
എഐയും തൊഴിൽമേഖലയും: സംയോജിത സംസ്കാരത്തിന്റെ അനിവാര്യത
മനുഷ്യനാഗരികതയുടെ ചരിത്രത്തിൽ, മനുഷ്യർ എങ്ങനെ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു എന്നതിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച നിരവധി കണ്ടുപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ചക്രം, വൈദ്യുതി, കമ്പ്യൂട്ടർ എന്നിവ അതിൽ പ്രധാനപ്പെട്ടവയാണ്. ഇന്ന് കൃത്രിമബുദ്ധിയും (Artificial Intelligence – AI) അത്തരമൊരു സാങ്കേതിക പരിവർത്തനമായി മാറിയിരിക്കുകയാണ്. തൊഴിൽമേഖലയുടെയും ദൈനംദിന ജീവിതത്തിന്റെയും ഏതാണ്ട് എല്ലാ തലങ്ങളെയും സ്വാധീനിക്കാൻ കഴിയുന്ന ശക്തിയായി എഐ ഇപ്പോൾ മാറിക്കഴിഞ്ഞിരിക്കുന്നു.
കമ്പ്യൂട്ടറുകളുടെ പ്രചാരണഘട്ടത്തിൽ മനുഷ്യർക്കിടയിൽ ഒരു പൊതുധാരണ നിലനിന്നിരുന്നു: “ഒരു യന്ത്രത്തിന് മനുഷ്യനേക്കാൾ വേഗത്തിലും കൃത്യതയിലും പ്രവർത്തിക്കാൻ കഴിയും. എന്നാൽ അതിന് യഥാർത്ഥ ബുദ്ധിശക്തിയോ വിവേചനശേഷിയോ ബോധമോ ഇല്ല.” അതുകൊണ്ടുതന്നെ, മനുഷ്യന്റെ സർഗാത്മക മേൽക്കൈക്ക് കമ്പ്യൂട്ടറുകൾ ഒരു ഭീഷണിയോ എതിരാളിയോ ആകില്ല എന്ന് കരുതപ്പെട്ടു.
എന്നാൽ, ദ്രുതഗതിയിൽ വികസിച്ചുകൊണ്ടിരിക്കുന്ന എഐ സാങ്കേതികവിദ്യ ഈ ധാരണയെ അപ്പാടെ മാറ്റിമറിക്കുകയാണ്. ഇന്നത്തെ എഐ സംവിധാനങ്ങൾക്ക് ഭാഷ കൈകാര്യം ചെയ്യാനും, യുക്തിഭദ്രമായി ചിന്തിക്കാനും, കോഡിംഗ്, ഗവേഷണം, ഡാറ്റാ വിശകലനം, ഉള്ളടക്കസൃഷ്ടി തുടങ്ങിയ സങ്കീർണ്ണമായ പ്രവർത്തനങ്ങൾ നിർവഹിക്കാനും കഴിയുന്നു.
അതുകൊണ്ടുതന്നെ ഇനി ഉയർന്നുവരേണ്ട ചോദ്യം, “ഒരു പ്രത്യേക ജോലിയിൽ യന്ത്രങ്ങൾക്ക് മനുഷ്യരെക്കാൾ വേഗത്തിൽ പ്രവർത്തിക്കാൻ കഴിയുമോ?” എന്നതല്ല; മറിച്ച്, “മനുഷ്യരും ബുദ്ധിശേഷിയുള്ള യന്ത്രങ്ങളും എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കണം?” എന്നതാണ്.
എഐ സ്വീകരണത്തിലെ ദ്രുതവളർച്ച:
എഐ സാങ്കേതികവിദ്യയെ ലോകം സ്വീകരിക്കുന്ന വേഗത ഈ മാറ്റത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. മൈക്രോസോഫ്റ്റിന്റെ ഗ്ലോബൽ എഐ ഡിഫ്യൂഷൻ റിപ്പോർട്ട് പ്രകാരം, ലോകത്തിലെ തൊഴിൽ ജനസംഖ്യയിലെ എഐ ഉപയോഗം 2026-ലെ ആദ്യപാദത്തിൽ 16.3 ശതമാനത്തിൽ നിന്ന് 17.8 ശതമാനമായി ഉയർന്നു. രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന എഐ ഡിഫ്യൂഷൻ റേറ്റ് രേഖപ്പെടുത്തിയത് യുഎഇയിലും (70.1%), തൊട്ടുപിന്നാലെ സിംഗപ്പൂരിലുമാണ് (63.4%).
എഐ ഇനി ഒരു പരീക്ഷണാത്മക സാങ്കേതികവിദ്യ മാത്രമല്ല; അത് സാമ്പത്തിക പ്രവർത്തനങ്ങളിലും പ്രൊഫഷണൽ ജോലികളിലും ദൈനംദിന ജീവിതത്തിലും ക്രമേണ ഭാഗമായി മാറുകയാണ്. സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, ഡിസൈൻ, റിസർച്ച്, വിദ്യാഭ്യാസം, ഹെൽത്ത് കെയർ, ഫിനാൻസ്, കസ്റ്റമർ സർവീസ്, കണ്ടന്റ് ക്രിയേഷൻ തുടങ്ങി നിരവധി മേഖലകളിലേക്ക് എഐ വ്യാപിച്ചുകൊണ്ടിരിക്കുന്നു. എഐയുടെ കഴിവുകൾ ഇനിയും വികസിക്കുന്നതോടെ കൂടുതൽ തൊഴിൽമേഖലകൾ ഇതിന്റെ സ്വാധീനം അനുഭവിക്കാൻ സാധ്യതയുണ്ട്.
എഐയും ബുദ്ധിശേഷിയും:
എഐയുടെ വർധിച്ചുവരുന്ന കഴിവുകൾ, ‘ബുദ്ധിശേഷി’ എന്ന ആശയത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും പ്രസക്തി നൽകിയിരിക്കുകയാണ്.
മനുഷ്യന്റെ ഐക്യു (IQ) എന്നത് ഒരേ പ്രായത്തിലുള്ള ആളുകളുമായി താരതമ്യപ്പെടുത്തി അളക്കുന്ന ഒരു മനഃശാസ്ത്രപരമായ അളവുകോലാണ്. അത് മനുഷ്യന്റെ കഴിവുകളുടെ ഒരു ഭാഗം മാത്രമാണ് പ്രതിഫലിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയർന്ന ബുദ്ധിശക്തിയുള്ള ആളുകളുടെ അന്താരാഷ്ട്ര സംഘടനയായ ‘മെൻസ’യുടെ (Mensa – Norway) സ്വന്തം ഐക്യു ടെസ്റ്റിംഗ് സംബന്ധിച്ച വിശദീകരണങ്ങളിലും ഈ പരിമിതി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഒരു എഐ മോഡൽ ഒരു ബെഞ്ച് മാർക്ക് ടെസ്റ്റിൽ നേടുന്ന സ്കോർ അതേ അർത്ഥത്തിൽ മനുഷ്യന്റെ ഐക്യുവിനു തുല്യമല്ല. അതിനാൽ ഒരു എഐ സംവിധാനത്തിന് “ഇത്ര ഐക്യു ഉണ്ട്” എന്ന രീതിയിലുള്ള അവകാശവാദങ്ങൾ കൃത്യമായി രേഖപ്പെടുത്തിയ സ്റ്റാൻഡേർഡൈസ്ഡ് പരിശോധനകളുടെ അടിസ്ഥാനത്തിലല്ലാത്തപക്ഷം ജാഗ്രതയോടെ മാത്രമേ പരിഗണിക്കാൻ പാടുള്ളൂ.
എഐക്ക് ഒരു ഐക്യു നമ്പർ നൽകണോ എന്നതല്ല പ്രധാന ചോദ്യം. ഒരുകാലത്ത് മനുഷ്യർക്കു മാത്രം സാധ്യമെന്ന് കരുതിയിരുന്ന കഴിവുകൾ എഐ എത്രവേഗത്തിലാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത് എന്നും, അതിന്റെ തൊഴിൽമേഖലയിലെ പ്രത്യാഘാതങ്ങൾ എന്തായിരിക്കും എന്നുമാണ് നാം ചിന്തിക്കേണ്ടത്.
തൊഴിൽ നഷ്ട സാധ്യതയും അതിജീവനവും:
എഐക്ക് ചില ജോലികൾ മനുഷ്യരേക്കാൾ വേഗത്തിലും തുടർച്ചയായും കുറഞ്ഞ ചെലവിലും ചെയ്യാൻ കഴിയുന്ന സാഹചര്യത്തിൽ, സ്ഥാപനങ്ങൾ സ്വാഭാവികമായും ഇത്തരം ജോലികൾക്കായി എഐയെ ആശ്രയിക്കുകയും മനുഷ്യശ്രമം കുറയ്ക്കുകയും ചെയ്യാം.
എന്നാൽ അതിനർത്ഥം, എഐ തൊഴിലവസരങ്ങളെ പൂർണ്ണമായും ഇല്ലാതാക്കും എന്നല്ല. ചരിത്രപരമായി, സാങ്കേതിക മാറ്റങ്ങൾ പുതിയ തൊഴിൽമേഖലകളെയും വ്യവസായങ്ങളെയും സൃഷ്ടിച്ചിട്ടുണ്ട്. ,അതേസമയം, നിലവിലെ ജോലികളുടെ പുനഃക്രമീകരണമാണ് ഇവിടെ വലിയ വെല്ലുവിളി ഉയർത്തുന്നത്. അതോടൊപ്പം, സാങ്കേതിക പരിജ്ഞാനം ആവശ്യപ്പെടുന്ന മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് അതിജീവനത്തിനായി പുതിയ കഴിവുകൾ (Re-skilling) നേടിയെടുക്കേണ്ട സമ്മർദ്ദവും വർധിക്കും.
അതുകൊണ്ട്, “എഐ നമ്മുടെ ജോലി കവർന്നെടുക്കുമോ?” എന്ന ചോദ്യത്തിന് പകരം, “സാങ്കേതികവിദ്യ കൂടുതൽ മികച്ചതും അർത്ഥവത്തുമായ തൊഴിൽ സൃഷ്ടിക്കുന്ന തരത്തിൽ മനുഷ്യർക്കും എഐക്കും ഒരുമിച്ച് എങ്ങനെ പ്രവർത്തിക്കാൻ കഴിയും?” എന്ന് നാം ചിന്തിക്കണം.
സംയോജിത തൊഴിൽ സംസ്കാരത്തിന്റെ ആവശ്യകത:
ഇവിടെയാണ് എഐ അധിഷ്ഠിത സംയോജിത തൊഴിൽ സംസ്കാരം (AI-enabled blended work culture) അനിവാര്യമാകുന്നത്. അതായത്, എഐയെ മനുഷ്യ തൊഴിലാളികൾക്ക് പകരക്കാരനായി കാണാതെ, മനുഷ്യരുടെ കഴിവുകളെയും യന്ത്രങ്ങളുടെ കാര്യക്ഷമതയെയും സമന്വയിപ്പിക്കുന്ന ഒരു തൊഴിൽ സംസ്കാരം രൂപപ്പെടണം.
വൻതോതിലുള്ള ഡാറ്റാ വിശകലനം, പാറ്റേൺ റെക്കഗ്നിഷൻ, ആവർത്തന സ്വഭാവമുള്ള ജോലികൾ എന്നിവയ്ക്ക് എഐ തികച്ചും അനുയോജ്യമാണ്. എന്നാൽ സഹാനുഭൂതി, ധാർമ്മികമായ വിവേചനബുദ്ധി, സർഗാത്മകത, ഉത്തരവാദിത്തം, സാഹചര്യബോധം എന്നീ മാനുഷിക മൂല്യങ്ങൾ നിലനിർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും മനുഷ്യന്റെ പങ്ക് ഇന്നും അനിഷേധ്യമാണ്.
മനുഷ്യനു പകരക്കാരനായി എഐയെ കാണുന്നതിനു പകരം, ഒരു സഹപ്രവർത്തകനായി കാണുന്ന സ്ഥാപനങ്ങൾക്കാവും തൊഴിൽനഷ്ടത്തിന്റെ ആഘാതം കുറയ്ക്കാനും പുത്തൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുക.
അതുകൊണ്ടുതന്നെ എഐ കാലഘട്ടത്തിൽ, “എഐക്ക് എന്ത് ചെയ്യാൻ കഴിയും?” എന്നതിനേക്കാൾ “എഐ എന്താണ് ചെയ്യേണ്ടത്?” എന്നതിനായിരിക്കണം ഊന്നൽ നൽകേണ്ടത്. അത് മനുഷ്യമൂല്യങ്ങൾ കേന്ദ്രസ്ഥാനത്തുതന്നെ തുടരുന്നു എന്ന് ഉറപ്പാക്കാനുള്ള ദിശാസൂചികയായി വർത്തിക്കും.
എഐയും ധാർമ്മികതയും:
ആരോഗ്യമേഖലയെ ഒരു ഉദാഹരണമായി എടുത്താൽ, ഒരു ആശുപത്രിയിൽ രോഗനിർണയത്തിനായി എഐ സംവിധാനം ഉപയോഗിക്കുന്നുവെന്ന് കരുതുക. ആ എഐ സംവിധാനത്തെ വാണിജ്യതാൽപ്പര്യങ്ങൾ സ്വാധീനിക്കുന്നുവെങ്കിൽ, രോഗിക്ക് ആവശ്യമായ ചികിത്സ നൽകുന്നതിനേക്കാൾ, കൂടുതൽ വരുമാനം ലഭിക്കുന്ന പരിശോധനകളോ മരുന്നുകളോ ശുപാർശ ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ഇത് ഗുരുതരമായ ഒരു ധാർമ്മിക പ്രശ്നമാണ്.
അതുകൊണ്ട്, എഐ വിനിയോഗത്തിൽ മനുഷ്യമൂല്യങ്ങൾ നിലനിർത്തുന്നതിന് താഴെ പറയുന്ന തത്വങ്ങൾ നിർബന്ധമായും പാലിക്കപ്പെടേണ്ടതുണ്ട്:
1. മനുഷ്യമഹത്വം (Human dignity)
2. നീതി (Fairness)
3. സുതാര്യത (Transparency)
4. ഉത്തരവാദിത്തം (Accountability)
5. സ്വകാര്യത (Privacy)
6. സുരക്ഷ (Safety)
7. വിവേചനരഹിതത്വം (Non-discrimination)
8. മനുഷ്യമേൽനോട്ടം (Human oversight)
ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, പൊതുഭരണം തുടങ്ങിയ സെൻസിറ്റീവ് മേഖലകളിൽ തീരമാനങ്ങളെടുക്കാൻ എഐയുടെ സേവനം പ്രയോജനപ്പെടുത്താമെങ്കിലും, അന്തിമ ഉത്തരവാദിത്തം എഐയെ ഏൽപ്പിക്കരുത്. എഐയെ ശക്തമാക്കുന്ന അതേ വഴികൾ തന്നെ തെറ്റായി ഉപയോഗിക്കപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ട്, എഐ-ഡിജിറ്റൽ സാക്ഷരതയും നിയമപരമായ സുരക്ഷാ സംവിധാനങ്ങളും കർശനമാക്കേണ്ടതുണ്ട്.
ഉപസംഹാരം:
ചക്രം, വൈദ്യുതി, കമ്പ്യൂട്ടർ എന്നിവപോലെതന്നെ, സാങ്കേതികവിദ്യയുടെ ചരിത്രത്തിലെ നിർണായക വഴിത്തിരിവാണ് എഐ. എന്നാൽ, എഐയുടെ വിജയം യന്ത്രങ്ങൾ എത്രത്തോളം കഴിവുള്ളവയായി മാറുന്നു എന്നതുകൊണ്ടു മാത്രം അളക്കരുത്. എഐ ഉപയോഗിക്കുമ്പോഴും മനുഷ്യരാശിക്ക് സ്വന്തം മൂല്യങ്ങൾ എത്രത്തോളം സംരക്ഷിക്കാൻ കഴിയുന്നു എന്നതായിരിക്കണം പ്രധാന മാനദണ്ഡം.
മനുഷ്യരെ മാറ്റിസ്ഥാപിക്കുന്ന ഒരു ലോകമല്ല എഐ സൃഷ്ടിക്കേണ്ടത്; മറിച്ച് മനുഷ്യരെ കൂടുതൽ കഴിവുള്ളവരും ഉൽപ്പാദനക്ഷമതയുള്ളവരും അതോടൊപ്പം, കൂടുതൽ മാനുഷിക മൂല്യമുള്ളവരുമാക്കാൻ സഹായിക്കുന്ന ഒരു ലോകമാകണം അത്.







