തൃശൂർ: അയനം സാംസ്കാരിക വേദിയുടെ പതിമൂന്നാമത് ‘എ. അയ്യപ്പൻ കവിതാ പുരസ്‌കാരം’ പ്രൊഫ. ടി.പി.വിനോദിന്റെ ‘സത്യമായും ലോകമേ’ കവിതാ സമാഹാരത്തിന്.
സമകാല യുവതയുടെ ആത്മസംഘര്‍ഷങ്ങളും സങ്കീര്‍ണ്ണതകളും പരീക്ഷണാത്മകമായി ആവിഷ്‌കരിക്കുന്ന കൃതിയാണ് ‘സത്യമായും ലോകമേ’ എന്ന് ജൂറി വിലയിരുത്തി. പി.പി. രാമചന്ദ്രൻ ചെയർമാനും എം.എസ്. ബനേഷ്, സുബീഷ് തെക്കൂട്ട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് കൃതി തെരഞ്ഞെടുത്തത്.
പതിനൊന്നായിരത്തി ഒരുന്നൂറ്റി പതിനൊന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി 12നു കേരള സാഹിത്യ അക്കാദമിയിൽ പുരസ്‌കാര സമർപ്പണം നടക്കുമെന്ന് അയനം സാംസ്കാരിക വേദി ചെയര്‍മാന്‍ വിജേഷ് എടക്കുന്നി, കണ്‍വീനര്‍ പി.വി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ കൊയ്യം പാറക്കാടി സ്വദേശിയാണ് വിനോദ്. ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ കെമിസ്ട്രി വിഭാഗത്തില്‍ അസോ. പ്രൊഫസറായി ജോലി ചെയ്യുന്നു. ‘നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍’, ‘അല്ലാതെന്ത്?’, ‘സന്ദേഹങ്ങളുടെ നിര്‍ദ്ദേശാങ്കങ്ങള്‍’, ‘ഗറില്ലാ സ്വഭാവമുള്ള ഒരു ഖേദം’ എന്നീ കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അല്ലാതെന്ത്? എന്ന സമാഹാരത്തിന് ബി സി വി കവിതാപുരസ്കാരവും സത്യമായും ലോകമേയ്ക്ക് മൂടാടി ദാമോദരൻ, പൂർണ്ണ ആർ രാമചന്ദ്രൻ എന്നിവരുടെ പേരിലുള്ള പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഡി.സി.ബുക്സാണ് സത്യമായും ലോകമേ പ്രസാധനം ചെയ്തത്.