
ഹാർട്ട് ലാമ്പ്; പുരുഷാധിപത്യ വ്യവസ്ഥകളുടെയും പ്രതിരോധത്തിന്റെയും അസാധാരണ പുസ്തകം: മാക്‌സ് പോർട്ടർ
ലണ്ടൻ: ദക്ഷിണേന്ത്യൻ പുരുഷാധിപത്യ വ്യവസ്ഥകളുടെയും സ്ത്രീ പ്രതിരോധങ്ങളുടെയും അതിജീവനങ്ങളുടെയും അസാധാരണ കഥകളാണ്, ഈ വർഷത്തെ ഫിക്ഷനുള്ള ഇൻറർനാഷണൽ ബുക്കർ പ്രൈസ് ലഭിച്ച ഹാർട്ട് ലാമ്പിലേതെന്ന് ബുക്കർ പ്രൈസ് ജൂറി അംഗം ഇംഗ്ലീഷ് എഴുത്തുകാരൻ മാക്‌സ് പോർട്ടർ.
ലണ്ടനിലെ ടേസ്റ്റ് മോഡേണിൽ നടന്ന ബുക്കർ പ്രൈസ് അവാർഡ് ദാനചടങ്ങിൽ സംസാരിക്കുകയായിരുന്നു പോർട്ടർ. സ്ത്രീകളുടെ നിത്യജീവിതത്തിന്റെ മനോഹരമായൊരു ഒരു പതിപ്പാണ്, ഇംഗ്ലീഷ് വായനക്കാർക്ക് പുതുമ തോന്നിക്കുന്ന ഈ പുസ്തകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മൂന്ന് പതിറ്റാണ്ടുകളായി സ്ത്രീകളുടെ അവകാശങ്ങൾക്കായി വാദിക്കുന്ന ഒരാൾ എഴുതിയ, സഹാനുഭൂതിയോടും ചാതുര്യത്തോടും കൂടി വിവർത്തനം ചെയ്യപ്പെട്ട ഹാർട്ട് ലാംപ് ലോകമെമ്പാടുമുള്ള സ്ത്രീകളും പുരുഷന്മാരും വായിക്കണം. ഈ പുസ്തകം നമ്മുടെ കാലഘട്ടത്തോടും നിശ്ശബ്ദരാക്കപ്പെടുന്ന അനേകരുടെ അവസ്ഥകളോടും സംവദിക്കുന്നു’ എന്ന് ഇന്റർനാഷണൽ ബുക്കർ പ്രൈസ് അഡ്മിനിസ്ട്രേറ്റർ ഫിയാമെറ്റ റോക്കോ പറഞ്ഞു.
കന്നട എഴുത്തുകാരി ബാനു മുഷ്താഖിന്റെ 12 ചെറുകഥകളുടെ ഇംഗ്ലീഷ് പരിഭാഷയാണ്, ‘ഹാർട്ട് ലാമ്പ്’. 1990 മുതൽ 2023 വരെയുള്ള, 33 വർഷക്കാലയളവിൽ ബാനു മുഷ്താഖ് കന്നടയിൽ രചിച്ച ആറ് സമാഹാരങ്ങളിലെ 50 കഥകളിൽ നിന്ന് ഇന്ത്യൻ പത്രപ്രവർത്തക ദീപ ഭാസ്തി തിരഞ്ഞെടുത്ത വിവർത്തന കഥകളാണ് സമാഹാരത്തിലുള്ളത്.
തുടക്കം മുതൽ തന്നെ ജഡ്മിമാർക്ക് ഏറെ പ്രിയപ്പെട്ട പുസ്തകമായിരുന്നു ഹാർട്ട് ലാമ്പ്. കഥാപാത്രങ്ങൾ ഉറുദുവോ അറബിയോ ഉപയോഗിക്കുമ്പോഴും ഇംഗ്ലീഷ് മൊഴിമാറ്റത്തിൽ അവയുടെ ഭാഷാപരമായ ചേർച്ച നിലനിർത്തുവാനും ദക്ഷിണേന്ത്യൻ ബഹുഭാഷാ സ്വഭാവം സ്വാംശീകരിക്കാനും സംസാര ഭാഷയുടെ തനത് താളം പുനഃസൃഷ്ടിക്കാനും പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ള ദീപ ഭാസ്തിയുടെ ശൈലി ജൂറിയുടെ പ്രശംസ പിടിച്ചുപറ്റി.

ഒരു കഥയും പ്രാദേശികമായി ചുരുക്കി കാണേണ്ടതില്ല; രചനകളിലെ പ്രമേയങ്ങൾ ലോകമെങ്ങും സംഭവിക്കുന്നത്: ബാനു മുഷ്താഖ്
ബുക്കർ പ്രൈസ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ വിവർത്തകയാണ് ദീപ ഭാസ്തി. 50,000 പൗണ്ട്(55,12,255 ഇന്ത്യൻ രൂപ) ആണ് സമ്മാനത്തുക. പ്രാഥമിക ലിസ്റ്റിൽ ഇടം പിടിക്കുന്ന കൃതികൾക്ക് 5,000 പൗണ്ട് വീതം ലഭിക്കും. സമ്മാനത്തുക പകുത്ത്, മൂലകൃതിക്കും വിവർത്തനത്തിനും തുല്യമായാണ് നല്കുക. രണ്ടുപേർക്കും പ്രത്യേകം ബുക്കർ പ്രൈസ് ശില്പങ്ങളും നല്കും.
കർണാടക സാഹിത്യ അക്കാദമി പുരസ്കാരം, ദാനചിന്താമണി അത്തിമബ്ബ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുള്ള ബാനു മുഷ്താഖിലൂടെ കന്നഡ സാഹിത്യത്തിനും ഇത് ആദ്യത്തെ ബുക്കർ പ്രൈസ് ആണ്. ‘കന്നഡ ഭാഷക്കും സംസ്കാരത്തിനും കിട്ടിയ യഥാർഥ ബഹുമതിയാണ്, ബാനു മുഷ്താഖിനു ലഭിച്ച ഈ അംഗീകാരമെന്നും ആഗോളതലത്തിൽ കന്നഡ സാഹിത്യത്തിന് കൂടുതൽ അംഗീകാരം ലഭിക്കുന്നതിന് ഈ അംഗീകാരം വഴിയൊരുക്കുമെന്നും’ ബാനു മുഷ്താഖിനെ അഭിനന്ദിച്ചുകൊണ്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സിൽ കുറിച്ചു.
‘കർണാടകത്തിലെ ഹാസനിലെ ഒരു ഗ്രാമത്തിൽ പിറന്ന കഥകൾക്ക് വിശ്വവ്യാപകത്വം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഒരു കഥയും പ്രാദേശികമായി ചുരുക്കി കാണേണ്ടതല്ലെന്നും രചനകളിലെ പ്രമേയങ്ങൾ ലോകമെങ്ങും സംഭവിക്കുന്നതാണെന്നും എനിക്ക് ലഭിച്ച പുരസ്കാരം വ്യക്തിക്കുള്ളതല്ല, ഈ സമൂഹത്തിനുള്ളതാണെന്നും’ ബുക്കർ സമ്മാനം സ്വീകരിച്ച്, ബാനു മുഷ്താഖ് പ്രസ്താവിച്ചു.
‘പരസ്പരം മനസ്സിലാക്കാനും മറ്റൊരാളുടെ ചിന്തകളിലൂടെ സഞ്ചരിക്കാനും സാധിക്കുന്ന വിശുദ്ധമായ ഇടമാണ് സാഹിത്യമെന്നും എന്റെ ഇംഗ്ലീഷ് ഭാഷാ ശുദ്ധിക്കു ലഭിച്ച മനോഹരമായ വിജയമാണ് ഈ പുരസ്കാരമെന്നും’ വിവർത്തക ദീപ ഭാസ്മി പറഞ്ഞു.
പ്രാദേശികഭാഷകളിൽ മാത്രം തെളിയുന്ന ഇന്ത്യയുടെ പല മുഖങ്ങളും പരിഭാഷ തുറന്നിടുന്ന കിളിവാതിലുകളിലൂടെ കുറച്ചുകാലമായി ലോകം ശ്രദ്ധിച്ചുതുടങ്ങുന്നു: എൻ എസ് മാധവൻ
മത്സരത്തിന്റെ ചുരുക്കപ്പട്ടികയിൽ ആറ് കൃതികളുണ്ടായിരുന്നു. സോൾവായ് ബാലിന്റെ ‘ഓൺ ദ് കാൽക്കുലേഷൻ ഓഫ് വോള്യം വൺ’, വിൻസന്റ് ദി ലക്വയുടെ ‘സ്മോൾ ബോട്ട്’, ഹിരോമി കവകാമിയുടെ ‘അണ്ടർ ദി ഐ ഓഫ് ദ് ബിഗ് ബേഡ്’, വിൻ സെൻസോ ലാട്രോനികോയുടെ ‘പെർഫെക്ഷൻ’, ആൻ സേറയുടെ ‘എ ലെപേഡ് സ്കിൻ ഹാറ്റ്’ എന്നിവയെ പിന്തള്ളിയാണ് ഹാര്‍ട്ട് ലാംപ് പുരസ്കാരത്തിന് അർഹമായത്. ബാനുവിന്റേതൊഴികെ മറ്റ് അഞ്ചെണ്ണവും നോവലാണ്. യുകെയിലോ അയർലൻഡിലോ പ്രസിദ്ധീകരിക്കപ്പെട്ട, മറ്റു ഭാഷകളിൽ നിന്നും ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങൾക്കു പുരസ്കാരം നല്കുന്ന ബുക്കർ പ്രൈസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കഥാസമാഹാരത്തിന് അവാർഡ് നല്കുന്നത്.
‘മലയാളിക്ക് ആധുനിക നോവൽ എന്താണെന്നു മനസ്സിലാക്കിക്കൊടുത്ത വിക്ടർ യൂഗോയുടെ, ‘ലേ മിസെറാബ്ല്’ എന്ന ഫ്രഞ്ച് നോവലിന്റെ മലയാളം പരിഭാഷയായ, നാലപ്പാട്ട് നാരായണ മേനോന്റെ ‘പാവങ്ങൾ’ ആണു മലയാളഗദ്യത്തെ മാറ്റിയതെന്നും പ്രാദേശികഭാഷകളിൽ മാത്രം തെളിയുന്ന ഇന്ത്യയുടെ പല മുഖങ്ങളും പരിഭാഷ തുറന്നിടുന്ന കിളിവാതിലുകളിലൂടെ കുറച്ചുകാലമായി ലോകം ശ്രദ്ധിച്ചുതുടങ്ങുന്നുവെന്നും’ മലയാള മനോരമ ഓൺലൈനിലെ, ‘ബാനു മുഷ്താഖ്, എരിഞ്ഞുകത്തുന്ന ഹൃദയദീപം’ എന്ന ലേഖനത്തിലൂടെ മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻ എസ് മാധവൻ പ്രതികരിച്ചു. അഭിഭാഷകയും ആക്ടിവിസ്റ്റും ലങ്കേഷ് പത്രിക എന്ന കന്നഡ പത്രത്തിന്റെ ലേഖികയുമായിരുന്ന ബാനുവിന്റെ കഥകൾ മലയാളത്തിലെ സ്ത്രീശബ്ദം മാസികയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മാക്‌സ് പോർട്ടറിനു പുറമെ, ആന്റൺ ഹർ, ബെത്ത് ഓർട്ടൺ, കലബ് ഫെമി, സന ഗോയൽ എന്നിവരടങ്ങുന്ന ജൂറി ഐക്യകണ്‌ഠേനയാണ്, ഹാർട്ട് ലാംപ്(Heart Lamp) തെരഞ്ഞെടുത്തത്.
