
2019ൽ, സാഹിത്യ പ്രവർത്തക കോ- ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിദ്ധീകരിച്ച, സുറാബിന്റെ ‘നഗരത്തിൽ സംഭവിക്കുന്നത്’ എന്ന കഥാസമാഹാരത്തിലെ 21 കഥകളിൽ ഒമ്പതാമത്തെ കഥയാണ്, ‘നഗരത്തിൽ സംഭവിക്കുന്നത്.’ ഈ സമാഹാരത്തിലെ മുഴുവൻ കഥകളും ഇവിടെ വായിക്കാം.
നഗരത്തിൽ സംഭവിക്കുന്നത്
നഗരത്തിലെ മനുഷ്യരെല്ലാം ഇന്ന് ഒട്ടകങ്ങളാണ്. നാളെ ആനയാകുമെന്നും മറ്റെന്നാൾ പുലിയാകുമെന്നും അതുകഴിഞ്ഞു വീണ്ടും മനുഷ്യനാകുമെന്നുമുള്ള നിഗമനം ജോർജിനില്ലെങ്കിലും ഇതെങ്ങനെ സംഭവിക്കുന്നു എന്നുള്ളതിൽ അതിശയോക്തി ഉണ്ടുതാനും.
ജോർജ് മരുഭൂമിയിൽനിന്നും മഹാനഗരത്തിലേക്കു പലായനം ചെയ്യുമ്പോൾ ജീവിതത്തിന്റെ ഭാരമായിരുന്നു ചുമലുകളിൽ, അന്നൊക്കെ മരുഭൂമിയിൽ ജീവിക്കുമ്പോഴായിരുന്നു ഒട്ടകത്തെക്കുറിച്ചുള്ള പരമ്പര പൗരാണികതയോടെ മനസ്സിൽ പതിക്കപ്പെട്ടത്. അതുകൊണ്ടാണ് അതികാലത്ത് ഉണരുകയും വെയിലുദിക്കുമ്പോൾ ഒട്ടകം ഏതു ദിശയിലായിരിക്കും എന്നും മറ്റുള്ള ജിജ്ഞാസ ഏറിയതും. അതു പതുക്കെപ്പതുക്കെ ജോർജിനെ കീഴ്പ്പെടുത്തുകയായിരുന്നു.
മരുഭൂമിക്കും നഗരത്തിനും ഇടയിൽ ജോർജ് ഓടിത്തളരുകയാണ്. ഇതിനിടയിലാണ് അവൻ ഭാര്യയുടെ കത്തുപോലും വായിക്കുന്നത്. കത്തിൽ നിറയെ മഴയും പനിയുമായിരുന്നു. പഞ്ഞിയും മരണവുമായിരുന്നു. പനിയുടെ അർദ്ധരാത്രിയിൽ പിച്ചും പേയുകൾക്കുമിടയിൽ ശുശ്രൂഷകനായി വന്ന അന്തോണി അവസാനം ജോർജിന്റെ ഭാര്യയെ അടിമപ്പെടുത്തി. ഒരു കുപ്പി സെന്റിനും ഒരുകൂടു മെഴുകുതിരികൾക്കും വേണ്ടിയുള്ള അവളുടെ അടിമപെടൽ തീർത്തും ബാലിശമായിപ്പോയി എന്നാണ് പിന്നീടു ജോർജിനു ബോദ്ധ്യപ്പെട്ടത്.
ആഗോളവത്കരണത്തിനും കൂട്ട ഓട്ടങ്ങൾക്കും ഇടയിൽ ഇത്തരം ധാർമ്മികമായ ബാലിശങ്ങൾ പ്രവാസികളുടെ ജീവിതത്തിൽ ഒട്ടേറെയാണെന്നു കൂട്ടുകാരന്റെ സന്ദേശം ജോർജിനെ വീണ്ടും ധീരനാക്കു ന്നു. അങ്ങനെ അവൻ മരുഭൂമിക്കും നഗരത്തിനും ഇടയിൽ ഒട്ടകത്തെപ്പോലെ കഴുത്തുനീട്ടി ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു.
ഒരുനാൾ യാദൃച്ഛികമായിട്ടായിരുന്നു അന്തോണിയേയും അവന്റെ പുതിയ കാമുകിയേയും നഗരത്തിൽവെച്ചു ജോർജ് കണ്ടുമുട്ടിയത്. നിശാക്ല ബ്ബിലെ പതകൾക്കിടയിൽ കാമുകിയെ ചേർത്തുപിടിച്ച് അന്തോണി മന്ത്രിച്ചു. “ഇതെന്റെ പുതിയ പെണ്ണ്. ഇന്നലെവരെ അയൽക്കാരന്റെ മണവാട്ടി. ഞാനിവളെ പനികൾക്കിടയിൽനിന്നും തട്ടിയെടുത്തതാണ്. പൊള്ളുന്ന രോഷാഗ്നിക്കിടയിൽനിന്നും എന്റെ പെണ്ണിനെ മറ്റൊരാൾ തട്ടിയെടുത്തപ്പോൾ തോന്നിയ ചെറിയൊരു കുസൃതി….” അന്തോണി കണ്ണടയ്ക്കുകയും പതയുന്ന പാനീയം ഇറക്കുകയും ചെയ്തുകൊണ്ടു വീണ്ടും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. നിശാക്ലബ്ബിൽ കയ്യടിയും പതയും ഒന്നിച്ചു. അപ്പോൾ ജോർജ് ശബ്ദങ്ങളിൽനിന്നും പതുക്കെ പുറംവാതിൽ തുറന്നു പുറത്തേക്കിറങ്ങി.
രാത്രി. നിലാവുള്ള രാത്രി. ചവിട്ടിമെതിക്കലുകൾക്കിടയിൽ നനവുള്ള രാത്രി. ജോർജ് പകലിനേക്കാൾ എന്തുകൊണ്ടും രാത്രിയെയാണു . ഇഷ്ടപ്പെടുന്നത്. എന്താണു ജോർജ്കുട്ടിച്ചായാ ഇതിന്റെ മഹിമ എന്നു ചോച്ചാൽ ജോർജ് ഉടനെ ഉത്തരം പറഞ്ഞെന്നുവരും: “എല്ലാ രാത്രികളും ഉറങ്ങാൻ വേണ്ടി മാത്രമുള്ളതല്ല. അതുകൊണ്ടാണു ചിലർ ഉറങ്ങാൻ കിടന്നിട്ടും ഉറക്കമില്ലാതെ എഴുന്നേറ്റു നടക്കുന്നത്. ചിലന്തി സ്വയം വല കെട്ടി ഒളിച്ചുപാർക്കുന്നതെന്തിനാണ്? സ്വന്തം ഇണയെ ഭക്ഷിക്കാനാണോ? അല്ല, അതിന്റെ സ്വാർത്ഥതയ്ക്കുകൂടിയാണ്…”
“അച്ചായാ, ഞങ്ങൾക്കീവക പുരാണമൊന്നും കേൾക്കേണ്ട, പകരം കോ നഗരത്തിലെ മനുഷ്യരെല്ലാം ഒന്നടങ്കം ഒട്ടകങ്ങളായിപ്പോയതുമാത്രം തൽക്കാലം പറഞ്ഞുതാ…”
പെട്ടെന്നു പെയ്ത മഴപോലെ എങ്ങുനിന്നോ വർഷിച്ച ചോദ്യങ്ങൾക്കു മുന്നിൽ ജോർജ് തളർന്നു.
അതു പറയാം. അതിനുമുമ്പ് എനിക്കെന്റെ നേന്ത്രവാഴത്തോട്ടത്തിലേക്കു പോകണം. നിങ്ങൾക്കറിയേ്യാ? ഇരുപത്തിയെട്ടു കൊല്ലത്തെ പ്രവാസത്തിന്റെ ചൂടിൽ വെള്ളമൊഴിച്ചു കുഴിച്ചിട്ട വാഴക്കന്നുകൾക്കിടയിലേക്ക്. അസാനം എന്തു നേടി—? നേടുന്നതുമാത്രമല്ലല്ലോ ജീവിതം. ജീവിതം മറ്റു പലതുമാണെന്ന് എന്നെ പഠിപ്പിച്ചത് ആ ഒട്ടകമായിരുന്നു. ഞാൻ വില കൊടുക്കാത്ത ആരോ അഴിച്ചുവിട്ട് എനിക്കു ദാനമായി കൈവന്ന ആ വയസ്സാനൊട്ടകം. വില കൊടുത്തു വാങ്ങിയതൊന്നും സ്നേഹിക്കണമെന്നില്ല. അനുസരിക്കണമെന്നില്ല. അനുസരിക്കുന്നത് വില കൊടുത്തതുമാവണമെന്നില്ല. എന്റെ വഴികാട്ടി ഈ ഒട്ടകമാണെന്നു ചൂണ്ടിപ്പറയാൻ എനിക്കൊരു നാണവുമില്ല. ചില മനുഷ്യർ മൃഗങ്ങളെ അനുസരിക്കും എന്നുള്ളതിന്റെ തെളിവാണ് ഞാനും എന്റെ ഒട്ടകവും.
ഒട്ടകത്തിന് എടുത്തുപറയാൻ ഒന്നുമില്ല. ഒരു നല്ല പാരമ്പര്യംപോലും. മറ്റ് ഒട്ടകങ്ങളിൽനിന്നും എന്നും ഒറ്റപ്പെട്ടു സഞ്ചരിക്കുകയും ഒറ്റയ്ക്കു ജീവിക്കുകയും ചെയ്യുന്ന കുള്ളനായ ഒട്ടകം. ചിരിക്കരുത്. ഒട്ടകങ്ങളിലും കുള്ളന്മാരുണ്ട്. ഒരുപക്ഷേ, അതിന്റെ അപകർഷതാബോധങ്ങളിൽ ഉടമയോടുള്ള അനുസരണക്കേടു കാട്ടിയതും ഒടുവിൽ കയറൂരി വിട്ടതും ഇത്തരം വളർച്ചയുടെ വെളിപാടിലായിരിക്കാം. എന്നാൽ എന്നോട് അനുസരണക്കേട് കാട്ടയില്ലെന്നു മാത്രമല്ല കീഴ്വഴക്കങ്ങളോടെ എന്നെ ഉപദേശിക്കുകയും അസരിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഒരു ഒട്ടകത്തിന്റെ ഉപദേശം മാത്രം കേൾക്കാൻ ഉയർന്ന ബുദ്ധിയും വളർച്ചയുമുള്ള ഞാൻ അത്രയ്ക്കും ചെതായിപ്പോയോ എന്നു നിങ്ങൾക്കു തോന്നിയേക്കാം. എന്നാലതാണു സത്യം. ചിലപ്പോൾ മൃഗങ്ങളുടെ ഉപദേശം ചില മനുഷ്യജന്മങ്ങൾ കേൾക്കുക മാത്രമല്ല അനുസരിക്കുകകൂടി ചെയ്യുമെന്നു മഹർഷിമാർ പറയാതിരുന്നിട്ടുണ്ടെങ്കിൽ അതവരുടെ മറവിമൂലമായിരിക്കും. അങ്ങനെയാണ് ഒട്ടകത്തിന്റെ ഉപദേശം കേട്ട് അതിന്റെ സ്വഭാവം ഞാൻ ശീലിച്ചുപോയത്. കേവലം ഒരു മനുഷ്യന് വലിയ ഒരൊട്ടകമാവാൻ കഴിയുകയില്ലെന്നുള്ള വലിയ പാഠം സത്യമായും ആ ഒട്ടകം എന്നെ പഠിപ്പിക്കുകയായിരുന്നു. ഇനി നിങ്ങൾ പറയൂ. എനിക്കിനി മനുഷ്യനാവാൻ കഴിയുമോ?
ഇല്ല. അന്തോണിക്ക് മുന്നിൽ ഒരു മനുഷ്യനായി തലയുയർത്തി നിൽക്കാൻ ഈ ജന്മം എനിക്കിനിയാവില്ല. എന്റെ ജീവിതം ഇങ്ങനെ മാറിമറിഞ്ഞു. അതിനുള്ള കുളമ്പുകൾ വന്നുപോയി. എന്റെ നേന്ത്രവാഴത്തോട്ടങ്ങളും പച്ചക്കുന്നുകളും കത്തിക്കരിഞ്ഞുപോയി. പനിക്കിടക്കയിൽ നിന്നും തട്ടിപ്പറിച്ചെടുത്ത ചൂടുള്ള വൃത്തികേടിനുമേൽ ഒരു തണുത്ത കഥ ഇപ്പോഴും എന്നിൽ ചീർത്തു പൊങ്ങുന്നു.
ആദ്യരാത്രിയിൽ ഷീബ പറഞ്ഞു: “ഇച്ചായനെന്തേ ഇങ്ങനെ….?” അവളുടെ ചോദ്യത്തിലെ ‘ഇങ്ങനെ’ വർഷങ്ങൾ കഴിഞ്ഞിട്ടും മനസ്സിലാവാതെ ചീർത്തുപൊങ്ങുന്നുവല്ലോ എന്നോർക്കുമ്പോൾ, ഇടയ്ക്ക് ഒട്ടകം ഒന്നു തലകുടയുന്നു. “അരുത്. സങ്കടപ്പെടരുത്. നിന്റെയും എന്റെയും ജീവിതം വ്യത്യസ്ത രീതിയിലാണെങ്കിലും ഭൂമിയിൽ അദ്ധ്വാനഭാരം പേറുന്ന ജീവികളാണു നമ്മൾ. ആരാന്റെ ഭാരം ചുമക്കുന്നവർ. അതുകൊണ്ട് അരുത്. നിന്റെ നേന്ത്രവാഴത്തോട്ടത്തിൽ പശിമയുടെ നിലാവു പെയ്തിറങ്ങുന്നതായി ഞാനിന്നലെയും സ്വപ്നംകണ്ടു. തോട്ടം നശിപ്പിക്കാൻ വന്ന പന്നികളും പെരുച്ചാഴികളും രാത്രിയുടെ പശിമയിൽ പകച്ചുനിൽക്കുന്നതായും വിളവുകൾ നാംതന്നെ അനുഭ വിക്കുന്നതായും സ്വപ്നത്തിൽ പെരുകി. പിന്നെ എല്ലാ കാലത്തും ഉണ്ടായിട്ടുള്ളതാണ് നിന്റെ കഥയും. അതിനു പ്രത്യേകിച്ചു പുതുമകളൊന്നും തന്നെയില്ല. അല്ലെങ്കിൽ ഏതു കുടുംബത്തിലാണ് അന്തോണിമാർ ഒളിഞ്ഞിരിക്കാത്തത്? അന്തോണിമാരുടെ തലോടലിൽ കെട്ടിയവൾ മയങ്ങിവീഴാത്തത്?
കുടുംബത്തിന്റെ ഭരണം കെട്ടിയവളെ ഏല്പിക്കുമ്പോഴാണ് അതിൽ നിന്നും പാതി വാതിൽ അവൾ ജാരനുവേണ്ടി തുറന്നുവയ്ക്കുന്നത്. പറഞ്ഞു വരുന്നത് എല്ലാ സ്നേഹബന്ധങ്ങൾക്കിടയിലും ജാരന്മാരുണ്ട് എന്നാണ്. എനിക്കു കുടുംബമില്ല. ഉടമാവകാശമില്ല. അടിമകളില്ല. ആരുമില്ല. എന്നിട്ടും ഞാൻ സ്നേഹം അതിജീവിക്കുന്നു. ബന്ധനം മറിക്കടക്കുന്നു. എന്റെ മുതുകത്തു കയറിയിരുന്നാൽ നിനക്കൊരു വിചാരമുണ്ടാകും. ഞാൻ നിന്റെ അടിമയാണെന്ന്. തിരിച്ചു നിന്റെ മുതുകത്തു കയറിയിരുന്നാൽ എനിക്കും തോന്നാവുന്നതേയുള്ളൂ. അടിമസംസ്കാരം വിദേശത്തു കൊണ്ടുപോയി പണയം വെച്ചത് നമ്മളെപ്പോലെയുള്ളവരെ വെച്ചു കാശാക്കാനാണെന്ന് ഇന്നലെ തെരുവിൽ ആനമയിലൊട്ടകക്കാരൻ അലറുന്നതു കേട്ടു. അത് സത്യമാണോ എന്തോ, അതൊന്നും എനിക്കറിയില്ല. അറിയാവുന്നത് ഈ ഭാരം ചുമക്കുക മാത്രമാണ്. അതുകൊണ്ട് എന്നെപ്പോലെ നീ കരയരുത്. എന്തിനും വർണ്ണങ്ങൾ വാരിപ്പുണരുന്ന ഇക്കാലത്ത് നാം നമ്മുടെ സ്വന്തം നിഴലിനു നിറം കൊടുക്കാൻ ശ്രമിക്കരുത്. അതെന്നും കറുപ്പായിത്തന്നെ നമ്മെ പിന്തുടരട്ടെ, ഒരാചാരത്തിനുവേണ്ടിയെങ്കിലും.
പരിഷ്കരിച്ച മൃഗമാണു മനുഷ്യൻ എന്നു പറയുന്നതാവും കൂടുതലനുയോജ്യം. കാരണം, മൃഗങ്ങളെക്കാൾ തൃഷ്ണയും പകയും വൈരുദ്ധ്യവും മനുഷ്യൻ വെച്ചുപുലർത്തുന്നു. ഇണയുടെ ശുക്ലം കുടിക്കുന്ന ജീവി മനുഷ്യവർഗ്ഗത്തിലേയുള്ളു. മകളെ ബലാത്സംഗം ചെയ്യുന്ന അച്ഛനും പെങ്ങളെ കൂട്ടിക്കൊടുക്കുന്ന ആങ്ങളയും കൂടെ നടന്നു ബോംബെറിഞ്ഞു കൊല്ലുന്ന കൂട്ടുകാരനും. ഛേയ്…
നിനക്കു ഭാര്യയുണ്ട്. നാളെ തിരിച്ചുവരാനായി കാത്തിരിക്കുന്ന ഭാര്യ. ഇതിനകം അവൾ അന്തോണിയെ മടുത്തിട്ടുണ്ടാവും. അതു തീർച്ചയാണ്. ഒരു കട്ടിലിൽ കിടന്നുള്ള ഉറക്കം അവൾക്കു മതിയായിട്ടുണ്ടാവും. അതങ്ങനെയാണ്. അതാണു കാലം.ലൈലാമജ്നു തൊട്ട് ഞങ്ങളീ പ്രണയവും വിരഹവും വിവാഹവും ഒളിച്ചോട്ടവും വഹിക്കുന്നു. എല്ലാ പ്രണയകഥകളിലും ഞങ്ങളുണ്ടായിട്ടുണ്ട്. ഞങ്ങളുടെ പരമ്പരകളുടെ ഘോഷയാത്രകൾ. കാലടികൾ.
ഏതൊരപരിചിതനും ഒരുകഷ്ണം റൊട്ടി എറിഞ്ഞുകൊടുത്താൽ നാടൻപട്ടിയായാലും അതു കടിച്ചുപിടിക്കുന്നതിനിടയിൽ വാലാട്ടും. നന്ദി പ്രക ടിപ്പിക്കും. പക്ഷേ, എന്തു കൊടുത്തിട്ടും നന്ദികാണിക്കുന്ന എത്രപേരുണ്ടു നിങ്ങളുടെ കൂട്ടത്തിൽ? നിനക്കിപ്പോൾ ഭാര്യ മാത്രമേ പോയുള്ളു. പിന്നെ നിന്റെ നിറക്കൂട്ടായ നേന്ത്രവാഴത്തോട്ടവും. ഓന്നോർക്കുക, അന്യായപ്പെട്ടുപോകുന്ന സ്വപ്നങ്ങളെ നീതന്നെ തൂക്കി വിൽക്കുകയാണ് നിന്റെ ഈ ഏകാന്തവാസം കൊണ്ട്. നോക്ക്, നിന്റെ അയൽപക്കത്ത് എന്താണു നടക്കുന്നതെന്ന്. പത്തു ദിവസം മാത്രം ഭാര്യയോടൊപ്പം കഴിഞ്ഞ പട്ടാളക്കാരൻ യുദ്ധത്തിൽ മരണപ്പെടുന്നു. പെണ്ണു വിധവയായി. പട്ടാളക്കാരൻ ഓർമ്മയായി. എന്നിട്ടും എല്ലാം മറന്ന് ആനുകൂല്യങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് രണ്ടു വീട്ടുകാരുതമ്മിലും. എന്തൊരു വിരോധാഭാസം. ശരിയാണ്, ഇവിടെ യുദ്ധങ്ങൾ രാജ്യങ്ങൾ തമ്മിലല്ല. വീടുകൾതമ്മിലാണ്. അതാണു മനുഷ്യർ. അങ്ങനെയാണ് ചാനലിൽ പറയുന്നതും.
ഒട്ടകം വീണ്ടും ഉപദേശിച്ചു. മനുഷ്യനെപ്പോലെ നീണ്ടുനിവർന്നു കിടന്നു. നാളെ ഒട്ടകമായിത്തന്നെ ഉണരാൻ വേണ്ടി. ഇതാ നോക്ക്, എന്റെ ജീവവായുവിനു ചുറ്റും, എന്റെ സങ്കടങ്ങൾക്കു ചുറ്റും ഇപ്പോൾ ഒട്ടകങ്ങൾ കഴുത്തു നീട്ടുന്നത്. കരയുന്നത്.
ആ പുറംകാഴ്ചയിൽ ഞാനൊരു ഉഷ്ണമായി, നഗരമായി, വിയർക്കുന്ന വയസ്സൻ ഒട്ടകമായി കുളമ്പു കുത്തി എഴുന്നേൽക്കുന്നു. മുടന്തി മുടന്തി അലയുന്നു.
Join with us

സുറാബ്: ‘വടക്കൻ മലബാറിലെ മുസ്ലിം ജീവിതം പരിചയപ്പെടുത്തിയ കഥാകാരൻ’ എന്നറിയപ്പെടുന്ന, കാസർകോട് നീലേശ്വരം സ്വദേശി സുറാബിന്റെ യഥാർത്ഥ പേര് അബൂബക്കർ അഹമ്മദ് എന്നാണ്. കയ്യൂർ സമരത്തിന്റെ ചരിത്രം പറയുന്ന ‘അരയാക്കടവിൽ’ എന്ന മലയാളസിനിമയിലെ ‘കയ്യൂരിൽ ഉള്ളോർക്ക്’ എന്ന ഗാനത്തിന്റെ രചയിതാവായ സുറാബ് നോവൽ, കഥ, കവിത തുടങ്ങിയ വിഭാഗങ്ങളിലായി അമ്പതിലേറെ പുസ്തകങ്ങൾ രചിട്ടുണ്ട്. കുടുംബസമേതം ഏറെക്കാലം ഷാർജയിൽ ആയിരുന്നു. ഇപ്പോൾ, ബേക്കൽ കോട്ടയ്ക്കടുത്തുള്ള ബേക്കൽ കുന്നിൽ താമസിക്കുന്നു.







