“കതിരേശാ, വരൂ… നമുക്ക് കുളിച്ചിറങ്ങാം.” പുഴവെള്ളത്തിൽ രക്തം മണത്തു.

ക്ഷത്രങ്ങളുടെ

തടവറയായിരിക്കാം അത്. കാറ്റിന്റെ പ്രഹരമേറ്റ ദീപംപോലെ, ഓളങ്ങളിൽ നക്ഷത്രങ്ങൾ ഉലയുന്നുണ്ടായിരുന്നു. ദൂരെ ചന്ദനവും കർപ്പൂരവും വിൽക്കുന്ന പണ്ടികശാലകളാണ്. കാട്ടിലേക്ക് വേട്ടയ്ക്ക് പോയ വേടന്മാർ ചൂട്ടുകത്തിച്ച് മലയിറങ്ങി വരുന്നു. മണൽ തരികളിൽ ചൂടകന്നിരുന്നില്ല.

“കതിരേശാ…” ശബ്ദം താഴ്ത്തിയാണ് കാവമ്മ വിളിച്ചത്. കതിരേശൻ മൂളി.
“ഞാനില്ലാത്ത സമയങ്ങളിൽ നീയെന്ത് ചെയ്യും?”
കതിരേശന്റെ മുഖത്ത് ചിരി പടർന്നു.
“കാവമ്മയെന്ത് ചെയ്യും, ഞാനില്ലാത്തപ്പോൾ?”

അവളുടെ കണ്ണുകൾ കുസൃതിയോടെ ഇളകി. അടുത്തായി വെച്ച റാന്തലിൽ പൊന്തക്കാടുകളിൽ നിന്ന് വന്ന കോട്ടെരുമകൾ ചൂട് പിടിക്കുന്നുണ്ടായിരുന്നു.

“കാവമ്മയെന്താ ഒന്നും പറയാത്തത്?”
നിദ്രാവിഹീനമായ രാത്രികളെ കുറിച്ചവൾ പറഞ്ഞു. മലയടിവാരത്തും പുഴതീരത്തും നടത്തിയ യാത്രകൾ… ശരീരം ചൂട് പിടിക്കുന്ന നേരങ്ങളിൽ ഉന്മാദിയായ അവളും അവനും ആയിരം പ്രകാശങ്ങൾ കത്തിജ്ജ്വലിപ്പിക്കുന്നു. രാത്രി പകലാകുന്നു.

ഇടയ്ക്ക് കാവമ്മ സംസാരം നിർത്തി ചോദിച്ചു.
“കോന്നിയുടെ പശുവിന് ചെന കഴിഞ്ഞോ?”
അവനൊന്നും മിണ്ടിയില്ല.

ഉണങ്ങി ദ്രവിച്ച മരടുപോയ തെങ്ങിന്റെ നിഴൽ, പുഴക്കരികെ ഏതോ വെളിപാടുപോലെ നിൽക്കുന്നു. മലയിറങ്ങിവന്ന വണിക്കുകൾ എന്തിനോ വേണ്ടി കശപിശ കൂട്ടുന്നു. ചോരയൂറുന്ന വമ്പൻ പന്നിയുടെ മൃതദേഹം കൂട്ടത്തിൽ തലവനെന്ന് തോന്നിക്കുന്നവന്റെ കാൽച്ചുവട്ടിലാണ്.

ഉറങ്ങി കിടക്കുന്ന കാവമ്മയെ കതിരേശൻ വിളിച്ചുണർത്തി. അവനുറങ്ങിയിട്ടില്ലായിരുന്നു. ആസ്വാദ്യകരമല്ലാത്തതെന്തോ ഒന്ന് പറയാൻ പോവുകയാണെന്ന മട്ടിൽ അവൻ പരുങ്ങി.
“കാവമ്മേ, ഇന്ന് രാവിലെ വന്നിരുന്നു മൂപ്പൻ.”
“എന്നിട്ടെന്തു പറഞ്ഞു?” പരുഷമായി കാവമ്മ ചോദിച്ചു.
“ഈ നാടകൊക്കെ മതിയാക്കികൂടെയെന്ന് ചോദിച്ചു. നെന്റെ പ്രായത്തിലുള്ളവരൊക്കെ ഇപ്പൊ രണ്ടും പേറി നടപ്പാണത്രെ..!
“എന്നിട്ട് കതിരേശനെന്താ പറഞ്ഞത്?” പൂഴിമണൽ തരികൾ കുമ്പിളിലാക്കി പതുക്കെ വിടാൻ തുടങ്ങി കാവമ്മ.
“ഞാനൊന്നും പറഞ്ഞില്ല.”

കതിരേശന്റെ തെളിഞ്ഞുനിൽക്കുന്ന ഞരമ്പുകളിലൂടെ കൈകടത്തിക്കൊണ്ട് കാവമ്മ പറഞ്ഞു, “കതിരേശാ… ഞാൻ കളി നിർത്തി.”

അരങ്ങിൽ വെളിച്ചം വീശി. രൗദ്രഭീമൻ ഗദ ചുഴറ്റി വീശുന്നു. കാവമ്മ തുടർന്നു, “ഇനി അപ്പൻ വരുമ്പോൾ പറയണം. കാവമ്മ അരങ്ങൊഴിഞ്ഞെന്ന്.”
“അപ്പൊ കാവമ്മ എവിടെ പോകുന്നു?” കതിരേശൻ ആകാംക്ഷയോടെ ചോദിച്ചു.

പടിവാതിൽ തല്ലിപ്പൊളിച്ച് മല്ലന്മാർ ഓടിയെത്തി. വായുവിലൂടെ പറന്ന് ഭീമൻ, തുടയെ ലക്ഷ്യമാക്കി ആഞ്ഞുവീശി. എല്ലുകൾ പൊട്ടി. നിലവിളികളുയർന്നു. മൂക്കുത്തിയും മേലുടുപ്പും ഊരിക്കളഞ്ഞ്, സിന്ദൂരപ്പൊട്ട് മായ്ച്ച് പുഴവെള്ളത്തിലേക്ക് നടന്നു. മുലയോളം വെള്ളമെത്തിയപ്പോള് കാവമ്മ പിന്തിരിഞ്ഞ് നോക്കി.
“കതിരേശാ, വരൂ… നമുക്ക് കുളിച്ചിറങ്ങാം.”
പുഴവെള്ളത്തിൽ രക്തം മണത്തു.

പാമ്പൻമലയുടെ തെക്കുവശം. യുഗാന്തരങ്ങളോളം പഴക്കം ചെന്ന വൃക്ഷങ്ങൾ കരിഞ്ഞുണങ്ങിയ സന്ധ്യയിൽ തീപിടിച്ച് നിൽക്കുന്നു. നരകത്തിലെ അത്യുന്നതവും കടുത്തതുമായ ശിക്ഷാരീതികൾ കാലിൽ ബന്ധിച്ച് ഇരുമ്പ് ചങ്ങലയുടെ ശബ്ദത്തോടെ ചുവപ്പുരാശി കലർന്ന മണ്ണിൽ പൂണ്ടുകിടന്നു.

പന്തം കൊളുത്തി, മലയടിവാരത്തിൽ തടിച്ചുകൂടി പൂർവ്വികരുടെ ആത്മാക്കൾ. വൃക്ഷ ശിഖിരങ്ങളിൽ ബലിക്കാക്കകൾ പറന്നിറങ്ങുന്നു. രാത്രികളിൽ മിന്നുന്ന മൃഗക്കണ്ണുകൾക്ക് മാത്രം തിരിച്ചറിയാൻ കഴിയുന്നവർ പാറമടക്കുകളിൽ നിന്ന് ആവിഭൂതങ്ങളായി പുറത്തിറങ്ങി.

ജനനത്തിനും മരണത്തിനുമിടയ്ക്ക് തന്റെ ജീവിതചക്രത്തെയോർത്തെന്നോണം, പഴക്കം ചെന്ന് ക്ലാവുപിടിച്ച് ചുടുനിശ്വാസങ്ങൾ കാറ്റിൽ പടർന്നു. വൈകുന്നേരങ്ങളിൽ ഒഴുകി വരാറുള്ള കാറ്റിന് തീ പിടിച്ചു.
അകിടിൽ തിണർപ്പുവന്ന കൂട്ടത്തിലായിരുന്നു കോന്നിയുടെ അമ്മിണി പശുവും. ചെന കഴിഞ്ഞ് വയലോരങ്ങളിലും പൊന്തക്കാടുകളിലും പശുവിനെ അഴിച്ചുവിടുമ്പോൾ ആടിക്കളിക്കുന്ന അകിടിലേക്ക് നോക്കിയിരുന്നു. ദീനം വന്ന മുരിക്കാ ചെടികൾ വളർന്നു നിൽക്കുന്ന പുറങ്ങളാണ്. രാവിലെ പിള്ളേർക്ക് മുലകൊടുക്കാൻ പോലും കഴിയാതെ അമ്മപ്പശു കുളമ്പമർത്തി കരയുന്നത് കോന്നി വേദനയോടെ കണ്ടു.

ചെറ്റയിൽ നിന്ന് ഒതുക്കുവശത്തേക്ക് വളർന്നു നിൽക്കുന്ന മുരിങ്ങച്ചെടിയിൽ നിന്ന് ഒന്നുരണ്ടെണ്ണം പൊട്ടിച്ചെടുത്ത് അടുക്കളയിൽ പോയി തിളപ്പിച്ചെടുത്തു. പുകക്കുഴൽ വെച്ച് ഊതിയപ്പോൾ കണ്ണിൽ കരട് പെട്ടു. കാര്യമാക്കിയില്ല. കിണറിന്റെയടുത്ത് പോയി തണുത്ത വെള്ളം കൊണ്ട് മുഖം കഴുകി. കറുത്ത പെണ്ണിന്റെ പുരയിടത്തിലേക്ക് ഏന്തി വലിഞ്ഞ് നോക്കി. അവളവിടെയില്ലെന്ന് തോന്നുന്നു. മുക്കാലും അസ്ഥിപഞ്ജരമായ അവളുടെ തള്ള പടിക്കലിലേക്ക് നോക്കി നിൽക്കുകയായിരുന്നു.

“കറുത്ത പെണ്ണുണ്ടോ മുത്തിയമ്മേ?’ കോന്നി വിളിച്ചു ചോദിച്ചു.
ഇല്ലയെന്ന മട്ടിൽ തള്ള കൈകളാട്ടി. തിളപ്പിച്ചെടുത്ത മുരിങ്ങാവെള്ളം മോന്തി കുടിച്ചു. രണ്ടാം മാസമാണ്. അവളിരുന്ന് വയറുഴിഞ്ഞു. അപ്പോൾ ആയിരം വയലേറ്റകിളികൾ കിടന്ന് ഇക്കിളി കൂട്ടുന്നത് അവളറിഞ്ഞു.
ഏതാണ്ട് ഉച്ചസമയത്താണ് മുത്തു വരുന്നത്.

ഉറങ്ങിക്കിടന്ന കോന്നിയെ വിളിച്ചുണർത്തി. എന്നാ കാര്യമെന്ന് അവൾ ചോദിച്ചു. വളരെ പരിഭ്രമിച്ചാണ് അവൻ ചോദിച്ചത്.
“കതിരേശനെവിടെ?”
അറിയാൻ മേലേന്ന് അവർ പറഞ്ഞു. അവൻ പുറത്തേക്ക് പോയി. അപ്പോൾതന്നെ തിരിച്ചെത്തി. എന്നിട്ട് പറഞ്ഞു, കതിരേശനെയും കാവമ്മയെയും കണ്ടാൽ വീട്ടിൽതന്നെ പിടിച്ചിരുത്തണമെന്ന്. പുറത്തേക്കൊന്നും വിടണ്ടയെന്ന്. അതും പറഞ്ഞ് തിടുക്കത്തോടെ പുറത്ത് കിടന്ന മഴുവെടുത്ത് മുത്തു പോയി.
എന്താണെന്നറിയാതെ കോന്നി കണ്ണുകൾ ചിമ്മി. കതിരേശന്റെ പുരയിടം മലയുടെ മുകളിലാണ്. ഒരു വിളിപ്പാടകലെ.

വഴിയോരത്ത് നത്തിനെ പിടിച്ച് കളിച്ചിരുന്ന ചെക്കനെ വിളിച്ച് കതിരേശന്റെ പുരയിടത്തിലേക്കയച്ചു. പ്രതീക്ഷിച്ചതുപോലെ അവിടം ഒഴിഞ്ഞു കിടന്നിരുന്നു. കോന്നിയുടെ ഭയം കനത്തു.
രാത്രി വളരെ വൈകിയാണ് മുത്തു തിരിച്ചെത്തിയത്.
തൂക്കിയിട്ട റാന്തലിൽ വെള്ളം കൂട്ടിയപ്പോൾ ക്ഷീണിച്ചവശമായ മുഖമായിരുന്നു അവന്റേത്. എന്താണ് കാര്യമെന്ന് കോന്നി ചോദിച്ചു. അവൾ അക്ഷമയായിരുന്നു.

പറയാമെന്ന് പറഞ്ഞ് അവൻ മൂലയ്ക്കിട്ടിരുന്ന പായ വിരിച്ചു. അതിൽ തളർന്നിരുന്നു.
“കോന്നീ, അടിവാരത്ത് കൊലപാതകമുണ്ടായെടീ.”
“എന്നാ?”
“കൊലപാതകം.”
“കൊലപാതകോ?”
“ഉം”
“ആരു ചെയ്തു?”
“കതിരേശൻ.”
“കതിരേശനോ?”
“അല്ല, കതിരേശനും കാവമ്മയും.” കോന്നിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
“തെളിച്ച് പറ.”
“പറയാം.” മുത്തു വയർപ്പുഴിഞ്ഞു.

“നീ വിശ്വസിക്കുമോയെന്നറിയില്ല. ഏനിന്ന് പണിക്ക് പോവുമ്പോഴാ തറവാട്ടില് മൊത്തം ആൾക്കൂട്ടം. നോക്കുമ്പോഴുണ്ട് ലാത്തിക്കോലും പിടിച്ച് പോലീസ്. കാര്യന്വേമ ഷിച്ചപ്പോഴാ തറവാട്ടില് കൊലപാതകമുണ്ടായതറിയണേ… തറവാട്ടില് നാടകം കളിക്കണ ഉണ്ണിയില്ലേ… അവനാ മരിച്ചത്. സാക്ഷിവിസ്താരം നടത്തുമ്പോ കാര്യസ്ഥൻ പറഞ്ഞത് കേട്ട് ഞെട്ടി. രാവിലെ മൂപ്പര് വെളിക്കിരിക്കാൻ പോണ സമയത്ത് തറവാട്ട് തൊടിയിൽ ഉണ്ണീടെ ജഡം തൂങ്ങികിടക്കുന്നു. പഴുതാരയും ചിലന്തിയും അരിച്ച്, ജീർണ്ണിച്ച് കിടക്കുകയാണ്. ഉള്ളമുണ്ടഴിഞ്ഞ മട്ടിലായിരുന്നു. ജനനേന്ദ്രിയം അറുത്തുമാറ്റിയ നിലയിൽ. ഏനും കണ്ടെടീ ഉണ്ണീടെ ജഡം പുറത്തുനിന്ന്. മൂക്ക് പൊത്തി, മുഖം ചുളിച്ച് നിന്നു. പോലീസ് തെളിവെടുപ്പ് നടത്തി. ശവത്തിന്റെ പലഭാഗത്തും ആഴത്തിൽ മുറിവുണ്ടായിരുന്നു. തൊടിയിൽ വാകമരത്തിന്റെ ചോട്ടിൽ കോടാലി കണ്ടെടുത്തു. ഞാൻ ഞെട്ടി. കതിരേശന്റെ കോടാലി. കോന്നിയേ… എടി പെണ്ണ, തരിച്ച് നിന്നടീ ഞാനപ്പൊ.”

കണ്ണ് മുഴുക്കെ തുറന്നുകൊണ്ട് മുത്തു പറഞ്ഞുനിർത്തി. ഭയം വിട്ടുമാറിയിരുന്നില്ല. കോന്നി റാന്തൽ മെല്ലെ തിരിച്ചു. മലയുടെ മുകളിലുള്ള കതിരേശന്റെ പുരയിടത്തിലേക്ക് അറിയാതെ ദൃഷ്ടികൾ പതിഞ്ഞു. ഇരുട്ടിന്റെ നിശ്ശബ്ദതയിൽ കത്തിജ്ജ്വലിക്കുന്ന ചിതയെപ്പോലെ, പുലരും വരെ കോന്നി എരിഞ്ഞ് തീർന്നു.

കാട്ടാളവേഷമണിഞ്ഞ കൊങ്ങന്റെ രഥത്തിൽ ചന്ദ്രശിഖയുടെ കൊടിപാറി. പിടയുന്ന ഹൃദയങ്ങൾ കരഞ്ഞു. അലമുറയിട്ട് ആർത്തുവിളിച്ചു. കൈയിൽ കിട്ടിയതെന്തോ അതായുധമാക്കി അവർ പൊരുതി. അരിഞ്ഞ് വീഴ്ത്തുന്ന തലകൾക്കിടയിലൂടെ കൊങ്ങൻ നടന്നകന്നു. പൊടുന്നനെ മാനത്ത് ആയിരം രക്തചന്ദ്രന്മാരുദിച്ചു. കുറത്തിയുടെ കരിവളക്കൈകളിൽ ഉടവാൾ അനുസരണയോടെ വഴങ്ങി. കൊങ്ങന്റെ നെഞ്ചത് പിളർന്നു. കൊമ്പുരസുന്ന കാട്ടാടുകളെപോലെ പൊരുതിവീണവർ, കൊങ്ങൻ മരിച്ചുവീഴുന്നത് നോക്കിനിന്നു.

ഇല്ലത്തുണ്ണി മരിച്ച ദിവസത്തിന്റെ രാത്രി. വിനോദ ചിന്താമണി നാടകശാലയുടെ അരങ്ങിൽ വെളിച്ചം വീണു. നാടകശാലയുടെ കാര്യക്കാരൻ ശിവരാമൻ നായരെണീറ്റു നിന്നു. നാടകശാലയിൽ ഒരംഗമെന്ന നിലയിൽ ഉണ്ണി മരിച്ചതിൽ ഖേദമുണ്ടെന്ന് അയാൾ പറഞ്ഞു. ഒപ്പംതന്നെ കാവമ്മയെ പഴിചാരുകയും ചെയ്തു.

നാടകശാലയിൽ നിന്നരങ്ങു വിട്ട് തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ കാര്യസ്ഥൻ നമ്പ്യാരോടയാൾ ദേഷ്യത്തോടെ പറഞ്ഞു.
“പുലയാടിമോൾ… ഓളെ എന്ന് ഓങ്ങി വെച്ചതാന്നറിയ്യോ?”

നമ്പ്യാര് സംശയത്തോടെ നോക്കി. നായരപ്പോഴേക്കും ഒരു ബീഡി കത്തിച്ചിരുന്നു. പുക പുറത്തേക്ക് ഊതിയ ശേഷം അയാൾ പറഞ്ഞു.
“നമ്പ്യാർക്കറിയോ, നാടകശാലയുടെ പ്രവർത്തനം ആരംഭിച്ചതുമുതൽക്ക് പ്രധാന നാട്യക്കാരിയാണെന്ന ഗമയാ അവൾക്ക്. നമ്മുടെ ജാതില് പെട്ടയൊന്നിനെ കിട്ടാഞ്ഞിട്ടല്ല. മുഖത്തെ ഭംഗീം ചന്തീടെ വളവും ഒക്കെ കിറുകൃത്യായതോണ്ടാ.”

ബീഡി നിലത്തുരച്ചു. പിന്നെയെന്തോ രഹസ്യമെന്നോണം നമ്പ്യാരോട് പറഞ്ഞു.
“നാടകത്തിനുമുണ്ടെടോ വേശ്യാത്തരം. പ്രത്യേകിച്ച് നാടകനടികൾക്ക്. അത് മനസ്സിലാവണില്യാന്ന് വെച്ചാ…”
ശിവരാമൻ നായർ തന്റെ തമാശയോർത്ത് പൊട്ടിച്ചിരിച്ചു. നമ്പ്യാർ തലയാട്ടി നിന്നു. വീടെത്തിയപ്പോഴേക്കും നേരം വളരെ ഇരുട്ടിയിരുന്നു. കതകടച്ച് കിടന്നു. രാത്രിയുടെ അന്ത്യയാമവും കഴിഞ്ഞു. നാലുകെട്ടിന്റെ നടുത്തളത്തിലേക്ക് നിലാവ് ഇറ്റുവീഴുന്നു. സന്ധ്യക്ക് കൊളുത്തിവെച്ച ദീപം വളരെ മങ്ങിയാണ് കത്തിയിരുന്നത്.

പുറത്തുനിന്ന് ഒരു ഞെരുക്കം കേട്ട് നമ്പ്യാര് ശിവരാമൻ നായരുടെ വാതിൽ മുട്ടി. “എടോ, ശിവരാമൻ നായരേ…”
വാതിൽ തുറന്നു.
നേരം വെളുത്തുവോന്ന് കോട്ടുവായയിട്ട് നായർ ചോദിച്ചു. നമ്പ്യാർ വളരെ ഭയത്തോടെ പറഞ്ഞു.
“ഇങ്ങ്ട്ട് വര്യാ, പേടിയാവുന്നു.”

ആ സമയം വീണ്ടും ശബ്ദം കേട്ടു. നെരിപ്പോട് പോലെ കത്താനുള്ള തീവ്രതയോടെ ചിമ്മിനി തെളിഞ്ഞു.
ഭഗവതി നയിച്ച കൊങ്ങൻ പടയ്ക്ക് ഉപയോഗിച്ച വാള് തറവാട് മണിപീഠത്തിൽ ശാന്തതയോടെ ഉറങ്ങുന്നു.
നായർ തോർത്തുമുണ്ടെടുത്ത് തലയിൽ കെട്ടിവെച്ചു. പുറത്തേക്ക് ഉന്തിയ വയറിൽ കൈപ്പടയുടെ നിഴലുഴിഞ്ഞു.

വീടിന്റെ തെക്കിനിഭാഗത്തെത്തിയിരിക്കുന്നു. രാവിലെ വളപ്പിലിട്ട് വെച്ച തേങ്ങ മുഴുവൻ വരാന്തയിൽ കൂട്ടിവെച്ചിരിക്കുന്നു. ചിമ്മിനിയുടെ പ്രകാശതീവ്രത ശിവരാമൻ നായർ കുറച്ചു.

നിലാവിന്റെ വെളിച്ചത്തിൽ നിഴലനങ്ങി.
“നമ്പ്യാരേ, തനിക്കറിയോ, പതിമൂന്നാം വയസ്സില് ഈ തറവാട്ടിലെ അപ്പൻ തിരുമേനി കളരിയിൽ വെച്ച് എന്റെ കൈയില് നൽകിയ വാളിന്റൊപ്പം ഒരു വാക്കുമുണ്ടായിരുന്നു. അപ്പനായാലും അങ്കത്തട്ടില് അരിഞ്ഞ് വീഴ്ത്തണമെന്ന്.”

നായർ തലതിരിച്ചു. നിശ്ശബ്ദമായിരുന്നു അവിടെങ്ങും. പൂർണ്ണകായത്തിൽ ചന്ദ്രൻ തെളിഞ്ഞ് കത്തിയിരുന്നു.
“നമ്പ്യാരേ, താൻ ശബ്ദം കേട്ടത് ശരിയാണോ?”
“നേരാണ്. ഒരു പെണ്ണിന്റെ ശബ്ദാ തിരുമേനീ.”
“പെണ്ണിന്റ്യോ?”

കൂട്ടിവെച്ച തേങ്ങകൾക്കിടയിൽ നിന്ന് വിഷസർപ്പങ്ങളിഴഞ്ഞു. അതിന്റെ വെള്ളിദേഹങ്ങൾ തിളങ്ങി. തറവാടിന്റെ മച്ചിൽ ചെന്ന് രണ്ടെലികളെ നിശ്ശബ്ദതയോടെ വിഴുങ്ങി.

പിറ്റേന്ന് പ്രഭാതത്തിൽ കൊങ്ങന്റെ തലയറുത്ത വാളിൽ രക്തത്തിന്റെ വാട തങ്ങി നിന്നിരുന്നു

(അവസാനിച്ചു.)

* ഒന്നാം ഭാഗം

* രണ്ടാം ഭാഗം

* മൂന്നാം ഭാഗം

* എഴുത്തുകാരി ഗീതാ ഹിരണ്യന്റെ സ്മരണാർത്ഥം, സംസ്ഥാനത്തെ ഹൈസ്കൂൾ- ഹയർ സെക്കഡറി വിദ്യാർത്ഥികൾക്കു വേണ്ടി ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം 2020ൽ നടത്തിയ രചനാ മത്സരങ്ങളിൽ, ‘ഗീതകം നവമുകുളം കഥാ പുരസ്‌കാരം’ ലഭിച്ച കൃതിയാണ്, മലപ്പുറം കുന്നകാവ് ജി.എച്ച്.എസ്.എസ്. സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായിരുന്ന ആദിത്ത് കൃഷ്ണ ചെമ്പത്ത് എഴുതിയ ‘വിനോദ ചിന്താമണി നാടകശാല’. നോവലിസ്റ്റ് പാങ്ങിൽ ഭാസ്കരൻ ആയിരുന്നു കഥാ വിഭാഗം ജൂറി ചെയർമാൻ.