പ്രൊഫ. സി പി അബൂബക്കർ: ചരിത്ര അധ്യാപകൻ, കവി, വിവർത്തകൻ. നിലവിൽ, സാഹിത്യ അക്കാദമി സെക്രട്ടറിയും കേരള ഗവണ്‍മെന്റ് സാംസ്‌കാരിക പ്രസിദ്ധീകരണ ഉപദേശക സമിതി അംഗവുമാണ്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനനിര്‍വ്വാഹക സമിതി അംഗം. ‘ചിന്ത’ പബ്ലിഷേഴ്സ് ചീഫ് എഡിറ്റർ, ‘ദേശാഭിമാനി’ വാരിക എഡിറ്റർ, കേരള സംസ്ഥാന പിന്നോക്കവിഭാഗ കമ്മീഷൻ അംഗം, കാലിക്കറ്റ് സര്‍വ്വകലാശാലാ സിന്റിക്കേറ്റ് അംഗം തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

‘മുറിവേറ്റവരുടെ യാത്രകള്‍’ (നോവൽ), ‘നദികളില്‍ ഒഴുകാത്തത്’ (കവിതാസമാഹാരം) ഉൾപ്പെടെ നോവൽ- കവിത- ലേഖനം- വിവർത്തനം എന്നീ വിഭാഗങ്ങളിലായി 40ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പ്രശസ്ത ഇന്തോളജിസ്റ്റും ചരിത്രകാരനുമായിരുന്ന ആസ്ത്രേലിയൻ എഴുത്തുകാരൻ എ എൽ ബാഷാം(Arthur Llewellyn Basham) രചിച്ച ‘വണ്ടർ ദാറ്റ് വാസ് ഇന്ത്യ’ എന്ന ഇന്ത്യൻ ചരിത്ര പുസ്തകത്തിന്‍റെ മലയാളം തർജമ, പ്രശസ്ത അമേരിക്കൻ സാഹിത്യകാരൻ ഹെന്‍റിക് വില്യം വാൺ ലൂൺ രചിച്ച ‘സ്റ്റോറി ഓഫ് മാൻകൈൻഡ്'(മനുഷ്യരാശിയുടെ കഥ), ഡെച്ച് -ആഫ്രിക്കൻ കവി ജൂപ് ബേർസിയുടെയും പ്രമുഖ ഇന്ത്യൻ മാർക്സിസ്റ്റ് ചരിത്രകാരൻ ഇർഫാൻ ഹബീബിന്റെയും സീതാറാം യെച്ചൂരിയുടെയും കൃതികളുടെ മലയാളം തർജ്ജമകൾ തുടങ്ങിയവ സി പിയുടെ ശ്രദ്ധേയമായ പുസ്തകങ്ങളാണ്. ‘വാക്കുകൾ’ എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോഴിക്കോട് വടകര പുതുപ്പണത്ത് കോയോട്ടി(പരേതൻ) യുടെയും കദീശ(പരേത) യുടെയും മകനായി 1945ൽ ജനനം. പുതുപ്പണം ചെട്ട്യാത്ത് യു പി സ്‌കൂള്‍, വടകര എം യു എം ഹൈസ്‌കൂള്‍, ആലപ്പുഴ എസ് ഡി കോളേജ്, വടകര ഗവണ്‍മെന്റ് മടപ്പള്ളി കോളേജ്, തലശ്ശേരി ധര്‍മ്മടം ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കെ എസ് എഫ് സംസ്ഥാന പ്രസിഡന്റും എസ് എഫ് ഐ അഖിലേന്ത്യാ രൂപീകരണ സമിതി മെമ്പറും കേന്ദ്രപ്രവര്‍ത്തകസമിതി അംഗവും സംസ്ഥാന ഘടകത്തിന്റെ പ്രഥമ സെക്രട്ടറിയുമായിരുന്നു.
■■■
* സി. പി. അബൂബക്കർ കവിത, കടൽ