം പരിണമിക്കുന്നത്.
ഇപ്രകാരം പരിണമിച്ചെത്തുന്ന നമ്മുടെ ശരീരം ഒരു രഥമാണ്. ഇന്ദ്രിയങ്ങളാകുന്ന കുതിരകള്‍ ആ രഥത്തെ വലിക്കുന്നു. മനസാകുന്നു കടിഞ്ഞാണ്‍. ബുദ്ധി സാരഥിയും. ബുദ്ധി, മനസ്സെന്ന കടിഞ്ഞാൺ പിടിച്ച്, ഇന്ദ്രിയങ്ങളെ സംയമനത്തിലൂടെ നിയന്ത്രിക്കുന്നു. ഈ നിയന്ത്രണമാണ് മനുഷ്യജീവിതം. ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചാൽ മാത്രമേ ‘തന്നെ ലോകത്തിലും ലോകത്തെ തന്നിലും ദർശിക്കാനാവൂ.
ആ ദർശനസ്വാതന്ത്ര്യമാണ്, ചെകുത്താനോ ദൈവമോ ആകുന്നതിൽ നമ്മെ നയിക്കുന്നത്. നിലനില്പിനാണ് അവിടെ പ്രാധാന്യം. എന്റെതെന്നോ നിന്റെതെന്നോ ഉള്ള ചിന്തനമില്ല; മോഹങ്ങളും മോഹഭംഗങ്ങളുമില്ല എന്ന്
ഈശാവാസ്യോപനിഷത്ത് പറയുന്നു.
നമുക്കെല്ലാവർക്കും ഒരു ദിവസത്തിൽ ഇരുപത്തിനാല് മണിക്കൂറാണ് ഉള്ളത്. എന്നിരുന്നാലും ചിലർ ഭരണാധികാരികളായിത്തീരുന്നു. ചിലർ ഭംഗിയുടെ ആസ്ഥാനമാകുന്നു; ചിലർ ശക്തിയുടെയും. മറ്റു ചിലർ ബുദ്ധിയുടെ തലപ്പാവിലെത്തുന്നു. ഇനിയും ചിലർ വൈരാഗ്യത്തിലൂടെ മനുഷ്യജീവിതം ധന്യമാക്കുന്നു. ഭഗങ്ങളുടെ ഉപലബ്ദീ വ്യതിയാനം മൂലമാണ് ഇതു സംഭവിക്കുന്നത്.
ഐശ്വര്യം, വീര്യം, കീർത്തി, ശ്രീ(ഭംഗി), ജ്ഞാനം, വൈരാഗ്യം എന്നിങ്ങനെ ആത്മീയത എന്നത് ആറു ഭഗങ്ങളാണെന്ന് ശ്രീമദ് മഹാഭാഗവതം പറയുന്നു. മാനവരാശിയുടെ നിലനില്പിനും മനുഷ്യന്റെ സ്വാർത്ഥതാൽപര്യങ്ങൾക്കും സുഖസൌകര്യങ്ങൾക്കും വേണ്ടി മറ്റു ജീവജാലങ്ങളിലും പ്രകൃതി വിഭവങ്ങളിലും അധീശ്വത്വം സ്ഥാപിക്കാൻ സദാ ഇച്ഛിക്കുന്ന മനുഷ്യൻ, കുടുംബങ്ങളിലൂടെ, ഗോത്രങ്ങളിലൂടെ, രാഷ്ട്രങ്ങളിലൂടെ, രാഷ്ട്രസമൂഹങ്ങളിലൂടെ പ്രബലനാകുന്നു; പ്രകൃതിയുടെ തലവനാകുന്നു; പ്രകൃതിയെ മറന്നുള്ള ആസൂത്രണങ്ങളിലൂടെയും അനിയന്ത്രിത വികസന പ്രക്രിയകളിലൂടെയും അജയ്യനാകുന്നു.
ഇതാണ് ഇതുവരെയെത്തി നില്ക്കുന്ന മാനവ പരിണാമത്തിന്റെ പ്രായോഗിക സിദ്ധാന്തം. പക്ഷെ, ഈ വിജയതിമിർപ്പിൽ മാനവർ എറിയകൂറും ആസുരതയിൽ മഗ്നരാകുന്നു. പൊതുവെ സാത്വികത്വം ജീർണ്ണിച്ചുപോകുന്ന മാനവ മസ്തിഷ്കത്തിൽ മാനവർ മൃഗതുല്യരായി പരസ്പരം പോരാടുന്നു. സാത്വിക മനോഭാവമുള്ളവർ നാനാത്വത്തിൽനിന്നും ഏകത്വത്തിലേക്ക് ആത്മസാക്ഷാത്കാരം തേടുന്നു.
ഈ ഏകത്വപ്രയാണത്തിലൂടെ ഹിന്ദുവും മുസ്ലിമും സിഖും പാഴ്സിയും ക്രിസ്ത്യനും തുടങ്ങി എല്ലാവരും ഒന്നാകുന്നു. അവിടെ യോഗിയും നാസ്തികനും കള്ളനും പോലീസും സ്ത്രീയും പുരുഷനും മറ്റു ജീവജാലങ്ങളും ഒരുമിച്ചു വസിക്കുന്നു. അതാണു സനാതനധർമം എന്ന ആശയം.
ഉൾകാഴ്ചയിലൂടെ മനസ്സിനെ നിയന്ത്രിക്കലാണ് ആത്മീയതയുടെ സാരം. അതാണു മനുഷ്യജീവിതത്തിന്റ ധർമവും. മനസ്സിനെ നിരാകരിക്കാം; നിയന്ത്രിക്കാം. പക്ഷെ, ത്യജിക്കുക അസാദ്ധ്യം. മനസ്സിൽ എന്താണ് നിലനിർത്തേണ്ടത്, എന്താണ് ഉപേക്ഷിക്കേണ്ടത് എന്ന വിവേചനബുദ്ധിയിലൂടെ നമുക്കു നമ്മോടു തന്നെ ആശയവിനിമയം നടത്താനും പരസ്പരം മാനസികവാഗ്ദാനങ്ങൾ കൈമാറാനും കഴിയുന്നിടത്താണു യഥാർത്ഥ ജീവിതവിജയം അടങ്ങിയിരിക്കുന്നത്. അതിനു മനസ്സിനെ നിർബന്ധിച്ചുകൊണ്ടിരിക്കണം.
അതിനെയാണ് ധ്യാനം എന്നു പറയുന്നത്. ധ്യാനത്തിലൂടെ മനസ്സിനെ അനുസരിപ്പിക്കാൻ ഉതകുന്ന എന്തോ ഒന്ന് നമ്മുടെ ഉള്ളിലുണ്ടെന്ന തിരിച്ചറിവ് കാലക്രമേണ നമ്മിൽ സംഭവ്യമാകും. ആത്മീയതയുടെ ആരംഭവും സനാതന ധർമത്തിന്റെ കാതലും അതുതന്നെ. കാലാതീതമായ സത്യം, ധാർമ്മികത, പ്രപഞ്ചക്രമം (Universal order) എന്നിവയിലൂന്നിയ സനാതന ധർമത്തിലൂടെ സത്യം, അഹിംസ, ക്ഷമ, ആത്മനിയന്ത്രണം, കരുണ, ദാനം, ശുദ്ധി എന്നീ മൂല്യങ്ങളിലൂടെ ജീവിതം നയിക്കുക എന്നതാണു പ്രധാനം. ഇത് ഒരു നിശ്ചിത മതത്തേക്കാൾ ഉപരി, സകലമാന ജീവജാലങ്ങളുമായുള്ള ബന്ധം, കർമ്മഫലം, ആത്മാവിന്റെ മോക്ഷം എന്നിവയിൽ അധിഷ്ഠിതമായ ജീവിതചര്യയായും കണക്കാക്കപ്പെടുന്നു.
അതുതന്നെയാണ്, ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുവാക്യവും ഉദ്‌ഘോഷിക്കുന്നത്.







